ഡീസല്‍വില വര്‍ധനയില്‍ പിടിച്ചുനില്‍ക്കാനായി കെ.എസ്.ആര്‍.ടി.സി. ഘട്ടംഘട്ടമായി എല്‍.എന്‍.ജി. ബസുകളിലേക്ക് മാറാനൊരുങ്ങുന്നു. തുടക്കത്തില്‍ 100 എല്‍.എന്‍.ജി. ബസുകള്‍ വാങ്ങാനാണ് തീരുമാനം.

പൊതുമേഖലാ കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജി.യില്‍നിന്നാണ് ബസുകള്‍ വാങ്ങുക. ഒരു എല്‍.എന്‍.ജി. ബസിന് 37.5 ലക്ഷം രൂപയാണ് വില. ഡീസല്‍ ബസിന് 26 ലക്ഷവും. അധികംവരുന്ന 11.5 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കാമെന്ന് പെട്രോനെറ്റ് എല്‍.എന്‍.ജി. അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 26-ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

CNG Bus KSRTC
സംസ്ഥാനത്തെ ആദ്യത്തെ സിഎന്‍ജി ഇന്ധനം ഉപയോഗിച്ചുള്ള കെഎസ്ആര്‍ടിസി ബസ് ആലുവയില്‍ നിന്ന് ഓടിത്തുടങ്ങിയപ്പോള്‍. ആലുവ - വൈറ്റില റൂട്ടിലാണ് ബസ് ഓടുന്നത്.

സബ്‌സിഡി തുക കഴിച്ച് 100 ബസ് വാങ്ങാനായി 30 കോടി രൂപ വേണ്ടിവരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഗതാഗതസെക്രട്ടറി വഴി സര്‍ക്കാരിന് കത്തു നല്‍കിയതായി എം.ഡി. ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബസുകളെത്തിയാല്‍ രാജ്യത്ത് ആദ്യമായി എല്‍.എന്‍.ജി. ബസ് പുറത്തിറക്കുന്ന സംസ്ഥാനമാകും കേരളം.

ksrtc

ഒരുലിറ്റര്‍ എല്‍.എന്‍.ജി.ക്ക് 46 രൂപയാണ് വില. അതുകൊണ്ടുതന്നെ എല്‍.എന്‍.ജി. ബസിന് കിലോമീറ്ററിന് പത്തുരൂപയാണ് ചെലവുവരുക. ഡീസല്‍ ബസിനിത് 20 രൂപയാണ്. എല്‍.എന്‍.ജി. ബസുകളില്‍ ക്രയോജനിക് ടാങ്കുകളാകും ഉണ്ടാവുക. ഒരു ടാങ്ക് എല്‍.എന്‍.ജി.യില്‍ 600 കിലോമീറ്റര്‍വരെ ഓടാനാകും. എ.സി.യുള്ളതും ഇല്ലാത്തതുമായ ബസുകള്‍ പെട്രോനെറ്റ് ഇറക്കുന്നുണ്ട്. ഏതുതരം ബസ് വേണമെന്ന് കെ.എസ്.ആര്‍.ടി.സി. പിന്നീട് അറിയിക്കും.

ksrtc cng bus

തിരുവനന്തപുരത്ത് ആനയറ, കൊച്ചി എന്നിവിടങ്ങളില്‍ നിലവില്‍ എല്‍.എന്‍.ജി. ഇന്ധന കേന്ദ്രങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ എടപ്പാള്‍ ഡിപ്പോയില്‍ എല്‍.എന്‍.ജി. ഇന്ധന സംഭരണ കേന്ദ്രത്തിന് സ്ഥലം കൊടുക്കാന്‍ സര്‍ക്കാരില്‍നിന്ന് അനുമതി തേടിയിട്ടുണ്ട്. നിലവില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കൊച്ചിയില്‍ ഒരു സി.എന്‍.ജി. ബസ് ഉണ്ട്. ഓര്‍ഡിനറിയായാണ് സര്‍വീസ്.