ഇന്ത്യയില്‍ വഴിദൈവങ്ങള്ക്ക് യാതൊരു പഞ്ഞവുമില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാതയോരങ്ങളിലെ പ്രതിഷ്ഠകള്‍ക്ക് മുന്നിലൊന്നു കുമ്പിടാതെ വിശ്വാസിയായ ഒരു സഞ്ചാരിയും കടന്നുപോകില്ല. ദൈവങ്ങള്‍ ഇവിടെയൊക്കെ പലരൂപത്തിലും ഭാവത്തിലുമാണ്. രാജസ്ഥാനിലെ പാലി - ജോധ്പുര്‍ ഹൈവേയില്‍ ഇങ്ങനെയൊരു ദൈവമുണ്ട്. തുരുമ്പെടുത്ത 350 സി.സി. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്..!
നിര്‍ത്താതെയുള്ള ഹോണടിയാണ് ജോധ്പൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ബുള്ളറ്റ് ബാബയെ കാണിച്ചു തന്നത്. പ്രത്യേകിച്ച് ഗതാഗതക്കുരുക്കോ അപകടമോ ഇല്ലാത്ത ഒരിടത്ത് വാഹനങ്ങളെല്ലാം ഹോണ്‍ നീട്ടിയടിച്ച് കടന്നു പോകുന്നു. അത് ബുള്ളറ്റ് ബാബയ്ക്കുള്ള പ്രണാമമായിരുന്നു. പാലിയില്‍നിന്ന് ഇരുപത് കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഹോണടി കേട്ടത്. വഴിയരികില്‍ തീയും പുകയുമേറ്റ് കരിഞ്ഞ ഒരു കുള്ളന്‍ മരവും കണ്ടു.
1991-ല്‍ ആണ് സംഭവം. ബന്നാ ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഛോട്ടില ഗ്രാമത്തിന്റെ തലവനായ ജോഗ് സിങ്ങിന്റെ മകനായിരുന്നു ഓം സിങ്. രജപുത്രയുവാക്കളെയെല്ലാം പേരിനൊപ്പം ബന്ന എന്ന് ചേര്‍ത്ത് വിളിക്കുമായിരുന്നതിനാല്‍ ഓം ബന്ന എന്നായിരുന്നു ഓം സിങ് അറിയപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് അധികനാളാകും മുന്നെ ഓം ബന്ന ഒരു ബുള്ളറ്റ് വാങ്ങി. പിന്നെ അതിലായി യാത്ര.
ഒരു ദിവസം രാത്രി പാലിയില്‍നിന്ന് ഛോട്ടിലയിലേക്കുള്ള യാത്രയില്‍ വഴിയരികിലെ മരത്തിലിടിച്ച് ബന്ന ദൂരെയ്ക്ക് തെറിച്ചു വീണു. മണല്‍കൂനകള്‍ക്കിടയില്‍ നിന്നാണ് ശവശരീരം ലഭിച്ചത്. പോലീസുകാരെത്തി ബൈക്ക് സ്റ്റേഷനിലേക്കെടുത്തു കൊണ്ടു പോയി. എന്നാല്‍ അന്നു രാത്രിതന്നെ, അപകടമുണ്ടായ സ്ഥലത്ത് ബുള്ളറ്റ് തിരിച്ചെത്തി. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന ധാരണയില്‍ പോലീസുകാര്‍ ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ചു. പെട്രോള്‍ ഊറ്റിക്കളഞ്ഞു. പക്ഷേ, അന്നു രാത്രിയും അനുഭവം പഴയതു തന്നെ. ഭയന്നു പോയ പോലീസുകാര്‍ ബൈക്ക്, ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
അവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. എന്നാല്‍ 400 കിലോമീറ്റര്‍ അകലത്തില്‍നിന്ന് അപകടം നടന്ന സ്ഥലത്ത് ബൈക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. ബുള്ളറ്റ് വാങ്ങിയ ആളും അത് ഉപേക്ഷിച്ചു. കഥകള്‍ ഇങ്ങനെ നീളുന്നു... മരിച്ച ദിവസം രാത്രി ഓം ബന്നയുടെ ആത്മാവ് അതുവഴി പോയ ഒരു ട്രക്കിന് ലിഫ്റ്റ് ചോദിച്ചുവത്രേ! അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ ട്രക്കിന്റെ ഡ്രൈവറോട് ഹോണടിക്കാന്‍ പറഞ്ഞു. 'നീ എന്ത് കാര്യത്തിനായി പോകുന്നുവോ തീര്‍ച്ചയായും അത് സാധിക്കും' എന്ന് പറഞ്ഞ ശേഷം ബന്നയുടെ ആത്മാവ് അപ്രത്യക്ഷനായെന്നു മറ്റൊരു കഥ.
ബന്ന മരിച്ച നാള് മുതല്‍ അര്‍ദ്ധരാത്രിയില്‍ ബുള്ളറ്റിന്റെ ഇരമ്പല്‍ കേള്‍ക്കാറുണ്ടെന്ന് ബന്ന ഗ്രാമത്തിലുള്ളവര്‍ പറയുന്നു. കഥകളും എന്നു കൂടി ചേര്‍ക്കണം. കഥ കൗതുകമുള്ളതാണെങ്കില് അതിനേക്കാള്‍ കൗതുകമുള്ളതാണ് ഇവിടത്തെ രീതികള്‍. ബുള്ളറ്റ് ബാബയ്ക്ക് നിവേദ്യം ബിയറാണ്. ക്ഷേത്രത്തിന് പൂജാരിയൊക്കെയുണ്ട്. റോഡരികില്‍ ബന്നയുടെ ബൈക്കിടിച്ച മരത്തിനോട് ചേര്‍ന്ന് ഒരു തറ കെട്ടിയിട്ടുണ്ട്. അതില്‍ ഓം ബന്നയുടെ ചിത്രം, മാര്‍ബിളിലുള്ള വിഗ്രഹം എന്നിവ വെച്ചാണ് പൂജ. ഈ വിഗ്രഹത്തിലാണ് ഭക്തര്‍ 'മദ്യധാര' നടത്തുന്നത്. ഇതിന് പിന്നിലാണ് മേല്‍ക്കൂരയൊക്കെ കെട്ടി ബുള്ളറ്റ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
എല്ലാ വര്‍ഷവും അഷ്ടമിനാളില്‍ ബുള്ളറ്റ് തനിയെ സ്റ്റാര്ട്ടാകുമത്രേ! സമീപ ഗ്രാമങ്ങളിലുള്ളവര്‍ ഉള്‍പ്പടെ വിവാഹ ദിവസം ഇവിടെയെത്തി പ്രണാമം അര്‍പ്പിക്കുന്നു. രജപുത്ര കുടുംബത്തിലെ അംഗങ്ങളെല്ലാം നവജാത ശിശുക്കളെ ബുള്ളറ്റ് ബാബയ്ക്ക് മുന്നില്‍ കൊണ്ടുവരും. തങ്ങളുടെ കുലദൈവമായാണ് അവര്‍ ബന്നയെ കരുതുന്നത്. ആദ്യമായി മുടിമുറിക്കുന്ന ചടങ്ങും ബുള്ളറ്റ് ബാബയുടെ സന്നിധിയിലാണ് നടത്തുക.
ക്ഷേത്രത്തിന് ചുറ്റും ഉത്സവപ്പറമ്പില്‍ കാണുന്നത് പോലെ കടകളുണ്ട്. പൂജാ സാധനങ്ങളൊക്കെ ഇവിടെ കിട്ടും. മദ്യവും ഇഷ്ടം പോലെ. പക്ഷേ നിവേദ്യമായി അര്‍പ്പിക്കാനാണ്. വണ്ടികളുടെ നിര്‍ത്താതെയുള്ള ഹോണടി ചെവി തുളയ്ക്കുന്നു, ഒപ്പം കോളാമ്പിയിലൂടെ വരുന്ന രാജസ്ഥാനിയിലുള്ള ഭക്തിഗാനവും. ബുള്ളറ്റ് ബാബയ്ക്ക് സലാം പറഞ്ഞ് ജോധ്പൂരിലേക്ക് ബുള്ളറ്റിന്റെ ഗിയറുകള്‍ ഉയര്‍ന്നു താണു.
അടുത്തിടെ അവിടം സന്ദര്‍ശിച്ച ഒരു സുഹൃത്ത് കാണിച്ചു തന്ന ഫോട്ടോകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ബുള്ളറ്റ് ബാബ ക്ഷേത്രം വികസിച്ചിരിക്കുന്നു. ചില്ലുകൂടിനുള്ളിലാണിപ്പോള് ബുള്ളറ്റ്. തകരഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയ്ക്ക് പകരം ചുറ്റും സ്റ്റീല്‍ കൈവരികളൊക്കെ പിടിപ്പിച്ച് ബുള്ളറ്റ് ബാബ സുരക്ഷിതനായിരിക്കുന്നു. പഴയതുപോലെ ടയറിലും ഫുട്റെസ്റ്റിലുമൊന്നും തൊട്ട് നമസ്കരിക്കാന്‍ പറ്റില്ല !
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..