പോര്‍ഷെ എന്ന വാക്കിനൊപ്പം മനസ്സിലേക്ക് ഓടിവരിക വാഹനപ്രേമികളുടെ വായില്‍ വെള്ളമൂറിക്കുന്ന, വെട്ടിത്തിളങ്ങുന്ന ആഡംബര സ്പോര്‍ട്സ് കാര്‍ മാത്രമാണ്. ആ പേരില്‍ കാര്‍ നിര്‍മിക്കുന്ന ഒരു കമ്പനിക്ക് കാരണക്കാരനായ നാസി, സര്‍വോപരി അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രിയപ്പെട്ട എഞ്ചിനീയര്‍ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ എന്ന മനുഷ്യനല്ല. 

നാസിഭരണകാലത്ത് അവരുടെ ഔദാര്യങ്ങള്‍ കൊണ്ട് തടിച്ചുകൊഴുത്ത അക്കാലത്തെ പല ജര്‍മന്‍ വ്യവസായപ്രമുഖരേയും പോലെ യുദ്ധാനന്തരകാലത്ത് പോര്‍ഷെയും ഹിറ്റ്ലറുടെ ക്രൂരതകളില്‍ തങ്ങള്‍ക്ക് ധാര്‍മികപങ്കില്ലെന്ന് കൈകഴുകി.

പില്‍ക്കാലത്ത് ദശലക്ഷക്കണക്കിനാളുകളെ വ്യവസ്ഥാപിതമായ വംശഹത്യയിലൂടെ ഇല്ലാതാക്കുകയും രണ്ടാം ലോകമഹായുദ്ധത്തിന് തന്നെ കാരണക്കാരനാവുകയും ചെയ്ത അഡോള്‍ഫ് ഹിറ്റ്ലര്‍ പോര്‍ഷെയെ കണ്ടുമുട്ടിയത് 1925-ലെ ഒരു കാര്‍ റേസിനിടയിലായിരുന്നു. അന്ന് ഹിറ്റ്ലര്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന താരവും പോര്‍ഷെ ഡയംലര്‍-ബെന്‍സിന്റെ ചീഫ് എഞ്ചിനിയറായ റേസ് ടീം മേധാവിയുമായിരുന്നു. ഒമ്പത് വര്‍ഷം കഴിഞ്ഞ്, അപ്പോഴേക്കും ജര്‍മനിയുടെ ചാന്‍സലറായി മാറിക്കഴിഞ്ഞ ഹിറ്റ്ലര്‍ നാട്ടിലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഒരു 'ജനത-കാര്‍' അതായത് ഒരു ഫോക്സ് വാഗന്‍ നിര്‍മിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത് അദ്ദേഹത്തിന്റെ കണ്ണില്‍ 'ബ്രില്യന്റ് എഞ്ചിനിയര്‍' ആയ പോര്‍ഷെയെയാണ്. 

യുദ്ധാനന്തരകാലത്ത് ബീറ്റില്‍ എന്ന പേരില്‍ ലോകപ്രസിദ്ധമായ കാര്‍ രൂപകല്‍പ്പന ചെയ്ത പോര്‍ഷെ ആദ്യത്തെ ഏതാനും മോഡലുകള്‍ നിര്‍മിച്ചെങ്കിലും യുദ്ധം തുടങ്ങിയപ്പോള്‍ സൈനികാവശ്യങ്ങള്‍ക്ക് വേണ്ട ഓഫ്റോഡ് വാഹനങ്ങളും ടാങ്കുകളും ജെറ്റ് എഞ്ചിനുകളുമൊക്കെ നിര്‍മിക്കുന്നിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു. അപ്പോഴേക്കും പോര്‍ഷെയുടെ പുത്രന്‍ 'ഫെറി' എന്ന ഫെര്‍ഡിനാന്‍ഡും അച്ഛനെ വ്യവസായത്തില്‍ സഹായിക്കാന്‍ തുടങ്ങിയിരുന്നു. കാറുകളാണ് എന്റെ ജീവിതം എന്ന പേരില്‍ ഫെറി പില്‍ക്കാലത്തെഴുതിയ ആത്മകഥയില്‍ അച്ഛനും ഹിറ്റ്ലറും തമ്മിലുള്ള ബന്ധത്തെ പറ്റി വിവരിക്കുന്നത് ഇങ്ങനെയാണ്: 'മൊത്തം ജര്‍മനിയിലെല്ലാം കൂടി ഹിറ്റ്ലറോട് മുഖത്തുനോക്കി സത്യസന്ധമായി അഭിപ്രായം പറയാന്‍ അവകാശമുണ്ടായിരുന്ന അര ഡസന്‍ മനുഷ്യരില്‍ ഒരാളായിരുന്നു അദ്ദേഹം.'

