യദുകൃഷ്ണൻ താൻ നിർമിച്ച ബസുകളുമായി
കുട്ടിക്കാലം മുതലേ യദുകൃഷ്ണന് വാഹനങ്ങളോട് കമ്പമായിരുന്നു. പിന്നെ വാഹനങ്ങള്‍ ഉണ്ടാക്കുന്നതിനായി പരിശ്രമം. ഇപ്പോള്‍ വയസ്സ് 12. കുറച്ച് സാധനങ്ങള്‍ ലഭിച്ചാല്‍ ഏത് വാഹനത്തിന്റെയും മാതൃകയൊരുക്കും. ആരും ഇഷ്ടപ്പെട്ടുപോകുംവിധം അത്ര തികവിലാണ് നിര്‍മാണം.
അരൂക്കുറ്റി വടുതല നദ്വത്തുല്‍ ഇസ്ലാം യു.പി. സ്‌കൂളില്‍ പഠിക്കുന്ന യദു ഇനി എട്ടിലേക്കാവും. അതിനിടയില്‍ അവധിക്കാലത്ത് ഉത്സാഹത്തോടെ വാഹനങ്ങളുടെ മാതൃക തീര്‍ക്കുകയാണവന്‍. ഇഷ്ടവാഹനമായ ബസുകളാണ് കൂടുതല്‍ നിര്‍മിക്കുന്നത്. കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്ക് ഷീറ്റ്, ഈര്‍ക്കില്‍, പശ, എന്നിവ ലഭിച്ചാല്‍ യദു പണിതുടങ്ങും. ഒരാഴ്ചയോളം വേണം ബസിന്റെ മാതൃക നിര്‍മിക്കാന്‍.
ബസിനുപുറമേ സ്‌കൂട്ടര്‍, ജീപ്പ്, കാര്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. കാര്‍ഡ് ബോര്‍ഡിന് നിറം നല്‍കിയശേഷം, പഴയ കളിപ്പാട്ടങ്ങളുടെ ചക്രങ്ങള്‍കൂടി പിടിപ്പിക്കുന്നതോടെ വാഹനമാതൃകകള്‍ പൂര്‍ണമാകും. നിര്‍മിക്കുന്ന വാഹന മാതൃകകളേറെയും കൂട്ടുകാര്‍ക്ക് സമ്മാനിക്കും.
കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍മിക്കുന്ന വര്‍ക്ക്‌ഷോപ്പ് നേരില്‍ കാണണം എന്നതാണ് യദുവിന്റെ മോഹം. അരൂക്കുറ്റി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് നദ്വത്ത് നഗര്‍ പ്രണവം വീട്ടിലെത്തിയാല്‍ വാഹനങ്ങളുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന യദുവിനെയാകും കാണുക. മത്സ്യത്തൊഴിലാളിയായ അച്ഛന്‍ മോഹനനും അമ്മ ബിന്ദു, അനുജന്‍ മിഥുന്‍ കൃഷ്ണന്‍ എന്നിവര്‍ പ്രോത്സാഹനമേകി ഒപ്പമുണ്ട്.
Content Highlights: 12 year old Yadhu make miniature of vehicle using cardboard and plastic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..