രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ഇലക്ട്രിക് മുച്ചക്ര വാഹനം മുന്‍ നിശ്ചയിച്ചതിനെക്കാള്‍ രണ്ടു വര്‍ഷം മുമ്പെ വിപണിയിലെത്തും. നേരത്തെ 2020-ഓടെ വിപണിയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും അടുത്ത വര്‍ഷം തന്നെ 'ഇലക്ട്രിക് ഓട്ടോറിക്ഷ' വിപണിയിലെത്തും. 

ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമായിരിക്കും വാഹനത്തിന്റെ വില പ്രഖ്യാപിക്കുക. എന്നാല്‍, ഇലക്ട്രിക് പതിപ്പിന്‌ പെട്രോള്‍ ഓട്ടോറിക്ഷയെക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് സൂചന. 

കൈനറ്റിക് മോട്ടോഴ്സ് ഈയിടെ 1.28 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിച്ചിരുന്നു. ഇരുചക്ര വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ ബജാജ് ഓട്ടോയ്ക്ക് പദ്ധതിയുണ്ട്. മുചക്ര ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ശേഷം 2020-ഓടെ ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.