ബി ടു ബി ബസുകളുടെയും കോച്ചുകളുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനമേളയായ ബസ് വേള്‍ഡ് ഇന്ത്യ-2018-ല്‍ അഞ്ച് പുതിയ ബസുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ. 

ടാറ്റയില്‍ നിന്ന് പുറത്തിറങ്ങുന്ന സ്റ്റാര്‍ബസ് അള്‍ട്രാ എസി 22-സീറ്റര്‍ പുഷ് ബാക്ക്, സ്റ്റാര്‍ബസ് 12-സീറ്റര്‍ എസി മാക്‌സി ക്യാബ്, വിംഗര്‍ 12-സീറ്റര്‍, ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്, മാഗ്ന ഇന്റര്‍സിറ്റി കോച്ച് എന്നീ വാഹനനിരയാണ് പ്രദര്‍ശനത്തിലെത്തുക.

ആധുനിക സുരക്ഷാ സംവിധാനങ്ങളുടെയും പുത്തന്‍ സാങ്കേതിക വിദ്യയുടെയും അകമ്പടിയോടെയെത്തുന്ന പുതിയ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസൈനിങ്ങും മികച്ച ഇന്ധന ക്ഷമതയുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 

ഇന്ത്യക്ക് പുറമെ, വിദേശ രാജ്യങ്ങളിലെ യാത്രകള്‍ക്ക് പോലും യോജിച്ച പരിഷ്‌കാരങ്ങളാണ് ടാറ്റാ പുറത്തിറക്കുന്ന പുതിയ ബസുകളില്‍ നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പരിഷ്‌കാരങ്ങള്‍ വരുത്തിയ വാഹനങ്ങളാണ് ബസ് വേള്‍ഡ് 2018-ല്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ മേധാവി രോഹിത് ശ്രീവാസ്തവ പറഞ്ഞു. 

സൗകര്യപ്രദമായ യാത്രയ്ക്ക് പുറമെ, സ്മാര്‍ട്ട് ട്രാവല്‍ ഓപ്ഷന്‍ നല്‍കി വാഹനം പുറത്തിറക്കുന്നത് ബസുകളുടെ ശ്രേണിയിലെ വിപ്ലവമാണെന്ന് ടാറ്റ മോട്ടോഴ്‌സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി സന്ദീപ് കുമാര്‍ അഭിപ്രായപ്പെട്ടു. ബസ് വേള്‍ഡ് ഇന്ത്യ 2018-ന്റെ പ്ലാറ്റിനം സ്‌പോര്‍ണ്‍സര്‍ ഇത്തവണ ടാറ്റ മോട്ടോഴ്‌സാണ്. 

ബസ് വേള്‍ഡ് ഇന്ത്യയില്‍ അണിനിരക്കുന്ന ടാറ്റാ ബസുകള്‍

മാഗ്ന ഇന്റര്‍സിറ്റി കോച്ച്

Magna

ടാറ്റ പുറത്തിറക്കുന്ന ഇന്റര്‍സിറ്റി ആഡംബര ബസാണ് മാഗ്ന ഇന്റര്‍സിറ്റി കോച്ച്. ഇന്റര്‍സിറ്റി ഉപയോഗം ലക്ഷ്യമാക്കി പുറത്തിറക്കുന്ന ഈ വാഹനം രണ്ട് പവറുകളില്‍ നിരത്തിലെത്തും. മാര്‍ക്കോപോളൊ ബോഡിയില്‍ പുറത്തിറക്കുന്ന ഈ വാഹനത്തില്‍ കമ്മിന്‍സ് ISBe 5.9 എന്‍ജിനും, ടാറ്റ G750 ഗിയര്‍ ബോക്‌സുമാണ് നല്‍കിയിരിക്കുന്നത്. മനോഹരമായ പുറംമോടിയും ആകര്‍ഷകമായ ഉള്‍വശവുമാണ് മാഗ്ന ഉറപ്പ് നല്‍കുന്ന മറ്റൊരു മേന്മ. 

