രാജ്യം പൂര്‍ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ആക്കംകൂട്ടി മഹീന്ദ്ര പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15-ന് പുറത്തിറക്കുകയാണ്‌. ഇതിന് മുന്നോടിയായി ട്രിയോ എന്ന് പേരിട്ട ഇ-റിക്ഷയുടെ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇ-ട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. 

ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുക. ഇവ രണ്ടും D+3, D+4 സീറ്റര്‍ പതിപ്പില്‍ ലഭ്യമാകും. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. 2017-ല്‍ ഇലക്ട്രിക് കരുത്തില്‍ ഇ-ആല്‍ഫ മോഡല്‍ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഇ-ആല്‍ഫയില്‍ ബാറ്ററി പാക്ക് ഡ്രൈവര്‍ സീറ്റിന് പിന്നിലായി മിഡില്‍ റോയിലായിരുന്നു. എന്നാല്‍ ട്രിയോയിലെ ബാറ്ററി റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലം സൗകര്യം നല്‍കും. 

120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്കാണ് ഇ-ആല്‍ഫ നല്‍കിയിരുന്നത്. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററുമായിരുന്നു. ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് സൂചന. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററി.

Treo
Photo; Mahindra, Rushlane

Conent Highlights; Mahindra Treo electric rickshaw spied ahead of launch