കാറിന്റെ പിന്‍സീറ്റില്‍ ചാരിക്കിടന്ന് സഞ്ചാരം ആസ്വദിക്കുന്നവരും ഡ്രൈവറുടെ സീറ്റിലിരുന്ന് വാഹനം സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി കരുതി ആസ്വദിച്ച് ഓടിക്കുന്നവരുമുണ്ട്. ഇതില്‍ രണ്ടാം ഗണത്തില്‍ പെട്ടവര്‍ കൊതിക്കുന്ന വാഹനമാണ് ബി.എം.ഡബ്ലിയു. പക്ഷേ, പ്രശ്‌നം ഭൂരിപക്ഷത്തിനും ഇതൊരെണ്ണം കാശുകൊടുത്ത് വാങ്ങാനാവില്ലെന്നതാണ്. അല്ലെങ്കില്‍ വാങ്ങാന്‍ വീടും പറമ്പും പണയം വെക്കേണ്ടി വരും.

അത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതി ബിമ്മര്‍ കഴിഞ്ഞ മാസം യു.എസ്സില്‍ അനാവരണം ചെയ്തു (അതിനും മുമ്പെ യൂറോപ്പിലും). ലക്ഷങ്ങളോ കോടികളോ മുടക്കി ഒരു കാര്‍ വാങ്ങി, വര്‍ഷം തോറും ഇന്ധനത്തിനും അറ്റകുറ്റപ്പണിക്കും ഇന്‍ഷുറന്‍സിനും പിന്നെയും ലക്ഷങ്ങള്‍ മുടക്കി അതിന്റെ ആയുസ്സിന്റെ 99 ശതമാനം സമയവും ഗാരാജുകളിലും പാര്‍ക്കിങ്ങ് സ്ലോട്ടുകളിലും ഉപയോഗശൂന്യമാക്കി കളയേണ്ട. നിങ്ങളൊരു വണ്ടിയുടെ വരിസംഖ്യ കൊടുത്ത് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി; ആവശ്യമുള്ളപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നെടുത്ത് വേണ്ട സ്ഥലത്തേക്ക് ഓടിക്കാം, അവിടെ ഒരു പാര്‍ക്കിങ്ങ് സ്ഥലത്ത് വണ്ടി ഉപേക്ഷിച്ച് പോകേണ്ടിടത്തേക്ക് പോകാം. അതിന് മിനുട്ടിന് അര ഡോളര്‍ എന്നോ മറ്റോയുള്ള നിരക്കില്‍ പണവുമടക്കുന്നു. വാഹനത്തിന്റെ മെയിന്റനന്‍സും പെട്രോളടിയും ഇന്‍ഷുറന്‍സുമെല്ലാം കമ്പനി വക!

Drive now

ഡ്രൈവ് നൗ എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ ആരംഭിച്ച ഈ പദ്ധതി റീച്ച് നൗ എന്ന പേരില്‍ അമേരിക്കയിലും എത്തുന്നു. തല്‍ക്കാലം വാഷിങ്ങ്ടണിലെ സിയാറ്റില്‍ മാത്രമാത്രമായിട്ടാണവര്‍ തുടങ്ങുന്നതെങ്കിലും ഭാവിയില്‍ അമേരിക്കയുടെ മറ്റിടങ്ങളിലുമെത്തിക്കും. സിയാറ്റില്‍ നഗരത്തില്‍ പരക്കെയെന്ന വിധം പല സ്ഥലങ്ങളിലായി ബി.എം.ഡബ്ലിയു.വിന്റെ ബ്രിട്ടീഷ് ബ്രാന്‍ഡായ മിനി, 3 സീരീസ്, ഇലക്ട്രിക് കാറായ ഐ3 എന്നീ മോഡലുകളില്‍ പെട്ട 370 കാറുകള്‍ തുടക്കത്തില്‍ വിന്യസിക്കും. 

ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ആയിട്ടാണ് റീച്ച് നൗ എത്തുന്നത്. നിങ്ങളെ പറ്റിയുള്ള വിവരങ്ങളും ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ചരിത്രവുമെല്ലാം നല്‍കി പണം അടച്ചാല്‍ വരിക്കാരനാകാം. വണ്ടി വേണ്ടപ്പോള്‍ ആപ്പ് വഴി ഏറ്റവും അടുത്തുള്ള വാഹനം കണ്ടെത്തി ബുക്ക് ചെയ്യാം. സ്ഥലത്തെത്തി ഫോണ്‍ ഉപയോഗിച്ച് കാര്‍ തുറന്ന് ഉള്ളിലുള്ള താക്കോല്‍ ഉപയോഗിച്ച് ഓടിക്കാം, ലക്ഷ്യമെത്തിയാല്‍ അവിടെ ഒരു ബൂത്തില്‍ പാര്‍ക്ക് ചെയ്ത് ബന്ധുവീട്ടിലോ ജോലിസ്ഥലത്തോ പോകാം. പിന്നെ മണിക്കൂറുകളോളം നിങ്ങള്‍ക്ക് വാഹനത്തിന്റെ ആവശ്യമില്ല, പക്ഷേ ആ സമയമത്രയും മറ്റ് ആവശ്യക്കാര്‍ക്കായി കാര്‍ ഓടും. തിരിച്ചുപോകാന്‍ ഇതേ തന്ത്രമുപയോഗിച്ച് കാര്‍ കണ്ടെത്താം, ഡ്രൈവ് ചെയ്യാം. 16 സ്വകാര്യകാറുകള്‍ നിത്യവും ചെയ്യുന്ന പണി ഷെയര്‍ ചെയ്യുന്ന കാര്‍ ഒറ്റയ്ക്ക് ചെയ്യുമത്രെ. ഈ കണക്ക് തിരിച്ചിട്ടാലുള്ള യുക്തി, അതായത് 16000 കാര്‍ വില്‍ക്കുന്നതിലും ലാഭം 1000 കാര്‍ ഷെയറിങ്ങിന് കൊടുക്കലാണ് എന്ന് കൂടി തെളിഞ്ഞാല്‍ വാഹനനിര്‍മാണം ഒറ്റയടിക്ക് കുറയും. ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും!

audiകാര്‍ നിര്‍മാതാക്കള്‍ നിര്‍മാണത്തിന് പുറമെ ഓട്ടൊമോബൈല്‍ സംബന്ധിയായ സേവന വ്യാപാരത്തിലേക്കും കടക്കുന്നതിന്റെ ഭാഗമെന്നാണ് ഈ പരിപാടിയെ ബിസിനസ്സ് ലേഖകര്‍ വിളിക്കുന്നത്. ഇതേ വിദ്യ ഡയംലര്‍-ബെന്‍സ് ഒരു വര്‍ഷം മുമ്പെ ടെക്‌സാസിലെ ഓസ്റ്റിനിലും അതിനും മുമ്പെ ജര്‍മനിയിലും ആരംഭിച്ചതാണ്. അവരുടെ ബ്രിട്ടീഷ് ബ്രാന്‍ഡായ സ്മാര്‍ട്ടിന്റെ സ്മാര്‍ട് ഫോര്‍ ടു എന്ന ചെറുകാറാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് മാത്രം. ജര്‍മന്‍ ആഡംബര ത്രിമൂര്‍ത്തികളിലെ ഔഡിയും വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ ഷെയറിങ്ങ് തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജാഗ്വറും ഉടന്‍ തന്നെ ഫീല്‍ഡിലെത്തുമെന്ന് വാര്‍ത്തയുണ്ട്.

ഒരു കാര്‍ പലര്‍ പങ്കിടുന്ന വിദ്യ പക്ഷേ, ഈ ആഡംബരന്മാരൊന്നും കണ്ടുപിടിച്ചതല്ല. ആദ്യത്തെ കാര്‍ പങ്കിടല്‍ സംവിധാനം 1948-ലാണ് ഉണ്ടായത്. സ്വിസ്സര്‍ലാന്‍ഡിലെ സൂറിച്ചില്‍ സ്വന്തമായി കാര്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുറേപ്പേര്‍ ചേര്‍ന്ന് ആരംഭിച്ച സെഫേജ്. ഇതേ രീതിയില്‍ യൂറോപ്പില്‍ ചിലയിടങ്ങളിലെല്ലാം 1970-കളില്‍ സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല. 1980-കളുടെ മധ്യത്തിലാണ് ഈ രംഗത്ത് വിജയകരമായ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. സ്വിസ്സര്‍ലാന്‍ഡിലെ മൊബിലിറ്റി കാര്‍ഷെയറിങ്ങും ബെര്‍ലിനിലെ സ്റ്റാറ്റ്ഓട്ടോയുമായിരുന്നു അവ. വാണിജ്യാടിസ്ഥാനത്തിലുള്ള കാര്‍ ഷെയറിങ്ങ് സംരംഭങ്ങളുടെ അഗ്രഗാമികളാണിവര്‍. 

