ഇന്ത്യന്‍ വാണിജ്യവാഹന നിര്‍മാതാക്കളില്‍ അതികായരായ അശോക് ലെയ്‌ലാന്‍ഡിന്റെ ബസുകള്‍ വിദേശ നിരത്തിലും സാന്നിധ്യമുറപ്പിക്കുന്നു. അയല്‍ രാജ്യമായ ബംഗ്ലാദേശിന്റെ പൊതുഗതാഗത വകുപ്പാണ് ലെയ്‌ലാന്‍ഡിന്റെ 200 ബസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശിലെ സിറ്റി സര്‍വീസുകള്‍ക്കും ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്കുമായാണ് ബംഗ്ലാദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് 200 എസി ബസുകള്‍ ലെയ്‌ലാന്‍ഡ് നിര്‍മിച്ച് നല്‍കുന്നത്. ഈ ബസുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച ശേഷം കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
ലെയ്‌ലാന്‍ഡ് വാഹനങ്ങളുടെ വിശ്വാസ്യത വിദേശ രാജ്യങ്ങളിലും എത്തിയതിന്റെ തെളിവാണ് ബംഗ്ലാദേശ് 200 ബസുകള്‍ ആവശ്യപ്പെട്ടത്. ഇവരുമായുള്ള വ്യാപാര ബന്ധം തുടരും. ഇപ്പോള്‍ നിര്‍മിക്കുന്ന ബസുകള്‍ക്ക് പുറമെ ബംഗ്ലാദേശിനായി ഡബിള്‍ ഡെക്കര്‍ ബസുകളും നിര്‍മിക്കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
ബംഗ്ലാദേശില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ലെയ്‌ലാന്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍, ഇത് പൂര്‍ത്തിയാകാന്‍ 15 മാസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ വാഹന നിര്‍മാതാക്കളായ ഐഎഫ്എഡി ഓട്ടോസുമായി ചേര്‍ന്നാണ് ബംഗ്ലാദേശില്‍ ലെയ്‌ലാന്‍ഡ് വാഹനം നിര്‍മിക്കുക.