മെട്രോ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാരുടെ താമസസ്ഥലങ്ങളിലേക്ക് സെമി-ലോ ഫ്‌ളോര്‍ മിനി ബസ് സര്‍വീസ് നടത്താന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് (ഡി.എം.ആര്‍.സി.) ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. 

ഭിന്നശേഷിയുള്ളവര്‍ക്ക് സഹായകമാവാന്‍ ബസുകളില്‍ ഹൈഡ്രോളിക് ലിഫ്റ്റുകള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോടുകൂടിയാണ് അനുമതി നല്‍കിയത്. സെമി-ലോ ഫ്‌ളോര്‍ ബസുകള്‍ ഭിന്നശേഷി സൗഹൃദമല്ലെന്ന് ഉന്നയിച്ചുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം.

യാത്രക്കാരെ താമസസ്ഥലങ്ങളിലേക്കെത്തിക്കാന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി ലോ ഫ്‌ളോര്‍ ബസുകള്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഡി.എം.ആര്‍.സി. ഗതാഗതവകുപ്പിനെ സമീപിച്ചിരുന്നു.

എന്നാല്‍, ഹൈക്കോടതിയുടെ 2007-ലെ ഉത്തരവുപ്രകാരം അത്തരം ബസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന മറുപടിയാണ് വകുപ്പ് നല്‍കിയതെന്ന് ഡി.എം.ആര്‍.സി. പറഞ്ഞു. 

നിലവിലുള്ള 174 ബസുകളില്‍ ലോ ഫ്‌ളോറാണ് 149 എണ്ണവും. സര്‍വീസ് മുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും റാമ്പുകളോ ലിഫ്റ്റുകളോ ബസില്‍ ഏര്‍പ്പെടുത്താമെന്നും കോടതിക്ക് ഉറപ്പുനല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

ലോ ഫ്‌ളോര്‍ മിനിബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച സമയത്ത് സി.എന്‍.ജി. മിനി ബസുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ലഭ്യമായിരുന്നില്ല. ഇലക്ട്രിക് ബസുകള്‍ വാങ്ങുമെന്നും എന്നാല്‍ അതിനു സമയമെടുക്കുമെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Delhi Metro Minibus Service