ചെന്നൈയില്‍ നിന്ന് അരവിന്ദ് തിരുവെങ്കടവും ബെംഗളുരുവില്‍ നിന്ന് ഹേമന്ത് കപ്പണ്ണയും അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്സിറ്റിയിലെത്തിയത് ഓട്ടൊമോബൈല്‍ എഞ്ചിനിയറിങ്ങ് പഠിക്കാനാണ്. എം.ഐ.ടി., പ്രിന്‍സ്റ്റണ്‍, കാല്‍ടെക്ക്, ഹാര്‍വാഡ് തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള പ്രതിഭാശാലികള്‍/പണക്കാര്‍/പാരമ്പര്യമുള്ളവര്‍ മോഹിക്കുന്ന തരം പഞ്ചനക്ഷത്ര സര്‍വകലാശാലയല്ല വെസ്റ്റ് വെര്‍ജീനിയ. അമേരിക്കന്‍ നിലവാരം വെച്ച് യുനൈറ്റഡ് സ്റ്റേറ്റ്സിലെ 50 സംസ്ഥാനങ്ങളില്‍ സമ്പത്തിന്റെയും സൗകര്യത്തിന്റെയും കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള നാലഞ്ചുപേരുടെ ഇടയിലാണ് വെസ്റ്റ് വെര്‍ജീനിയയുടെ സ്ഥാനം. സര്‍വകലാശാലയുടെ കാര്യവും തഥൈവ. കാട്ടുമുക്കില്‍ കിടക്കുന്ന ഒരു സാദാ യൂണിവേഴ്സിറ്റി. അവിടെത്തന്നെ, ആര്‍ക്കും വേണ്ടാത്തതെന്ന മട്ടില്‍ കിടന്ന 'കഫീ' അഥവാ സെന്റര്‍ ഫോര്‍ അള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍സ് എഞ്ചിന്‍സ് ആന്‍ഡ് എമിഷന്‍സ് (Centre for Alternative Fuels Engines and Emissions -CAFEE) എന്ന വാഹനപുക ഗവേഷണത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇരുവര്‍ക്കും പ്രവേശനം കിട്ടിയത്.  

ട്രക്കുകളുടെയും കാറുകളുടെയും പുക പരിശോധിച്ച് അതിലെ വ്യത്യസ്ത മാലിന്യങ്ങളുടെ അളവ് കണ്ടുപിടിക്കലും അതിനെ പറ്റി ഗവേഷണം നടത്തലും തന്നെ പണി. അങ്ങനെ വിശേഷങ്ങളൊന്നുമില്ലാത്ത പഠനഗവേഷണങ്ങളുമായി കഴിയുമ്പോഴാണ് 2012 നവമ്പറില്‍ യൂറോപ്പിലെ പരിസ്ഥിതി സംഘടനയായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്റെ (ഐസിസിടി) ടെന്‍ഡര്‍ അവരെ തേടിയെത്തിയത്. യൂറോപ്പിലും മറ്റ് നാടുകളിലുമൊക്കെ ജര്‍മന്‍ കാര്‍ കമ്പനികളായ ഫോക്സ്വാഗനും ബിഎംഡബ്ലിയുവുമക്കെ 'ക്ലീന്‍ ഡീസല്‍' എഞ്ചിനുകളുമായി ഇറക്കുന്ന വാഹനങ്ങള്‍ പൊതുനിരത്തുകളിലുണ്ടാക്കുന്ന പുകമാലിന്യം പരിശോധനാ ലാബുകളിലെ ഫലവും കമ്പനികള്‍ തന്നെ നടത്തുന്ന അവകാശവാദവുമൊക്കെ പോലെത്തന്നെയാണോ എന്ന് പരിശോധിക്കണം.