i8

20-ാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും മൊബിലിറ്റിക്ക് 600 കേന്ദ്രങ്ങളിലായി 20,000 അംഗങ്ങളും സ്റ്റാറ്റ്ഓട്ടോയ്ക്ക് 4000 അംഗങ്ങളും ആയിക്കഴിഞ്ഞിരുന്നു. ഇതില്‍ രണ്ടാം സ്ഥാപനത്തിന് കാര്യമായ വളര്‍ച്ച ഉണ്ടാകാത്തതിന് പല കാരണങ്ങള്‍ ഉണ്ട്. പല അംഗങ്ങളും നഗരമധ്യത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് താമസം മാറ്റി, അവിടങ്ങളില്‍ സ്റ്റാറ്റ്ഓട്ടോയ്ക്ക് വാഹനങ്ങളെത്തിക്കുക പ്രയാസമായിരുന്നു. മറ്റൊന്ന് കാര്‍ അധികം ഉപയോഗിക്കാത്ത നഗരവാസികളായ പല അംഗങ്ങള്‍ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കിയാല്‍ വരിസംഖ്യയേക്കാള്‍ കുറഞ്ഞ പണം മാത്രമേ ടാക്‌സി വാടകയ്‌ക്കെടുക്കാന്‍ ചിലവുള്ളു. അവരും അംഗത്വം ഉപേക്ഷിക്കാന്‍ തുടങ്ങി. മറ്റൊരു കൂട്ടര്‍ നിത്യവും പല തവണ കാര്‍ ഉപയോഗിക്കുന്നവരായിരുന്നു. അവര്‍ക്ക് കാര്‍ പങ്കിടുന്നതിനേക്കാള്‍ സൗകര്യവും ലാഭവും സ്വന്തം വാഹനം വാങ്ങുന്നതായിരുന്നു.

സി.എസ്.ഒ.കള്‍ (കാര്‍  ഷെയറിങ്ങ് സംഘങ്ങള്‍) മിക്കതും ലാഭേച്ഛയല്ലാത്ത സംവിധാനങ്ങളായിരുന്നു. പരസ്പരം അറിയുന്നവരുടെ ക്ലബ്ബുകളോടായിരുന്നു അവയ്ക്ക് സാമ്യം. ഡിജിറ്റല്‍ വിദ്യകള്‍ ഏറെ ഉപയോഗിക്കാത്ത സംരംഭങ്ങളായതിനാല്‍ മനുഷ്യര്‍ മനുഷ്യരുമായി ബന്ധപ്പെട്ടാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കു. കാര്‍ ബുക്ക് ചെയ്യാന്‍ ഒരാളെ വിളിക്കണം, പിന്നെ വേറൊരിടത്തുപോയി താക്കോല്‍ വാങ്ങിക്കൊണ്ടുവരണം...എന്നിങ്ങനെ. പത്തുനാല്‍പ്പത് പേര്‍ വരെയുള്ളവര്‍ നാലഞ്ച് കാറുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇതൊന്നും വലിയ പ്രശ്‌നമല്ല. പക്ഷേ അംഗസഖ്യ (വാഹനസഖ്യയും) നൂറുകളും ആയിരങ്ങളുമൊക്കെയാവുമ്പോള്‍ മാനേജ് ചെയ്യാന്‍ ഇത് മതിയാവില്ല, വന്‍നിക്ഷേപം ആവശ്യമുള്ള സാങ്കേതികവിദ്യകളും അടിസ്ഥാനസൗകര്യങ്ങളും വേണം. 20-ാം നൂറ്റാണ്ട് കഴിയുംവരെ കാര്‍ ഷെയറിങ്ങ് സംഘങ്ങള്‍ ചെറുകിടസന്നദ്ധ സംഘടനകള്‍ പോലെ നിലനിന്നതിന്റെ കാരണമിതാണ്.

