രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 40 ഇലക്ട്രിക് ബസുകള്‍ ലക്‌നൗ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസീസ് ലിമിറ്റഡിനായി (LCTSL) നിര്‍മിച്ച് നല്‍കുന്നു. അള്‍ട്രാ 9എം എസി ഇലക്ട്രിക് ബസുകളാണിവ. ഇതില്‍ ആദ്യ ഇലക്ട്രിക് ബസ് കഴിഞ്ഞ ദിവസം ഫ്‌ളാഗ്ഓഫ് ചെയ്തു. ഘട്ടംഘട്ടമായി അടുത്ത നാല് മാസത്തിനുള്ളില്‍ ബാക്കി ബസുകളെല്ലാം ടാറ്റ മോട്ടോഴ്‌സ്‌ ലക്‌നൗ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന് കൈമാറും. 

31 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ അള്‍ട്രാ 9എം എസി ഇലക്ട്രിക് ബസ്. പുതിയ മോഡുലര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. മികച്ച യാത്രാനുഭവത്തിന് മുന്നിലും പിന്നിലും എയര്‍ സസ്‌പെന്‍ഷുണ്ട്. ഒറ്റചാര്‍ജില്‍ 150 കിലോമീറ്ററോളം ദൂരം പിന്നിടാന്‍ സാധിക്കും. ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് എസി ഇലക്ട്രിക് ബസിലുള്ളത്‌, റൂഫിലാണ് ഇതിന്റ സ്ഥാനം. അതിനാല്‍ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബ്രേക്ക് ഡൗണാകാനുള്ള സാധ്യത ഇല്ലാതായി. 

പരമാവധി 330 ബിഎച്ച്പി  പവറാണ് ഇലക്ട്രിക് മോട്ടോര്‍ നല്‍കുക. തുടര്‍ച്ചയായി 194 ബിഎച്ച്പി പവറും ലഭിക്കും. ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ അലംബാഗ് ഡിപ്പോയില്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനും ടാറ്റ ഒരുക്കിയിട്ടുണ്ട്.

ലക്‌നൗവിന് പുറമേ പശ്ചിമ ബംഗാള്‍, ഇന്‍ഡോര്‍, ഗുവാഹത്തി, ജമ്മു, ജയ്പൂര്‍ എന്നീ പൊതു ഗതാഗത വിഭാഗങ്ങള്‍ ആകെ 255 ഇലക്ട്രിക് ബസുകള്‍ നിര്‍മിച്ച് നല്‍കാനുള്ള ടെന്‍ഡര്‍ ഇതിനോടകം ടാറ്റ മോട്ടോഴ്‌സിന് നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് മിനി ബസിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം വൈകാതെ ആരംഭിക്കുമെന്നും ടാറ്റ വ്യക്തമാക്കി. 

Content Highlights; Tata Motors begins supply of 40 electric buses to Lucknow