Read This; നാസികളുടെ കമ്പനിയെ രക്ഷിച്ച ജൂതന്‍

ഐസിസിടി ഈ ആവശ്യം വെക്കാന്‍ കാരണമുണ്ട്. ലാബിലെ പരിശോധനയില്‍ കാണിക്കുന്ന ഇന്ധനക്ഷമതയും മാലിന്യക്കുറവുമൊന്നും യഥാര്‍ത്ഥജീവിതത്തില്‍ ഇതേ വാഹനങ്ങളോടിക്കുമ്പോള്‍ ലഭിക്കാറില്ലെന്ന് പല ഉപഭോക്താക്കളും വിദഗ്ധരും പരാതിപ്പെടുന്നു. ലാബുകളില്‍ ചക്രങ്ങളുടെ എതിര്‍ദിശയില്‍ കറങ്ങുന്ന റോളറുകള്‍ക്ക് മുകളില്‍ നിര്‍ത്തിയ കാര്‍ ഓടിച്ചുനോക്കിയാണ് പരിശോധനകള്‍. അതായത് ചക്രങ്ങള്‍ ആവശ്യമായ വേഗത്തില്‍ കറങ്ങുമെങ്കിലും ഫലത്തില്‍ ഒരു മുറിക്കുള്ളില്‍ നിശ്ചലമായി നില്‍ക്കുന്ന കാറിലാണ് പരിശോധന. ഇങ്ങനെ ട്രെഡ് മില്ലില്‍ നിന്നുകൊണ്ട് ഓടുമ്പോലെയല്ല വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഗതാഗതക്കുരുക്കുകളുമുള്ള പൊതുനിരത്തിലൂടെ ഓടുന്നതും ഓടിക്കുന്നതും. പൊതുനിരത്തുകളില്‍ ഓടുന്ന വണ്ടിയുടെ മാലിന്യവും ഇന്ധനക്ഷമതയും അളക്കാനുള്ള ഉപകരണങ്ങളൊന്നും യൂറോപ്പിലെ ഏജന്‍സികള്‍ക്കില്ല. അങ്ങനെയാണവര്‍ വെസ്റ്റ് വെര്‍ജീനിയയിലെത്തിയത്. ഫോക്സ്വാഗന്റെ ജെറ്റ, പസ്സാറ്റ് മോഡലുകളും ബിഎംഡബ്ലിയുവിന്റെ 5 സീരീസിലെ ഒരു മോഡലും അമേരിക്കന്‍ നിരത്തുകളില്‍ ഓടിച്ച് അവ പുറത്തുവിടുന്ന 'റിയല്‍ വേള്‍ഡ്‌ ' മലിനീകരണം അളന്നുകണ്ടുപിടിക്കണം. കഫീയ്ക്ക് അത് ചെയ്യാനുള്ള സാങ്കേതിക വൈദഗ്ധ്യമുണ്ടായിരുന്നു. പൊതുനിരത്തുകളില്‍ ഓടിച്ചുകൊണ്ടുതന്നെ ട്രക്കുകളുടെ പുക പരിശോധിക്കാന്‍ അവര്‍ പോര്‍ട്ടബിള്‍ പരിശോധനയന്ത്രവും സ്വയം നിര്‍മിച്ചിട്ടുണ്ട്.

Diesel Scandel

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഫീയുടെ ഡയറക്ടറായ ഡാനിയെല്‍ കാര്‍ഡര്‍ തയ്യാറായി. ജോലി ചെയ്യാന്‍ രണ്ട് ലക്ഷം ഡോളറിന്റെ ബജറ്റാണ് സമര്‍പ്പിച്ചതെങ്കിലും ഐസിസിടിയുടെ ദാരിദ്ര്യം മൂലം 70,000 ഡോളറേ കിട്ടിയുള്ളു. അരവിന്ദിനും ഹേമന്തിനും ഒപ്പം മാര്‍ക് ബെഷ് എന്ന സ്വിസ്സ് ചെറുപ്പക്കാരനുമായിരുന്നു പരിശോധനസംഘം.

Dieselgate Scanda
ഹേമന്ത് കപ്പണ്ണ, അരവിന്ദ് തിരുവെങ്കടം, മാര്‍ഷ് ബെഷ്‌

അമേരിക്കയിലാരും ഡീസല്‍ എഞ്ചിനുകളുള്ള യാത്രാവാഹനങ്ങള്‍ നിര്‍മിക്കാറില്ല. ട്രക്കുകളും ലോറികളും പോലുള്ള ഘനവാഹനങ്ങളില്‍ മാത്രമേ അതുള്ളു. ആകെ ഒരു ഡീസല്‍ കാര്‍ നിര്‍മിച്ചത് ജനറല്‍ മോട്ടോഴ്സ് മാത്രമാണ്. 1970-കളില്‍ ഓള്‍ഡ്സ്മോബൈല്‍ എന്ന തങ്ങളുടെ ബ്രാന്‍ഡിന്റെ ഒരു മോഡല്‍ ഡീസല്‍ എഞ്ചിനുമായി ജി.എം. നിര്‍മിച്ചു. പഴയ കാലത്തെ ഡീസല്‍ എഞ്ചിനുകള്‍ക്ക് ന്യൂനതകള്‍ ഏറെയാണ്. തണുപ്പ് കാലത്ത് സ്റ്റാര്‍ട്ടാക്കാന്‍ പ്രയാസമാണ്, എഞ്ചിന് ശബ്ദവും കുലുക്കവും കരിയും പുകയുമെല്ലാം കൂടുതലുമാണ്. ആ ഇന്ധനത്തെത്തന്നെ അവര്‍ 'ഡേട്ടി ഡീസല്‍' എന്നാണ് വിളിക്കുക. എന്തായാലും ഓള്‍ഡ്സ്മോബൈലിന്റെ ഡീസല്‍ കാര്‍ വിപണിയില്‍ പൊളിഞ്ഞു, പില്‍ക്കാലത്ത് ആ കമ്പനി തന്നെ പൂട്ടിപ്പോവുകയും ചെയ്തു. ഇത്തരമൊരു ലോകത്തില്‍ ജീവിക്കുന്ന ഹേമന്തിനും അരവിന്ദിനുമൊക്കെ ക്ലീന്‍ ഡീസല്‍ എന്ന പ്രയോഗത്തെപ്പറ്റി കൗതുകങ്ങളുണ്ടായിരുന്നു.

