സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഇന്ത്യന്‍ വിഭാഗമായ 'വോള്‍വേ ഇന്ത്യ' ആഗോള വിപണി ലക്ഷ്യമിട്ട് പുതിയ മീഡിയം ഡ്യൂട്ടി ട്രക്കുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. വോള്‍വോ ഇന്ത്യയുടെ ബെംഗളൂരുവിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് യൂണിറ്റിലാണ് ട്രക്കുകളുടെ രൂപരേഖ ഡിസൈന്‍ ചെയ്യുക. എങ്കിലും ഈ ട്രക്കുകള്‍ രാജ്യത്ത് വിറ്റഴിക്കില്ല. 

സ്വീഡന്‍, ഫ്രാന്‍സ് നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് ശേഷം വോള്‍വോയുടെ മൂന്നാമത്തെ വലിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററാണ് ബെംഗളൂരുലിലേത്. 10-15 ടണ്‍ സെഗ്മെന്റിലുള്ള ട്രക്കുകളാണ് അടുത്ത വര്‍ഷത്തോടെ പുറത്തിറക്കുക. വോള്‍വോയുടെ ആകെ ആഗോള വിപണിയുടെ 4-5 ശതമാനം വിഹിതം മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ നിന്നു ലഭ്യമായിട്ടുള്ളത്. 

വോള്‍വോ ഇന്ത്യന്‍ യൂണിറ്റ് ഡിസൈന്‍ ചെയ്ത പ്രോ 8000 ഹെവി ഡ്യൂട്ടി ട്രക്ക് പാര്‍ട്ട്ണറായ എൈഷര്‍ മോട്ടോഴ്‌സ് വഴി നേരത്തെ രാജ്യത്ത് വിറ്റഴിച്ചിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്റ് വിപണിയിലും ഈ മോഡലുകള്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിനുശേഷമാണ് മീഡിയം ഡ്യൂട്ടി ട്രക്ക് രംഗത്തേക്ക് കമ്പനി എത്തുന്നത്.