2006-ല്‍ ഫോഡ് മോട്ടോര്‍ കമ്പനിയുടെ മേധാവിയായി ചുമതലയേല്‍ക്കുമ്പോള്‍ അലന്‍ മുലാല്ലിക്ക് കാര്‍ നിര്‍മാണത്തെ പറ്റി ഒരു ചുക്കും അറിയില്ലായിരുന്നു. എന്നിട്ടും, പാപ്പരാവുന്നതിന്റെ വക്കിലെത്തിയ സ്വന്തം കമ്പനിയെ രക്ഷിക്കാന്‍ ഫോഡിന്റെ സ്ഥാപകന്‍ ഹെന്‍ഡ്രി ഫോഡിന്റെ പേരക്കുട്ടിയുടെ മകനും ബോര്‍ഡ് ചെയര്‍മാനുമായ ബില്‍ ഫോഡ് മുലാല്ലിയെ തന്നെ തിരഞ്ഞെടുത്തു. 

1970-കളില്‍ ബോയിങ്ങില്‍ ഒരു സാധാരണ എഞ്ചിനിയറായി പ്രവേശിച്ച് അതിന്റെ യാത്രാവിമാനിര്‍മാണ വിഭാഗത്തിന്റെ മേധാവിയുടെ പദവി വരെ എത്തിയ മുലാല്ലി പ്രതിസന്ധിയുടെ വര്‍ഷങ്ങളില്‍ ബോയിങ്ങിനെ മുന്‍നിരയില്‍ നിര്‍ത്തിയവനാണ്. അതേ പണി ഫോര്‍ഡിലും ചെയ്യണം അതായിരുന്നു അദ്ദേഹത്തിനുള്ള നിര്‍ദേശം.

വിദേശ കാറുകളുമായുള്ള മത്സരത്തില്‍ ജന്മനാട്ടില്‍ തന്നെ ഫോഡ് തോല്‍ക്കുകയായിരുന്നു. ടൊയോട്ടയുടെയും ഹോണ്ടയുടെയും ബാലന്‍സ്ഷീറ്റുകളില്‍ സര്‍വകാല ലാഭങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ 1260 കോടി ഡോളര്‍ നഷ്ടമായിരുന്നു ഫോഡിന്. കമ്പനിയുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ നഷ്ടം.

ഫോഡിന്റെ ശത്രുക്കള്‍ ഹോണ്ടയും ടൊയോട്ടയും ഒന്നുമല്ല, കമ്പനി മാനേജ്‌മെന്റ് തന്നെയായിരുന്നു. അവരുടെ മുതിര്‍ന്ന എക്‌സിക്യുട്ടീവുകള്‍ തമ്മിലായിരുന്നു യുദ്ധം. ഉപഭോക്താക്കള്‍ക്കോ കമ്പനിക്കോ ഗുണമായതല്ല, അവരവരുടെ ഉദ്യോഗങ്ങള്‍ക്ക് ഗുണകരമായത് മാത്രമാണ് ഓരോരുത്തരും ചെയ്തത്. ഫോര്‍ഡിലെ ഉന്നതതല സമ്മേളനങ്ങള്‍ അങ്കക്കളരികള്‍ പോലയായിരുന്നു. ഓരോ എക്‌സിക്യുട്ടീവും മുറിയിലെത്തുക എതിരാളികളെ മര്‍മത്തില്‍ കുത്തി മലര്‍ത്താനുള്ള വിദ്യ ആലോചിച്ചുറപ്പിച്ചിട്ടായിരിക്കും. 

ഈ പരിപാടി മുലല്ലി ഉടനടി അവസാനിപ്പിച്ചു. അദ്ദേഹം കൃത്യമായ നിയമങ്ങള്‍ വെച്ചു. ആരും മറ്റുള്ളവരുടെ പേരില്‍ തമാശ പറഞ്ഞ് ചിരിക്കരുത്. അതിനായി അദ്ദേഹം ദീര്‍ഘകാലശത്രുക്കളെ കൊണ്ട് പരസ്പരം ആലിംഗനം ചെയ്യിച്ചു, എല്ലാവരും ഒറ്റ ഫോഡിന്റെ ഭാഗമാണെന്ന് അവരെ വിശ്വസിപ്പിച്ചു. ഒറ്റ ടീമായി കളിച്ചാല്‍ മാത്രമേ അതിജീവിക്കാന്‍ കഴിയൂവെന്നും. സാധാരണ ഈ മീറ്റിങ്ങുകളില്‍ ആരും സ്വന്തം വിഭാഗത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറയില്ല. പറഞ്ഞാല്‍ ബാക്കിയെല്ലാവരും അവന്റെ കഥ കഴിക്കും. മുലാല്ലി ഇത് മാറ്റി. ഇത്തരം പ്രശ്‌നങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ അദ്ദേഹം മറ്റുള്ളവരോട് ചോദിക്കും, 'ഇദ്ദേഹത്തിന് ഒരു പ്രശ്‌നമുണ്ട്, അദ്ദേഹമല്ല പ്രശ്‌നം. ആര്‍ക്കെങ്കിലും അത് പരിഹരിക്കാനുള്ള ഐഡിയ ഉണ്ടോ?'പതുക്കെപ്പതുക്കെ ശത്രുക്കള്‍ പരസ്പരം സഹായിക്കുന്ന സ്ഥിതി വന്നു.