Read This; വാഹനലോകത്തെ അതികായരായ ജര്‍മന്‍ മാഫിയ

ഡീസല്‍ എഞ്ചിനില്‍ നിന്ന് പെട്രോള്‍ എഞ്ചിനില്‍ നിന്നുണ്ടാകുന്നതിലും കുറഞ്ഞ അളവില്‍ മാത്രമേ ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാകൂ. പക്ഷേ മനുഷ്യന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ ഡീസലില്‍ കൂടുതലാണ്. എന്‍ഒഎക്സുകള്‍ എന്ന് വിളിക്കുന്ന ഈ വാതകങ്ങള്‍ ശ്വാസകോശരോഗങ്ങള്‍ തൊട്ട് കാന്‍സറിന് വരെ കാരണമാകും. പോരെങ്കില്‍ അവ അമ്ലമഴ (ആസിഡ് റെയിന്‍) പുകമഞ്ഞ് (സ്മോഗ്) എന്നിവയ്ക്കും കാരണമാകും. എന്‍ഒഎക്സുകളുടെ അളവ് കുറയ്ക്കാന്‍ നിലവില്‍ രണ്ട് സാങ്കേതികവിദ്യകളാണുള്ളത്. എഞ്ചിനില്‍ നിന്നുള്ള പുകയിലേക്ക് യൂറിയ ലായനി തളിക്കുകയാണ് ഒന്ന്. യൂറിയ എന്‍ഒഎക്സുകളെ നൈട്രജനും ഓക്സിജനുമായി മാറ്റും. മറ്റൊന്ന് വിഷവാതകങ്ങളെ ആഗിരണം ചെയ്യുന്ന അഡ്സോര്‍ബര്‍ എഞ്ചിനില്‍ ഘടിപ്പിക്കല്‍. രണ്ട് പരിഹാരങ്ങള്‍ക്കും ന്യൂനതകളുമുണ്ടായിരുന്നു. യൂറിയയാണെങ്കില്‍ വാഹനം ഏതാനും ആയിരം കിലോമീറ്റര്‍ ഓടുമ്പോഴേക്കും തീരും, ടാങ്ക് വീണ്ടും നിറയ്ക്കണം. അഡ്സോര്‍ബറാണെങ്കില്‍ പ്രവര്‍ത്തിക്കുന്നത് ഉന്നതോക്ഷ്മാവില്‍ മാത്രമാണ്, അതിന് വേണ്ടി എഞ്ചിന്‍ കൂടുതല്‍ പ്രവര്‍ത്തിക്കണം, അതിനായി കൂടുതല്‍ ഇന്ധനം ചെലവാക്കുകയും വേണം.

ആദ്യത്തെ പ്രശ്നം പരിശോധനകള്‍ക്കുള്ള വാഹനങ്ങള്‍ സംഘടിപ്പിക്കലായിരുന്നു. മൂവരും ഫോക്സ്വാഗനെയും ബിമ്മറിനെയും സമീപിച്ചു. ജെറ്റയും പസ്സാറ്റും 5 സീരീസുമൊക്കെ പ്രീമിയം ഗണത്തില്‍ പെട്ട വാഹനങ്ങളാണ് - അര ലക്ഷവും മുക്കാല്‍ ലക്ഷവും ഡോളര്‍ നിരക്കില്‍ (ഇന്ത്യന്‍ കണക്കില്‍ അരക്കോടി രൂപയുടെ ചുറ്റവുട്ടം) വിലയുള്ള മോഡലുകള്‍. അതൊന്നും പിള്ളേര്‍ക്ക് പരിശോധന നടത്താനായി വിട്ടുകൊടുക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. വെസ്റ്റ് വെര്‍ജീനിയയിലെ കാര്‍ റെന്റല്‍ കമ്പനികളിലൊന്നും ഡീസല്‍ കാറുകളുമുണ്ടായിരുന്നില്ല. കഫീ സംഘം പത്രത്തില്‍ കൊടുത്ത പരസ്യം കണ്ട് മേപ്പടി കാറുകള്‍ കൈവശമുള്ള സ്വകാര്യ ഉടമകളാരും കാറുകള്‍ വിട്ടുനല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നുമില്ല.

