wb
വെല്‍ബേണ്‍

കാര്‍ ബോഡി നന്നാക്കുന്ന വര്‍ക്ക്‌ഷോപ്പിലെ മെക്കാനിക് ആയിരുന്നു അച്ഛന്‍. അതുകൊണ്ട് പുത്രന്‍ കുട്ടിക്കാലം മുതല്‍ കാറുകളുടെ രൂപം ആസ്വദിക്കുന്നവനായി. അവന് ഒമ്പത് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മകനെയും കൂട്ടി പ്രസിദ്ധമായ ഫിലാഡെല്‍ഫിയ ഓട്ടോ ഷോ കാണാന്‍ പോയി. അവിടെ ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) കാഡില്ലാക് സൈക്ലോണ്‍ എന്ന ഒരു കോണ്‍സെപ്റ്റ് കാറും പ്രദര്‍ശനത്തിന് വെച്ചിരുന്നു. മിസ്സൈലിന്റെ രൂപഭാവങ്ങളുള്ള ഒരു രസികന്‍ മോഡല്‍.

ആ കാറിന് മുന്നില്‍ പയ്യന്‍ തരിച്ചുനിന്നു. അവന്‍ ആ കാറിനെ പലവട്ടം ചുറ്റി നടന്ന് ആസ്വദിച്ചു. എന്നിട്ട് മാതാപിതാക്കളോട് പ്രഖ്യാപിച്ചത്രെ, വലുതാകുമ്പോള്‍ താന്‍ ജിഎമ്മിലെ കാര്‍ ഡിസൈനറാകുമെന്ന്. പിന്നെയും രണ്ട് വര്‍ഷത്തിന് ശേഷം, ആറാം ക്ലാസ്സില്‍ പഠിക്കുന്ന പ്രായത്തില്‍ ജിഎമ്മിന്റെ മേല്‍വിലാസം കണ്ടുപിടിച്ച് അവരെ തന്റെ ആശയാഭിലാഷങ്ങള്‍ അറിയിക്കുന്ന ഒരു കത്തും അവന്‍ എഴുതി.

നാട്ടുനടപ്പനുസരിച്ച് കൊച്ചുപയ്യന്‍ എഴുതിയ ആ കത്ത് ചവറ്റുകൊട്ടയില്‍ പോകേണ്ടതായിരുന്നു. പകരം അത് ഏതോ ഒരു സഹൃദയനായ ഉദ്യോഗസ്ഥന്റെ കൈയിലാണ് കിട്ടിയത്. അയാള്‍ കുട്ടിക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആ ജോലിക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകള്‍ എന്തൊക്കെയാണെന്നും അതെല്ലാം എവിടെയൊക്കെ പഠിക്കാമെന്നും പറഞ്ഞുകൊണ്ട് മറുപടി എഴുതി. 

ആ ഉപദേശമനുസരിച്ചാണ് എഡ് വെല്‍ബേണ്‍ എന്ന എഡ്വേഡ് ടി. വെല്‍ബേണ്‍ ജൂനിയര്‍, വാഷിങ്ങ്ടണിലെ  ഹോവാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ശില്‍പകലയും പ്രോഡക്റ്റ് ഡിസൈനിങ്ങും ഉള്‍പ്പെടുന്ന ഫൈന്‍ ആര്‍ട്‌സ് ബിരുദമെടുത്തതും പിന്നെ ജിഎമ്മിലെ തന്നെ ഡിസൈന്‍ വിഭാഗത്തില്‍ ജോലിക്കാരാനായതും. ഒടുവില്‍ കമ്പനിയുടെ ഗ്ലോബല്‍ ഡിസൈന്‍ മേധാവിയുടെ സ്ഥാനത്ത് നിന്നാണ് അടുത്ത മാസം വെല്‍ബേണ്‍ വിരമിക്കുന്നത്. അമേരിക്കന്‍ ഓട്ടൊമോബൈല്‍ വ്യവസായത്തിന്റെ ഉന്നതശ്രേണിയിലുള്ള ഏക കറുത്ത വര്‍ഗക്കാരനായിട്ട്.