സ്റ്റാര്‍ബസ് അള്‍ട്രാ എസി 22-സീറ്റര്‍

22 seater

ടാറ്റാ അവതരിപ്പിക്കുന്ന മറ്റൊരു മോഡലാണ് സ്റ്റാര്‍ബസ് അള്‍ട്രാ എസി. ടൂറിസ്റ്റ് വാഹന മേഖലയെയും ഓഫീസ് സര്‍വീസുകളും ലക്ഷമാക്കി എക്‌സിക്യുട്ടീവ് ഭാവത്തിലാണ് ഈ വാഹനം പുറത്തിറക്കുന്നത്. എസി ക്യാബിന്‍, ചാര്‍ജിംഗ് പോയിന്റുകള്‍, ഹാന്‍ഡ് റെസ്റ്റ്, പുഷ് ബാക്ക് ലെഥര്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ് എന്നിവ ഉള്‍ഭാഗത്തെ കൂടുതല്‍ ആഡംബരമാക്കുന്നു. 

ടാറ്റാ പുതുതായി വികസിപ്പിച്ച ടര്‍ബോട്രോണ്‍ 140എച്ച്പി എന്‍ജിനാണ് സ്റ്റാര്‍ ബസ് അള്‍ട്രയില്‍ നല്‍കിയിരിക്കുന്നത്. പവര്‍ സ്റ്റീയറിങ്, എയര്‍ ബ്രേക്ക് സംവിധാനങ്ങളും ഈ ബസില്‍ ഒരുക്കുന്നുണ്ട്.

സ്റ്റാര്‍ബസ് 12-സീറ്റ് മാക്‌സി ക്യാബ്

12 seater

ഫോഴ്‌സ് ട്രാവലറിന് ഒത്ത എതിരാളിയായാണ് 12 സീറ്റ് സ്റ്റാര്‍ ബസ് എത്തുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി എത്തുന്ന വാഹനത്തിലും സ്റ്റാര്‍ ബസ് അള്‍ട്രയില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

ഫോര്‍ എസ്പി സിആര്‍ എന്‍ജിനില്‍ പുറത്തിറങ്ങുന്ന സ്റ്റാര്‍ബസ് 12-സീറ്ററില്‍ ജിബി 550 ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. റേഡിയല്‍ ട്യൂബ് ലെസ് ടയറുകള്‍, പാരബോളിക് സസ്‌പെന്‍ഷന്‍, ട്വില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. 

വിംഗര്‍ 12-സീറ്റര്‍

Tata Winger

വാണിജ്യ പാസഞ്ചര്‍ വാഹനശ്രേണിയില്‍ സാന്നിധ്യമറിയിച്ച മോഡലാണ് വിംഗര്‍. യാത്ര വാഹനത്തിന് പുറമെ, ആംബുലന്‍സ് രൂപത്തിലുമെത്തുന്ന ഈ വാഹനം കൂടുതല്‍ പുതുമയോടെ എത്തുകയാണ്. 

മികച്ച പ്രകടനവും ഇന്ധന ക്ഷമതയുമാണ് രണ്ടാം വരവില്‍ വിംഗര്‍ നല്‍കുന്ന ഉറപ്പ്. 2.2 ലിറ്റര്‍ ഡൈക്കോര്‍ എന്‍ജിനിലാണ് പുതിയ വിംഗര്‍ പുറത്തിറക്കുന്നത്. 

ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്

സ്റ്റാഫ് ബസ് ശ്രേണിയിലേക്ക് ടാറ്റയുടെ 1515 ഷാസിയില്‍ പുറത്തിറക്കുന്ന പുതിയ ബസാണ് ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്. കമ്മിന്‍സ് ഐഎസ്ബിഇ 5.9 എന്‍ജിനിലാണ് ഈ വാഹനവും നിരത്തിലെത്തുന്നത്. ജി 600ഗിയര്‍ ബോക്‌സും ടാറ്റ മാര്‍ക്കോ പോളോ ബോഡിയിലുമാണ് ഇത് നിരത്തിലെത്തുന്നത്. 

മൂന്ന് പോയിന്റുള്ള സീറ്റ് ബെല്‍റ്റുകള്‍, റിവേഴ്‌സ് ക്യാമറ. ഡിസ്‌പ്ലേ, എല്ലാ സീറ്റിലും യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വൈഫൈയോടു കൂടിയ ജിപിഎസ് സംവിധാനം എന്നിവയും നല്‍കിയാണ് ഈ ബസ് എത്തുന്നത്.