PHOTOS

ജര്‍മനില്‍ ബേയറീഷ് മോട്ടൊറന്‍ വെര്‍ക്കെ എന്നും ബവേറിയന്‍ മോട്ടോര്‍ വര്‍ക്‌സെന്ന് ഇംഗ്ലീഷിലും ബിഎംഡബ്ലിയു എന്ന് ബാക്കി ഭാഷകൡും വിളിക്കുന്ന കമ്പനി ഈ മാര്‍ച്ച് 7-ന് ജന്മശതാബ്ദി ആഘോഷിച്ചു.  പക്ഷേ, 2016-ല്‍ നൂറാം പിറന്നാള്‍ ആഘോഷിച്ച ബിഎംഡബ്ലിയു 1916 മാര്‍ച്ച് ഏഴിനല്ല മേല്‍പ്പറഞ്ഞ പേരുകളൊന്നുമായി പിറന്നത്.

റാപ്പ് മോട്ടൊറന്‍വെര്‍ക്കെ എന്ന പേരില്‍ വിമാനനിര്‍മാണവുമായിട്ടായിരുന്നു 1917ല്‍ ആദ്യ അവതാരം. ഒരു എയ്‌റോ എഞ്ചിന്‍ നിര്‍മിച്ചു. പക്ഷേ 1918-ല്‍ ഒന്നാം ലോകയുദ്ധാന്തരം യുദ്ധവിരമക്കരാര്‍ അനുസരിച്ച് റാപ്പിന് വിമാനനിര്‍മാണം അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ ട്രക്കുകള്‍ക്കും ബോട്ടുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കുമുള്ള എഞ്ചിനുകള്‍ നിര്‍മിക്കലായി പണി. ഇടപാടുകാരില്‍ പ്രമുഖര്‍ ബെയറീഷ് ഫ്‌ളഗ്‌സ്യൂഗ്‌വെര്‍ക്കെ എജി ആയിരുന്നു. അവര്‍ 1922-ല്‍ കമ്പനി മൊത്തമായി ഏറ്റെടുത്തു. അങ്ങനെയാണ് ബിഎംഡബ്ലിയു ജനിച്ചത്. ഫ്‌ളഗ്‌സ്യൂഗ്‌വെര്‍ക്കെയുടെ ജന്മദിനമാണ് 1916 മാര്‍ച്ച് ഏഴ്. ബിമ്മറിനും  അങ്ങനെ മാര്‍ച്ച് 7 ജന്മദിനമായി, ശതാബ്ദിയുമായി.

1923-ല്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തിലൂടെയായിരുന്നു അവരുടെ ഓട്ടൊമൊബൈല്‍ അരങ്ങേറ്റം. ആര്‍ 32 ആയിരുന്നു ആദ്യ ബൈക്ക്. പറഞ്ഞാല്‍ വിശ്വസിക്കില്ല, ബീമറിനും മുമ്പെ മോട്ടോര്‍സൈക്കിള്‍ നിര്‍മാണം തുടങ്ങിയ ബ്രിട്ടനിലെ ട്രയംഫും അമേരിക്കയിലെ ഹാര്‍ലിയുമെല്ലാം സൈക്കിളില്‍ മോട്ടോര്‍ പിടിപ്പിച്ചത് പോലെ  ബൈക്കുകളുണ്ടാക്കിയ കാലത്ത് ബിഎംഡബ്ലിയു ഇറക്കിയ ആര്‍ 32 കണ്ടാല്‍ ഇന്നിറങ്ങുന്ന എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ രൂപഭംഗിയുണ്ടായിരുന്നു. അതൊരു ക്ലാസ്സിക് ആയിരുന്നു. മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തില്‍ മിടുക്ക് തെളിയിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞ് അവര്‍ കാര്‍ നിര്‍മാണത്തിലേക്കും പ്രവേശിച്ചു. 

കമ്പനി തന്നെ ഡിസൈന്‍ ചെയ്ത് എഞ്ചിന്‍ നിര്‍മിച്ചതായിരുന്നില്ല ആദ്യകാര്‍, ഇംഗ്ലിലെ ഓസ്റ്റിന്‍ മോട്ടോര്‍ കമ്പനിയില്‍ നിന്ന് അവരുടെ ഓസ്റ്റിന്‍ സെവന്റെ ലൈസന്‍സ് എടുത്ത് ഡിക്‌സി എന്ന പേരില്‍ നിര്‍മിച്ചതായിരുന്നു അത്. പിന്നെയും മൂന്ന് പതിറ്റാണ്ടിന് ശേഷം മറ്റൊരു ബ്രിട്ടീഷ് മോട്ടോര്‍ കമ്പനിയുടെ ഓക്‌സ്‌ഫോഡ് എന്ന മോഡല്‍ വിലയ്‌ക്കെടുത്ത് അതിന്റെ ബോണറ്റില്‍ ആദ്യം ഹിന്ദുസ്ഥാന്‍ എന്നും പില്‍ക്കാലത്ത് അംബാസഡര്‍ എന്നും എഴുതി ഒട്ടിച്ച് ഇവിടെ കാര്‍ നിമിച്ചത് പോലെത്തന്നെ.  പക്ഷേ, നമ്മളെപ്പോലെ 1955 മോഡല്‍ കാറിന്റെ ഗ്രില്ലും സ്റ്റിയറിങ്ങിന്റെ ഷേപ്പും മാറ്റിമാറ്റി ആറ് പതിറ്റാണ്ട് മരിക്കാതെ പിടിച്ചുനില്‍ക്കലായിരുന്നില്ല അവരുടെ ലക്ഷ്യം എന്നുമാത്രം.

