വാഹനങ്ങളാണ് എല്ലാ ഓട്ടോ ഷോകളിലും താരങ്ങള്‍. ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ നവമോഡലുകള്‍ പലതും അനാവരണം ചെയ്യപ്പെടുക ഈ മേളകളിലാണ്. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പുറത്തെത്തുന്ന വെട്ടിത്തിളങ്ങുന്ന വണ്ടികള്‍ക്ക് ചുറ്റുമാകും ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും തിങ്ങിക്കൂടുക. ഈ സ്വപ്നവാഹനങ്ങളുടെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മനുഷ്യര്‍ക്ക് പോലും വെറും സപ്പോര്‍ട്ടിങ്ങ് ആര്‍ട്ടിസ്റ്റുകളുടെ പ്രാധാന്യമേയുള്ളു. ഒരു ഓട്ടോ ഷോയില്‍ വാഹനത്തിന് പകരം മനുഷ്യന് ഇത്തരം താരപരിവേഷം ലഭിക്കുന്നുണ്ടെങ്കില്‍ അയാള്‍ അവിടെ എത്തിപ്പെട്ട വല്ല രാഷ്ട്രത്തലവനോ താരപരിവേഷമുള്ള ശതകോടീശ്വരനോ ഹോളിവുഡ് സൂപ്പര്‍ താരമോ ആയിരിക്കും.  

Sergio Marchionne

അതിനൊരു അപവാദമായ 2011-ലെ ജനീവ ഓട്ടോ ഷോയില്‍ മാധ്യമശ്രദ്ധ മുഴുവന്‍ പിടിച്ചെടുത്തത് ഒരു വാഹനക്കമ്പനിയുടെ മേധാവിയായ മദ്ധ്യവയസ്‌കനായിരുന്നു. ലക്ഷങ്ങളുടെ സൂട്ടും ബൂട്ടുമണിഞ്ഞ കാര്‍ കമ്പനി എക്സിക്യുട്ടീവുകളുടെ രൂപം പരിചയിച്ച മാധ്യമപ്രവര്‍ത്തകര്‍ ജീന്‍സും കഴുത്തില്‍ ബട്ടനിടാത്ത ഷര്‍ട്ടിന് മുകളിലൂടെ ചുളിഞ്ഞ കറുത്ത സ്വെറ്ററുമണിഞ്ഞ ഈ 58-കാരന്റെ ചുറ്റും തടിച്ചുകൂടിയത് ഈ 'അലമ്പ്' വേഷത്തിന്റെ പേരിലല്ല, അമേരിക്കയിലേയും യൂറോപ്പിലെയും അന്ത്യശ്വാസം വലിക്കുന്ന രണ്ട് ലോകപ്രശസ്ത ഓട്ടൊമൊബീല്‍ കമ്പനികളെ രക്ഷിച്ച് വിജയത്തിന്റെ നെറുകയിലെത്തിച്ചതിന്റെ പേരിലായിരുന്നു. യൂറോപ്പില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന് ആഗോള ഓട്ടൊമോട്ടീവ് വ്യവസായത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയിമാറിയ സെര്‍ജിയോ മര്‍ക്കിയോണായിരുന്നു അത്. 2011-ലെ ജനീവ ഷോയില്‍ അനാവരണം ചെയ്യപ്പെട്ട മെഴ്സിഡീസിന്റെയും ബിമ്മറിന്റെയും വോള്‍വോയുടെയും ലാന്‍ഡ്റോവറിന്റെയും പുതിയ മോഡലുകളേക്കാള്‍ വാര്‍ത്താപ്രാധാന്യം ആ മനുഷ്യനുണ്ടായിരുന്നു.

ഇറ്റലിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫിയറ്റിനെ മരണക്കിടക്കയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ഡെട്രോയിറ്റിലെ വമ്പന്‍ ത്രിമൂര്‍ത്തികളിലൊന്നായ ക്രൈസ്‌ലറിനെ പാപ്പരാകുന്ന ഘട്ടത്തില്‍ ഏറ്റെടുത്ത് വിജയത്തിലേക്ക് നയിക്കുകയും ചെയ്ത അദ്ദേഹം ജൂലൈ 25-ന് അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു.

