ആഢംഭര ബ്രാന്‍ഡായ ഔഡിയുടെ കാറിനകത്ത് കഞ്ഞിക്കലം!. വെറും കഞ്ഞിക്കലമല്ല, ഔഡിയുടെ രൂപകല്‍പനയ്ക്കും നിലവാരത്തിനുമൊക്കെ ഒത്ത ഒരു ഒന്നാന്തരം റൈസ് കുക്കര്‍ തന്നെയാണ് ഔഡി കാറിനകത്ത് ഒരുക്കിയിരിക്കുന്നത്.

ജപ്പാനില്‍ മാത്രമായി പുറത്തിറക്കിയ എ8 5.5 മോഡലിലാണ് ഏപ്രില്‍ ഒന്നിന് റൈസ് കുക്കര്‍ ഘടിപ്പിച്ച് പുറത്തിറക്കുന്നു എന്ന് പ്രഖ്യാപിച്ചത്. റൈസ് കുക്കര്‍ ഘടിപ്പിച്ച വാഹനത്തിന്റെ മനോഹരമായ ചിത്രങ്ങളും ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന വിശദീകരണവുമെല്ലാം ഔഡി ജപ്പാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെ സംഭവം സത്യമാണെന്ന് വിശ്വസിക്കാതെ തരമില്ലെന്നായി.

എ8 ''5.5'' എന്നതിരെ 5 എന്നത് ജാപ്പനീസില്‍ 'ഗോ' എന്നും 0.5 എന്നത് 'ഹാന്‍' എന്നുമാണെന്നും ഇത് രണ്ടും ഒന്നിപ്പിക്കുമ്പോള്‍ ലഭിക്കുന്ന 'ഗോഹാന്‍' (Gohan) എന്ന വാക്ക് അരി എന്ന് അര്‍ത്ഥം വരുന്ന രീതിയിലാണ് തങ്ങള്‍ വാഹനത്തിന് ഈ പേര് തിരഞ്ഞെടുത്തത് എന്നുമാണ് ഔഡി പറയുന്നത്. ജപ്പാന്‍ കാരുടെ ചോറിനോടുള്ള ഭ്രമത്തെ മാനിച്ചാണ് തങ്ങളുടെ പുതിയ സംരംഭമെന്നും കമ്പനി വ്യക്തമാക്കുന്നു.

എ8 ന്റെ എഞ്ചിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുതകുന്ന തരത്തിലാണ് തങ്ങളുടെ റൈസ് കുക്കര്‍ എന്നും ഔഡി പറയുന്നു. പിന്‍ സീറ്റുകള്‍ക്ക് ഇടയിലായിട്ടായിരുന്നു റൈസ് കുക്കര്‍ സ്ഥാപിച്ചിരുന്നത്. ഉപഭോക്താവിന്റെ അഭിരുചിക്കും അരിയുടെ വേവിനും അനുസരിച്ച് ടച്ച് സ്‌ക്രീനില്‍ വ്യത്യസ്തമായ കുക്കിങ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്ന് ഔഡി ജപ്പാന്‍ വെബ്‌സൈറ്റില്‍ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച ചോറാകും ഔഡി എ8 ഉപയോഗിച്ച് ഉണ്ടാക്കാനാവുക എന്ന അവകാശ വാദം പുറപ്പെടുവിക്കാനും ആഢംഭര കാര്‍ നിര്‍മാതാക്കള്‍ മറന്നില്ല. ഔഡിയുടെ വിചിത്രമായ ആശയം കണ്ട് അന്തംവിട്ടവര്‍ക്ക് പിന്നീടാണ് സംഭവം ഔഡിയുടെ ഒരു ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നെന്ന് മനസ്സിലായത്.

ഒരു തമാശക്കഥയെഴുതി ഉപയോക്താക്കളെ പറ്റിക്കുകയായിരുന്നില്ല ഔഡിയുടെ ലക്ഷ്യം. കഥ വായിച്ച് വിശ്വസിച്ച ഉപഭോക്താക്കള്‍ ഔഡിയുടെ പ്രാദേശിക ഡീലര്‍മാരുമായി ബന്ധപ്പെടുന്ന പക്ഷം നല്‍കാനായി ഒരു ഏപ്രില്‍ ഒന്ന് സമ്മാനവും കമ്പനി ഒരുക്കിയിരുന്നു. റൈസ് കുക്കര്‍ അല്ലെങ്കിലും പാചകത്തിന് ഉപകരിക്കുന്ന ഒരു വസ്തു തന്നെയായിരുന്നു ഔഡി ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ഔഡി ബ്രാന്‍ഡില്‍ ഉള്ള ഒരു തവി!.

ചിത്രങ്ങള്‍: ഔഡി ജപ്പാന്‍