രിചയസന്പന്നരായ ഡ്രൈവര്‍മാര്‍പോലും മടിച്ചുനില്‍ക്കുന്ന സീറ്റിലിരുന്നാണ് ഡെലീഷ്യ വളയം പിടിക്കുന്നത്. അതും ദിവസവും മുന്നൂറുകിലോമീറ്ററോളം. കൊച്ചിയിലെ ഇരുമ്പനത്തുനിന്ന് തിരൂരിലേക്കു ടാങ്കര്‍ലോറി ഓടിച്ചെത്തുന്ന ഡെലീഷ്യ ഡേവിസെന്ന ഇരുപത്തിമൂന്നുകാരി, കണ്ടുനില്‍ക്കുന്നവര്‍ക്ക് അദ്ഭുതമല്ല പുതിയ ഊര്‍ജമാണു പകരുക.

തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. അച്ഛന്‍ ഡേവിസും ടാങ്കര്‍ലോറി ഡ്രൈവറാണ്. അച്ഛനൊപ്പം കുട്ടിക്കാലംമുതലേ ടാങ്കറില്‍ക്കയറി നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് സീറ്റിലേക്കെത്തിച്ചത്. 18 തികഞ്ഞശേഷം ആദ്യശ്രമത്തില്‍ത്തന്നെ ലൈറ്റ്വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കി. 

20-ാം വയസ്സില്‍ ഹെവി ലൈസന്‍സും. പിന്നീട് ടാങ്കര്‍ ഓടിക്കണമെന്നായി. രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ പരിശീലനം. കാലി ടാങ്കറുമായി തിരക്കുകുറഞ്ഞ റോഡുകളിലൂടെ വണ്ടിയോടിച്ചു പഠിച്ചു. ഒപ്പം ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സുള്ളതു ഡെലീഷ്യക്കു മാത്രമാണ്.

പുലര്‍ച്ചെ രണ്ടുമണിയോടെ ഇരുമ്പനത്തെ എച്ച്.പി.സി.എല്‍. കേന്ദ്രത്തിലെത്തും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുതുടങ്ങിയ പതിവാണിത്. ഡെലീഷ്യയ്ക്കാണിവിടെ പ്രഥമ പരിഗണന. ഇന്ധനം നിറച്ചു തിരൂരിലെ പമ്പിലെത്തുന്ന ഡെലീഷ്യ വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തും. ആഴ്ചയില്‍ മൂന്നുതവണയാണ് ഡെലീഷ്യ കൊച്ചിയില്‍ പോയിവരുന്നത്.

ടാങ്കറോടിക്കുന്നതിനിടെ പഠനവും ഡെലീഷ്യ കൈവിട്ടില്ല. തൃശ്ശൂരിലെ കോളേജില്‍നിന്നു എം.കോം. ഫിനാന്‍സ് പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറാകണമെന്നും വോള്‍വോ ബസ് ഓടിക്കണമെന്നുമൊക്കെയുള്ള സ്വപ്നങ്ങളാണ് ഡെലീഷ്യയ്ക്കുള്ളത്. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്സും സൗമ്യ ലാബ് ടെക്നീഷ്യനുമാണ്.

Content Highlights; 23 Year Old Women Drive Tanker Lorry From Kochi To Thirur