'ഓട്ടോവ്യവസായത്തിന് ശരിക്കും ഒരു അതികായനെയാണ് നഷ്ടമായിരിക്കുന്നത്‌. ഞങ്ങളില്‍ പലര്‍ക്കും ഒരു ഉറ്റമിത്രവും', എന്നാണ് മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഡയംലറിന്റെ ചീഫ് എക്സിക്യുട്ടീവായ ഡെയ്റ്റര്‍ സെറ്റ്ഷെ പ്രതികരിച്ചത്. പ്യൂഷോ, സിട്രോയെന്‍ വാഹനങ്ങള്‍ നിര്‍മിക്കുന്ന പിഎസ്എ ഗ്രൂപ്പിന്റെ മേധാവിയായ കാര്‍ലോസ് റ്റാവരെസ് പറഞ്ഞത് ഇങ്ങനെ: 'ഓട്ടൊമോട്ടീവ് വ്യവസായത്തില്‍ ഇനി നേതൃത്വത്തിന്റെ അളവുകോല്‍ മര്‍ക്കിയോണായിരിക്കും.' ആപ്പിളിന്റെ മേധാവിയായ ടിം കൂക്ക് അദ്ദേഹത്തെ വ്യവസായത്തിലെ ഏറ്റവും ദീര്‍ഘദര്‍ശിയായ മനുഷ്യനെന്ന് വിളിച്ചപ്പോള്‍ മെഴ്സിഡീസിന്റെ റേസിങ്ങ് ടീം മാനേജരായ ടോട്ടൊ വൂള്‍ഫ് ട്വിറ്ററില്‍ കുറിച്ചു: 'എഫ്1-ല്‍ ഉള്ള ഞങ്ങളെല്ലാവര്‍ക്കും ദുഃഖകരമായ ദിനമാണിന്ന്. ഞങ്ങളുടെ സ്പോര്‍ട്ടിനെ ശക്തമായി പിന്തുണച്ച ഒരാളെയാണ് നഷ്ടമായത്‌. മത്സരത്തില്‍ ഉഗ്രനായ എതിരാളിയെയും സുഹൃത്തിനെയും സഖാവിനേയും.' 

Sergio Marchionne

ഇറ്റലിയില്‍ ജനിച്ച് 14-ാം വയസ്സില്‍ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിയ മര്‍ക്കിയോണ്‍ അവിടുത്തെ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചത് തത്വശാസ്ത്രവും നിയമവും മാനേജ്മെന്റുമൊക്കെയായിരുന്നു. മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയും അക്കൗണ്ടിങ്ങുമൊക്കെയായിരുന്നു ആദ്യത്തെ ഉദ്യോഗങ്ങളും. എക്കൗണ്ടന്റും ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറുമെല്ലാമായി കാനഡയിലും യൂറോപ്പിലുമെല്ലാം പല കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് 2002-ല്‍ ജനീവയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ജി.എസ്., എസ്.എ.യുടെ ചീഫ് എക്സിക്യുട്ടീവായി അദ്ദേഹം നിയമിതനായത്. നഷ്ടത്തിലോടുന്ന എസ്.ജി.എസ്സിനെ ഒറ്റ വര്‍ഷം കൊണ്ട് മര്‍ക്കിയോണ്‍ ലാഭത്തിലേക്ക് തിരിച്ചോടിച്ചു. എസ്.ജി.എസ്സിന് മുഖ്യ ഓഹരിയുടമകളായ അന്യെല്ലി കുടുംബം ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ വാഹനനിര്‍മാണക്കമ്പനിയായ ഫിയറ്റിന്റെ പ്രധാന ഓഹരിയുടമകളുമായിരുന്നു. അങ്ങനെയാണ് പിറ്റേ വര്‍ഷം മര്‍ക്കിയോണ്‍ ഫിയറ്റിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ ഒരു സ്വതന്ത്ര ഡയരക്ടറായി നിയമിക്കപ്പെട്ടത്. 

