പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മുന്‍നിര നിര്‍മാതാക്കളെല്ലാം ബദല്‍ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ചെറുവാഹനങ്ങള്‍ക്കൊപ്പം ബസുകളിലും ബദല്‍ മാര്‍ഗം വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ പുതിയ അംഗമാണ് ബയോ-ഫ്യുവല്‍ ബസ്. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ബയോ-ഫ്യുവല്‍ ബസ് ഗോവ സര്‍ക്കാര്‍ പുറത്തിറക്കി. വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയിടുന്നതിനായ 2018 ഫെബ്രുവരിയോടെ 40 ബയോ-ഫ്യുവല്‍ ബസ് സര്‍വ്വീസ് ആരംഭിക്കാനാണ് ഗോവ സര്‍ക്കാറിന്റെ പദ്ധതി. 

36 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന സ്‌കാനിയ ബസാണ് ബയോ-ഫ്യുവല്‍ ഇന്ധത്തില്‍ പുറത്തിറക്കിയത്. ആദ്യ ഓട്ടത്തിന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കമിട്ടു. ഇതിനൊപ്പം എതനോള്‍ കരുത്തില്‍ ഓടുന്ന രണ്ട് ബസുകളും അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കെടിസിഎല്ലിന്റെ ഭാഗമായി മൂന്നു മാസക്കാലം ഈ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തും. സാലിഗോയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന ബയോ-ഫ്യുവല്‍ ഉപയോഗിച്ചാണ് സ്‌കാനിയ ഓട്ടം നടത്തുന്നത്.