അങ്ങനെയാണ് അമേരിക്കയുടെ കിഴക്കേ അറ്റത്തുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തനം പശ്ചിമതീരത്തുള്ള കാലിഫോണിയയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കാലിഫോണിയയിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കാലിഫോണിയ എയര്‍ റിസോഴ്സസ് ബോഡുമായി (കാര്‍ബ് California Air Resources Board-CARB) വെസ്റ്റ് വെര്‍ജീനിയ ലാബിന് ബന്ധങ്ങളുണ്ട്, പോരെങ്കില്‍ അന്നാട്ടില്‍ ഫോക്സ്വാഗന്റെയും ബിമ്മറിന്റെയും കാറുകള്‍ വാടകയ്ക്ക് കിട്ടാനുമുണ്ട്. പോര്‍ട്ടബിള്‍ പുകപരിശോധന ഉപകരണങ്ങള്‍ ഈ കാറുകളില്‍ ഘടിപ്പിക്കുക എന്നതായിരുന്നു ഒരു പ്രശ്നം. ഉപകരണത്തിന് വേണ്ട വൈദ്യുതിക്കായി ബാറ്ററി ഉപയോഗിക്കുകയാണെങ്കില്‍ അര മണിക്കൂറില്‍ ചാര്‍ജ് തീരും, കാറിന്റെ പവര്‍ സിസ്റ്റവുമായി ഘടിപ്പിച്ചാലും പ്രശ്നമാണ് - വൈദ്യുതി ധാരാളമായി ഉപയോഗിക്കുന്ന ഉപകരണത്തിനായി എഞ്ചിന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചാല്‍ അപ്പോള്‍ കിട്ടുന്ന ഫലങ്ങള്‍ സാധാരണ മട്ടില്‍ കാറോടിക്കുമ്പോള്‍ കിട്ടുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഒടുവില്‍ ഉപകരണത്തിനായി ഒരു ജനറേറ്റര്‍ ഒപ്പം വെക്കാന്‍ തീരുമാനമായി. 

കഫീയിലെ മൂവര്‍ സംഘം കാര്‍ബിന്റെ പുകപരിശോധനാലാബില്‍ പരീക്ഷിച്ച ശേഷം ഇതേ വാഹനങ്ങള്‍ ഹൈവേകളിലും നഗരപാതകളിലും നാട്ടിന്‍പുറത്തെ റോഡുകളിലുമെല്ലാമായി ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം ഓടിച്ചു. അമ്പരപ്പിക്കുന്നതായിരുന്നു ഫലങ്ങള്‍ -പരീക്ഷണശാലക്കുള്ളില്‍ നിയമം അനുവദിക്കുന്നതിലും കുറഞ്ഞ അളവില്‍ മാത്രം എന്‍ഒഎക്സുകള്‍ പുറത്തുവിടുന്ന ഫോക്സ്വാഗന്‍ പൊതുനിരത്തിലെത്തുമ്പോള്‍ ആദ്യം കാണിച്ചതിന്റെ ഇരുപതും മുപ്പതും ഇരട്ടിയാണ് മലിനവാതകങ്ങള്‍ പുറത്തുവിടുന്നത്! ഇത് തങ്ങളുടെ പരിശോധനോപകരണങ്ങളുടെ തകരാറാണോ എന്നറിയാന്‍ മൂവരും ആവുന്നതെല്ലാം ചെയ്ത് വാഹനങ്ങള്‍ വീണ്ടും വീണ്ടുമോടിച്ചുനോക്കി. പക്ഷേ, ഫലത്തില്‍ മാറ്റമൊന്നമില്ല. എന്തുചെയ്യാന്‍, മൂന്നു പേരും കുറ്റാന്വേഷണ വിദഗ്ധരല്ല എഞ്ചിനിയര്‍മാരായിരുന്നു, പുക പുറത്തുവിടുന്ന എക്സോസ്റ്റ് പൈപ്പിന്റെ എന്തോ പ്രശ്നമായിരിക്കും പ്രശ്നം എന്ന നിഗമനത്തിലെത്തിയ അവര്‍ അങ്ങനെ റിപ്പോര്‍ട്ടും തയ്യാറാക്കി സമര്‍പ്പിച്ചു. 

