രാജ്യത്തുടനീളമുള്ള ആറ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കായി 255 ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഇവയ്ക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചതായും ടാറ്റ അറിയിച്ചു. 

മികച്ച ഡിസൈനും ലോകോത്തര സവിശേഷതകളുമായാണ് ടാറ്റ ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തുന്നത്. വാഹനത്തിന് കരുത്ത് പകരുന്ന ലിയോണ്‍ ബാറ്ററി വാഹനത്തിന് മുകളില്‍ നല്‍കുന്നതാണ് ഇ-ബസുകളുടെ പ്രധാന പ്രത്യേകത. 

245 കിലോ വാട്ട് പവര്‍ ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ ഇലക്ട്രിക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 32 സീറ്റിങ്ങുകളാണുള്ളത്. 

മറ്റ് ഇ-ബസുകളെക്കാള്‍ 20 ശതമാനം എനര്‍ജി ലാഭിക്കുമെന്നതാണ് ടാറ്റയുടെ ബസിന്റെ പ്രത്യേകത. ഡീസല്‍ ബസുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദമാണെന്നതും 50 ശതമാനം ഇന്ധന ചിലവും മെയിന്റനന്‍സ് ചിലവും കുറയുന്നതുമാണ് ടാറ്റ ഇ-ബസിനെ ജനപ്രിയമാക്കുന്നത്.

ടാറ്റ മോട്ടോഴ്സിന്റെ ധാര്‍വാഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക് ബസുകളുടെ നിര്‍മാണം നടക്കുന്നത്. ഇപ്പോള്‍ 32 സീറ്റിലെത്തുന്ന ബസിന്റെ മിനി ബസ് നിര്‍മിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്.

Content Highlights: Tata Motors Deploy 255 Electric Buses In India