ഒന്നിച്ചുകളിക്കുക എന്ന തത്വം ബോര്‍ഡ് റൂമില്‍ മാത്രമായി അദ്ദേഹം ഒതുക്കിയില്ല. വാഹനഭാഗങ്ങള്‍ നല്‍കുന്ന സപ്ലയര്‍മാരെയും ഡീലര്‍മാരെയും തൊഴിലാളി യൂനിയനെയുമെല്ലാം അതില്‍ ഉള്‍പ്പെടുത്തി. 2007-ല്‍ ആരും വിചാരിക്കാത്ത ഒരത്ഭുതവും കൂടി അദ്ദേഹം പ്രവര്‍ത്തിച്ചു. വടക്കേ അമേരിക്കയിലെ മുഴുവന്‍ ഫാക്ടറി തൊഴിലാളികളുടെ സംഘടനയായ യു.എ.ഡബ്ലിയു.വിന്റെ പ്രസിഡന്റ് റോണ്‍ ഗെറ്റില്‍ഫിംഗറുമായി രഹസ്യമായ ഒരു കൂടിക്കാഴ്ച നടത്തി. 

തൊഴിലാളികള്‍ വേതനവ്യവസ്ഥകളില്‍ വിട്ടുവീഴ്ച കാണിക്കുകയാണെങ്കില്‍ ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ പരന്നുകിടക്കുന്ന തന്റെ ഫാക്ടറികള്‍ അമേരിക്കയിലേക്ക് കൊണ്ടുവരാം. ലാഭകരമായി വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഫോഡിന് കഴിയണം, അതായിരുന്നു മുലാല്ലിയുടെ ആവശ്യം. യൂനിയന്‍ അത് ഉടനടി അംഗീകരിച്ചു. യു.എസ്സിലെ കാര്‍ കമ്പനികള്‍ ഉത്പാദനം അന്യരാജ്യങ്ങളിലേക്ക് കൊണ്ടുപോയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ പതിനായിരക്കണക്കിനുണ്ട. അവരില്‍ വലിയൊരു വിഭാഗത്തിന് വേതനം കുറഞ്ഞാലും ജോലി കിട്ടുമല്ലോ.

അധികാരമേറ്റ ഉടന്‍ തന്നെ മുലാല്ലി ചെയ്തത് ഫോര്‍ഡ് നേരത്തെ വാങ്ങിക്കൂട്ടിയ പരദേശി ലക്ഷ്വറി ബ്രാന്‍ഡുകളെ മുഴുവന്‍ വിറ്റൊഴിവാക്കുകയായിരുന്നു. ലാന്‍ഡ്‌റോവര്‍, ജാഗ്വര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ പിന്നെ ഒടുവില്‍ വോള്‍വോയും എല്ലാം. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു: എല്ലാവരുടെയും ശ്രദ്ധ ഫോര്‍ഡില്‍ കേന്ദ്രീകരിക്കുക. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ ഫോഡ് വിവിധ ബ്രാന്‍ഡുകളിലായി ഏതാണ്ട് 100 മോഡലുകള്‍ പതിവായി നിര്‍മിക്കുന്നുണ്ടായിരുന്നു. പലതും ആരും വാങ്ങാത്ത വണ്ടികള്‍. വിപണിയില്‍ ഡിമാന്‍ഡ് എന്തായാലും ഉത്പാദനം ഒരേപോലെ തുടരുന്ന ഈ ഏര്‍പ്പാട്  മുലാല്ലി  എന്നെന്നേക്കുമായി അവസാനിപ്പിച്ചു. ഫോഡ് നിര്‍മിക്കുന്ന മോഡലുകളുടെ എണ്ണം 20-ല്‍ താഴെയാക്കി. കാ, ഫിയസ്റ്റ, ഫ്യൂഷന്‍, ,ടോറസ്...എന്നിങ്ങനെ ചെറുതും ഇടത്തരം വലുപ്പമുള്ളതുമായിരുന്നു അതില്‍ മുഖ്യം. നിര്‍മിക്കുന്ന കാര്‍ പ്രകടനശേഷിയിലും ഇന്ധനക്ഷമതയിലും വാഹനസുരക്ഷയിലും കൊടുക്കുന്ന പണത്തിന് കിട്ടുന്ന മൂല്യത്തിലും ആ ഗണത്തില്‍ ബെസ്റ്റ് ആയിരിക്കണം, അതായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞ.