വിരസമായ ഒരു പേരിട്ട 117 പേജുള്ള ആ റിപ്പോര്‍ട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷം, മാര്‍ച്ച് 2014-ല്‍, സാന്‍ ഡിയേഗോവില്‍ നടന്ന ഒരു സമ്മേളനത്തിലും അവര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും എണ്ണ വ്യവസായത്തിലെയും വാഹനവ്യവസായത്തിലെയും പ്രതിനിധികളും കുറെ ഗവേഷകന്മാരുമെല്ലാം പങ്കെടുത്ത ആ യോഗത്തില്‍ വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്സിറ്റിയിലെ മുന്‍ അധ്യാപകനും അപ്പോള്‍ കാര്‍ബിന്റെ ഉപമേധാവിയുമായ ആല്‍ബെര്‍ട്ടോ അയാലയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഡാനിയെല്‍ കാര്‍ഡറിനെ പരിചയമുണ്ട്, മാര്‍ക്കും ഹേമന്തും അരവിന്ദും മിടുക്കന്മാരാണെന്ന് അറിയുകയും ചെയ്യാം. സമ്മേളനം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാലിഫോണിയ എയര്‍ റിസോഴ്സസ് ബോഡില്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു, കാലിഫോണിയയില്‍ ഓടുന്ന ഫോക്സ്വാഗന്‍ കാറുകളുടെ മലിനീകരണത്തെ കുറിച്ചു പഠിക്കാന്‍.

പുകപരിശോധന ലാബിലെ റോളറുകള്‍ക്ക് മുകളില്‍ ശരിക്കും ഓടുന്നത് പോലെ ചക്രങ്ങള്‍ കറങ്ങുമെങ്കിലും ആ നേരത്ത് ഒരു പൊട്ടനും സ്റ്റിയറിങ്ങ് തിരിച്ചുകളിക്കില്ല. ഈ വിവരം സോഫ്റ്റ് വെയര്‍ രൂപത്തില്‍ കാറിലെ കമ്പ്യൂട്ടറിന് പറഞ്ഞുകൊടുത്തുട്ടള്ളതിനാല്‍ ടെസ്റ്റിങ്ങാണ് സംഭവം എന്ന് പെട്ടന്ന് മനസ്സിലാക്കാനും ആ സമയത്ത് വിധിയാംവണ്ണം പുകയിലേക്ക് യൂറിയ സ്പ്രേ ചെയ്യാനും കമ്പ്യൂട്ടര്‍ യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കും. ഈ വിവരം ഏറെ വൈകാതെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ചതി സോഫ്റ്റ്വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഫോക്സ്വാഗന്‍ കുറ്റസമ്മതം നടത്തി. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ആയ മാര്‍ട്ടിന്‍ വിന്റര്‍കോണിന് ജോലി നഷ്ടപ്പെട്ടു, കമ്പനിയുടെ പല മുതിര്‍ന്ന എക്സിക്യുട്ടീവുകളും ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. കമ്പനി ഈ ചതി ലോകവ്യാപകമായിട്ടാണ് ചെയ്തതെങ്കിലും അമേരിക്കയില്‍ മാത്രം അവിടത്തെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ജയിലിലുമായി. കേസുകളെല്ലാം ഒത്തുതീര്‍ക്കാന്‍ വേണ്ട നഷ്ടപരിഹാരമായും ഓഹരിവിലയിടിവിന്റെ രൂപത്തിലും ഫോക്സ്വാഗന് 2500 കോടി യൂറോ (ഏതാണ്ട് രണ്ട് ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടു. 

