വാണിജ്യ വാഹന ശ്രേണിയിലേക്ക് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി ഇറക്കിയ സൂപ്പര്‍ കാരി തിരിച്ചുവിളിക്കുന്നു. ഇന്ധന പമ്പില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തകരാര്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് സൂപ്പര്‍ കാരിയെ തിരികെ വിളിച്ചിരിക്കുന്നത്. 

2018 ജനുവരി 20-നും ജൂലായ് 14-നും ഇടയില്‍ ഇന്ത്യയില്‍ നിര്‍മിച്ച വാഹങ്ങളിലാണ് ഈ തകരാര്‍ കണ്ടെത്തിയതെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഏകദേശം 640 വാഹനങ്ങളില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കമ്പനി നല്‍കുന്ന പ്രഥമിക വിവരം.  

ഈ കാലയളവില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഒക്ടോബര്‍ മൂന്നാം തിയതി മുതല്‍ മാരുതി ഡീലര്‍ഷിപ്പുകളിലെത്തിച്ച് പരിശോധിക്കണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങളുടെ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും അറിയിച്ചു. 

തകരാര്‍ സംഭവിച്ച വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, തകരാറുണ്ടെന്ന് കമ്പനിക്ക് ബോധ്യപ്പെട്ട വാഹനങ്ങളുടെ ഉടമസ്ഥരെ നേരിട്ട് ബന്ധപ്പെടുമെന്നും മാരുതി ഉറപ്പ് നല്‍കിയിട്ടുണ്ട്.

2017-18 കാലയളവില്‍ 10,000 യൂണിറ്റ് സൂപ്പര്‍ കാരികളാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്. സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്. കയറ്റി അയച്ച വാഹനങ്ങളിലും തകരാര്‍ സംബന്ധിച്ച് പരിശോധന നടത്തും. 

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സില്‍ 793 സി.സി. ഡീസല്‍ എന്‍ജിനിലും 1200 സിസി സിഎന്‍ജി എന്‍ജിനിലുമാണ് മാരുതി സൂപ്പര്‍ കാരി എത്തുന്നത്. രണ്ട് സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ 32 ബിഎച്ച്പി പവറും 75 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്.