പ്രിയങ്കാഗാന്ധിയെ പിന്തുടരാൻ മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ വാഹനം | ഫോട്ടോ: മാതൃഭൂമി
പ്രിയങ്കാ ഗാന്ധിയുടെ തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഒരുക്കിയ വാഹനം, വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്തയായി. 35 വര്‍ഷം പഴക്കമുള്ള കണ്ടംചെയ്ത മിലിട്ടറി ട്രക്ക് ആണ് വാര്‍ത്തയിലെ താരം.
പുറപ്പെടാന്‍ തയ്യാറായ വണ്ടി കണ്ടയുടന്‍ പോലീസെത്തി. ഈ ജനക്കൂട്ടത്തിനിടെ ബെല്ലും ബ്രേക്കുമില്ലാത്ത വാഹനം ഓടിച്ച് എങ്ങോട്ടാണെന്ന് അവരുടെ ന്യായമായ ചോദ്യം. മാധ്യമപ്രവര്‍ത്തകരെ കൂട്ടാനായി പാര്‍ട്ടി അയച്ചതാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. വണ്ടി എത്തിയയുടന്‍ സുരക്ഷയൊന്നും ഗൗനിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ ഇടിച്ചുകയറി.
എത്രയുംവേഗം ദേശീയനേതാവിന്റെ അടുത്ത സമ്മേളനസ്ഥലത്തെത്തണം. പരിധിയില്‍ കവിഞ്ഞ മാധ്യമപ്പട വണ്ടിയില്‍ കയറിയതു കണ്ട് പോലീസ് താക്കീത് നല്‍കി. അപകടമുണ്ടായാല്‍ എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്ന് വരെ പറഞ്ഞു. അതൊന്നും കേള്‍ക്കാനുള്ള സമയമില്ല. നേതാവിന്റെ സമ്മേളനസ്ഥലത്തെത്തണം. കൊടും പുക തുപ്പി തീവണ്ടിയെഞ്ചിനേക്കാളും ശബ്ദമുണ്ടാക്കി ട്രക്ക് പാഞ്ഞു.
വഴിയില്‍ എന്‍ജിന്റെ ശബ്ദം മാറി. പുകയുടെ രൂപം മാറി തീയായി. തീയുയര്‍ന്ന വണ്ടിയില്‍നിന്ന് ജീവനുംകൊണ്ട് മാധ്യമപ്പട രക്ഷപ്പെട്ടു. ഇതെല്ലാം സാധാരണ സംഭവമാണെന്നും ഇപ്പോ ശരിയാക്കിത്തരാമെന്നും ഡ്രൈവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
പക്ഷേ വണ്ടി പണിമുടക്കില്‍ നിന്ന് മാറിയില്ല. ഒടുവില്‍ വര്‍ക്ഷോപ്പുകാരനെ എത്തിച്ചു. ഈ വണ്ടി നന്നാക്കുന്ന സാങ്കേതിക വിദ്യ കാലഹരണപ്പെട്ടെന്നും തങ്ങളുടെ പക്കലില്ലെന്നും പറഞ്ഞ് അവര്‍ തടിതപ്പി. വണ്ടി ഏര്‍പ്പാടാക്കിയ യുവനേതാവിനെ ബന്ധപ്പെട്ടു.
പ്രശ്‌നമുണ്ടെങ്കില്‍ ഒരു ടാക്‌സി പിടിച്ച് പോരാനായിരുന്നു നിര്‍ദേശം. ടാക്‌സി പിടിച്ച് എത്തുമ്പോഴേക്കും പ്രിയങ്ക ആറാമത്തെ സ്ഥലത്ത് എത്തിയിരുന്നു. അവിടെ, ലോറിയില്ലാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ യുവനേതാവ് ഏര്‍പ്പാടാക്കിയതാകട്ടെ മെറ്റല്‍ ഇറക്കിക്കൊണ്ടിരുന്ന ടിപ്പര്‍. ഓട്ടം നിര്‍ത്തി എത്തിയ ടിപ്പറിലെ ചെളിയില്‍ മുങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ഉപകാരങ്ങള്‍ക്ക് നന്ദി പറയാനായി യുവനേതാവിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്!
Content Highlights: 35 Year Old Military Truck For Journalists Transportation For Priyanka Gandhi Election Campaign
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..