രാജ്യം ഇലക്ട്രിക് വാഹന യുഗത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ പടിയായി എല്ലാ സംസ്ഥാനങ്ങളിലും പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകള്‍ സ്ഥാനംപിടിക്കുകയാണ്. കേരളം ഇലക്ട്രിക് കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചതിന് സമാനമായി പശ്ചിമ ബംഗാള്‍ നിരത്തുകളിലും ഇലക്ട്രിക് ബസുകള്‍ കൈയടക്കുന്നു. ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് 80 ഇലക്ട്രിക് ബസുകളാണ് വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (WBTC) വാങ്ങുന്നത്. 9 മീറ്റര്‍ അള്‍ട്രാ എസി ഇ-ബസിന്റെ 40 യൂണിറ്റും 12 മീറ്റര്‍ ഇ-ബസിന്റെ 40 യൂണിറ്റ് വീതവുമാണ് പശ്ചിമ ബംഗാളിലേക്കെത്തുന്നത്. 

ഇതില്‍ 9 മീറ്റര്‍ ഇലക്ട്രിക് ബസിന്റെ 20 യൂണിറ്റുകള്‍ നിലവില്‍ ടാറ്റ മോട്ടോഴ്‌സ് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് കൈമാറി കഴിഞ്ഞു. ബാക്കിയുള്ള 20 യൂണിറ്റുകള്‍ മാര്‍ച്ച് 31 നുള്ളില്‍ കൈമാറുമെന്നും ടാറ്റ അറിയിച്ചു. 12 മീറ്റര്‍ കാറ്റഗറിയിലുള്ള 40 ഇലക്ട്രിക് ബസുകള്‍ ഘട്ടംഘട്ടമായാണ് സംസ്ഥാനത്തെത്തുക. ഡീസല്‍ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലന ചെലവും 50 ശതമാനത്തോളം ഇന്ധന ചെലവും ഇലക്ട്രിക് ബസിന് കുറവായിരിക്കുമെന്നാണ് ടാറ്റ പറയുന്നത്. 

ടാറ്റ മോട്ടോഴ്‌സിന്റെ ധര്‍വാര്‍ഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക് ബസുകളുടെ നിര്‍മാണം നടക്കുന്നത്. 31 പേര്‍ക്ക് ഇതില്‍ സുഖമായി യാത്ര ചെയ്യാം. മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നിലും പിന്നിലും എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനമുണ്ട്. ഇന്റഗ്രേറ്റഡ് ഇലക്ട്രിക് മോട്ടോറാണ് ഇ-ബസിന് കരുത്തേകുന്നത്. ഒറ്റചാര്‍ജില്‍ 150 കിലോമീറ്ററോളം ദൂരം പിന്നിടാന്‍ സാധിക്കും. ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് എസി ഇലക്ട്രിക് ബസിലുള്ളത്, റൂഫിലാണ് ഇതിന്റ സ്ഥാനം. അതിനാല്‍ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബ്രേക്ക് ഡൗണാകാനുള്ള സാധ്യതയില്ല.  പരമാവധി 330 ബിഎച്ച്പി  പവറാണ് ഇലക്ട്രിക് മോട്ടോര്‍ നല്‍കുക. തുടര്‍ച്ചയായി 194 ബിഎച്ച്പി പവറും ലഭിക്കും. 

കസ്ബ, ന്യൂടൗണ്‍, ബെല്‍ഗോറിയ എന്നിവിടങ്ങളില്‍ ഇലക്ട്രിക് ബസിനായി ചാര്‍ജിങ് സ്‌റ്റേഷനും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഹൗറ, സാട്രാഗച്ചി എന്നിവിടങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ലഭ്യമാക്കും. 6-7 മണിക്കൂര്‍ വരെയാണ് ചാര്‍ജിങ് സമയം. ഫാസ്റ്റ് ചാര്‍ജറില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഈ മാസം തുടക്കത്തില്‍ ലക്‌നൗ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ടാറ്റ ഇലക്ട്രിക് ബസ് കൈമാറിയിരുന്നു. ഇതിനൊപ്പം ഇന്‍ഡോര്‍, ഗുവാഹത്തി, ജമ്മു, ജയ്പൂര്‍ എന്നീ സിറ്റികളിലെ പൊതു ഗതാഗത വിഭാഗങ്ങള്‍ക്കായി ആകെ 255 ഇലക്ട്രിക് ബസുകള്‍ ഉടന്‍ നിര്‍മിച്ച് നല്‍കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി.

Content Highlights; Tata To Supply 80 Electric Buses To West Bengal Transport Corporation