2004-ല്‍ ഫിയറ്റും കഷ്ടകാലത്തിലായിരുന്നു. കമ്പനി 250 കോടി ഡോളര്‍ നഷ്ടം നേരിടാനൊരുങ്ങിയിരിക്കുന്ന കാലത്താണ് അദ്ദേഹം അവിടെ സി.ഇ.ഒ. ആയി എത്തിയത്. ഫിയറ്റ് വാഹനവ്യവസായത്തില്‍ നിന്ന് തന്നെ പുറത്തുകടക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നതിനിടയില്‍ അദ്ദേഹം ജനറല്‍ മോട്ടോഴ്സുമായി ഘടകങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് കമ്പനി ഉണ്ടാക്കിയിരുന്ന കരാര്‍ അവസാനിപ്പിക്കുകയും അവരില്‍ നിന്ന് 200 കോടി ഡോളര്‍ നേടിയെടുക്കുകയും ചെയ്തു. ഫിയറ്റിന്റെ ചിലവാകാത്ത മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് കാര്യക്ഷമതയില്ലാത്ത പ്ലാന്റുകള്‍ അടച്ചുപൂട്ടിയതിനൊപ്പം തന്നെ നാല് വര്‍ഷത്തിനിടയില്‍ 20 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനായി 1000 കോടി യൂറോ നീക്കിവെക്കുകയും ചെയ്തു. പുതുമോഡലുകളുടെ നിര ബ്രാന്‍ഡിന് പെട്ടന്ന് വെള്ളിവെളിച്ചം നല്‍കി. 2007 ആയപ്പോള്‍ ഫിയറ്റ് 2000-ന് ശേഷം ആദ്യമായി ലാഭവിഹിതം നല്‍കുന്ന നിലയിലെത്തി. 2008-ലെ ആഗോളമാന്ദ്യകാലത്ത് ഫിയറ്റ് 'ക്യാഷ്-റിച്ച്' ആയ കമ്പനിയായി മാറിക്കഴിഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ ദുരന്തത്തില്‍ നിന്ന് മോചനം നേടിയിട്ടില്ലാത്ത അമേരിക്കന്‍ വാഹനവ്യവസായത്തിലേക്ക് 2009-ലാണ് ഫിയറ്റ് പ്രവേശിച്ചത്. ഫോഡും ജനറല്‍ മോട്ടോഴ്സും പോലെ പാരമ്പര്യവും പ്രശസ്തിയുമുണ്ടെങ്കിലും അത്ര വാണിജ്യവിജയമില്ലാത്ത ക്രൈസ്‌ലറിന്റെ 20 ശതമാനം ഓഹരികള്‍ ഫിയറ്റ് വാങ്ങി. 1980-കള്‍ മുതല്‍ കഷ്ടത്തിന്റെയും നഷ്ടത്തിന്റെയും മാത്രം കഥകള്‍ പറയാനുള്ള ക്രൈസ്‌ലര്‍ ഡയംലറിന്റെ ഭാഗമായിരുന്നു ഒരിക്കല്‍. ഡയംലറിന് ക്രൈസ്‌ലറിന്റെ ഉടമസ്ഥത കൊണ്ട് ഗുണമില്ലാതെ വന്നപ്പോള്‍ ഒരു മൂലധന കമ്പനിയായ സര്‍ബറസ് കാപ്പിറ്റല്‍ മാനേജ്മെന്റിന് തങ്ങളുടെ ഓഹരികള്‍ അവര്‍ വിറ്റൊഴിവായി. ഡെട്രോയിറ്റ്‌ 'ബിഗ് ത്രീ'യിലെ വിജയികളായ ഫോഡും ജനറല്‍ മോട്ടോഴ്സും വരെ ജാപ്പനീസ്, ജര്‍മന്‍ ബ്രാന്‍ഡുകളുടെ ജനപ്രിയമോഡലുകളോട് മല്ലടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടുന്ന കാലത്ത് ക്രൈസ്‌ലറില്‍ വാഹനവ്യവസായവുമായി ഒരു ബന്ധവുമില്ലാത്ത മാനേജ്മെന്റ് നഷ്ടം കഴിയുന്നത്ര കുറയ്ക്കാനുള്ള പതിവ് കളികള്‍ മാത്രമേ കളിച്ചുള്ളു. 2007-ലെ ആഗോളമാന്ദ്യം ക്രൈസ്ലറിനെ സംബന്ധിച്ചിടത്തോളം ഇടവെട്ടിയവനെ പാമ്പ് കടിച്ചതു പോലെയായി. 2009 ഏപ്രിലില്‍ കമ്പനി ചാപ്റ്റര്‍ 11 പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. തിരിച്ചടക്കാനുള്ള 400 കോടിയുടെ കടബാധ്യതയായിരുന്നു കാരണം. 2009 ജൂണില്‍ പുനസ്സംഘടിപ്പിച്ച്  പുതിയ കമ്പനിയാക്കിയ ക്രൈസ് ലറിന്റെ ചീഫ് എക്സിക്യുട്ടീവായി മര്‍ക്കിയോണ്‍ ചുമതലയേറ്റു. 