തികച്ചും ബി.എം.ഡബ്ലിയു. എന്ന് വിളിക്കാവുന്ന ആദ്യകാര്‍ അഞ്ച് വര്‍ഷത്തിനിടയില്‍ പുറത്തിറങ്ങി - ബിഎംഡബ്ലിയു 303. അതിവേഗം ആക്‌സിലറേറ്റ് ചെയ്യും, അനായസമായി വേഗം കുറക്കാം, കാട്ടുപൂച്ചയുടെ ചുറുചുറുക്കോടെ വളവുകളും തിരിവുകളും ഓടിക്കടക്കും. 303 അക്കാലത്തെ രസികന്‍ കാറുകളിലൊന്നായിരുന്നു. വണ്ടിക്ക് ഘനമുണ്ടെങ്കിലേ റോഡില്‍ സ്ഥിരതയുണ്ടാകൂ എന്ന് കാര്‍നിര്‍മാതാക്കളെല്ലാം കരുതിയിരുന്ന കാലത്ത് ഭാരം കുറക്കാന്‍ ബി.എം.ഡബ്ലിയു. ട്യൂബുലര്‍ ഫ്രേമുകളിലാണ് കാര്‍ നിര്‍മിച്ചത്. ബിഎംഡബ്ലിയു എന്നു പറയുമ്പോള്‍ മനസ്സിലെത്തുന്ന മറിച്ചിട്ട രണ്ട് കിഡ്‌നികളുടെ രൂപത്തിലുള്ള റേഡിയേറ്റര്‍ ഗ്രില്ലുകളുടെ ആരംഭവും ഈ കാറിലാണ്. മിഡ്‌സെഗ്മന്റില്‍ എതിരാളികളേക്കാളും വളരെ കേമന്‍ കാറായിരുന്നു 303. രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും കിടിലന്‍ കാറുകള്‍ പുറത്തുവന്നു - 326-ഉം പിന്നെ 328-ഉം. രൂപത്തിലും ഭാവത്തിലും മുന്‍ഗാമിയേക്കാള്‍ കേമന്മാരായിരുന്നു രണ്ടും. 

പക്ഷേ, അപ്പോഴേക്കും ഹിറ്റ്‌ലറും നാസികളും ജര്‍മനിയില്‍ ശക്തരായിക്കഴിഞ്ഞിരുന്നു, ഒന്നാം ലോകയുദ്ധം കഴിഞ്ഞുണ്ടായ യുദ്ധവിരമ കരാറിലെ വ്യവസ്ഥകളും ജനം മറന്നു. സ്വാഭാവികമായും കമ്പനി കാറും മോട്ടോര്‍ബൈക്കുമെല്ലാം പെന്‍ഡിങ്ങില്‍ വെച്ച് അവരുടെ ആദ്യജോലിയിലേക്ക് വീണ്ടും മടങ്ങി - യുദ്ധവിമാനങ്ങള്‍ക്കും മറ്റും വേണ്ട എഞ്ചിന്‍ നിര്‍മാണം. പിറന്ന കാലത്ത് നിര്‍മിച്ച എഞ്ചിന്‍ പിടിപ്പിച്ച വിമാനം ഒമ്പത് കിലോമീറ്ററിലേറെ ഉയരത്തില്‍  പറന്ന് റിക്കോഡ് സൃഷ്ടിച്ച കൂട്ടരാണ്, അവര്‍ കാറും ബൈക്കും ഉപേക്ഷിച്ചതില്‍ അത്ഭുതമൊന്നുമില്ല. 

ബിഎംഡബ്ലിയു 132, 801 എന്നീ എയര്‍കൂള്‍ഡ് റേഡിയല്‍ എഞ്ചിനുകള്‍ വലിയ വിജയമായിരുന്നു. രണ്ടാം ലോകയുദ്ധകാലത്തെ ജര്‍മന്‍ ചെറുയുദ്ധവിമാനമായ സ്പാറ്റ്‌സിന് കരുത്ത് പകര്‍ന്നത് ബിഎംഡബ്ലിയു 003 എഞ്ചിന്‍ ആയിരുന്നു. കൂടുതല്‍ കരുത്തുള്ള രണ്ടുമൂന്ന് മോഡലുകള്‍ കൂടി വികസിപ്പിച്ചെങ്കിലും പരീക്ഷണപ്പറക്കലില്‍ അവ പരാജയപ്പെട്ടു.  എന്തായാലും ഈ ജോലിക്കൊന്നും കമ്പനി അധികം കൂലികൊടുത്ത് ബുദ്ധിമുട്ടിയില്ല എന്നതാണ് ഒരാശ്വാസം. ഹിറ്റ്‌ലര്‍, അനാര്യന്മാരായതിനാല്‍ ഗ്യാസടിച്ച് കൊല്ലാന്‍ വേണ്ടി കോണ്‍സന്‍ട്രേഷന്‍ കാമ്പുകളിലടച്ച പതിനായിരക്കണക്കായ യഹൂദരുടെയും അയല്‍നാടുകളുമായി നടത്തിയ യുദ്ധങ്ങള്‍ക്കിടയില്‍ കിട്ടിയ യുദ്ധത്തടവുകാരുടെയുമെല്ലാം സൗജന്യസേവനം ഫാക്ടറികളുടെ പ്രവര്‍ത്തനം ഉഷാറാക്കി.

