മൂന്ന് പതിറ്റാണ്ടായി വാഴൂരിൽ അരങ്ങുവാഴുകയാണ് തടിലോറികളുടെ തച്ചന്മാർ


നിര്‍മാണത്തിന് ഒരുപറ്റം വിദഗ്ധ തൊഴിലാളികള്‍തന്നെ വേണം. ഇടിച്ച ഒരുലോറി പൂര്‍ണമായി പൊളിച്ച് തടിയില്‍ പുനര്‍നിര്‍മിച്ചാണ് സന്തോഷ് ലോറിപ്പണിക്ക് തുടക്കമിട്ടത്.

സന്തോഷും പണിക്കാരും ലോറിക്ക് സമീപം | ഫോട്ടോ: മാതൃഭൂമി

ലേക്കെട്ട്, ക്യാബിനില്‍ കൊത്തുപണി, വശങ്ങളില്‍ ഗര്‍ജിക്കുന്ന സിംഹവും പുലിയും, പിന്നില്‍ മനോഹരചിത്രങ്ങള്‍... കേരള ലോറികളുടെ മുഖമുദ്രയാണിവയെല്ലാം. പിന്നില്‍ ടണ്‍കണക്കിന് ഭാരമുള്ള തടികളുമായി കുന്നുംമലയും താണ്ടി റോഡിലെത്തുന്ന വാഹനങ്ങളിലെ കൊമ്പനാണ് ഇവര്‍. സാധാരണയില്‍നിന്ന് ഏറെ വ്യത്യസ്തമായ കണക്കുകളോടെയുള്ള നിര്‍മാണശൈലിയാണ് ഇത്തരം വാഹനങ്ങളുടേത്. മൂന്ന് പതിറ്റാണ്ടോളമായി ജില്ലയില്‍ തടിലോറികളുടെ നിര്‍മാണത്തിന് ചുക്കാന്‍പിടിക്കുകയാണ് വാഴൂര്‍ നെടുമാവിലെ വെള്ളറയില്‍ സന്തോഷും സുഹൃത്തുക്കളും.

മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലകളില്‍ മാത്രം നടത്തിയിരുന്ന ലോറി നിര്‍മാണം ആദ്യം കോട്ടയത്തെത്തിച്ചത് ഇവരായിരുന്നു. നൂറുകണക്കിന് പുതിയ ലോറികള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പഴയ ലോറികളെ പുനര്‍നിര്‍മിച്ചിട്ടുണ്ട്. ലോറിനിര്‍മാണമെന്നാല്‍ ഒരു തൊഴില്‍ മാത്രമല്ല മറിച്ച് അതൊരു രാജകലയാണെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്ന് റബ്ബര്‍ത്തടികള്‍ കൊണ്ടുപോകാനാണ് പ്രധാനമായും ഇത്തരം ലോറികള്‍ ഉപയോഗിക്കുന്നത്. ആദ്യകാലത്ത് ഷാസികള്‍ വാങ്ങി പെരുമ്പാവൂരിലും മൂവാറ്റുപുഴയിലുമൊക്കെയാണ് ലോറികള്‍ ബോഡി ചെയ്തിരുന്നത്. പിന്നീടാണ് മറ്റ് സ്ഥലങ്ങളിലും ഇതേ നിര്‍മാണശൈലി ആരംഭിച്ചത്. മുമ്പ് ക്യാബിനടക്കം പൂര്‍ണമായി തടികളിലായിരുന്നു നിര്‍മാണം. ഇതിനാലാണ് തടിലോറി എന്ന പേര് വരാനുള്ള കാരണം.