ക്രൈസ്‌ലര്‍ കോര്‍പ്പറേന്റെ കീഴിലുള്ള വിവിധ ബ്രാന്‍ഡുകളിലും കമ്പനികളിലും അദ്ദേഹം ഫിയറ്റില്‍ ചെയ്ത തരം പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു. ക്രൈസ്ലറിന്റെ ആരും വാങ്ങാത്ത കാറുകളുടെ ഉത്പാദനം ഒഴിവാക്കി അവരുടെ ഏറ്റവും ഗ്ലാമറുള്ള ഉത്പന്നമായ ജീപ്പിനെ പെട്ടന്ന് ഒരു ഗ്ലോബല്‍ ബ്രാന്‍ഡും ഉത്പന്നശ്രേണിയുമാക്കി മാറ്റിയതാണ് ഇതിലേറ്റവും നാടകീയം. 2010-ല്‍ ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കീ ചരിത്രത്തില്‍ ഏറ്റവും ബഹുമതികള്‍ നേടിയ എസ്.യു.വി.യായി മാറി. ക്രൈസ്ലറിന്റെ കീഴിലുള്ള ഡോഡ്ജ്, റാം, എസ്.ആര്‍.ടി. ഡിവിഷനുകളൊക്കെ സ്വന്തം സ്പെഷ്യാലിറ്റി മോഡലുകളുണ്ടാക്കുന്ന ബ്രാന്‍ഡുകളായി വികസിപ്പിച്ചു. ഇതിനിടയില്‍ ക്രൈസ്‌ലറിന് തന്നെ അദ്ദേഹം ഒരു വിശേഷപ്പെട്ട മാര്‍ക്കറ്റിങ്ങ് കാമ്പെയ്നും തുടങ്ങി: ഡെട്രോയ്റ്റില്‍ നിന്നും ഇറക്കുമതി ചെയ്തത്! (Imported From Detroit). അമേരിക്കന്‍ വാഹനക്കമ്പനികള്‍ കൂലി ലാഭിക്കാന്‍ ചൈനീസ് പ്ലാന്റുകളില്‍ നിര്‍മിച്ച കാറുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന കാലത്താണ് മര്‍ക്കിയോണിന്റെ രസികന്‍ വക്രബുദ്ധിയില്‍ ഈ പ്രചരണതന്ത്രം ഉരുത്തിരിഞ്ഞത്. ഏറെ വൈകാതെ കമ്പനി ലാഭത്തിലായി, കമ്പനിയെ രക്ഷിക്കാന്‍ യു.എസ്., കനേഡിയന്‍ സര്‍ക്കാരുകള്‍ വായ്പ ല്‍കിയ 760 കോടി ഡോളറും 2011-ല്‍ ക്രൈസ്ലര്‍ തിരിച്ചടച്ചു. ജൂലൈ 2011-ല്‍ യുഎസ്., കനേഡിയന്‍ സര്‍ക്കാരുകളുടെ പക്കലുള്ള ക്രൈസ്ലര്‍ ഓഹികള്‍ കൂടി ഫിയറ്റ് വാങ്ങിയ ശേഷം എഫ്.സി.എ. (ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടൊമോബീല്‍സ്) എന്ന പുതിയ കമ്പനി തന്നെ രൂപീകരിച്ചു. അഞ്ച് വര്‍ഷം മുമ്പ്, വാഹനനിര്‍മാണത്തെയോ വ്യവസായത്തെയോ പറ്റി ഒന്നുമറിയാത്ത ഒരു മധ്യവയസ്‌കന്‍ കണക്കപ്പിള്ളയായി ഓട്ടോവ്യവസായത്തിലേക്ക് പ്രവേശിച്ച മര്‍ക്കിയോണ് അപ്പോഴേക്കും തന്റെ മേഖലയില്‍ 'ലാര്‍ജര്‍ ദാന്‍ ലൈഫ്' പ്രതിഛായ ഉണ്ടായിക്കഴിഞ്ഞിരുന്നു.