പക്ഷേ, 21-ാം നൂറ്റാണ്ട് തുടങ്ങിയ ഉടനെ കാര്‍ ഷെയറിങ്ങ് വിജയകരമായി വാണിജ്യവത്കരിക്കപ്പെടുന്ന കാഴ്ചയാണ് നമ്മളെ എതിരേല്‍ക്കുന്നത്. സി.എസ്.ഒ.കളില്‍ ഒന്നാം സ്ഥാനക്കാരന്‍ എന്നറിയപ്പെടുന്ന സിപ്കാര്‍ (പിന്നെ മറ്റ് ചിലരും) പ്രവര്‍ത്തനം ആരംഭിച്ചത് 2000-ലാണ്. നാല് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് സിപ്കാറിന് 7.3 ലക്ഷം വരിക്കാരുണ്ട്, 11,000 വാഹനങ്ങളും. യു.എസ്സിലെ കാര്‍ ഷെയറിങ്ങ് വിപണിയുടെ 80 ശതമാനവും അവരുടെ പക്കലാണ്. 

Car to go

സിപ്കാറിന്റെ വിജയം കണ്ട് പരമ്പരാഗത കാര്‍ വാടകയ്ക്ക് നല്‍കല്‍ കമ്പനിയായ ഹെര്‍ട്‌സ് പോലും 'ഹെര്‍ട്‌സ് ഓണ്‍ ഡിമാന്‍ഡ്' എന്ന പേരില്‍ ഒരു കാര്‍ ഷെയറിങ്ങ് വിഭാഗം ആരംഭിച്ചു. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിലാണ് കാര്‍ വാടകയ്ക്ക് നല്‍കി ഉപജീവനം നടത്തുന്നവര്‍ക്ക് പുറമെ കാര്‍ ഉണ്ടാക്കുന്നവര്‍ തന്നെ ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതെല്ലാം ചുവരെഴുത്തായി വായിക്കാമെങ്കില്‍ മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്. ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമൊക്കെ പിന്നിലെ വലിയ വില്ലനായ ഫോസില്‍ ഇന്ധനവ്യവസായം തന്നെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയാണ്. കാര്‍ ഷെയറിങ്ങ് സംഘങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയ ഒരു കാര്യമുണ്ട്: സ്വന്തമായി ഒരു കാര്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ജനം പഠിക്കുകയാണ്. ഇത്തരം സംഘങ്ങളിലെ 15 ശതമാനത്തോളം അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്ന കാറുകള്‍ വിറ്റു, 30 ശതമാനം പേര്‍ കാര്‍ വാങ്ങണമെന്ന മോഹം തന്നെ ഉപേക്ഷിച്ചു.

കാര്‍ ഭ്രാന്ത് എന്നൊരു രോഗം 20-ാം നൂറ്റാണ്ടിലെ സംഭവമാണ്. രണ്ടാം ലോകയുദ്ധാനന്തരം യു.എസ്സിലാണ് ഇത് തുടങ്ങിയത്. 'മരണം വേര്‍പെടുത്തുന്നത് വരെ ഞാന്‍ ഈ കാറിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും', എന്ന് പറയുന്നത് 1973-ല്‍ ഇറങ്ങിയ അമേരിക്കന്‍ ഗ്രാഫിറ്റി എന്ന ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രമാണ്. ഒരു 1958 മോഡല്‍ ഷെവര്‍ലെ ഇംപാല കൈയില്‍ കിട്ടുമ്പോളാണ് അവനിത് ചെയ്യുന്നത്. സ്വന്തമായി ഒരു കാര്‍ എന്നത് അമേരിക്കരക്കാരുടെയെല്ലാം സ്വപ്‌നമായിരുന്ന കാലത്തെ ചിത്രമായിരുന്നു അത്. കാര്‍ സ്വന്തമാക്കുകയെന്നത് അമേരിക്കയിലെ സാധാരണക്കാര്‍ക്കുപോലും സാധ്യമായ കാലമായിരുന്നു അത്. ബില്‍ ബ്രൈസണ്‍ പറയുന്നതനുസരിച്ച് 1950-കളില്‍ ലോകത്തിന്റെ ബാക്കിയെല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നതിലേറെ കാറുകള്‍ യു.എസ്സില്‍ മാത്രമുണ്ടായിരുന്നു. ഈ ജ്വരം ആദ്യം യൂറോപ്പിലും ഒടുവില്‍ ഇന്ത്യ പോലുള്ള ദരിദ്രരാജ്യങ്ങളില്‍ വരെ എത്തി. 