പക്ഷേ, പില്‍ക്കാലത്ത്, 1980-കളില്‍ ബി.എം.ഡബ്ലിയു. ഒരു ആഗോള ലക്ഷ്വറി കാറാണെന്ന് ജനം സമ്മതിക്കാന്‍ തുടങ്ങിയ കാലത്ത് കമ്പനി അവരുടെ പാപം ഏറ്റുപറഞ്ഞു. ബി.എം.ഡബ്ലിയു.-ഐന ഡൊയ്ച്ച് ഗഷിക്റ്റ (BMW Eine duetsche Geschichte -  ബിഎംഡബ്ലിയു ഒരു ജര്‍മന്‍ കഥ) എന്ന പുസ്തകത്തില്‍ അവരുടെ ചരിത്രത്തിലെ മായാത്ത കളങ്കങ്ങളെ പറ്റി കമ്പനി തന്നെ കുമ്പസാരിച്ചു. നാസികളുടെ കാലത്ത് അവരെ പോലെ മനുഷ്യാവകാശധ്വംസനത്തിലൂടെ ലാഭം കൊയ്ത മറ്റ് ജര്‍മന്‍ കമ്പനികള്‍ക്കും ഇതൊരു പ്രചോദനമായി. ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍, തങ്ങള്‍ ചൂഷണം ചെയ്തവരുടെ പിന്‍ഗാമികള്‍ക്കെങ്കിലും നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ സ്ഥാപിച്ച 'സ്മരണ, കര്‍ത്തവ്യം, ഭാവി' (Remembrance, Responsibility, Future) എന്ന ഫൗണ്ടേഷന്റെ സ്ഥാപകാംഗങ്ങളില്‍ ഒന്നാണ് ബി.എം.ഡബ്ലിയു.

ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ ജര്‍മനിയുടെ സ്ഥിതി തന്നെയായിരുന്നു ബി.എം.ഡബ്ലിയു.വിനും. കമ്പനിയുടെ പല പ്ലാന്റുകളും സോവിയറ്റ് അധിനിവേശ പ്രദേശത്തായിരുന്നു. ജര്‍മന്‍ യുദ്ധവ്യവസായവുമായി ബന്ധപ്പെട്ട പല നിര്‍മാണശാലകളും സഖ്യകക്ഷികള്‍ അഴിച്ച് പീസ് പീസാക്കിക്കഴിഞ്ഞിരുന്നു. കാറുകളും ബൈക്കുകളുമെല്ലാം വീണ്ടും തുടക്കത്തില്‍നിന്ന് തന്നെ നിര്‍മിക്കേണ്ട ഗതികേട് വേറെയും.  1948-ലാണ് ബീമറിന്റെ മറ്റൊരു ബൈക്ക് ആര്‍ 24, വീണ്ടും വിപണിയിലെത്തുന്നത്. പിന്നെ ഓട്ടോറിക്ഷ തിരിച്ചട്ടത് പോലുള്ള ഒരു 2 സീറ്റ് ഐസറ്റോ കാര്‍. ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാവായ ഐസോയില്‍ നിന്ന് ലൈസന്‍സിന് നിര്‍മിച്ചത്. 1953-ല്‍ 501 എന്ന കാറും. പക്ഷേ ബള്‍ബിനെ പോലെ പലയിടങ്ങളും ഉരുണ്ട ആ സലൂണ്‍ കാറിന് വിപണിയില്‍ ചലനങ്ങളൊന്നും ഉണ്ടാക്കാനായില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഒരു പതിറ്റാണ്ട് തികയുംമുമ്പ് കമ്പനി പാപ്പരാവുന്നതിന്റെ വക്കത്തെത്തി. അങ്ങനെ, 1959-ല്‍ ബിഎംഡബ്ലിയുവിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗമടുത്തപ്പോഴേക്കും കമ്പനിയും ഉള്ള ആസ്തികളെല്ലാം ഡയംലര്‍-ബെന്‍സിന് വില്‍ക്കാമെന്ന തീരുമാനത്തിലേക്ക് ഡയരക്ടര്‍ ബോര്‍ഡ് എത്തി. ഹോണ്ട സ്വന്തം ആസ്തികളെല്ലാം ടൊയോട്ടക്ക് വില്‍ക്കാന്‍ തീരുമാനിക്കുന്നത് പോലൊരു പണി. (അന്നത് നടന്നിരുന്നെങ്കില്‍ ഇന്ന് ബെന്‍സിന്റെ ആക്‌സിലോ, ഷാസിയോ എന്തെങ്കിലും ഉണ്ടാക്കി ഉപജീവനം നടത്തുന്ന സബ്‌സിഡിയറി ആയി മാറുമായിരുന്നു ബിഎംഡബ്ലിയു).

