രു ചാക്കില്‍ കെട്ടിയ തുരുമ്പിച്ച പാര്‍ട്‌സുകളുമായി വര്‍ക്‌ഷോപ്പുകള്‍ തോറും ഈ മകന്‍ കയറിയിറങ്ങിയത് പത്തുവര്‍ഷം. അച്ഛന്‍ പൊന്നുപോലെ നോക്കിയ 1969 മോഡല്‍ ജാവാ ബൈക്കിന് പുതുജീവന്‍ നല്‍കാനായി. അച്ഛന്റെ പ്രിയവാഹനത്തെ മുത്താക്കുമെന്ന വാശിയിലായിരുന്നു മകന്‍. ഒടുവില്‍ പഴയ ബൈക്കുകള്‍ റിപ്പയര്‍ ചെയ്യുന്ന പുലിയുടെ മടയില്‍. തൃശ്ശൂര്‍ തങ്കമണി ഇറക്കത്തെ സുരേഷ് കുമാര്‍ എന്ന മെക്കാനിക്ക്  മാസങ്ങള്‍ക്കുള്ളില്‍ ബൈക്കിനെ സുന്ദരമായി പണികഴിച്ചിറക്കി.

കൊടൈക്കനാലില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ചീഫ് ആയിരുന്ന ചേര്‍പ്പ് പുത്തന്‍മഠം കൃഷ്ണയ്യരുടെ ബൈക്ക് ആണ് മകന്‍ ജ്ഞാനമണി പുതുക്കി പുറത്തിറക്കിയത്. അച്ഛനും ചേട്ടനും  ബൈക്കിനൊപ്പമുള്ള 1972-ല്‍ എടുത്ത ചിത്രവും ഒരുപാട് ഓര്‍മകളും ജ്ഞാനമണിയുടെ മനസ് നിറയെ ഉണ്ട്.'1967-ല്‍ വിവാഹശേഷം അച്ഛനും അമ്മയും ഈ ബൈക്കിലാണ് കൊടൈക്കനാലില്‍ നിന്നും ചേര്‍പ്പില്‍ വരുന്നത്. ബൈക്കിനെ പൊന്നുപോലെയാണ് അച്ഛന്‍ നോക്കാറ്. എന്നെ പതിവായി സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത് ഈ ബൈക്കിലാണെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

2005 വരെ ഈ ബൈക്ക് ഓടിയിരുന്നു. പിന്നീട് കേടുപാടുകള്‍ സംഭവിച്ച ഈ ബൈക്ക് നന്നാക്കിയെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നത് 2010-ലാണ്. ഊരകം, ചിറക്കല്‍, ഹെര്‍ബര്‍ട്ട് കനാല്‍ എന്നിവിടങ്ങളിലെ വര്‍ക്‌ഷോപ്പുകളില്‍ നീണ്ട എട്ടര വര്‍ഷമാണ് ഈ ബൈക്ക് കിടന്നത്. ലോക്​ഡൗണ്‍ തുടങ്ങിയതോടെ ഒന്നര വര്‍ഷം വീടിന്റെ ടെറസിന് മുകളിലും വാഹനത്തിന്റെ പാര്‍ട്‌സുകള്‍ കിടന്നു. 2018 ലായിരുന്നു അച്ഛന്റെ മരണം. പത്തുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സുരേഷ് കുമാര്‍ എന്നയാളുടെ വര്‍ക്ക് ഷോപ്പില്‍ എത്തുന്നതെന്നും ജ്ഞാനമണി പറഞ്ഞു. 

1.15 ലക്ഷം രൂപ ചെലവാക്കിയാണ് ഈ ബൈക്ക് നന്നാക്കിയെടുത്തത്. പണി പൂര്‍ത്തിയാക്കിയ ശേഷം ഈ ബൈക്ക് കൊടൈക്കനാലില്‍ കൊണ്ടുപോയി. എം.ഡി.എ.6748 എന്ന പഴയ മധുര രജിസ്‌ട്രേഷന്‍ നമ്പര്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ തന്നെയാണ് ഈ ബൈക്കിന്റെ റീടെസ്റ്റ് നടത്തിയതും. പഴയ ബൈക്ക് വീണ്ടും കണ്ടപ്പോള്‍ അച്ഛന്റെ കൊടൈക്കനാലിലെ കൂട്ടുകാര്‍ക്ക് വലിയ സന്തോഷവും കൗതുകമായെന്ന് ജ്ഞാനമണി പറഞ്ഞു. കൊടൈക്കനാലില്‍ കര്‍ഷകനാണ് ജ്ഞാനമണി.