ബാക്കിയെല്ലാവരും ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ട ബാറ്ററിയുടെയും ഹൈബ്രിഡ് എഞ്ചിനുകളുടെയും ഗവേഷണങ്ങളില്‍ മുഴുകിയപ്പോള്‍ ഫോഡിലെ എഞ്ചിനീയര്‍മാര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചു. ലളിതമായിരുന്നു അതിന് പിന്നിലെ ബുദ്ധി. ഇലക്ട്രിക് /ഹൈബ്രിഡ് കാര്‍ വാങ്ങാന്‍ അതേ ഗണത്തിലെ മറ്റ് മോഡലുകള്‍ക്ക് നല്‍കുന്നതിനക്കാള്‍ ആയിരക്കണക്കിന് ഡോളര്‍ കൂടുതല്‍ കൊടുക്കണം. എന്നാല്‍ മലിനീകരണം കുറഞ്ഞ, ഇന്ധനക്ഷമത കൂടിയ, സര്‍വോപരി കരുത്തു കൂടുതലുമുള്ള ഇക്കോബൂസ്റ്റ് വാഹനം വാങ്ങാന്‍ ഏതാനും നൂറ് ഡോളറുകള്‍ കൂടുതല്‍ മതി.

കമ്പനിയില്‍ എല്ലാവര്‍ക്കും സ്വന്തം സ്ഥാപനത്തെ പറ്റി ഒരു ദര്‍ശനം ഉണ്ടാക്കലായി മുലാല്ലിയുടെ അടുത്ത ലക്ഷ്യം. അതിനായി അദ്ദേഹം ചെയ്തത് 1920-കളില്‍ ഫോഡ് തന്നെ സാറ്റര്‍ഡേ ഈവനിങ്ങ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച രണ്ട് പേജ് പരസ്യമായിരുന്നു. 'മനുഷ്യരാശിക്കായി എല്ലാ രാജപാതകളും തുറക്കുന്നു' എന്നായിരുന്നു അതിലെ മുദ്രാവാക്യം. ആ പരസ്യത്തിന്റെ വലിയൊരു പ്രിന്റെടുത്ത് സ്വന്തം ഓഫീസില്‍ ഒട്ടിച്ച അദ്ദേഹം അതിന്റെ കോപ്പികള്‍ എല്ലാ മുതിര്‍ന്ന എക്‌സിക്യുട്ടീവുകള്‍ക്കും അയച്ചുകൊടുത്തു.

Ford

മുലാല്ലിയുടെ പല ആശയങ്ങളും നടപ്പാക്കാന്‍ വന്‍തോതില്‍ പണം ആവശ്യമായിരുന്നു. അതിനായി 2006-ല്‍ അദ്ദേഹം ഫോഡിന്റെ സകലമുതലുകളും -ഫാക്ടറികളും, സ്റ്റോക്കിലുള്ള വാഹനങ്ങളും, എന്തിന് കമ്പിയുടെ ലോകപ്രസിദ്ധമായ നീല അണ്ഡാകൃതിയിലുള്ള ലോഗോ വരെ -പണയം വെച്ച് 2600 കോടി ഡോളര്‍ നേടി. 'നിങ്ങള്‍ക്ക് ഭ്രാന്താണ്, ഇതില്‍ പശ്ചാത്തപിക്കേണ്ടിവരും' എന്നാണ് ഇതിനെ പറ്റി അന്നത്തെ ജനറല്‍ മോട്ടോഴ്‌സ് മേധാവി അദ്ദേഹത്തോട് പറഞ്ഞത്.

