രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ആദ്യമായി ദ്രവീകൃത പ്രകൃതിവാതകത്തില്‍ (എല്‍എന്‍ജി) ഓടുന്ന ബസുകള്‍ നിരത്തിലിറക്കി. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ദ്രവീകൃത പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്ന ബസ് അവതരിപ്പിക്കുന്നത്.

സുരക്ഷിതത്വം, ചെലവ് കുറവ്, സുഖകരമായ യാത്ര എന്നിവയാണ് ഈ ബസുകളുടെ സവിശേഷതകള്‍. എല്‍എന്‍ജിയില്‍ ഓടുന്ന ടാറ്റാ എല്‍പിഒ 1613 ബസ് പരമ്പരാഗത ഇന്ധനം ഉപയോഗിച്ച് ഓടുന്ന മറ്റ് ബസുകളെക്കാള്‍ ഭാരം കുറഞ്ഞവയുമാണ്. കൂടുതല്‍ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുമുണ്ട് പുതിയ ബസ്സുകള്‍ക്ക്.

പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ മലിനീകരണം കുറയ്ക്കാനും സഹായിക്കും. എല്‍എന്‍ജിക്ക് ഉയര്‍ന്ന സാന്ദ്രതയുള്ളതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമതയും ലഭിക്കും. ഒരു പ്രാവശ്യം നിറച്ചാല്‍ 700 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്ന് ടാറ്റ പറയുന്നു.

ശബ്ദമലിനീകരണത്തിന്റെ തോതായ നോയ്സ് വൈബ്രേഷന്‍ ഹാര്‍ഷ്നസ് (എന്‍വിഎച്ച്) ഇത്തരം വാഹനങ്ങളില്‍ കുറവുമാണ്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങിലാണ് പുതിയ ബസ് വിപണിയിലിറക്കിയത്.

ഫോട്ടോ; autocarpro.in