ഓട്ടൊമോബൈല്‍ വ്യവസായത്തില്‍ ഏത് കമ്പനിയിലും അതിന്റെ ഭരണസാരഥി കഴിഞ്ഞാല്‍ ഏറ്റവും വെള്ളിവെളിച്ചം കിട്ടുന്ന മനുഷ്യന്‍ അവിടുത്ത മുഖ്യ ഡിസൈനറാണ്. ഡിസൈനിങ്ങിലൂടെ നിലവിലുള്ളവയെ കാലഹരണപ്പെടുത്തി പുതുമോഡലുകളുടെ (ച്ചാല്‍ പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്് നിറച്ച്്) കച്ചവടം കൊഴുപ്പിക്കാമെന്ന്് കണ്ടെത്തിയത് തന്നെ ജിഎമ്മിന്റെ ആദ്യ ഡിസൈനറായ ഹാര്‍ലി ഏള്‍ ആണ്. ഓട്ടോവ്യവസായത്തിലെ ഒരു ഇതിഹാസ ഡിസൈനറായിരുന്നു അദ്ദേഹം. പിന്നാലെ വന്ന ബോബ് മിച്ചലും അത്തരം ഇതിഹാസം തന്നെ. അമേരിക്കയിലെ ജിഎമ്മില്‍ മാത്രമല്ല യൂറോപ്യന്‍ ഓട്ടോവ്യവസായത്തിലും ബാറ്റിസ്റ്റ പിനിന്‍ഫാരിനയും എന്‍സോ ഫെറാറിയും ക്രിസ് ബാംഗിളും പോലെ ഇത്തരം താരങ്ങള്‍ ഏറെയുണ്ട്.

ജിഎമ്മില്‍ ഏളിനും മിച്ചലിനും പിന്നാലെ അവരുടെ തസ്തികയിലേക്കെത്തുന്ന ആറാമനായ വെല്‍ബേണ്‍ അഹങ്കാരത്തിന്റെ കാര്യത്തില്‍ മുന്‍ഗാമികള്‍ക്ക ് ഒരു അപവാദമായിരുന്നു. അന്യരോട് ഊഷ്മളമായി പെരുമാറുന്ന അദ്ദേഹം തന്റെ ഒപ്പവും കീഴിലും ജോലി ചെയ്യുന്നവരോടെല്ലാം  സംസാരിക്കും, അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യും. സ്വന്തം ഐഡിയകള്‍ പരീക്ഷിച്ചുനോക്കാന്‍ സ്വാതന്ത്ര്യം നല്‍കും. അതിനാല്‍ വലിയ കമ്പനികളില്‍ ഉള്ള തരം വകുപ്പാന്തരസ്പര്‍ദ്ധയൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. ജിഎമ്മില്‍ ഏത് സെക്ഷനിലും പോയി എഡ് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞാല്‍ മതിയത്രെ കാര്യങ്ങള്‍ എളുപ്പം നടക്കാന്‍. 'യൂനിയന്‍ നേതാക്കള്‍ പോലും എന്തു വേണമെങ്കിലും ചെയ്തു തരും, അത് എഡിന് വേണ്ടിയാണെന്ന് മാത്രം പറഞ്ഞാല്‍ മതി' , അദ്ദേഹത്തിന്റെ സ്വാധീനത്ത പറ്റി ജിഎമ്മിലെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