ഫോക്സ് വാഗന്‍ എന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെ ഏതാനും നത്തോലികള്‍ കീറിമുറിച്ച കഥ ഇവിടെ തീര്‍ന്നില്ല. 2015 മുതല്‍ 2017-ന്റെ ആദ്യപാതി വരെയുള്ള കാലത്താണ് ഇത്രയും സംഭവിച്ചത്. ഈ കഷ്ടകാലത്തിനെ കമ്പനി അതിജീവിച്ചു, 2018 തുടങ്ങുമ്പോഴേക്കും ഫോക്സ് വീണ്ടും വാഹനലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ഇന്നിപ്പോള്‍ ഏറ്റവുമേറെ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളുണ്ടാക്കുന്ന മാതൃകാസ്ഥാപനം എന്ന പദവി കൂടി പിടിച്ചെടുക്കാനാണവരുടെ ശ്രമം. അപ്പോഴാണ് വെസ്റ്റ് വെര്‍ജീനിയയുടെ കിഴക്കുള്ള വെര്‍ജീനിയയിലെ മറ്റൊരു ചെറുമീന്‍ ജര്‍മന്‍ കമ്പനിയുടെ കഴുത്തിന് തന്നെ കത്തി വെച്ചത്. ഏതെങ്കിലും സര്‍വകലാശാലയുടേയോ സന്നദ്ധസംഘടനയുടെയോ ഒന്നും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ഒരഭിഭാഷകനാണ് ഈ പുതിയ നെത്തോലി. പേര് മൈക്കേല്‍ മെല്‍കേഴ്സണ്‍. വെര്‍ജീനിയയിലെ ഒരു കൊച്ചുപട്ടണമായ ന്യൂ മാര്‍ക്കറ്റിലെ ലോക്കല്‍ വക്കീല്‍. അരവിന്ദ്-ഹേമന്ത് സംഘത്തിന്റെ പഠനം വരുത്തിവെച്ച വിനയുടെ ഭാഗമായി അമേരിക്കയില്‍ തങ്ങള്‍ വിറ്റ 5.5 ലക്ഷം കാറുകള്‍ വാങ്ങിയവര്‍ക്ക് മൊത്തമായി 1000 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്ന് ഫോക്സ്വാഗന്‍ അമേരിക്കന്‍ സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു. 

diesel emissions scandal
മൈക്കേല്‍ മെല്‍കേഴ്സണ്‍

അങ്ങനെ എല്ലാവര്‍ക്കും കൊടുക്കുന്ന നഷ്ടപരിഹാരമല്ല തങ്ങള്‍ക്ക് വ്യക്തിപരമായുള്ള നഷ്ടപരിഹാരം മതി എന്ന് തീരുമാനിച്ച മുന്നൂറോളം കാറുടമകളുടെ നിയമജ്ഞനായിട്ടാണ് മെല്‍കേഴ്സണ്‍ ചിത്രത്തില്‍ വന്നത്. വാദങ്ങള്‍ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാനായി, അതിനകം പൊതുവേദിയില്‍ ലഭ്യമായ ഫോക്സ്വാഗന്‍ വിചാരണയിലെ കോടതിരേഖകളൊക്കെ അദ്ദേഹം പഠിച്ചു.

അങ്ങനെയാണ് ഔഡിയുടെ അമേരിക്കയിലെ ലോബിയിസ്റ്റ് ഫോക്സ്വാഗന് അയച്ച കത്ത് കണ്ടെത്തിയത്. എന്‍ഒഎക്സുകള്‍ മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഗവേഷകരടക്കം എത്രയോ പേര്‍ നടത്തുന്ന പഠനങ്ങള്‍ ശാസ്ത്രജേണലുകളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ നൈട്രജന്‍ ഓക്സൈഡുകള്‍ നിരുപദ്രവകാരികളാണെന്ന് ഒരു ശാസ്ത്രജ്ഞനും പറയുന്നില്ല. ഇതിനെ പറ്റി എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് നല്ലത്, എന്നായിരുന്നു സന്ദേശകാവ്യത്തിന്റെ രത്നച്ചുരുക്കം.

ചതിസോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ എഞ്ചിനുകളെ മാത്രമല്ല വ്യജശാസ്ത്രപ്രചാരണത്തിലൂടെ പൊതുജനാഭിപ്രായത്തേയും ഫോക്സ്വാഗന്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു എന്ന് മെര്‍ക്കെല്‍സണ് തോന്നി. ഫോക്സ്വാഗണ്‍  മാത്രമല്ല ബിഎംഡബ്ലിയുവും ഡയംലറും ബോഷുമടങ്ങുന്ന വ്യവസായ മാഫിയ അമേരിക്കയില്‍ ലോബിയിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി ഗവേഷണസ്ഥാപനത്തന്റെ രൂപത്തില്‍ ഒരു സംഘടന നടത്തിയിരുന്നു എന്ന സത്യം പുറത്തുവന്നത് മെര്‍ക്കെല്‍സണ്‍ നടത്തിയ തുടരന്വേഷണങ്ങളുടെ ഫലമായിട്ടാണ്. 