നിലവിലുള്ളത് മെച്ചപ്പെടുത്താന്‍ എപ്പോഴും പ്ലാന്‍ വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഡെട്രോയിറ്റിലെ ആസ്ഥാനത്തുള്ള പാരമ്പര്യത്തിന്റെ ഹാങ്ങോവറും തൊഴുത്തില്‍ക്കുത്തുമൊന്നുമില്ലാതെ പ്രവര്‍ത്തിച്ച ഫോഡിന്റെ യൂറോപ്യന്‍ ഡിവിഷന്‍ ഇതേ കാലത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. യൂറോപ്യന്‍ വിപണിയില്‍ ഏറ്റവും വില്‍ക്കുന്ന കാറുകളുടെ കൂട്ടത്തിലായിരുന്നു ഫോഡിന്റെ മോഡലുകള്‍. എന്നിട്ടും അവിടുത്തെ എക്‌സിക്യുട്ടീവുകളുടെ സമ്മേളനത്തില്‍ ഇത് മെച്ചമാക്കാന്‍ എന്താണ് പ്ലാന്‍ എന്നദ്ദേഹം ചോദിച്ചു. 'ഇത്രയുമൊക്കെ വിജയിച്ചാല്‍ പോരേ?' എന്ന മട്ടില്‍ നോക്കിയ എക്‌സിക്യുട്ടീവുകളോട് മുമ്പ് ജപ്പാന്‍കാരന്‍ കമ്പനി നേതാവ് തന്നോട് പറഞ്ഞ കര്യമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്: 'നിങ്ങളുടെ രാജ്യം പല സാധനങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ അത് മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഞങ്ങളുടെ രാജ്യം സ്വന്തമായി ഒന്നും കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, എന്തെങ്കിലുമൊന്ന് സ്വീകരിച്ചാല്‍ അത് മെച്ചമാക്കാനുള്ള ശ്രമം ഞങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കില്ല.'

മുലാല്ലിയുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലം കണ്ടത് 2009-ലെ ആഗോളമാന്ദ്യത്തിന്റെ കാലത്താണ്. അമേരിക്കയില്‍ എതിരാളികളായ ജനറല്‍ മോട്ടോഴ്‌സും ക്രൈസ്‌ലറും പിടിച്ചുനില്‍ക്കാന്‍ ഗതിയില്ലാതെ യു.എസ്സ്. സര്‍ക്കാര്‍ കൊടുക്കുന്ന ധര്‍മക്കഞ്ഞി വാങ്ങിക്കുടിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് പത്ത് ഡോളര്‍ പോലും സഹായം വാങ്ങാന്‍ ഫോഡ് പോയില്ല. കാരണം 2010-ല്‍ ഫോഡിന്റെ ലാഭം 660 കോടി ഡോളറായിരുന്നു. കമ്പനിയുടെ ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ ലാഭം.

Ford

മുലാല്ലിയെ അധികാരസ്ഥാനത്ത് നിലനിര്‍ത്താന്‍ ബില്‍ ഫോഡിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 2014-ല്‍ അദ്ദേഹം സ്ഥാനത്ത് നിന്ന് വിരമിച്ചു. 30 കോടി ഡോളറാണ് അദ്ദേഹത്തിന് ഫോഡ്പ്രതിഫലം നല്‍കിയത്. വിമാന നിര്‍മാണത്തില്‍ നിന്ന് കാര്‍നിര്‍മാണത്തിലേക്ക് വന്ന മുലല്ലിക്ക് ഇപ്പോള്‍ ജോലി ഗൂഗിളിന്റെ ഡയരക്ടര്‍ ബോഡിലാണ്. ഈ വര്‍ഷം അദ്ദേഹം സിയാറ്റില്‍ യൂനിവേഴ്‌സിറ്റിയുടെ ആല്‍ബേഴ്‌സ് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ അധ്യാപകനുമായി. 

അടുത്ത മാസം മുലാല്ലിയെ അമേരിക്കയിലെ ലോകപ്രസിദ്ധ മ്യൂസിയമായ ഓട്ടൊമോട്ടീവ് ഹാള്‍ ഓഫ് ഫെയിം വാഹനലോകത്ത് അതിവിശിഷ്ട സംഭാവനകള്‍ നല്‍കിയവരുടെ പട്ടികയില്‍ പെടുത്തി ആദരിക്കും. ആദ്യകാര്‍ നിര്‍മിച്ച കാള്‍ ബെന്‍സിനും ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കാര്‍ നിര്‍മിച്ച രത്തന്‍ ടാറ്റയും വിശേഷണങ്ങള്‍ വേണ്ടാത്ത ഹെന്‍ഡ്രി ഫോഡിനും ഒക്കെ ഒപ്പമായിരിക്കും ഇനി മുലല്ലിയ്ക്കും സ്ഥാനം.