നാസിഭരണകാലത്ത് അവരുടെ ഔദാര്യങ്ങള്‍ കൊണ്ട് തടിച്ചുകൊഴുത്ത അക്കാലത്തെ പല ജര്‍മന്‍ വ്യവസായപ്രമുഖരേയും പോലെ യുദ്ധാനന്തരകാലത്ത് പോര്‍ഷെയും ഹിറ്റ്ലറുടെ ക്രൂരതകളില്‍ തങ്ങള്‍ക്ക് ധാര്‍മികപങ്കില്ലെന്ന് കൈകഴുകി. യുദ്ധശേഷം ജര്‍മിയുടെ ഭരണമേറ്റ സഖ്യകക്ഷികളും പോര്‍ഷെക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് കേസെടുക്കാനും പോയില്ല. എങ്കിലും വീണ്ടും വാഹനവ്യവസായം ആരംഭിക്കാന്‍ പാരീസിലേക്ക് പോയ പോര്‍ഷെയേയും മകളുടെ ഭര്‍ത്താവ് ആന്റണ്‍ പിയച്ചിനെയും യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഫ്രഞ്ച് ഗവണ്മന്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ ഉദ്ദേശ്യം പോര്‍ഷെയെക്കൊണ്ട് ഫ്രഞ്ച് ഓട്ടോവ്യവസായത്തെ സഹായിക്കാന്‍ സമ്മതിപ്പിക്കലായിരുന്നു. ഒടുവില്‍ കുടുംബം പത്ത് ലക്ഷം ഫ്രാങ്ക് ഫ്രഞ്ച് അധികൃതര്‍ക്ക് മോചനദ്രവ്യമായി നല്‍കിയാണ് ഇരുവരേയും കേസുകളെല്ലാം ഒഴിവാക്കി തിരിച്ചെത്തിച്ചത്.

പിന്നെ കമ്പനി നടത്തുന്ന ഭാരം ഫെറിയുടെ ചുമലിലായി. നാട്ടുനടപ്പനുസരിച്ച് കോമണ്‍സെന്‍സ് എന്ന് പറയുന്നതിന് വിരുദ്ധമായതാണ് ഫെറി ചെയ്തത്. വലിയൊരു യുദ്ധത്തില്‍ തോറ്റ് പാപ്പരായ രാജ്യത്ത്, ലക്ഷ്വറി കാറുകള്‍ പോയിട്ട് സാദാ സൈക്കിളുകള്‍ വാങ്ങാന്‍ പോലും ഗതിയില്ലാത്ത ജനങ്ങള്‍ നിറഞ്ഞ നാട്ടില്‍ ആഡംബര സ്പോര്‍ട്സ് കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അദ്ദേഹം ആരംഭിച്ചത്. ഡ്രൈവിങ്ങില്‍ ഒരു താല്‍പ്പര്യവുമില്ലാത്ത കോടീശ്വരന്മാര്‍ക്കായി നിര്‍മിക്കുന്ന സെഡാനുകളും കൂപ്പെകളും ലിമസീനുകളും മാത്രമായിരുന്നു അക്കാലത്ത് ആഡംബരവാഹനങ്ങള്‍. അതിനിടയിലാണ് ആഡംബര സ്പോര്‍ട്സ് കാറുമായി ഫെറി ഇറങ്ങുന്നത്.

