സ്വന്തമായി ജനറേറ്ററുള്ളവര്‍ക്കും അനായാസം സഞ്ചരിക്കാന്‍ പ്രയാസമുള്ള മണ്ണുമാന്തിയന്ത്രം പോലുള്ള വാഹനങ്ങളുടെ ഉടമകള്‍ക്കും ആശ്വാസമായി സഞ്ചരിക്കുന്ന ഡീസല്‍ പമ്പ് നിരത്തിലിറങ്ങി. ആവശ്യത്തിനനുസരിച്ച് ഉപഭോക്താവിന്റെ അടുത്തെത്തി ഡീസല്‍ നിറച്ചുകൊടുക്കുന്ന രീതിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും തുടങ്ങിയിരിക്കുന്നത്.

കമ്പനി സര്‍വീസ് ചാര്‍ജായി ലിറ്ററിന് രണ്ടുരൂപകൂടി ഈടാക്കാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും തുടക്കമെന്നനിലയില്‍ പമ്പിലെ അതേനിരക്കുതന്നെയാണ് വാങ്ങുന്നതെന്ന് കൊല്ലത്തെ ഐ.ഒ.സി. ഡീലര്‍ സായി ഭാസ്‌കര്‍ പറഞ്ഞു. ഒരു റൂട്ടില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ വരുന്നതോടെ ഗതാഗതച്ചെലവ് ഈടാക്കാതെതന്നെ ഇന്ധനം കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡീലര്‍മാര്‍.

ഡിസ്പെന്‍സിങ് യൂണിറ്റ് സഹിതമുള്ള ടാങ്കറിലാണ് ഡീസല്‍ കൊണ്ടുപോകുന്നത്. ഇതിലൂടെ ആവശ്യക്കാര്‍ക്ക് കന്നാസുകളില്‍ ഡീസല്‍ നിറച്ചു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാകും. അങ്ങനെ കൊണ്ടുപോകുന്നത് നിയമവിരുദ്ധവുമാണ്. ഡീസല്‍ മാത്രമാണ് സഞ്ചരിക്കുന്ന പമ്പുകളില്‍ വിതരണം തുടങ്ങിയിരിക്കുന്നത്. പെട്രോള്‍ വിതരണം പമ്പുകളില്‍ മാത്രമാണ്.

Content Highlights: Mobile Diesel Pump By Indian Oil Corporation and Bharath Petroleum