ബിഎംഡബ്ലിയു ജനിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പെ വന്‍വ്യവസായശാലകള്‍ ആരംഭിച്ച ക്വാണ്‍റ്റ് കുടുംബത്തിലെ ഇളംമുറക്കാരനായ ഹെര്‍ബര്‍ട്ട് ക്വാണ്‍റ്റാണ് ആ ഗതികേടില്‍ നിന്ന് രക്ഷിച്ചത്. ജന്മനാ ഒരു കാര്‍ പ്രേമിയായ അദ്ദേഹം ബിഎംഡബ്ലിയുവിന്റെ 40 ശതമാനം ഓഹരികള്‍ വാങ്ങി അതിനെ ഒരു സ്വതന്ത്ര കമ്പനിയായിത്തന്നെ നിലനിര്‍ത്തി. കമ്പനിയുടെ ജീവചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു ആ വരവ്.

bmw 2

 ബെന്‍സിനോട് മത്സരിക്കാന്‍ പറ്റുന്ന കാര്‍ ഉണ്ടാക്കാനാണ് ക്വാണ്‍റ്റ് ആദ്യം തന്നെ തന്റെ എഞ്ചിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഭാഗ്യത്തിന്, ആ സമയത്ത് ബിമ്മറിന്റെ ചീഫ് എഞ്ചിനിയറും സംഘവും ഏതാണ്ട് അതുപോലൊരു മോഡല്‍ രൂപകല്‍പ്പന പൂര്‍ത്തിയാക്കി വെച്ചിരുന്നു. ആ മോഡലാണ് 1961-ല്‍ ബിഎംഡബ്ലിയു 1500 ആയി രംഗത്തെത്തിയത്. നാട്ടിലുള്ള മറ്റ് സെഡാനുകളേക്കാള്‍ രൂപഭംഗിയും സാങ്കേതികമികവും 1500-ന് ഉണ്ടായിരുന്നു. 1963-ല്‍ അതിന്റെ പിന്‍ഗാമിയായി 1600-ഉം 1800-ഉം എത്തി. പിന്നെയും പുതിയ മോഡലായ 2002, 1968-ല്‍ വന്നു. 1963-ല്‍, വര്‍ഷങ്ങളിലാദ്യമായി ഓഹരി ഉടമകള്‍ക്ക് ചെറിയ തോതിലെങ്കിലും കമ്പനി ഡിവിഡന്റ് നല്‍കി. ക്വാണ്‍റ്റും മാര്‍ക്കറ്റിങ്ങ് മേധാവി പോള്‍ ഹാനിമാനും കൂടി കമ്പനിയെ വീണ്ടും പാളത്തില്‍ കയറ്റിയെന്ന് ചുരുക്കം.

ബാല്യത്തില്‍ തന്നെ ബാധിച്ച നേത്രവൈകല്യങ്ങള്‍ മൂലം ക്വാണ്‍റ്റ് ഇക്കാലത്ത് പതുക്കെ അന്ധനായി മാറുകയായിരുന്നു. അദ്ദേഹം അമരത്തിരുന്ന അന്ത്യവര്‍ഷങ്ങളില്‍ പൂര്‍ണമായും അന്ധനായി. പുതിയ കാറിന്റെ കളിമണ്‍ മോഡലുകളില്‍ സ്പര്‍ശിച്ചുനോക്കിയായിരുന്നു അദ്ദേഹം വാഹനത്തപറ്റി മനസ്സിലാക്കിയത്. രേഖാമൂലമുള്ള വിവരങ്ങള്‍ ഭാര്യ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കും. താന്‍ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് 1959 സെപ്തംബറിലെ ഫ്രാങ്ഫര്‍ട്ട് ഓട്ടോ ഷോയില്‍ വെച്ച് ക്വാണ്‍റ്റ് പ്രഖ്യാപിച്ചു. തന്റെ പിന്‍ഗാമിയായ ചീഫ് എക്‌സിക്യുട്ടീവിന്റെ പേരും:  ക്വാണ്‍റ്റ് വ്യവസായസാമ്രാജ്യത്തിലെ ഒരു മെഷിന്‍ ടൂള്‍ കമ്പനിയില്‍ എഞ്ചിനിയറായിരുന്ന 41-കാരന്‍ എബര്‍ഹാര്‍ഡ് വൊണ്‍ ക്യുയെന്‍ഹെയിം.