അനൗപചാരികതയുടെ ആള്‍രൂപം പോലെയുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയായിരുന്നു കാരണം. ക്രൈസ്‌ലര്‍ പോലെ എല്ലാവരും എഴുതിത്തള്ളിയിരുന്ന കമ്പനിയെ വന്‍ലാഭത്തിലെത്തിച്ച അദ്ദേഹത്തിന്റെ രീതിയെ പറ്റി ഒരു മാധ്യപ്രവര്‍ത്തകന്‍ തന്നെ പറഞ്ഞതിതാണ്: 'മര്‍ക്കിയോണ്‍ മുഖത്തടിച്ചതുപോലെ നിങ്ങളോട് കാര്യങ്ങള്‍ പറയും, നിങ്ങളെ വെല്ലുവിളിക്കും, ഇതിനിടയില്‍ നിങ്ങളെ വളച്ചെടുക്കുകയും ചെയ്യും. ഇതെല്ലാം അദ്ദേഹം ഒറ്റ വാചകത്തിനുള്ളില്‍ ചെയ്തുകളയും!'

വാഹനവ്യവസായവുമായി ബന്ധമൊന്നുമില്ലാത്ത കാലത്തും അദ്ദേഹം വാഹനപ്രേമിയും സ്പീഡിലുള്ള വാഹനങ്ങള്‍ ആസ്വദിച്ച് ഓടിക്കുന്നവനുമായിരുന്നു. ഫിയറ്റിന്റെ തന്നെ സബ്സിഡിയും ഫോര്‍മുല 1 റേസിങ്ങ് ട്രാക്കുകളിലും ഹൈവേകളിലും ജനങ്ങളെ കൊതിപ്പിച്ചുകൊണ്ട് സഞ്ചരിക്കുന്ന ഫെറാറികള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും പ്രിയവാഹനം. സത്യത്തില്‍ 2004 മുതല്‍ ഫെറാറിയെ ഫിയറ്റ് അവഗണിച്ച മട്ടിലായിരുന്നു. റേസ് ട്രാക്കുകളില്‍ ഫെറാറി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് കുറയുന്നതിനൊപ്പം സൂപ്പര്‍കാര്‍ വ്യവസായത്തിലും അവര്‍ മക്ലാറനും ബുഗാട്ടിക്കും ലംബോഗിനിക്കുമെല്ലാം പിന്നിലേക്ക് പോവുകയായിരുന്നു. 2014-ല്‍ മര്‍ക്കിയോണ്‍ ഫെറാറിയുടെ ഭരണം ഏറ്റെടുത്തു. ആദ്യവര്‍ഷം മുതല്‍ താരമൂല്യമുള്ള റേസ് ഡ്രൈവര്‍മാര്‍ ഫെറാറിയില്‍ വിജയിക്കാന്‍ തുടങ്ങി, ഫെറാറിയുടെ നവമോഡലുകള്‍ വീണ്ടും വിപണിയില്‍ പതിവായെന്നപോലെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതിനെല്ലാം പുറമെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത സ്വതന്ത്ര കമ്പനിയായി ഫെറാറിയെ മാറ്റിയെടുക്കുകയും ചെയ്തു. ഫിയറ്റിന്റെ തന്നെ മറ്റ് സബ്സിഡിയറികളായ ആല്‍ഫ റോമിയോ, മാസറാറ്റി ബ്രാന്‍ഡുകള്‍ക്കും അദ്ദേഹം ഉന്മേഷം കൊണ്ടുവന്നു.