ഫെറി തന്നെ രൂപകല്‍പ്പന ചെയ്ത പോര്‍ഷെ 356 റോഡ്സ്റ്റര്‍ ആയിരുന്നു ആദ്യത്തെ കാര്‍. ഒരു ദിവസം റേസ് ട്രാക്കിലെ മത്സരത്തില്‍ ഓടിക്കാനും പിറ്റേന്ന് മക്കളെ നഴ്സറി സ്‌കൂളിലേക്ക് പോകാനും പറ്റുന്ന കാര്‍ എന്നാണ് ആ കാറിനെ പറ്റി ആരോ പറഞ്ഞത്. ഈ മോഡലിന്റെ മേന്മ വാമൊഴിയായി പരന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഹിറ്റ്ലറുടെ കാലത്ത് ജര്‍മനിയിലെ ഏറ്റവും വലിയ ആയുധ വ്യവസായിയായ അല്‍ഫ്രീഡ് ഫൊണ്‍ ക്രപ്പ് യുദ്ധക്കുറ്റങ്ങള്‍ക്കുള്ള ശിക്ഷയനുഭവിച്ച് ജയിലിന് പുറത്തിറങ്ങിയ ദിവസം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ പുറത്ത് കാത്തുനിന്നത് മെഴ്സിഡിസോ ബിഎംഡബ്ലിയുവോ അല്ല ഒരു പോര്‍ഷെയായിരുന്നു എന്ന കാര്യം ലോകം ശ്രദ്ധിച്ചു. അന്ന് ആദ്യത്തെ പോര്‍ഷെ വാങ്ങിയ ക്രപ്പ് 1967-ല്‍ മരണമടയുന്നത് വരെ മറ്റൊരു കാറിലും സഞ്ചരിച്ചിട്ടില്ല. ക്രമേണ ഈ വണ്ടി പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് പോയി. സ്വീഡനിലെ രാജകുമാരന്‍ ബെര്‍ട്ടില്‍ തന്റെ ബുഗാട്ടി ഉപേക്ഷിച്ച് പോര്‍ഷെ വാങ്ങി, ഈജിപ്ഷ്യന്‍ രാജകുമാരനായ അബ്ദെല്‍ മൊനീം ഓരോ വര്‍ഷവും പോര്‍ഷെയുടെ ഓരോ പുതിയ മോഡല്‍ വാങ്ങി. 1950-കളില്‍ ഹോളിവുഡിലെ രാജകുമാരനായിരുന്ന ജെയിംസ് ഡീനിന്റെ പോര്‍ഷെ സ്പൈഡര്‍ 550 മറ്റൊരു കാറുമായി കൂട്ടിയിടിച്ച് താരം മരണമടഞ്ഞപ്പോള്‍ അതും പോര്‍ഷെയ്ക്ക് കീര്‍ത്തിയായി പരിണമിച്ചു. ആഡംബരവാഹനങ്ങളുടെ ഗണത്തില്‍ സ്പോര്‍ട്സ് കാര്‍ എന്ന വിഭാഗവും കൂടി പ്രത്യക്ഷപ്പെട്ടു. 1960-കളാവുമ്പോഴേക്കും ഓട്ടോവ്യവസായത്തില്‍ വിജയിച്ച കമ്പനിയായി പോര്‍ഷെ മാറിയിരുന്നു.

1951-ല്‍ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ സീനിയര്‍ മരണമടഞ്ഞപ്പോള്‍ കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ ഫെറിക്ക് കിട്ടി, ബാക്കി ചേച്ചിയായ ലൂയിസിനും. അവരുടെ ഭര്‍ത്താവായ ആന്റണ്‍ പിയച്ചായിരുന്നു 1954 വരെ ഫോക്സ് വാഗന്റെ ചെയര്‍മാന്‍. 1954-ല്‍ പിയച്ച് മരിച്ചപ്പോള്‍ കമ്പനിയുടെ ഭരണം ഫെറിയെ ഏല്‍പ്പിക്കാന്‍ ലൂയിസ് തയ്യാറായി, ഫെറി വിരമിക്കുമ്പോള്‍ തന്റെ മക്കള്‍ക്കും ഫെറിയുടെ മക്കളെ പോലെ കമ്പനിയുടെ അമരത്തിരിക്കുവാന്‍ അവസരം നല്‍കണം എന്ന വ്യവസ്ഥയില്‍. 

