രാജ്യത്തെ ആദ്യ ഇലക്ട്രിക് വാന്‍ പുറത്തിറക്കി ഇന്ത്യലെ ഏറ്റവും വലിയ വാന്‍ നിര്‍മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ്. കൂടുതല്‍ ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പുറത്തിറക്കുകയുള്ളൂ. 

ഒട്ടേറെ പ്രത്യേകതകളോടെയാണ് പുതിയ വാനുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ പ്രസന്‍ ഫിരോദിയ പറഞ്ഞു. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ സുരക്ഷയ്ക്കും അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പുതിയ വാഹനം.

എല്‍.ഇ.ഡി. ലൈറ്റുകള്‍, യാത്രക്കാരുടെ സീറ്റുകള്‍ക്ക് സമീപം മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, മികച്ച രീതിയില്‍ കൂളിങ്, കീലെസ് റിമോട്ട് എന്‍ട്രി, എട്ടു സ്പീക്കര്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ ഐഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിങ് ക്യാമറ തുടങ്ങിയവയൊക്കെ ഇതിലുണ്ട്. 

നാലു ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്ക്, ഏ.ബി.എസ്, ഇ.ബി.ഡി., ഇ.ഡി.ടി.സി., ഇ.എസ്.പി., തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. രാജ്യത്തിനകത്തും വിദേശങ്ങളിലും വിശദമായി പഠനം നടത്തിയ 100 ലധികം എന്‍ജിനിയര്‍മാരും മാനേജര്‍മാരും ചേര്‍ന്നാണ് പുതിയ വാഹനം വികസിപ്പിച്ചതെന്നും പ്രസന്‍ ഫിരോദിയ പറഞ്ഞു. 

വൈദ്യുത വാന്‍ കൂടാതെ ഇതിന്റെ ഡീസല്‍ പതിപ്പും ഫോഴ്സ് മോട്ടോഴ്സ് നിര്‍മിച്ചു കഴിഞ്ഞു. ഇത് രണ്ടും അടുത്ത ആഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്പോ 2020-യില്‍ പ്രദര്‍ശിപ്പിക്കും.

Content Highlights: Force Motors Develop India's First Electric Van