ഡീസല്‍ ആവശ്യക്കാരന്‍ പറയുന്ന സ്ഥലത്തെത്തിക്കുന്ന മൊബൈല്‍ പമ്പ് യൂണിറ്റ് മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റര്‍ സംഭരണശേഷിയുള്ള ഇരട്ട ടാങ്കില്‍ ഡീസല്‍ മാത്രമാണുള്ളത്. 

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉത്പന്നമാണ് വാഹനത്തിലൂടെ നല്‍കുന്നത്. ആശുപത്രികള്‍, നിരവധി വാഹനങ്ങളുള്ള കമ്പനികള്‍ എന്നിവയ്ക്ക് സ്ഥലത്തെത്തി യൂണിറ്റ് ഇന്ധനം നിറച്ചുനല്‍കും. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് യൂണിറ്റ് നിര്‍മിച്ചിട്ടുള്ളത്. 

അഗ്‌നിരക്ഷാമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ളതാണ് വാഹനം. യൂണിറ്റിലേക്ക് ഇന്ധനം നിറയ്ക്കാനായി പ്രത്യേക സംവിധാനം മോഹന്‍ ഫ്യൂവല്‍സില്‍ ക്രമീകരിച്ചിട്ടുണ്ട്.

മാവേലിക്കരയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള വാഹനം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ജോയിന്റ് ആര്‍.ടി.ഒ. എം.ജി. മനോജ് പറഞ്ഞു. വാഹനത്തിന്റെയും യൂണിറ്റിന്റെയും ഫിറ്റ്നസ് പരിശോധന എ.എം.വി.ഐ. മാരായ കുര്യന്‍ ജോണ്‍, എം. ശ്യാംകുമാര്‍, ബി. ജയറാം എന്നിവര്‍ നിര്‍വഹിച്ചു.

Content Highlights: Hindustan Petroleum Starts Mobile Diesel Pump In Mavelikkara