അങ്ങാടിപ്പുറം: സ്വയം നിര്‍മിച്ച നാലുചക്രവാഹനം ഓടിച്ചപ്പോള്‍ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മുഹമ്മദ് ഷിബിന്‍. കോവിഡില്‍ വീണുകിട്ടിയ അവധിക്കാലം സ്വപ്നങ്ങളെ സഞ്ചരിപ്പിക്കാനുള്ള സമയങ്ങളാക്കി മാറ്റുകയായിരുന്നു ഈ 18 വയസ്സുകാരന്‍. കാറുകളുടെ സാങ്കേതികവിദ്യതന്നെയാണ് നിര്‍മാണത്തിലുപയോഗിച്ചത്. പത്തുദിവസത്തെ ആസൂത്രണവും നിര്‍മാണത്തിനായി 20-ദിവസത്തെ രാപകല്‍ അധ്വാനവും. നാലുചക്രവാഹനം റെഡി.

വീട്ടിലെ പഴയ ബൈക്കിന്റെ എന്‍ജിനെടുത്ത് ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്‌ഫോമില്‍ ഘടിപ്പിച്ചു. ബാക്കിഭാഗങ്ങള്‍ പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നുവാങ്ങി. ബൈക്കില്‍ ഉപയോഗിച്ച വയറിങ് രൂപമാറ്റം വരുത്തി. വെല്‍ഡിങ്, ഡ്രില്ലിങ്, ഗ്രൈന്‍ഡിങ്, കട്ടിങ് ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സ്വയം ചെയ്തു. നിര്‍മാണച്ചെലവ് 7500 രൂപ മാത്രം.

ഹൈബ്രിഡ് സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്തതിനാല്‍ പെട്രോള്‍ തീര്‍ന്നാലും സ്വയം ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുള്ളതിനാല്‍ വാഹനം ലക്ഷ്യത്തിലെത്തും. പെട്രോളില്‍ 40-കിലോമീറ്റര്‍വരെ മൈലേജ് ലഭിക്കും.

മോട്ടോറിലാണെങ്കില്‍ മണിക്കൂറില്‍ 15-20 വേഗതയില്‍ രണ്ടുമണിക്കൂര്‍ സഞ്ചരിക്കാം. ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ വാഹനം റിവേഴ്‌സ് എടുക്കാം. ഷോക്ക് അബ്‌സോര്‍ബറും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം കാറുകളിലേതിനു സമം. നാലു ലിറ്ററാണ് പെട്രോള്‍ ടാങ്കിന്റെ സംഭരണശേഷി. കോമ്പി ബ്രേക്ക്, എ.ബി.എസ്, സെല്‍ഫ് സ്റ്റാര്‍ട്ടിങ് എന്നിവ ഉള്‍പ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം.

കുഞ്ഞുനാള്‍ മുതല്‍ തുടങ്ങിയ വാഹനങ്ങളോടുള്ള ചങ്ങാത്തമാണ് ഷിബിനെ വാഹനനിര്‍മാണ 'എന്‍ജിനീയറാക്കിയത്'. ക്ലാസിലിരുന്ന് വാഹനത്തിന്റെ രേഖാചിത്രമൊരുക്കിയതിന്റെ പേരില്‍ പലതവണ വഴക്കുകേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ ഹൈഡ്രോളിക് എസ്‌കവേറ്റര്‍, ഇലക്ട്രിക് എന്‍ജിന്‍, ഹവര്‍ ബോര്‍ഡ്, ഇലക്ട്രിക് സൈക്കിള്‍ എന്നിവ നിര്‍മിച്ച് കൈയടിനേടിയ ഷിബിന്റെ ഈ കഴിവില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്നാണ് കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പറയാനുള്ളത്. സഹോദരനും ഡിഗ്രി വിദ്യാര്‍ഥിയുമായ മുഹമ്മദ് സിജിലാണു സഹായി.

പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും 99 ശതമാനം മാര്‍ക്കോടെ പ്ലസ്ടു സയന്‍സ് വിജയിച്ച ഷിബിന്‍ കുസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. തൂത ഡി.യു.എച്ച്.എസ്.എസിലെ അധ്യാപക ദമ്പതിമാരായ പരിയാപുരം കൊടശേരി സെയ്തലവിയുടെയും റജീനയുടെയും മകനാണ്. 

Content Highlights: 18 Year Old Boy Build His Own Sports Car By Spending Rs 7500 Rupees