wb3

1970-കളിലെ ആഗോള എണ്ണ പ്രതിസന്ധിയുടെ കാലം തൊട്ട് 2008-ലെ ആഗോളമാന്ദ്യം വരെയുള്ള കാലത്ത് അദ്ദേഹം ജിഎമ്മിന്റെ വിവിധ ബ്രാന്‍ഡുകളുടെ ഡിസൈന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1930-കള്‍ മുതല്‍ 1970-കള്‍ വരെ വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണം വെച്ച് ജിഎം ആയിരുന്നു ലോകത്തിലെ നമ്പര്‍ വണ്‍ വാഹനനിര്‍മാതാവ്. ലോകയുദ്ധാനന്തര അമേരിക്കയിലെ കാറുകളെല്ലാം കുട്ടിബസ്സുകളുടെ നീളവും വീതിയുമുള്ള എണ്ണകുടിയന്‍ വണ്ടികളായിരുന്നു. എണ്ണപ്രതിസന്ധി പെട്ടന്ന് ആളുകളുടെ ശ്രദ്ധ ചെത്തിമിനുക്കി ചെറുതാക്കിയ, ഇന്ധനക്ഷമത കൂടിയ ജാപ്പനീസ് കാറുകളിലേക്ക് തിരിച്ചു. അവിടെ നിന്നങ്ങോട്ടാണ് ടൊയോട്ടയും ഹോണ്ടയും നിസ്സാനുമൊക്കെ യു.എസ്സ്.ഓട്ടോവിപണി പിടിച്ചടക്കിത്തുടങ്ങിയത്.  ഈ മാറ്റങ്ങളൊക്കെ വെല്‍ബേണും അന്നേ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെഹപ്രവര്‍ത്തകര്‍ പറയുന്നത് ( വെറുതെയല്ല ജിഎം ഇന്നും ലോകത്തിലെ നമ്പര്‍ വണ്‍ ആയി തുടരുന്നത്).

വെല്‍ബേണിന് കീഴില്‍ ജിഎം ഡിസൈന്‍ ഒരു ആഗോള സംഭവമായി മാറി. യു.എസ്സ്. മുതല്‍ ഇന്ത്യ വരെയുള്ള ഏഴ് രാജ്യങ്ങളിലായി 10 ഡിസൈന്‍ സെന്ററുകള്‍ അദ്ദേഹം കെട്ടിപ്പൊക്കി. എല്ലായിടത്തുമായി 2500-ലേറെ പേര്‍ ജോലി ചെയ്യുന്നു. 'എഡിന്റെ നേതൃത്വം ഉണ്ടെന്ന ഒറ്റക്കാരണം കൊണ്ട് ജിഎം ഡിസൈന്‍, ഓട്ടോ വ്യവസായത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സ്ഥാപനമായി മാറി' എന്നാണ് കമ്പനിയുടെ അദ്ധ്യക്ഷയും ചീഫ് എക്‌സിക്യുട്ടീവുമായ മേരി ബാറ പറഞ്ഞത്.

ജിഎമ്മിന്റെ പാരമ്പര്യത്തെ കുറിച്ച് ഏറെ ബോധവാനായിരുന്ന അദ്ദേഹം യുവപ്രതിഭകളെ കണ്ടെത്തുന്നതില്‍ മിടുക്കനുമായിരുന്നു. കാര്‍ രൂപകല്‍പ്പനയുടെ ഘട്ടത്തില്‍ തന്നെ എഞ്ചിനിയര്‍മാരുടെ അഭിപ്രായങ്ങള്‍ തേടി അവരെയും ആ ജോലിയില്‍ പങ്കാളികളാക്കുന്നതും വെല്‍ബേണിന്റെ കഴിവായിരുന്നു. അദ്ദേഹം ഡിസൈന്‍ വിഭാഗത്തിന്റെ മേധാവിയായ കാലത്താണ് ഷെവര്‍ലെ ഒരു ആഗോള ബ്രാന്‍ഡായത്.    2008-ലെ  ആഗോളമാന്ദ്യവും തുടര്‍ന്ന് ജിഎം പാപ്പരായി പുനസ്സംഘടിപ്പിക്കുകയും ചെയ്തതിന് ശേഷമുള്ള കാലമാണ് അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കാലം. വര്‍ഷങ്ങളായി ഒരേ രൂപത്തിലും ഭാവത്തിലും ഇറങ്ങുന്ന പല ബ്രാന്‍ഡുകളുടെയും പുതിയ മോഡലുകള്‍ക്ക് അദ്ദേഹം നവചൈതന്യം പകര്‍ന്നു, അവ വിപണിയില്‍ തരംഗങ്ങളുണ്ടാക്കി.  ജിഎമ്മിന്റെ ലക്ഷ്വറി ബ്രാന്‍ഡായ കാഡില്ലാക്കിനെ പുതുമോഡലുകളിലൂടെ വീണ്ടും ജനശ്രദ്ധയില്‍ കൊണ്ടുവന്നു. കമ്പനിയുടെ സര്‍വകാല ജനപ്രിയ മോഡലുകളായ കോര്‍വെറ്റ് കമാരോ, മാലിബു, സ്റ്റിങ്ങ്‌റേ എന്നിവയുടെ പുതിയ രൂപകല്‍പ്പനകള്‍ കൊണ്ട് ആരാധകരെ സംതൃപ്തരാക്കി.

