വാഹനനിര്‍മാണക്കമ്പനിയായ അശോക് ലെയ്ലന്‍ഡ്, മലിനീകരണനിയന്ത്രണത്തിനുള്ള 'ഭാരത് സ്റ്റേജ്(ബി.എസ്.)-ആറ്' ശ്രേണിയിലെ ലോറിയും ബസും ചെന്നൈയില്‍ അവതരിപ്പിച്ചു. 

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ.ആര്‍.എ.ഐ.)യുടെ 'ബി.എസ്.-ആറ്' മാനദണ്ഡപ്രകാരം വലിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് അശോക് ലെയ്ലന്‍ഡ്.

'ബി.എസ്.-ആറ്' സര്‍ട്ടിഫിക്കേഷന്‍ നിലവില്‍വരുന്നതോടെ ഇപ്പോഴുള്ള 35 ശതമാനം വിപണിവിഹിതം ക്രമേണ 65 ശതമാനമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ചെയര്‍മാന്‍ ധീരജ് ജി. ഹിന്ദുജ അറിയിച്ചു. 

വാഹനവിപണിയില്‍ മാന്ദ്യമുണ്ടെങ്കിലും അതു പുതിയ ബി.എസ്. ശ്രേണിയിലെ വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ വാഹനങ്ങളാണ് അവതരിപ്പിച്ചത്. ലോറികളിലും ബസുകളിലും വാങ്ങുന്നയാളുടെ 'ബി.എസ്.-നാല്' വാഹനങ്ങള്‍ പുറന്തള്ളിയിരുന്ന വാതകങ്ങളുടെ അളവില്‍ 50 മുതല്‍ 90 വരെ ശതമാനം കുറവ് പുതിയ വാഹനങ്ങളില്‍ ഉണ്ടാകുമെന്ന് ചീഫ് ടെക്നോളജി ഓഫീസറായ എന്‍. ശരവണന്‍ പറഞ്ഞു.

Content Highlights: Ashok Leyland Introduce BS6 Commercial Vehicles