ഒരു അന്യനെ അമരത്തിരുന്നതിനെതിരെ കമ്പനിക്കുള്ളില്‍ പലര്‍ക്കും അമര്‍ഷമുണ്ടായിരുന്നു. കാര്‍ നിര്‍മാണവുമായി പുലബന്ധമില്ലാത്ത ഒരാളെ ഈ സ്ഥാനത്തിരുത്തിയത് ഓട്ടോവ്യവസായത്തിലും പൊതുവെ അത്ഭുതമാണ് സൃഷ്ടിച്ചത്.  ഇങ്ങനെ പ്രതികൂല അന്തരീക്ഷത്തില്‍ അധികാരമേറ്റ ക്യുയെന്‍ഹെയിമിന് വേറെയും പല കടമ്പകളും കടക്കാനുണ്ടായിരുന്നു. ബിഎംഡബ്ലിയു കാറുകളുടെ ഗുണമേന്മ ശരാശരി മാത്രം. പല കാര്യങ്ങളിലും ആഗോള ലക്ഷ്വറി കാറിന്റെ പദവിയിലിരിക്കുന്ന ബെന്‍സിന്റെ മോഡലുകളേക്കാള്‍ ഒരു തലമുറ പിന്നിലും. എന്തൊക്കെ മേനി പറഞ്ഞാലും അവര്‍ അന്നും ഒരു യൂറോപ്യന്‍ കാര്‍ പോയിട്ട് ജര്‍മന്‍ കാര്‍ എന്ന ഖ്യാതി പോലും നേടിയിട്ടില്ല. അന്നും ബിഎംഡബ്ലിയു വെറുമൊരു ബവേറിയന്‍ കാര്‍ മാത്രമായിരുന്നു. വെറുമൊരു പ്രവിശ്യയുടെ ബ്രാന്‍ഡ്.

 ഗംഭീരമായ സാങ്കേതിക ഉള്ളടക്കമുണ്ട്, ഏറ്റവും നല്ല എഞ്ചിനും ഷാസ്സിയുമുണ്ട്, പക്ഷേ ഇതെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കാന്‍ ശേഷിയുള്ള മാര്‍ക്കറ്റിങ്ങ് വിഭാഗമില്ല. അന്നും അവരുടെ മാര്‍ക്കറ്റ് ജര്‍മനി മാത്രമായിരുന്നു. യൂറോപ്പിലെ പല നഗരങ്ങളിലും ബിഎംഡബ്ലിയു കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന സ്വതന്ത്ര ഡീലര്‍മാരുണ്ടായിരുന്നു, അവരാണെങ്കില്‍ വിലയുടെ 40 ശതമാനം വരെ കമ്മീഷനെടുത്ത് അട്ടയെപ്പോലെ കമ്പനിയുടെ ലാഭം ഊറ്റിക്കുടിക്കുന്ന യൂസ്‌ലെസ്സുകള്‍. ഇങ്ങനെ ചൂഷണം അനുവദിക്കുന്നതിന് പ്രത്യുപകാരമായി അവര്‍ മാര്‍ക്കറ്റിങ്ങ് മേധാവികള്‍ക്ക് 'നെല്ലായും പണമായും'  ഉദാരമായ കപ്പങ്ങളും നല്‍കി. 

തന്നെ ക്വാണ്‍റ്റ് നിയമിച്ചതുപോലെ അധികാരശ്രേണിയും സീനിയോറിറ്റിയുമൊന്നും നോക്കാതെ ക്യുയെന്‍ഹെയിമും നിര്‍ണായ പദവികളിലേക്ക് പല യുവാക്കളെയും അന്യന്മാരെയും കൊണ്ടുവന്നു. അതിലൊരാളായിരുന്നു മാര്‍ക്കറ്റിങ്ങ് മേധാവിയായി ഓപ്പലില്‍ നിന്നും വന്ന ബോബ് ലറ്റ്‌സ്. ലറ്റ്‌സ് യൂറോപ്പിലുള്ള ബിഎംഡബ്ലിയു ഇറക്കുമതി ഡീലര്‍മാരെ മുഴുവന്‍ ഒഴിവാക്കി, കമ്പനിയുടെ ഔദ്യോഗിക ഡീലര്‍മാരെ നിയമിച്ചു. ബിഎംഡബ്ലിയുവിന് അന്ന് അപ്രാപ്യമായിരുന്ന അമേരിക്കയില്‍ തങ്ങളുടെ കാറുകളെ ജനശ്രദ്ധയിലെത്തിച്ചു (അക്കാലത്ത് പല അമേരിക്കക്കാരും വിചാരിച്ചത് ബിഎംഡബ്ലിയു ബ്രിട്ടീഷ് മോട്ടോര്‍ വര്‍ക്ക്‌സ് ആണെന്നായിരുന്നു). 