Jawa
കൃഷ്ണയ്യര്‍ മൂത്തമകന്‍ ബാലാമണി എന്നിവര്‍ക്കൊപ്പം ബൈക്കിന് സമീപം (1972-ലെ ചിത്രം) | ഫോട്ടോ: മാതൃഭൂമി

പത്താം ക്ലാസ് വരെ കൊടൈക്കനാലില്‍ ആയിരുന്നു ജ്ഞാനമണിയുടെ പഠനം. ശേഷം തൃശ്ശൂര്‍ സെന്റ് തോമസ്, കോട്ടയം കോളേജ് ഓഫ് നേഴ്‌സിംഗ് എന്നിവിടങ്ങളിലും പഠനം പൂര്‍ത്തിയാക്കി. ചേര്‍പ്പില്‍ വാഹനരംഗത്ത് കുറച്ച് കാലം പ്രവര്‍ത്തിച്ചു. അതിനുശേഷം എല്ലാം അവസാനിപ്പിച്ച് കൊടൈക്കനാലിലെത്തി മുഴുവന്‍ സമയം കൃഷിരംഗത്തേക്ക് തിരിയുകയായിരുന്നു. വിവിധയിനം പഴങ്ങള്‍, കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചക്കറി തുടങ്ങിയവയാണ് കൃഷി. അമ്മ സരോജ, ചേട്ടന്‍ ബാലാമണി എന്നിവര്‍ക്കൊപ്പമാണ് താമസം.

'പാര്‍ട്‌സുകള്‍ പല ഭാഗങ്ങളില്‍ നിന്നും സംഘടിപ്പിച്ചു'

മാസങ്ങള്‍ക്ക് മുമ്പ് ഒരു ചാക്കിലാണ് വാഹനത്തിന്റെ ഭാഗങ്ങള്‍ കൊണ്ടുവന്നത്. എന്‍ജിന്‍, പെട്രോള്‍ ടാങ്ക്, ഷാസി, ടയറുകള്‍, മഡ്ഗാര്‍ഡ് എന്നിവ ഉണ്ടായിരുന്നു. എന്നാല്‍, സിലിന്‍ഡര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. മൈസൂരു, കോയമ്പത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ബാക്കി പാര്‍ട്സുകള്‍ വാങ്ങി. കുറച്ച് സാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കി. അഞ്ച് മാസത്തിനുള്ളില്‍ പണി തീര്‍ത്തു.

വി.കെ. സുരേഷ്‌കുമാര്‍, നെടുപുഴ

ബൈക്ക് മെക്കാനിക്ക്, 75 കൊല്ലം മുമ്പ് തൃശ്ശൂരില്‍ ആദ്യമായി ബൈക്ക് വര്‍ക്‌ഷോപ്പ് തുടങ്ങിയ നെടുപുഴ വി.കെ. കൃഷ്ണന്റെ  മകന്‍. ജാവ, യെസ്ഡി, മാചലെസ്, സണ്‍ബീം തുടങ്ങീ പഴയ ബൈക്കുകള്‍ റിപ്പയര്‍ ചെയ്യുന്നതില്‍ പ്രഗത്ഭന്‍. ചേട്ടന്‍ സുനില്‍ കുമാറിനൊപ്പം തൃശ്ശൂര്‍ തങ്കമണി ഇറക്കത്ത് 'ഔട്ട് റൈഡേഴ്‌സ്' എന്ന വര്‍ക്ക് ഷോപ്പ് നടത്തുന്നു.

Content Highlights: 1969 Model Jawa Bike Restore, Vintage Bike Restoration, Old Bike