'റോഡ് ഗതാഗതത്തിന്റെ പാരിസ്ഥിതികവും വൈദ്യശാസ്ത്രപരവുമായ ഫലങ്ങളെ' കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ റിസേര്‍ച്ച് അസ്സോസിയേഷന്‍ ഫോര്‍ ദ എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ ദ ട്രാന്‍സ്പോര്‍ട്ട് സെക്ടര്‍ (ഇയുജിടി) എന്ന പേരില്‍ 2007-ല്‍ (അതിന് തൊട്ടുമുന്‍ വര്‍ഷമാണ് ഫോക്സ്വാഗന്റെ ക്ലീന്‍ ഡീസല്‍ കാറുകള്‍ അമേരിക്കന്‍ വിപണിയിലെത്തിയത്്) തുടങ്ങി. ഈ 'സ്വതന്ത്ര' ഗവേഷണസ്ഥാപനത്തിന്റെ മേധാവി വര്‍ഷങ്ങളോളം ഫോക്സ്വാഗന്റെ കമ്പനി ഡോക്ടറായിരുന്ന മൈക്കേല്‍ സ്പാല്ലക് ആയിരുന്നു. അദ്ദേഹമടക്കമുള്ള ഇയുജിടി മേധാവികള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളു സ്ഥാപനത്തിന്റെ ലക്ഷ്യം സ്വതന്ത്രമായ ഗവേഷണമായിരുന്നില്ലെന്ന്.

കാര്‍ കമ്പനിക്കാരുടെ ഗവേഷണസ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ പല ഗവേഷണങ്ങള്‍ നടത്തുകയും ഫലങ്ങള്‍ പ്രബന്ധരൂപത്തില്‍ മാന്യമായ ചില ജേണലുകളിലൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചില സാമ്പിളുകള്‍ ഇതാ: നഗരങ്ങളില്‍ വാഹനരഹിത പ്രദേശങ്ങള്‍ ഉണ്ടാക്കിയാല്‍ അന്തരീക്ഷമലിനീകരണം കുറയുമോ? ഒരു തെളിവുമില്ലെന്ന് പഠനം. ഡീസല്‍ എഞ്ചിനുകളുടെ മലിനീകരണം കാന്‍സറുണ്ടാക്കുമോ? അക്കാര്യത്തില്‍ ഉറപ്പില്ലെന്ന് ഗവേഷകര്‍. കാറുകളുടെ രാത്രികാലത്തെ ശബ്ദമലിനീകരണം ആരോഗ്യത്തിന് ഹാനികരമാണോ? ശബ്ദം നിരന്തരമായി ഉണ്ടാകുന്നതാണെങ്കില്‍ കുഴപ്പമില്ലെന്ന് തെളിവുകള്‍...

ഇതേ കാലത്ത് തന്നെ അമേരിക്കയില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ജര്‍മന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മാര്‍ക്കറ്റിങ്ങ് ബ്ലിറ്റ്സ്‌ക്രീഗ് തന്നെ ഫോക്സ്വാഗന്‍ നടത്തുന്നുണ്ടായിരുന്നു. യു.എസ്സില്‍ കിട്ടുന്ന ഏറ്റവും പരിസ്ഥിതിസ്നേഹി കാറായ ടൊയോട്ട പ്രയസ്സിനേക്കാള്‍ മാലിന്യം കുറവാണ് ഔഡിക്കും പസ്സാറ്റിനുമെല്ലാം എന്നവകാശപ്പെടുന്ന തകര്‍പ്പന്‍ പരസ്യങ്ങള്‍ അവര്‍ അവതരിച്ച് കൈയടി നേടുന്നുമുണ്ടായിരുന്നു.

പക്ഷേ, ജര്‍മന്‍ കമ്പനികള്‍ക്കായി 'സ്വതന്ത്ര'ഗവേഷണങ്ങള്‍ നടത്തുന്ന ഇയുജിടി ക്രൂരമെന്ന് വിളിക്കേണ്ട മറ്റൊരു പരീക്ഷണം കൂടി ആരംഭിച്ചു. വായു കടക്കാത്ത കൂട്ടിലടച്ച 10 കുരങ്ങുകളെ ഒരു 2013 ഫോക്സ് വാഗന്‍ ബീറ്റിലിന്റെ എഞ്ചിനില്‍ നിന്നുള്ള പുക ശ്വസിപ്പിച്ചു, വേറെ പത്തു കുരങ്ങുകളെ ഒരു പഴയ ഫോഡ് എഫ് സീരീസ് പിക്കപ് ട്രക്കിന്റെ പുകയും. വിഷപ്പുക ശ്വസിക്കുന്ന നേരമത്രയും കുരങ്ങുകളുടെ സന്തോഷത്തിന് ടിവിയില്‍ കാര്‍ട്ടൂണ്‍ സിനികള്‍ കാണിക്കുന്നുണ്ടായിരുന്നു.

