രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര 'ട്രിയോ' ഇലക്ട്രിക് മുച്ചക്ര വാഹനം ഇന്ത്യയില്‍ പുറത്തിറക്കി. ട്രിയോ, ട്രിയോ യാരി എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ എത്തിയത്. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ബെംഗളൂരൂ എക്‌സ്‌ഷോറൂം വില, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കമാണിത്. 

Treo

ഇക്കഴിഞ്ഞ ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ ഇ-ട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. 2017-ല്‍ ഇലക്ട്രിക് കരുത്തില്‍ ഇ-ആല്‍ഫ മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു. ട്രിയോ ഡ്രൈവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ രണ്ടും ലഭ്യമാകും. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് ട്രിയോയുടെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. മഹീന്ദ്രയുടെ സ്വന്തമായ സാങ്കേതിക സംവിധാനങ്ങളും പരിപാലനം ആവശ്യമില്ലാത്ത ലിഥിയം ബാറ്ററിയുമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്ലച്ചില്ലാത്ത, അധിക ശബ്ദവും വൈബ്രേഷനുമില്ലാതെ മികച്ച ഡ്രൈവിങ് സുഖവും ട്രിയോയില്‍ ലഭിക്കും.

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനി പറയുന്നത്. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh  ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ട്രിയോ യാരി 2 KW പവറും 17.5 എന്‍എം ടോര്‍ക്കും നല്‍കും. മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ മതി. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും. 

100 കോടി ചെലവില്‍ രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്‌നോളജി നിര്‍മാണ കേന്ദ്രത്തിനും ബെംഗളുരുവില്‍ മഹീന്ദ്ര തുടക്കമിട്ടു. ഭാവിയില്‍ മലിനീകരണമില്ലാത്ത വൈദ്യുതി വാഹനങ്ങളുടെ സാധ്യത കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. 

Treo

Content Highlights; Mahindra launches Treo, Treo Yaari electric 3-wheeler