കുട്ടി വാഹനമോടിക്കുന്നതിന്റെ ദൃശ്യം | Photo: Videograb
ഡ്രൈവിങ്ങ് എന്നത് കുട്ടിക്കളി അല്ലെങ്കിലും ചെറിയ ശതമാനം കുട്ടികള്‍ക്ക് ഡ്രൈവിങ്ങും വാഹനവും ഒരു ഹരമാണ്. രക്ഷിതാക്കളുടെ സമ്മതത്തോടും അല്ലാതെയും വാഹനവുമായി കറങ്ങാനിറങ്ങുന്ന കുട്ടികള്‍ പലപ്പോഴും പിടിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ആഡംബര വാഹനവുമായി നിരത്തിലിറങ്ങിയ ഒരു അഞ്ച് വയസുകാരനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
പാകിസ്താനിലെ മുള്‍ട്ടാനിലാണ് സംഭവം. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടി ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്ന ആഡംബര എസ്.യു.വി. ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ വാഹനത്തില്‍ കുട്ടി മാത്രമാണ് ഉള്ളതെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. കുട്ടി ഡ്രൈവിങ്ങ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് കമന്റുകളായി പ്രത്യക്ഷപ്പെടുന്നത്.
ഇത്രയും ചെറിയ കുഞ്ഞിന് വാഹനത്തിന്റെ പെഡലില്‍ കാല് എത്തുമോ എന്ന ചോദ്യത്തോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രക്ഷിതാക്കളുടെ അനുമതിയോടെയാണോ കുട്ടി വാഹനവുമായി നിരത്തിലിറങ്ങിയതെന്ന് വ്യക്തമല്ല. എതായാലും വാഹനത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും ഈ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ്ങ് ഗുരുതര കുറ്റമായാണ് ഇന്ത്യയിലെ ട്രാഫിക് നിയമം പരിഗണിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഇല്ലാതെ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ ഉടമയ്ക്കെതിരേ അല്ലെങ്കില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന കുട്ടിയുടെ രക്ഷകര്ത്താവിനെതിരേ കേസെടുക്കാനും 25,000 രൂപ വരെ പിഴ ഈടാക്കാനും ഇന്ത്യയിലെ ഗതാഗത നിയമത്തില്‍ പറയുന്നുണ്ട്.
Content Highlights: 5 Year Old Boy Driving Toyota Land Cruiser; Video Viral On Social Media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..