നാല് ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഇതിനായി ഭേദഗതിചെയ്ത് ഉത്തരവിറങ്ങി. ചരക്ക് കൂടി കയറ്റുമ്പോള്‍ 3500 കിലോഗ്രാമില്‍ കുറവ് വരുന്ന വാഹനങ്ങളാണ് ഇതുപ്രകാരം വേഗപ്പൂട്ട് പിടിപ്പിക്കേണ്ടിവരിക. ടാറ്റ എയ്സ്, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര മാക്സി ട്രക്ക്, ടാറ്റ 207, അശോക് ലൈലാന്‍ഡ് ദോസ്ത് തുടങ്ങിയവും അതേ ഗണത്തില്‍പ്പെടുന്ന മറ്റു കമ്പനികളുടെ വാഹനങ്ങളും ഇനി വേഗപ്പൂട്ട് ഇല്ലാതെ റോഡിലിറക്കാന്‍ സാധിക്കില്ല. 

ഈ വാഹനങ്ങളെ വേഗപ്പൂട്ടില്‍നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതാണ്. എന്നാല്‍, ഇവയെ ഉള്‍പ്പെടുത്തുന്നതിന് പൊതുജനാഭിപ്രായം ക്ഷണിച്ച് കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് കേന്ദ്രസര്‍ക്കാര്‍ കരടുവിജ്ഞാപനം ഇറക്കിയിരുന്നു. ഒരു കൊല്ലം ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷമാണ് കഴിഞ്ഞയാഴ്ച അന്തിമ ഉത്തരവ് വന്നത്. ഉത്തരവിറങ്ങിയ മേയ് ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. വാഹനനിര്‍മാതാക്കള്‍ നിര്‍മാണ വേളയില്‍ത്തന്നെ ഇത്തരം വണ്ടികളില്‍ വേഗപ്പൂട്ട് ഉള്‍പ്പെടുത്തേണ്ടിവരും. 

വേഗപ്പൂട്ട് ഇല്ലാത്ത പഴയ വാഹനങ്ങള്‍ ഇനിമുതല്‍ റീ രജിസ്ട്രേഷനും ചെയ്യാന്‍ പറ്റില്ല. ഒന്‍പത് സീറ്റില്‍ (ഡ്രൈവറടക്കം) കൂടുതലുള്ള യാത്രാവാഹനങ്ങള്‍ക്ക് നിലവില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണ്. എട്ട് സീറ്റുവരെയുള്ള യാത്രാവാഹനങ്ങള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍, അഗ്‌നിരക്ഷാസേനയുടെയും പോലീസിന്റെയും വണ്ടികള്‍, ആംബുലന്‍സ് എന്നിവയാണ് ഇനി വേഗപ്പൂട്ട് വേണ്ടാത്തവയുടെ ഗണത്തില്‍പ്പെടുന്നത്. പഴയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പിടിപ്പിക്കുന്നത് റീടെസ്റ്റ് സമയത്ത് മാത്രമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

ടെസ്റ്റിനുശേഷം ഇത് അഴിച്ചുവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ പുതുതായി ഇറങ്ങുന്ന വാഹനങ്ങളില്‍ നിര്‍മാണവേളയില്‍തന്നെ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ കൃത്രിമം കാണിക്കാന്‍ പ്രയാസമാണ്. വേഗപ്പൂട്ട് കാര്യക്ഷമമാണോ എന്നു പരിശോധിക്കാനും വാഹനപരിശോധനാസമയത്ത് തടസ്സങ്ങളുണ്ട്. നിറയെ യാത്രക്കാരുമായി വരുന്ന ഒരു ബസ്സിലെ വേഗപ്പൂട്ടില്‍ വേഗം ക്രമീകരിച്ചിരിക്കുന്നത് എത്രയാണെന്ന് കണ്ടുപിടിക്കണമെങ്കില്‍ ഓടിച്ചുനോക്കണം. ഇതിന് പലപ്പോഴും പരിശോധകര്‍ തയ്യാറാകില്ല. ഈ പഴുത് മുതലാക്കിയാണ് പല വണ്ടികളിലും വേഗപ്പൂട്ട് വിച്ഛേദിക്കുന്നത്.