രണ്ട് വമ്പന്‍ യു.എസ് കമ്പനികള്‍ കാഡില്ലാക്, ലിങ്കണ്‍ ബ്രാന്‍ഡുകളില്‍ ലക്ഷ്വറി കാറുകള്‍ ഇറക്കിയിരുന്നെങ്കിലും അമേരിക്കയിലെ ഭൂരിപക്ഷം പഴയ പണക്കാരും അന്നും ഉപയോഗിച്ചത് മെഴ്‌സിഡീസുകള്‍ തന്നെയായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന് ചിന്തിക്കുകയും ഫയലുകള്‍ നോക്കുകയും ചെയ്യുന്ന കിഴവന്മാരായ ക്ലയന്റുകള്‍ക്ക് പകരം അധ്വാനിച്ച് പണമുണ്ടാക്കിയ, ഡ്രൈവിങ്ങ് ആസ്വദിക്കുന്ന യുവതലമുറയെയാണ് ബി.എം.ഡബ്ലിയു. ലക്ഷ്യമിട്ടത്. അതിനുള്ളിലെ ശേഷി മുഴുവന്‍ പ്രകടിപ്പിക്കും വിധം ഡിസൈന്‍ ചെയ്ത ബിഎംഡബ്ലിയു കാറുകളുടെ മനോഹരമായ ചിത്രങ്ങള്‍ക്ക് കീഴില്‍, 'ദ അള്‍ട്ടിമേറ്റ് ഡ്രൈവിങ്ങ് മെഷീന്‍' എന്ന താലവാചകവുമായി 1970-കളിലെ അമേരിക്കന്‍ മാഗസിനുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങള്‍ വേണ്ട ഫലം ചെയ്തു. വണ്ടി അതിന്റെ പ്രകടനവും പ്രായോഗികതയും ആകര്‍ഷണീയതയും  കൊണ്ട് നമ്മെ ആഹ്ലാദിപ്പിക്കും എന്ന് പെട്ടന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു അമിറാറ്റി & പ്യുരിസ് എന്ന അഡ് ഏജന്‍സി തയ്യാറാക്കിയ ആ പരസ്യം.  ഇതേ കലത്ത് ബിഎംഡബ്ലിയു സ്വന്തം ആസ്ഥാനം ബവേറിയയുടെ തലസ്ഥാനമായ മ്യൂണിക്കിന് സമീപത്തേക്ക് മാറ്റി. 'ഫോര്‍ സിലിണ്ടര്‍' എന്നറിയപ്പെടുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സും ബിഎംഡബ്ലിയു മ്യൂസിയവും അടങ്ങുന്നതായിരുന്നു അത്.

ആരംഭം മുതലെ ക്യുയെന്‍ഹെയിം ബിഎംഡബ്ലിയുവിനെ എഞ്ചിനിയര്‍ കേന്ദ്രീകൃതമായ ഒരു കമ്പനിയായിട്ടാണ് നിലനിര്‍ത്തിയത്. മാര്‍ക്കറ്റിങ്ങ്, സേല്‍സ് വിഭാഗങ്ങളിലെ ഒരാള്‍ക്കും അദ്ദേഹം വര്‍ഷങ്ങളോളം മാനേജ്‌മെന്റ് ബോര്‍ഡില്‍ ഒരു സീറ്റ് പോലും നല്‍കിയില്ല. തങ്ങളില്‍ നിന്ന് ഏറ്റവും അധ്വാനം ആവശ്യപ്പെടുന്ന മനുഷ്യനായിരുന്നു ക്യുയെന്‍ഹെയിമെന്ന് അദ്ദേഹത്തിന്റെ സഹായികളിലൊരാള്‍ പിന്നീട് പറഞ്ഞു. 'ഡയംലറിന് കൂടുതല്‍ ആളുണ്ട്, കൂടുതല്‍ പണവുമുണ്ട്. അതേപോലെ നമുക്ക് ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ 'ബുദ്ധിപൂര്‍വമായ ഒരു പരിഹാരം നീ കണ്ടുപിടിക്കൂ, അതേ പോലെ ആളും പണവും ഞാന്‍ തരും' എന്നായിരിക്കും അദ്ദേഹത്തിന്റെ ഉടനടിയുള്ള മറുപടി.'

ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരന്‍ ആകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മെഴ്‌സിഡീസ് പോലെ മികച്ചതാകണം ബിഎംഡബ്ലിയു, അവരുടെ അത്രയും വിഭവങ്ങളില്ലാതെ. ഡയംലര്‍-ബെന്‍സിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, വിദഗ്ധരടങ്ങുന്ന ഗവേഷണ, വികസന വിഭാഗമുണ്ട്, വര്‍ഷവും ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിര്‍മിക്കാന്‍ സ്ഥാപിതശേഷിയുള്ള ഫാക്ടറികളുണ്ട്, ഇതിനെല്ലാം പുറമെ ലാവിഷ് ആയി പണവും. ബിഎംഡബ്ലിയുവിന് ഇല്ലാത്തതാണ് എല്ലാം. സ്വന്തം കമ്പനി വളരെ 'ഫ്‌ളൈക്‌സിബിള്‍' ആക്കുക മാത്രമാണ് ഇതിന് പരിഹാരം എന്ന്  ക്യുയെന്‍ഹെയിം തിരിച്ചറിഞ്ഞു. 