ഫിയറ്റ് ക്രൈസ്ലര്‍ ലയനത്തിലൂടെ മര്‍ക്കിയോണ്‍ മറ്റൊന്നുകൂടി ചെയ്തു. രണ്ട് കമ്പനികളുടെയും ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യകളും പ്ലാറ്റ്ഫോമുകളും ഫാക്ടറികളും പങ്കിട്ടുകൊണ്ട് പുതിയ മോഡലുകള്‍ പുതിയ വിപണികളില്‍ അവതരിപ്പിക്കുക. ഒരു പതിറ്റാണ്ടിന്റെ പാതിക്കാലം കൊണ്ട് എക്കാലത്തും കേവലം അമേരിക്കന്‍ വാഹനം മാത്രമായിരുന്ന ജീപ്പിനെ ആഗോളബ്രാന്‍ഡാക്കിയതിന്റെ തന്ത്രം ഇത് തന്നെ.

Sergio Marchionne

വാഹനവ്യവസായത്തിലെ മേധാവികളില്‍ വ്യവസായത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ മനുഷ്യനെന്ന ബഹുമതിയും മര്‍ക്കിയോണുണ്ട്. വ്യവസായമേഖലയില്‍ ഏറ്റവുമധികം മൂലധനം പാഴാക്കുന്നതും, നിക്ഷേപത്തിന് ഏറ്റവും കുറച്ച് ലാഭം തിരിച്ചുനല്‍കുന്നും വാഹനവ്യവസായമാണെന്ന് ഒരിക്കല്‍ അദ്ദേഹം തുറന്നടിച്ചു. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം തിരിച്ചറിയാന്‍ പറ്റാത്തത്ര ചെറിയ വ്യത്യാസങ്ങള്‍ക്ക് വേണ്ടി ഓരോ കമ്പനിയും ഏതെങ്കിലും പ്രത്യേകഗണത്തില്‍പ്പെട്ട ഒരു മോഡല്‍ വികസിപ്പിക്കാന്‍ നൂറുകണക്കിന് കോടി ഡോളര്‍ പാഴാക്കുന്നു. ഓരോരുത്തരം ക്രിസ്റ്റഫര്‍ കൊളമ്പസിനെപ്പോലെ അമേരിക്ക കണ്ടുപിടിക്കുന്നത് പോലെയുള്ള പണിയാണിത്.  ബ്രാന്‍ഡിന്റെ പേരിലും പ്രത്യേക സാങ്കേതികവിദ്യകളുടെയും പേരിലുമെല്ലാം പലതരം വ്യത്യാസങ്ങള്‍ ഓരോ മോഡലും അവകാശപ്പെടുമെങ്കിലും ആത്യന്തികമായി ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പ്രധാനം വിലക്ക് കിട്ടുന്ന മൂല്യം മാത്രമാണ്. ആ അര്‍ത്ഥത്തില്‍ നിത്യയാത്രക്കുപയോഗിക്കുന്ന കോംപാക്റ്റ് കാറാണെങ്കിലും പൊങ്ങച്ചം കാട്ടിക്കൊണ്ട് സഞ്ചരിക്കാനുള്ള ലക്ഷ്വറി സെഡാനാണെങ്കിലും ഓരോ സെഗ്മെന്റിലും പരസ്പരം മത്സരിക്കുന്ന മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ആ സ്ഥിതിക്ക് കൂടിയ വിലക്ക് വില്‍ക്കുന്ന ഒരേ തരം ഉത്പന്നം പലര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് എല്ലാവരും ഒന്നിച്ച്, ഏറ്റവും ലാഭകമായി, ഏറ്റവും ഗുണമേന്മയുള്ള ഒറ്റ ഉത്പന്നം ഉണ്ടാക്കിയാല്‍ പോരേ? 

എല്ലാവരും ലയിച്ച് ഒറ്റക്കമ്പനിയായാല്‍ വാഹനവ്യവസായത്തിനും ലോകത്തിനും ഉണ്ടാകുമായിരുന്ന ലാഭം എത്രയാകുമെന്ന് വ്യവസായത്തിലെ ബാക്കി ചീഫ് എക്സിക്യുട്ടീവുകള്‍ ഇനിയും ഉറക്കെചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. 

Content Highlights; Sergio Marchionne, who saved Fiat and Chrysler, has died