അമേരിക്കയില്‍ ന്യൂ മെക്സിക്കോയിലെ ലവ്ലേസ് റെസ്പിരേറ്ററി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് 7.3 ലക്ഷം രൂപ നല്‍കിയാണ് ഇയുജിടി ഗവേഷണം നടത്തിയത്. തങ്ങളുടെ ചതി സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന ബീറ്റിലിലെ സാമാന്യം ശുദ്ധമായ പുകയാണ് കുരങ്ങുകള്‍ ശ്വസിച്ചത്. ഏതാനും ദിവസം ഇങ്ങനെ പുകശ്വസിപ്പിച്ച ശേഷം ഈ കുരങ്ങുകളെ കൊന്ന് അവയുടെ ശ്വാസനാളവും ശ്വാസകോശവും പഠിക്കണം. എല്ലാ കുരങ്ങുകളുടെയും ദേഹപരിശോധന കഴിഞ്ഞപ്പോള്‍ ലൗലേസിലെ ഗവേഷകര്‍ അങ്കലാപ്പിലായി. കാരണം പ്രതീക്ഷിച്ചതിന് നേര്‍വിപരീതമായ ഫലമാണ് അവര്‍ കണ്ടെത്തിയത്. ഫോഡ് പിക്കപ്പിന്റെ പുക ശ്വസിച്ച കുരങ്ങുകളുടെ ആരോഗ്യത്തില്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല ബീറ്റിലിന്റെ പുക ശ്വസിച്ച കുരങ്ങുകളുടെയെല്ലാം ശ്വാസനാളങ്ങള്‍ ചുവന്നുതിണര്‍ത്തുതുടങ്ങിയിരുന്നു.

സ്വാഭാവികമായും ഗവേഷണഫലം എവിടെയും പ്രസിദ്ധീകരിക്കാന്‍ ആരും കൊടുത്തില്ലെന്ന് മാത്രമല്ല അപ്പോഴേക്കും ഫോക്സ്വാഗന്റെ ചതി സോഫ്റ്റ്വെയറിന്റെ കഥ പുറംലോകം അറിയുകയും ചെയ്തുകഴിഞ്ഞിരുന്നു.

ഇപ്പോള്‍, ഫോക്സ് വാഗന്‍ വീണ്ടും വിജയക്കൊടി പാറിച്ചുതുടങ്ങിയ 2018-ലെ ആദ്യമാസം തന്നെ മെര്‍ക്കെല്‍സണ്‍ സണ്‍ കണ്ടെത്തിയ കാര്യങ്ങള്‍ 'ഡേട്ടി മണി' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയായി നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്തു. ആ ചിത്രത്തില്‍ ടിവിയില്‍ കാര്‍ട്ടൂണും കണ്ട് വിഷവാതകം ശ്വസിക്കുന്ന കുരങ്ങുകളുടെ ദൃശ്യത്തിന് തൊട്ടുപിന്നാലെ കാണിക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക പരേഡുകള്‍ പരിശോധിക്കുന്ന ഹിറ്റ്ലറെയാണ്. തനിക്കിഷ്ടമില്ലാത്ത മതവിഭാഗക്കാരായതിനാല്‍ ലക്ഷക്കണക്കായി യഹൂദരെ ഗ്യാസ് ചേമ്പറുകളിലടച്ച് വിഷവാതകങ്ങളുപയോഗിച്ച് കൊന്നൊടുക്കിയ മനുഷ്യന്റെ ദൃശ്യം വേണ്ട ഫലം ചെയ്തു. 

ജന്മനാടായ ജര്‍മനിയില്‍ത്തന്നെ ഈ കഥ വലിയ നടുക്കമാണ് സൃഷ്ടിച്ചത്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ ബിഎംഡബ്ലിയുവും ഡയംലറും തങ്ങള്‍ക്കീ നീചകൃത്യവുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് പ്രസ്താവനകള്‍ ഇറക്കി. ഫോക്സ് വാഗന്റെ തന്നെ സി.ഇ.ഒ. ആയ മാത്തിയാസ് മുള്ളര്‍ തന്നെ മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങള്‍ കമ്പനിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും തന്റെ അറിവില്ലാതെ നടന്ന ഈ പരീക്ഷണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടികളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. 

Content Highlights; Three Students Who Uncovered Volkswagen Dieselgate Scandal