rn

നമ്മുടെ നാട്ടിലെത്തന്നെ കാര്യമെടുക്കാം. ഇവിടെ 'സോ കാള്‍ഡ്' ഇടത്തരക്കാരന്‍ പുരുഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം സ്വന്തം വീടാണ്. മില്യണ്‍സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന തുക വരും കൊള്ളാവുന്ന ഒരു വീട് വാങ്ങാനോ നിര്‍മിക്കാനോ. ഈ കുരിശും ചുമന്ന് നില്‍ക്കുമ്പോഴാണ് വീട്ടുമുറ്റത്ത് ഒരു കാര്‍ എന്ന അത്യാവശ്യം വരുന്നത്. കുറെ കടംവാങ്ങിയെങ്കിലും അതും വാങ്ങുന്നു - ഒരു പുതിയ കാര്‍. എന്നിട്ട് അതിന്റെ ആയുസ്സ് എന്ന് പറയാവുന്ന 20 വര്‍ഷത്തില്‍ 19.59 വര്‍ഷവും വെറുതെയിടുന്നു. ബാക്കി നേരം ഓടിക്കാന്‍ കൊള്ളാവുന്നതോ അല്ലാത്തതോ ആയ നിരത്തുകളിലൂടെ ശരിയോ തെറ്റോ ആയ രീതിയില്‍ ഓടിച്ച് കുറേപ്പേരെ കൊല്ലുകയും അംഗഹീനരാക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമായി 100 കോടിയിലേറെ കാറുകളുണ്ടെന്നാണ് കണക്ക്. അവയെല്ലാം കൂടി എല്ലാ വര്‍ഷവും 12 ലക്ഷം പേരെയാണ് കൊന്നൊടുക്കുന്നത്. ഇവ വിസര്‍ജിക്കുന്ന കാര്‍ബണ്‍, നൈട്രജന്‍ ഓക്‌സൈഡുകള്‍ ശ്വസിച്ച് മരിക്കുന്നവരുടെ കണക്ക് വേറെ.

rn2

സത്യത്തില്‍ ഭൂരിപക്ഷം പേരും കാര്‍ വാങ്ങുന്നത് സഞ്ചാരസ്വാതന്ത്ര്യം ഉപയോഗിക്കാനല്ല, പൊങ്ങച്ചം കാണിക്കാനാണ്. മുണ്ടും ഷേട്ടുമണിഞ്ഞ് നടന്നവന് പാന്റും കോട്ടും ധരിച്ചാല്‍ വര്‍ധിക്കുന്നതുപോലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് പലരും ഇല്ലാത്ത പണം കൊടുത്ത് ശരിക്കും വേണ്ടാത്ത ഒരു സാധനം മുറ്റത്ത് വാങ്ങിയിടുന്നത്. ഒരു മനുഷ്യശരീരം വെക്കാന്‍ രണ്ടടി വീതിയില്‍ ആറടി മണ്ണ് മതി. ഏറ്റവും ചെറിയ കോംപാക്ട് കാറിനുപോലും നാലോ അഞ്ചോ മനുഷ്യരുടെ സ്ഥലം വേണം. അതിനെ 100 കോടി കൊണ്ട് ഗുണിച്ചാല്‍ മാത്രമേ മനസ്സിലാവു എത്ര കോടി ഹെക്ടര്‍ റിയല്‍ എസ്‌റ്റേറ്റാണ് ലോകമെമ്പാടുമായി കാറുകള്‍ പാഴാക്കുന്നതെന്ന്.

കാര്‍ ഷെയറിങ്ങ് ഫലപ്രദമായി നടത്തുന്ന നഗരത്തില്‍ ഗതാഗതസംവിധാനത്തിലെ 90 ശതമാനം കാറുകളും അപ്രത്യക്ഷമാകുമെന്നാണ് ഒരു പഠനം പറയുന്നത്. ഒന്നുമില്ലെങ്കില്‍ ഒറ്റയടിക്ക് നഗരങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതാവും. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എന്ത് സംഭവിക്കുമെന്ന് പിന്നാലെ അറിയാം.