രണ്ടുപേര്‍ക്കും നാല് മക്കള്‍ വീതം ഉണ്ടായിരുന്നെങ്കിലും രണ്ട് കുടുംബത്തിലെയും ഓരോ പയ്യന്മാര്‍ക്ക് മാത്രമേ ഓട്ടൊമോട്ടീവ് വ്യവസായത്തില്‍ എന്തെങ്കിലും താല്‍പ്പര്യവും പ്രതിഭയും ഉണ്ടായിരുന്നുള്ളു - ഫെറിയുടെ മകന്‍ ബുട്സി പോര്‍ഷെക്കും ലൂയിസിന്റെ മകന്‍ ഫെര്‍ഡിനാന്‍ഡ് പിയെച്ചിനും. യൗവ്വനത്തിന്റെ ആരംഭദശയില്‍ ഇരുമച്ചുനന്മാരും കൂടിയാണ് പോര്‍ഷെയുടെ എക്കാലത്തെയും തകര്‍പ്പന്‍ കാറായി പരിഗണിക്കപ്പെടുന്ന പോര്‍ഷെ 911 സൃഷ്ടിച്ചത്. 911 ഒരു സൂപ്പര്‍ഹിറ്റായി മാറി, പോര്‍ഷെയെ ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്പോര്‍ട്സ കാര്‍ ബ്രാന്‍ഡും. പക്ഷേ, ഈ അസാധാരണവിജയം ഇരുവരും തമ്മിലുള്ള കുടിപ്പകയിലേക്കാണ് കാര്യങ്ങളെയെത്തിച്ചത്. വിജയത്തിന്റെ ക്രെഡിറ്റ് ഇരുവരും അവകാശപ്പെടാന്‍ തുടങ്ങിയെന്ന് മാത്രമല്ല ഈ വൈരാഗ്യം കമ്പനിക്ക് തന്നെ ദോഷം ചെയ്യുന്ന തലത്തിലുള്ള പരസ്യമായ തമ്മില്‍ത്തല്ലിലേക്ക് വളരാനും തുടങ്ങി. കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ രണ്ട് വിവരദോഷികളില്‍ ഒരുത്തനും പോര്‍ഷെയുടെ മേധാവി ആകരുത് എന്ന് ഫെറിയും ചേച്ചിയും കൂടി തീരുമാനിച്ചു.
**** ****

Peter
പീറ്റര്‍ വെര്‍ണര്‍ ഷുട്സ്‌

അച്ഛന്‍ പോര്‍ഷെയ്ക്ക് ഫോക്സ് വാഗന്‍ കാറുകള്‍ നിര്‍മിക്കാന്‍ ഹിറ്റ്ലര്‍ ഓര്‍ഡര്‍ നല്‍കിയ 1934-ല്‍ നിന്ന് സിനിമയിലെന്ന പോലെ കട്ട് ചെയ്ത 47 വര്‍ഷം മുന്നോട്ടുപോയാല്‍ ഹിറ്റ്ലര്‍ തന്നെ ജീവിതത്തിന്റെ ഗതിമാറ്റിയ മറ്റൊരാളില്‍ നമ്മളെത്തും. ഹിറ്റ്ലര്‍ ജൂതന്മാര്‍ക്കൊരുക്കിയ ഗ്യാസ് ചേമ്പറുകളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ 1937-ല്‍ ജര്‍മനിയില്‍ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്ത യഹൂദകുടുംബത്തിലെ ഒമ്പത് വയസ്സുകാരന്‍ ബാലന്‍ പീറ്റര്‍ വെര്‍ണര്‍ ഷുട്സ് തന്റെ 51-ാം വയസ്സില്‍ ജന്മനാട്ടിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ ഭരണാധികാരിയായി ചുമതലയല്‍ക്കുകയാണന്ന്.  