കാര്‍ വാങ്ങുന്നവര്‍ക്ക് തങ്ങള്‍ വാങ്ങുന്ന വാഹനം കുറഞ്ഞ സമയം കൊണ്ട് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുക എന്നതായിരുന്നു 'ഫ്‌ളൈക്‌സിബിള്‍' ആകുന്നതിന്റെ ഒരുദാഹരണം. വാഹന ബോഡിയുടെ നിറം മാത്രമല്ല, ഉള്ളില്‍ സീറ്റിനുപയോഗിക്കുന്ന ലതറും ഫാബ്രിക്കുകളും, ഇന്റീരിയര്‍ പാനലുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം നിങ്ങള്‍ക്ക് നിശ്ചയിക്കാം, ദിവസങ്ങള്‍ക്കുള്ളില്‍ ആ വണ്ടി കൈയില്‍ കിട്ടും. ബെന്‍സിന്റെ ഡീലറോടാണ് ഇതൊക്കെ പറഞ്ഞതെങ്കില്‍ കാര്യം നടക്കാന്‍ മാസങ്ങളെടുക്കും.  പുതുപുതുമോഡലുകളിറക്കുക എന്നതായിരുന്നു മറ്റൊരു തന്ത്രം. ആഡംബരകാര്‍ നിര്‍മാതാക്കളെല്ലാം ബ്രീഫ് കേസും കൈയില്‍ തൂക്കി അല്ലെങ്കില്‍ ഡിക്കിയില്‍ ഒന്നോ രണ്ടോ സൂട്‌കേസുകള്‍ അടുക്കിവെച്ച് ആഡംബരഭവനത്തില്‍ നിന്ന് ആഡംബരജോലിസ്ഥലത്തേക്കോ വലിയ സ്റ്റാര്‍ഹോട്ടലുകളിലേക്കോ പോകുന്ന ഉപഭോക്താക്കളെയാണ് മനസ്സില്‍ കണ്ടത്. പക്ഷേ പിന്‍സീറ്റ് മടക്കിവെച്ചാല്‍ കിട്ടുന്ന സ്ഥലത്ത് സൈക്കിളോ ക്യാമ്പിങ്ങ് ഉപകരണങ്ങളുമൊക്കെ മടക്കിവെച്ച് തങ്ങളുടെ വണ്ടിയെ ഒരു എസ്.യു.വി. ആയി ഉപയോഗിക്കുന്ന ഉപഭോക്താക്കളെയും ബിഎംഡബ്ലിയു മുന്നില്‍ കണ്ടു. ആഡംബരവാഹന നിര്‍മാതാക്കളില്‍ ആദ്യമായി എസ്.യു.വി.കള്‍ അവതരിപ്പിച്ചത് ബിമ്മറാണ്.

തങ്ങളുടെ വണ്ടികള്‍ക്ക് വേണ്ട ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സപ്ലൈചെയിനിലെ ഇടപാടുകരോട് മാന്യമായി പെരുമാറി അവരുടെ വിശ്വസ്ഥത നേടിയെടുക്കലായിരുന്നു അദ്ദേഹം ചെയ്ത മറ്റൊരു വിശേഷം. വാഹനത്തില്‍ ഉപയോഗിക്കുന്ന സ്‌ക്രൂകള്‍ പോലുള്ള വാഹനഭാഗങ്ങള്‍ തൊട്ട് എയര്‍ബാഗുകളും ലൈറ്റുകളും ഇലേ്രക്ടാണിക് ഘടകങ്ങളും വരെ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയാണ് എല്ലാവരും കാറുകള്‍ ഉണ്ടാക്കുന്നത്. വ്യവസായത്തിലെ അന്നത്തെ രീതി നാട്ടിലെ കേമപ്പെട്ടവരില്‍ നിന്ന് ഇതെല്ലാം കുറേ വാങ്ങിയ ശേഷം അതിലും കുറഞ്ഞ വിലക്ക് ഇതേ പോലെ നിര്‍മിക്കാന്‍ ലോക്കല്‍ കമ്പനികള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുക എന്നതായിരുന്നു. ക്യുയെന്‍ഹെയിം ഇത് ഒരിക്കലും ചെയ്തില്ല. ഇത് മൂലം ഘടകങ്ങള്‍ സപ്ലൈ ചെയ്യുന്നവരും  ബിഎംഡബ്ലിയുവിനെ പോലെ ഉത്പന്ന നവീകരണത്തിലും ഗവേഷണത്തിലും ശ്രദ്ധ നല്‍കി.

മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ സ്വന്തം കഴിവുകളില്‍ സ്വയംതൃപ്തരായ ബെന്‍സ് ബിഎംഡബ്ലിയുവിനെ കാര്യമായി ഗൗനിച്ചില്ല എന്നതാണ് ഇതില്‍ നിര്‍ണായകമായ ഒരു കാര്യം. വര്‍ഷങ്ങളായി ലോകത്തിന്റെ റോഡുകളിലൂടെ ഓടി കഴിവ് തെളിയിച്ച മോഡലുകള്‍ തന്നെ അവര്‍ തുടര്‍ന്നും നിര്‍മിച്ചുകൊണ്ടേയിരുന്നു. 1980-കളില്‍ ക്യുയെന്‍ഹെയിമിന്റെ ആഗ്രഹം സഫലമാകാന്‍ തുടങ്ങി. കാറിനുള്ളില്‍ കൂടുതല്‍ ഇലക്ട്രോണിക് നിയന്ത്രണസംവിധാനങ്ങള്‍ 1978-ല്‍ ബിഎംഡബ്ലിയു അവതരിപ്പിച്ചു. ബെന്‍സ് അത് ചെയ്യുന്നതിനും എട്ട് വര്‍ഷം മുമ്പെ. 1986-ല്‍ ബിഎംഡബ്ലിയു 7 സീരീസ് അനാവരണം ചെയ്തു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മെഴ്‌സിഡീസ് അവരുടെ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ എസ് ക്ലാസ്സ് അവതരിപ്പിച്ചത്. പക്ഷേ, വര്‍ഷങ്ങളോളം 'ബെസ്റ്റ് ലക്ഷ്വറി സെഡാന്‍' എന്ന മുദ്ര ബിഎംഡബ്ലിയു 7 സീരീസിന് തന്നെയായിരുന്നു. എന്തിനേറെ പറയുന്നു, 20-ാം നൂറ്റാ് അവസാനിക്കുമ്പോഴേക്കും ബിഎംഡബ്ലിയു ആഡംബര കാര്‍ വിപണിയില്‍ നമ്പര്‍ വണ്‍ ആയിക്കഴിഞ്ഞിരുന്നു. ലോകത്ത് ഏറ്റവും വില്‍ക്കപ്പെടുന്ന ആഡംബര കാര്‍ എന്ന കിരീടം ബെന്‍സിന് നഷ്ടമായി.

bmw 3

ഇതിനിടെ ബിഎംഡബ്ലിയു രണ്ട് പ്രമുഖ ബ്രിട്ടീഷ് ബ്രാന്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു. 1990-കളുടെ ആരംഭത്തില്‍ റോള്‍സ്-റോയ്‌സിന്റെ മോട്ടോര്‍ കാര്‍ നിര്‍മാണവിഭാഗവും മിനി മുതല്‍ ലാന്‍ഡ്‌റോവര്‍ വരെ നിര്‍മിക്കുന്ന റോവര്‍ഗ്രൂപ്പും. റോള്‍സിന്‍ ജെറ്റ് എഞ്ചിന്‍ നിര്‍മാണവിഭാഗവുമായി ചേര്‍ന്ന് ജര്‍മനിയില്‍ വിമാന എഞ്ചിന്‍ ഗവേഷണ,വികസന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി  റോള്‍സ്-റോയ്‌സ് ജിഎംബിഎച്ച് എന്ന ഒരു സ്വതന്ത്ര കമ്പനി വേറെ സ്ഥാപിക്കുകയും ചെയ്തു (അണ്ണാന്‍ മരം കയറ്റം മറക്കില്ലല്ലോ). റോവര്‍ ഗ്രൂപ്പിലെ മിനി എന്ന ബ്രാന്‍ഡ് ഒഴിച്ച് ബാക്കിയെല്ലാം പിന്നീട് അവര്‍ വിറ്റൊഴിവാക്കി (അതാണ് കാലക്രമേണ നമ്മുടെ രത്തന്‍ജിയുടെ കൈകളില്‍ എത്തി ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ആയത്.)
    
ബിഎംഡബ്ലിയു ഇന്നത്തെ നിലയിലെത്തിയതിന്റെ അണിയറശില്‍പ്പി ക്യുയെന്‍ഹെയിം ആണെന്ന് ഓട്ടൊമോബൈല്‍ വ്യവസായത്തിലെ എല്ലാവരും സമ്മതിക്കും. ബിഎംഡബ്ലിയു നമ്പര്‍ വണ്‍ ആകുന്നതിനും മുമ്പെ 1993-ല്‍ അദ്ദേഹം സ്ഥാനത്ത് നിന്നും വിരമിച്ചെങ്കിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് അത് ചെയ്തത്.  ഓട്ടൊമോബൈല്‍ വ്യവസായത്തില്‍ കമ്പനിയുടെ മുതലാളിയല്ലാത്ത ഒരാള്‍ അതിന്റെ സാരഥിസ്ഥാനത്ത് രണ്ട് പതിറ്റാണ്ട് തികച്ച ചരിത്രം അപൂര്‍വമാണ്.  1923 മുതല്‍ 1946 വരെ ജനറല്‍ മോട്ടോഴ്‌സിന്റെ പ്രസിഡന്റായിരുന്ന ആല്‍ഫ്രഡ് സ്ലോവന്‍ മാത്രമാണ് ഇതേ പോലെ ഒരു വമ്പന്‍ ഓട്ടോ കമ്പനിയുടെ നേതൃസ്ഥാനത്ത് 23 വര്‍ഷം ഇരുന്ന മുതലാളിയല്ലാത്ത മറ്റൊരാള്‍.