ഷ്ടത്തിന്റെപേരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ സര്‍വീസ് നിര്‍ത്തിയ സ്വകാര്യ ബസുകള്‍ വീണ്ടും നിരത്തിലിറങ്ങുന്നു. ബസുകള്‍ക്ക് പെര്‍മിറ്റുതേടി ഇരുനൂറോളം ബസ്സുടമകള്‍ മോട്ടോര്‍വാഹന വകുപ്പിന് അപേക്ഷ നല്‍കി. 

നിലവിലെ കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയും ഇന്ധനവിലക്കുറവും ജീവനക്കാരുടെ ലഭ്യതയും ഉപയോഗപ്പെടുത്താനാണ് ആലോചന. ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് ഇവര്‍ പറയുന്നു.

പ്രവര്‍ത്തന നഷ്ടത്തിന്റെപേരില്‍ ജി ഫോം നല്‍കിയാണ് സ്വകാര്യ ബസുകള്‍ നിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തുന്നത്. ഇതുവഴി അത്രയും കാലത്തെ റോഡ് നികുതി ഒഴിവാക്കാം. 

കളക്ഷനുള്ള റൂട്ടുകളും സമയങ്ങളുമെല്ലാം കെ.എസ്.ആര്‍.ടി.സി. കൈവശപ്പെടുത്തിയതോടെ നഷ്ടത്തിലായ 450-ലേറെ ബസുകള്‍ ജി ഫോം നല്‍കി സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതില്‍ 200 എണ്ണമാണ് വീണ്ടും നിരത്തിലിറക്കാന്‍ അനുമതിതേടിയത്.

private bus strike

ബസുകളുടെ നികുതി വര്‍ഷം നാലുഗഡുക്കളായാണ് നല്‍കുന്നത്. അതിനാല്‍, ഒരുതവണ ജി ഫോം നല്‍കിയാല്‍ ചുരുങ്ങിയത് മൂന്നുമാസം സര്‍വീസ് നിര്‍ത്തണം. ബസിലെ സീറ്റെണ്ണമനുസരിച്ച് 27,000 മുതല്‍ 29,900 രൂപവരെയാണ് മൂന്നുമാസത്തേക്ക് റോഡുനികുതി. 

സര്‍വീസ് പുനരാരംഭിക്കാന്‍ ജനുവരി ഒന്നിനുമുമ്പ് അനുമതി നല്‍കിയില്ലെങ്കില്‍ ഒരുപാദത്തിലെ റോഡുനികുതി അടയ്‌ക്കേണ്ടിവരും. അതുകൊണ്ടാണ് ജനുവരിക്കുമുമ്പായി അപേക്ഷകള്‍ കൂടിയത്.

പ്രവര്‍ത്തനപ്രതിസന്ധി കാരണം കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളാണ് കൂടുതലും റദ്ദാക്കിയത്. ജി ഫോം നല്‍കി കയറ്റിയിട്ടിരിക്കുന്നവയില്‍ ഭൂരിപക്ഷവും പ്രാദേശിക സര്‍വീസ് നടത്തുന്ന ബസുകളാണ്. കെ.എസ്.ആര്‍.ടി.സി. ഒഴിവാക്കിയ റൂട്ടുകളില്‍ ഓടി സ്ഥിരം യാത്രക്കാരെ പിടിക്കുകയാണ് സ്വകാര്യ ബസ്സുടമകളുെട ലക്ഷ്യം.

കെ.എസ്.ആര്‍.ടി.സി.യിലെ എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍ സ്വകാര്യ ബസുകളിലേക്ക് ചേക്കേറുന്നതിലും ബസ്സുടമകള്‍ സന്തുഷ്ടരാണ്. പരിചയസമ്പന്നരായ കണ്ടക്ടറില്ലാത്തതും സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

Content Highlights: Private Buses Restarts Its Services