സ്‌കാനിയ ബസുകള്‍ വാടകയ്ക്കു നല്‍കിയ മഹാവോയേജ് എന്ന കമ്പനിയില്‍നിന്ന് ഇലക്ട്രിക് ബസുകള്‍കൂടി വാടകയ്‌ക്കെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. കിലോമീറ്ററിന് 43.20 രൂപ നിരക്കില്‍ പത്ത് ഇലക്ട്രിക് ബസുകളാണ് വാടകയ്‌ക്കെടുക്കുന്നത്. 

ഇ-ടെന്‍ഡര്‍ വഴിയാണ് മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയുമായി കരാറിേലര്‍പ്പെട്ടത്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതുസംബന്ധിച്ചു ധാരണാപത്രം ഒപ്പിട്ടു.

എന്‍.സി.പി. നേതാവിന്റെ ബിനാമി കമ്പനിയാണ് മഹാവോയേജ് എന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. പത്ത് സ്‌കാനിയ ബസുകളാണ് നേരത്തേ ഇവരില്‍നിന്ന് എടുത്തിരുന്നത്. ഇതു നഷ്ടമാണെന്ന് തൊഴിലാളിനേതാക്കള്‍ ആരോപിച്ചപ്പോള്‍ ലാഭകരമാണെന്നുള്ള കണക്കുകള്‍ മാനേജ്മെന്റ് പുറത്തുവിട്ടിരുന്നു. 

സ്വന്തം ബസുകളുടെ അപകടനിരക്കും അറ്റകുറ്റപ്പണി ചെലവും കണക്കിലെടുക്കുമ്പോള്‍ വാടക ബസുകളാണ് ദീര്‍ഘദൂരപാതകളില്‍ ലാഭകരമെന്നു കണ്ടെത്തിയിരുന്നു.

കെ.എസ്.ആര്‍.ടി.സി. പരീക്ഷിച്ച ഗോള്‍ഡ് സ്റ്റോണ്‍ കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് വാടകയ്‌ക്കെടുത്തത്. ബി.വൈ.ഡി. എന്ന ചൈനീസ് കമ്പനിയുടെ സാങ്കേതികവിദ്യയിലാണ് ബസുകള്‍ നിര്‍മിച്ചിട്ടുള്ളത്. 15-ന് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കു ലഭിക്കും.

ഒരു കിലോമീറ്റര്‍ ഓടുന്നതിന് 0.8 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. നാലു മണിക്കൂര്‍കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജാകും. ബസുകള്‍ ചാര്‍ജ്ജുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്ററിന് ഡീസല്‍ എ.സി. ബസുകള്‍ക്ക് 31 രൂപ ചെലവു വരുമ്പോള്‍ വൈദ്യുതി ബസുകള്‍ക്ക് നാലു രൂപ മാത്രമാണ് വേണ്ടിവരുന്നത്.