നിര്‍മാണത്തിന് ഒരുപറ്റം വിദഗ്ധ തൊഴിലാളികള്‍തന്നെ വേണം. ഇടിച്ച ഒരുലോറി പൂര്‍ണമായി പൊളിച്ച് തടിയില്‍ പുനര്‍നിര്‍മിച്ചാണ് സന്തോഷ് ലോറിപ്പണിക്ക് തുടക്കമിട്ടത്. തകര്‍ന്ന ഭാഗങ്ങള്‍ ഓരോന്നായി പൊളിച്ചുമാറ്റിയപ്പോഴും അതേ മാതൃക മനസ്സില്‍ പതിപ്പിച്ചു. മാസങ്ങള്‍ക്കുള്ളില്‍ അടുത്ത ലോറികളുമെത്തി. പിന്നീട് ലോറിപ്പണിയുടെ പെരുന്തച്ചനെ തേടി പഴയലോറികളും പുതിയ ലോറികള്‍ പണിയാനുള്ള ഷാസികളുമെത്തിത്തുടങ്ങി. പതിനേഴാംമൈലില്‍ ഒരു ഷെഡ്ഡുകെട്ടി നാല് തൊഴിലാളികളുമായി ലോറിപ്പണി തുടങ്ങി. തടിപ്പണികള്‍ സ്വന്തമായി ചെയ്യും. കൊത്തുപണികള്‍ക്കും പെയിന്റിങിനുമായി മൂവാറ്റുപുഴയില്‍നിന്നും പണിക്കാരെ വരുത്തും. ആദ്യമൊക്കെ മാസങ്ങള്‍കൊണ്ടാണ് ഒരു ലോറി പൂര്‍ണമായി നിര്‍മിച്ചിരുന്നത്. തടിപ്പണികള്‍ക്കും, പിന്നില്‍ പ്ലാറ്റ്ഫോം നിര്‍മിക്കാനുമെല്ലാം കൂടുതല്‍ സമയം വേണം.

ആഞ്ഞിലി, പ്ലാവ് തുടങ്ങിയ തടികളിലാണ് ലോറിയുടെ പ്രധാന ആകര്‍ഷണമായ നെറ്റിപ്പലകയും ഞാലിപ്പലകയുമെല്ലാം നിര്‍മിക്കുന്നത്. ഞാലിപ്പലകയില്‍ കൊത്തുപണി തീര്‍ത്ത് വര്‍ണങ്ങളണിയിക്കുന്നത് ശ്രമകരമായ ജോലിയാണ്. ഉള്‍വശത്തെ പാനലിങ്ങിനും മറ്റും തേക്കും ആഞ്ഞിലിയുമൊക്കെയാണ് ഉപയോഗിക്കുന്നത്. പില്‍ക്കാലത്ത് കൂടുതല്‍ സൗകര്യത്തിനായി വര്‍ക്ക്ഷോപ്പ് നെടുമാവിലേക്ക് മാറ്റി. തടിപ്പണി, വെല്‍ഡിങ്, പെയിന്റിങ്, ചിത്രപ്പണി എല്ലാംചേര്‍ത്ത് ഏകദേശം അന്‍പത് മുതല്‍ 60 തച്ചോളം പണിവരും ലോറിയുടെ നിര്‍മാണത്തിനായി. പെയിന്റിങ് ജോലിക്കുമാത്രം ഏഴുമുതല്‍ 10 ദിവസംവരെ വേണം. ഇന്ന് ഇത്തരം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും ചുരുക്കമാണ്.

മലബാര്‍ ഭാഗത്തുനിന്നും, തമിഴ്നാട്ടില്‍ നിന്നുപോലും ഇവിടെ ഒട്ടേറെ ലോറികള്‍ ഇത്തരം ബോഡി കെട്ടാനായി എത്തുന്നുണ്ട്. മാസങ്ങള്‍കൊണ്ട് നിര്‍മിച്ചിരുന്ന ലോറി ഇപ്പോള്‍ 25 മുതല്‍ 30 വരെ ദിവസത്തിനകം പറയുന്ന രീതിയില്‍ പൂര്‍ത്തിയാക്കും. സഹോദരങ്ങളായ ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍, പ്രസാദ് എന്നിവരാണ് പ്രധാന ജോലികളൊക്കെ ചെയ്യുന്നത്. ചിത്രപ്പണിയും പെയിന്റിങും ഇരട്ടസഹോദരങ്ങളായ തോമസും ജോര്‍ജും. അരനൂറ്റാണ്ടോളമായി കേരളത്തിന്റെ നിരത്തുകളില്‍ ഓടിയിരുന്ന എസ്.ഇ.ലോറികളുടെ ഷാസി നിര്‍മാണം ടാറ്റാ കമ്പനി ഒന്നരവര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു.

Content Highlights: 30 years of lorry body works by three friends, Lorry Body Works, Lorry body Building


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented