ലിമിറ്റഡ് എഡീഷന്‍ വാഹനം എന്ന് കേള്‍ക്കുന്നതില്‍ നമ്മുക്ക് പ്രത്യേകിച്ച് പുതുമയൊന്നും തോന്നാറില്ല. വളരെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ലിമിറ്റഡ് എഡീഷന്‍ എത്തുന്നത് സാധാരണമാണ്. എന്നാല്‍, ഒരു പിക്ക്അപ്പിന്റെ ലിമിറ്റഡ് എഡീഷന്‍ നമ്മളെ സംബന്ധിച്ച് പുതുമയാണ്. 

സൗത്ത് ആഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരവും ഇസുസുവിന്റെ ബ്രാന്റ് അംബാസിഡറുമായ ജോണ്ടി റോഡ്‌സിന്റെ പേരിലാണ് ഇസുസുവിന്റെ ഡി-മാക്‌സ് വി-ക്രോസ് പിക്ക്അപ്പിന്റെ ലിമിറ്റഡ് എഡീഷന്‍ മോഡല്‍ നിരത്തിലെത്തിച്ചിരിക്കുന്നത്. വെറും 30 യൂണിറ്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. 

മുന്നിലും പിന്നിലും സ്‌കേര്‍ട്ടുകള്‍, ജോണ്ടി റോഡ്‌സ് സിഗ്നേച്ചറുള്ള ലെതര്‍ സീറ്റുകള്‍, സ്‌കിഡ് പ്ലേറ്റ്, ഡോര്‍ വൈസര്‍, ഇലുമിനേറ്റഡ് സില്‍ പ്ലേറ്റുകള്‍, ഡോര്‍ ഗാര്‍ണിഷ് ലൈറ്റ് എന്നിവയാണ് ജോണ്ടി റോഡ്‌സ് എഡീഷനിലെ ഫീച്ചറുകള്‍. ഈ വാഹനം സ്വന്തമാക്കുന്ന 30 പേര്‍ക്ക് ജോണ്ടി റോഡ്‌സിനെ കാണാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.

മെക്കാനിക്കല്‍ സംബന്ധമായി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 134 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകും. അടിസ്ഥാന മോഡല്‍ മുതല്‍ ഫോര്‍ വീല്‍ ഡ്രൈവുള്ള ഈ വാഹനത്തില്‍ അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സാണ് പ്രവര്‍ത്തിക്കുന്നത്.

Content Highlights: Isuzu V-Cross ‘Jonty Rhodes Limited 30’ package launched