കാലം മാറി, പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല. ആഗോളതലത്തിലെ മുന്‍നിര നിര്‍മാതാക്കള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനിയായ ടാറ്റയും മാറ്റത്തിനുള്ള ശ്രമത്തിലാണ്. സ്‌പോര്‍ട്‌സ് കാറുകള്‍ക്കുള്ള പുതി റെയ്‌സ്‌മോ സബ്-ബ്രാന്‍സ് ഇതിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെ ഇലക്ട്രിക് വാഹനങ്ങളിലും വലിയൊരു ചുവടുവയ്പ്പിനാണ് ടാറ്റ മോട്ടോഴ്‌സിന്റെ ശ്രമം. കാറുകള്‍ക്ക് മുമ്പെ ഇലക്ട്രിക് ബസിലേക്കാണ് ടാറ്റ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വൈദ്യുത പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ശ്രേണിയില്‍ ഒന്നാം സ്ഥാനമാണ് കമ്പനിയുടെ ലക്ഷ്യം.

Tata Electric Bus

ഇതിന്റെ ഭാഗമായി ചണ്ഡിഗഡ്‌ ഗതാഗത വകുപ്പിന് കീഴില്‍ അത്യാധുനിക ഇലക്ടിക് ബസിന്റെ 15 ദിവസത്തെ പരീക്ഷണ ഓട്ടത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമാണ് പരീക്ഷണ ഓട്ടം. മുപ്പത്തിയൊന്ന് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അള്‍ട്രാ ഇലക്ട്രിക് 9m ബസാണ് ആദ്യ ഘട്ടത്തില്‍ ടാറ്റ പരീക്ഷണത്തിന് പുറത്തെടുത്തത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒമ്പത് മീറ്ററാണ് ബസിന്റെ നീളം. അധികം വൈകാതെ മറ്റു സംസ്ഥാനങ്ങളിലേക്കും ടാറ്റയുടെ ഇലക്ട്രിക് ബസ് പരീക്ഷണത്തിനെത്തിയേക്കും. 

ആഴ്ചകള്‍ക്ക് മുമ്പ് പര്‍വണോ മുതല്‍ ഷിംല വരെ നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ തുടര്‍ച്ചയാണ് ചണ്ഢിഗഡിലെ പരീക്ഷണ ഓട്ടം എന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഈ യാത്രയില്‍ ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ പിന്നിടാന്‍ ആള്‍ട്രാ ഇലക്ട്രിക് ബസിന് സാധിച്ചിരുന്നു. എഴുപത് ശതമാനം ചാര്‍ജ് ഉപയോഗിച്ച് 143 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനായത് വലിയ നേട്ടമാണെന്ന് കമ്പനി അധികൃതര്‍ പ്രതികരിച്ചിരുന്നു. നിലവില്‍ മള്‍ട്ടിപ്പിള്‍ സീറ്റില്‍ ഒമ്പത് മീറ്റര്‍, പന്ത്രണ്ട് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി.