നിരത്തിലോടുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിലും മേന്‍മയേറിയ ഹൈ എനര്‍ജി പെട്രോളിയം ഇന്ധനത്തിലാണ് ആകാശം കൈയ്യടക്കിയ ജെറ്റുകള്‍ പറക്കുന്നത്. ഇത്തരം ഏവിയേഷന്‍ ഇന്ധനങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവ് വളരെക്കൂടുതലും അളവ് പരിമിതവുമാണ്. എന്നാല്‍ യൂക്കാലി മരങ്ങളില്‍നിന്ന് ഏവിയേഷന്‍ ഇന്ധനം ഉല്‍പ്പാദിക്കാമെന്ന വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ കാര്‍സ്റ്റന്‍ കുല്‍ഹെമിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. 

ഓസ്‌ട്രേലിയയില്‍ വ്യാപകമായി കാണപ്പെടുന്ന യൂക്കാലി വര്‍ഗത്തില്‍പ്പെട്ട ഗം മരങ്ങളുടെ ഇലകളില്‍നിന്ന് ലഭിക്കുന്ന ഓയിലില്‍നിന്നാണ് ഇന്ധനം ഉല്‍പ്പാദിപ്പിക്കാമെന്ന് ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്. ഇലകളിലെ ഓയിലില്‍ അടങ്ങിയ മോണോടെര്‍പ്പീന്‍സ്‌ എന്ന ഘടകമാണ് ഹൈ എനര്‍ജി ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാകുന്നത്. കാര്‍ബണിന്റെ സാന്നിധ്യം വളരെ കുറവുള്ള ഇന്ധനമായിരിക്കും ഇതെന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

flight
കാര്‍സ്റ്റന്‍ കുല്‍ഹെമിം

നിലവില്‍ അന്തരീക്ഷ മലനീകരണത്തിന് ഇടയാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ രണ്ടുശതമാനത്തോളം പുറത്തുവിടുന്നത് ഏവിയേഷന്‍ ഇന്ധനമാണ്. ഓക്ക് റിഡ്ജ് നാഷ്ണല്‍ ലബോറട്ടറി, യൂണിവേഴ്‌സിറ്റി ഓഫ് ടെന്നിസീ, യൂണിവേഴ്‌സിറ്റി ഓഫ് ഫ്ളോറിഡ എന്നിവയുമായി ചേര്‍ന്നാണ് ഓസ്‌ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം പഠനം നടത്തിയത്.