1939 മുതല്‍ അമേരിക്കയിലെ ഇല്ലിനോയില്‍ താമസം തുടങ്ങിയ ഷുട്സ് ഇല്ലിനോയി ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയില്‍ നിന്ന് എഞ്ചിനിയറിങ്ങ് ബിരുദമെടുത്ത ശേഷം ഇല്ലിനോയില്‍ത്തന്നെയുള്ള ട്രാക്റ്റര്‍ കമ്പനിയായ കാറ്റര്‍പില്ലറില്‍ 15 വര്‍ഷം എഞ്ചിനിയറായി ജോലി ചെയ്തു. തുടര്‍ന്ന് ഘനവാഹനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കുന്ന കമ്മിന്‍സ് എഞ്ചിനില്‍ വിപണന, സേവന വിഭാഗങ്ങളുടെ മേധാവിയായി 11 വര്‍ഷവും പൂര്‍ത്തിയാക്കി. മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാല്‍ 1978-ല്‍ കമ്മിന്‍സ് വിട്ട അദ്ദേഹം ഒരു ജര്‍മന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഫെറി തന്നെ പോര്‍ഷെയുടെ ചീഫ് എക്സിക്യുട്ടീവ് ആകാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്്. 1980 പോര്‍ഷെയുടെ ചരിത്രത്തില്‍ ആദ്യത്തെ നഷ്ടത്തിന്റെ വര്‍ഷമായിരുന്നു. ജര്‍മനിയില്‍ നിര്‍മിക്കുന്നതാണെങ്കിലും പോര്‍ഷെ കാറുകളുടെ ഏറ്റവും വലിയ വിപണി അമേരിക്കയായിരുന്നു. അവിടെ പോര്‍ഷെയുടെ വില്‍പ്പന ഗണ്യമായി ഇടിയുകയായിരുന്നു. 911-ന് പിന്നാലെ നിര്‍മിച്ച 924-നും 928-നും വിപണിയില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞുമില്ല.

യു.എസ്സ് വിപണിയില്‍ കമ്പനിയുടെ വാഹനങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കാന്‍ കമ്പനിമേധാവി ഒരു അമേരിക്കക്കാരന്‍ ആയാല്‍ നന്നാവും എന്ന തോന്നലാണ് ഷുട്സിനെ ക്ഷണിക്കാന്‍ ഫെറിയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. പോര്‍ഷെയുടെ ഭരണാധികാരിയുടെ സിംഹാസനത്തില്‍ ഇരുന്ന ഏക അമേരിക്കക്കാരനും ഷുട്സാണ്.

1981 മുതല്‍ 1987 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. ഷുട്സ് ചുമതലയേല്‍ക്കുന്ന വര്‍ഷം 28,000 കാറുകളായിരുന്നു പോര്‍ഷെ വിറ്റത്. 1986-ല്‍ അത് 53,000 ആയി വര്‍ദ്ധിച്ചു. 85 കോടി ഡൊയ്ച്ച് മാര്‍ക് ആയിരുന്ന വരുമാനം 370 കോടിയായി വളര്‍ന്നു. വാഹനപ്രേമികള്‍ക്കിടയില്‍ പോര്‍ഷെ എന്ന പേരിന് വീണ്ടും ആദരവ് ലഭിച്ചു. ഈ വിജയം നേടാന്‍ വേണ്ടി ഷുട്സ് ഉപയോഗിച്ച മാര്‍ഗങ്ങള്‍ പോര്‍ഷെക്കുള്ളിലെ ഐതിഹ്യങ്ങളില്‍ മാത്രമല്ല ബിസിനസ് മാനേജ്മെന്റിന്റെ പാഠപുസ്തകങ്ങളില്‍ കൂടി ഇടം പിടിച്ചു.