വെല്‍ബേണിന്റെ ജി.എം കാറുകള്‍ PHOTOS

 

wb2

എത്രയോ ബഹുമതികള്‍ വെല്‍ബേണിനെ തേടിയെത്തി. 2009ല്‍ ഓട്ടൊമോട്ടീവ് ഹാള്‍ ഓഫ് ഫെയിമിന്റെ വിശിഷ്ടസേവാ പ്രശസ്തിപത്രം, 2012ല്‍ ഓട്ടൊമോട്ടീവ് പാരമ്പര്യസംരക്ഷണത്തിനുള്ള നിക്കോള ബുള്‍ഗാരി അവാര്‍ഡ്, 2015ല്‍ ബ്ലാക്ക് എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍ എന്നിവ അവയില്‍ ചിലതുമാത്രം. അദ്ദേഹത്തിന്റെ ടീം രൂപകല്‍പ്പന ചൈയ്ത  ഷെവര്‍ലെ വോള്‍ട്ട് എന്ന ഇലക്ട്രിക് കാര്‍ 2011ല്‍ നോര്‍ത്ത് അമേരിക്കന്‍ കാര്‍ ഓഫ് ദ ഇയര്‍ ബഹുമതി നേടി. അതിനു മുമ്പെ 2010ല്‍ ഷെവര്‍ലെ കമാരോ വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും 2008ല്‍ ഷെവര്‍ലെ മാലിബു നോര്‍ത്ത് അമേരിക്കന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

ഇന്നത്തെ കുട്ടികളുടെ പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നായ ട്രാന്‍സ്‌ഫോമേഴ്‌സ്: ദ ഏജ് ഓഫ് എക്സ്റ്റിങ്ഷന്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കുകയും ചെയതിട്ടുണ്ട് വെല്‍ബേണ്‍.  ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത് ജിഎം ഡിസൈന്‍ സെന്ററിനുള്ളില്‍ വെച്ചായിരുന്നു.  അവിടെ വെച്ച് വെല്‍ബേണിനെ പരിചയപ്പെട്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ മൈക്കെല്‍ ബേ തന്നെയാണ് ചെറുവേഷം ഓഫര്‍ ചെയ്തത്. ആദ്യം അമേരിക്കന്‍ രഹസ്യാന്വേഷണസേനയായ സി.ഐ.എ.യുടെ മേധാവിയുടെ വേഷമായിരുന്നു. പക്ഷേ, എത്ര വലുതായിട്ടും ഇന്നും കുട്ടികള്‍ക്ക് പോലും മനസ്സിലാവുന്ന സ്‌നേഹം കണ്ണിലുള്ള ഈ കറുത്തവന് പറ്റിയതല്ല ആ വേഷം എന്ന് സംവിധായകന് മനസ്സിലായി. ഒടുവില്‍, തീയേറ്ററുകളിലെത്തിയ ട്രാന്‍സ്‌ഫോമേഴ്‌സില്‍ എഡ് വെല്‍ബേണ്‍ അഭിനയിക്കുന്നത് ഒരു കാര്‍ ഡിസൈനര്‍ ആയിത്തന്നെയാണ്. ഇതാ ഒരു മനുഷ്യന്‍ എന്ന് പണ്ടാരോ പറഞ്ഞത് വെല്‍ബേണ്‍ ഏന്ന മനുഷ്യനെ പറ്റിയായിരുന്നു എന്ന് മനസ്സിലാകാന്‍ അത് പോരെ.