കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ്. യന്ത്രം ഘടിപ്പിക്കല്‍ പദ്ധതി മരവിപ്പിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ ബസുകളിലും ജി.പി.എസ്. സംവിധാനം ഘടിപ്പിക്കാനുള്ള 'സുരക്ഷാമിത്ര'യാണ് മരവിപ്പിച്ചത്.

ഇന്ത്യയിലാദ്യമെന്ന നിലയില്‍ മാസങ്ങള്‍ക്കുമുന്‍പ് കൊണ്ടുവന്ന പദ്ധതിയാണ് മോട്ടോര്‍ വാഹനവകുപ്പ് മരവിപ്പിച്ചിരിക്കുന്നത്. ജി.പി.എസ്. ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 വരെ നീട്ടിയതായാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 2019 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാതരം വാഹനങ്ങളിലും ജി.പി.എസ്. ഘടിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുള്ളതെന്നാണ് വിവരം.

അധ്യയനവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ എല്ലാ സ്‌കൂള്‍ ബസുകളും പരിശോധിച്ച് യന്ത്രം സ്ഥാപിച്ചത് ഉറപ്പാക്കല്‍ പ്രായോഗികമല്ലെന്നും വാഹനവകുപ്പ് വിലയിരുത്തുന്നു. ജില്ലതോറും ആയിരക്കണക്കിന് വാഹനങ്ങള്‍ ഇത്തരത്തില്‍ പരിശോധിക്കേണ്ടിവരും.

പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി മേയ്മാസം അവസാനത്തോടെ എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുണ്ട്. അപ്പോള്‍ ജി.പി.എസ്. പരിശോധനകൂടി നടത്തുകയും വാഹനങ്ങളില്‍ ഇത് ഉറപ്പാക്കുകയും ചെയ്യാമെന്നും വാഹനവകുപ്പ് കരുതുന്നു.

പദ്ധതി നടപ്പാക്കുന്നതിനായി 'വെഹിക്കിള്‍ ട്രാക്കിങ് മാനേജ്മെന്റ് സിസ്റ്റം' എന്ന പേരില്‍ സോഫ്റ്റ്വേറിന് രൂപം നല്‍കിയിരുന്നു. വാഹനങ്ങളെ നിരീക്ഷിക്കാന്‍ തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ കേന്ദ്രീകൃത സംവിധാനവും സജ്ജീകരിച്ചു. ഇതിന് കംപ്യൂട്ടര്‍, സ്‌ക്രീന്‍ തുടങ്ങി അനുബന്ധസംവിധാനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപയും ചെലവഴിച്ചിരുന്നു.

ജില്ലാ ആര്‍.ടി.ഓഫീസുകളില്‍ നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. ഇതിനെല്ലാം ചെലവിട്ട ലക്ഷക്കണക്കിന് രൂപയുടെ പദ്ധതിയാണ് പാതിവഴിയില്‍ നിര്‍ത്തുന്നത്. പദ്ധതിക്കായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസിലും എല്ലാ ആര്‍.ടി.ഓഫീസുകളിലും കണ്‍ട്രോള്‍ റൂം പദ്ധതിക്കായി തുടങ്ങിയിരുന്നു.

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് സംവിധാനത്തെ പ്രത്യേക ചിപ്പിലൂടെ ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. ഓരോ ബസും എവിടെയുണ്ടെന്നും പോകുന്ന ദിശയേതെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാഹനവകുപ്പിന് അറിയാനാകുന്നതാണ് സംവിധാനം.