ജെയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ സ്വന്തമാക്കാന്‍ കൊതിച്ചവരേറെ. ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഒളിപ്പിച്ചുവച്ച കരുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ എതിരാളികളെ നേരിടുന്നതില്‍ ബോണ്ടിന് ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ബോണ്ട് കാറുകളില്‍ ഏറ്റവും പ്രശസ്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി ഫൈവ് കാര്‍ ലണ്ടനില്‍ നടന്ന ലേലത്തിലൂടെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോടീശ്വരന്‍ സ്വന്തമാക്കി.
അപകട ഘട്ടങ്ങളില്‍ രക്ഷപെടാന്‍ സഹായിക്കുന്ന പ്രത്യേക സീറ്റ്, നമ്പര്‍ മാറ്റാവുന്ന തരത്തില്‍ തിരിയുന്ന നമ്പര്‍ പ്ലേറ്റുകള്‍ എന്നിവ അടക്കമാണ് കാര്‍ ലേലത്തില്‍ പോയത്. 1964 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ഫിംഗര്‍, 65 ല്‍ പുറത്തിറങ്ങിയ തണ്ടര്‍ബോള്‍ തുടങ്ങിയവയില്‍ വേഷമിട്ട കാറാണ് ഡി.ബി. ഫൈവ്. ഷോണ്‍ കോണറി ആയിരുന്നു ഈ ചിത്രങ്ങളില്‍ ഡി.ബി ഫൈവിന്റെ സ്റ്റിയറിങ്ങിനു പിന്നില്‍. ആര്‍.എം ഓക്ഷന്‍സ് എന്ന സ്ഥാപനമാണ് പ്രശസ്ത ബോണ്ട് കാര്‍ ലേലത്തിന് വച്ചത്.2.6 മില്യണ്‍ പൗണ്ട് നല്‍കിയാണ് വാഹനപ്രേമി ഡി.ബി.ഫൈവ് സ്വന്തമാക്കിയത്. ചിത്രത്തില്‍ ഉപയോഗിച്ച എല്ലാ ഘടകങ്ങളും കാറിനൊപ്പം ലേലം ചെയ്തു. മെഷീന്‍ ഗണ്ണുകള്‍, ബുള്ളറ്റ് പ്രൂഫ് കവചം, ഇണക്കിമാറ്റാവുന്ന റൂഫ് പാനല്‍, പുകയും ഒയിലും പുറന്തള്ളി ശത്രുവിനെ വഴിതെറ്റിക്കാനുള്ള സംവിധാനങ്ങള്‍, സെന്റര്‍ ആംറെസ്റ്റിനടിയില്‍ ഒളിപ്പിച്ച ഇവയുടെ നിയന്ത്രണ സ്വിച്ചുകള്‍ എന്നിവയാണ് ലേലംചെയ്ത ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി ഫൈവിന്റെ സവിശേഷതകള്‍.ടെയ്ല്‍ ലാമ്പിനു പിന്നിലാണ് മെഷീന്‍ ഗണ്‍ ഒളിപ്പിച്ചിരിക്കുന്നത്. ഗിയര്‍ ലിവറിനുള്ളിലാണ് റഡാര്‍ സംവിധാനം. ഡോര്‍ പാനലിനുള്ളില്‍ ടെലിഫോണും ഒളിപ്പിച്ചിട്ടുണ്ട്. 1969 ല്‍ ജറി ലീ 12,000 ഡോളറിന് സ്വന്തമാക്കിയതാണ് കാര്‍. 41 വര്‍ഷമായി സ്വന്തം വീട്ടില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ സൂക്ഷിക്കുകയാണ് അദ്ദേഹം ഇത്. രണ്ടുമൂന്നു തവണ മാത്രമാണ് ഈ കാര്‍ വീടിനു പുറത്തിറക്കിയത്. 1947 മുതല്‍ 72 വരെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തലവനായിരുന്ന ഡേവിഡ് ബ്രൗണിന്റെ പേരിലുള്ളതാണ് ഡി.ബി സീരീസ് കാറുകള്‍. ഗോള്‍ഡന്‍ ഐ, ടുമോറോ നെവര്‍ ഡൈസ്, കാസിനോ റൊയാല്‍ തുടങ്ങിയ ബോണ്ട് ചിത്രങ്ങളിലെല്ലാം ഡ.ഡി സീരീസ് ആസ്റ്റണ്‍ മാര്‍ട്ടിനുകളാണ് ഉള്ളത്.