നഷ്ടത്തിലോടുന്ന കമ്പനികളുടെ മേധാവികളായെത്തുന്നവര്‍ പതിവായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ചെലവുകള്‍ വെട്ടിച്ചുരുക്കുക, പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുക, ഗിമ്മിക്കുള്‍ എന്നുപോലും വിളിക്കാവുന്ന കൗശലപൂര്‍ണമായ വിപണനതന്ത്രങ്ങളും പരസ്യങ്ങളും സൃഷ്ടിക്കുക. 'ഇതൊന്നുമായിരുന്നില്ല എന്റെ ആദ്യനടപടികള്‍', ഏതാനും വര്‍ഷം മുമ്പ് ഫോര്‍ബ്സ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ പോര്‍ഷെ കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 'എല്ലാ തൊഴിലാളികളും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പങ്കിടാവുന്ന വിജയത്തിനായി പരിശ്രമിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ആദ്യപടി... അവിടെ ഒരിക്കലും 'ഞാന്‍' ഉണ്ടായിരുന്നില്ല, 'നമ്മള്‍' മാത്രം. അതെന്റെ സ്റ്റാഫിനിടയില്‍ മാത്രമല്ല, മാനേജ്മെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കിടയിലും യൂനിയന്‍ നേതാക്കള്‍ക്കിടയിലുെമല്ലാം'

Peter

സഞ്ചാരത്തിന് വേണ്ട പരമോന്നത സാങ്കേതികവിദ്യയാണ് പോര്‍ഷെയുടെ ആത്മാവ് എന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു ഷുട്സ്. അത് തെളിയിക്കാനുള്ള ആദ്യവേദി റേസ് ട്രാക്കുകളാണ്. പക്ഷേ, ആ വര്‍ഷം ലെ മാന്‍സിലും 24-മണിക്കൂര്‍ ക്ലാസ്സിക്കുലുമെല്ലാം പങ്കെടുക്കാന്‍ ഒരുക്കിയിരുന്ന പോര്‍ഷെ 924 ജയിക്കുമെന്ന് മോട്ടോര്‍സ്പര്‍ട്സ് നിരീക്ഷകന്മാര്‍ക്കെന്നല്ല കമ്പനിയിലെ റേസ് ടീമിന് പോലും ഒരു പ്രതീക്ഷയുമില്ലായിരുന്നു. ക്ഷുഭിതനായ പോര്‍ഷെ പറഞ്ഞു: 'നമ്മള്‍ റേസിന് പോകുന്നത് ജയിക്കാനാണ്. ജയിച്ചില്ലെങ്കില്‍ അതിന് മിനക്കെടേണ്ട!' 

ഒടുവില്‍ എല്ലാവരും ചേര്‍ന്ന് 1976-ലും '77-ലും ലെ മാന്‍സില്‍ ജയിച്ച 936 മ്യൂസിയത്തില്‍ നിന്ന് പൊടിതട്ടിയെടുത്തു, എന്നിട്ട് വികസനത്തിന്റെ ഘട്ടത്തിലുള്ള 956-ന്റെ എഞ്ചിന്‍ ഘടിപ്പിച്ച് മത്സരത്തിന് പോയി. റേസില്‍ പോര്‍ഷെ ഉജ്വലമായി ജയിച്ചെന്നുമാത്രമല്ല തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും വിജയത്തിന്റെ കുത്തക നിലനിര്‍ത്തുകയും ചെയ്തു.

911 രസികന്‍ കാറാണെന്നും ഓടിക്കാന്‍ ഹരമുള്ളതാണെന്നും എല്ലാവരും സമ്മതിക്കുമ്പോഴും ഉപഭോകാതാക്കളെ കാറില്‍നിന്ന് അകറ്റുന്നെതന്താണെന്ന് അദ്ദേഹം ഡീലര്‍മാരുമായി സംസാരിച്ചു. യുദ്ധകാലത്ത് ജര്‍മനിയുടെ സഖ്യകക്ഷിയായിരുന്ന ജപ്പാനും വാഹനവ്യവസായത്തില്‍ മിടുക്ക് തെളിയിക്കുന്ന കാലമാണ്. നിസ്സാന്റെയും ഹോണ്ടയുടെയും ടൊയോട്ടയുടെയുമൊക്കെ നല്ല സ്പോര്‍ട്സ് കാറുകള്‍  ഇതിലും കുറഞ്ഞ വിലയ്ക്ക് കിട്ടും. സ്വാഭാവികമായും 911-ന്‍െ വിലക്കൂടുതലായിരുന്നു ഒരു പ്രശ്നം. പിന്നെ 911-ല്‍ ഗുണനിലവാരനിയന്ത്രണത്തിന്റെ പ്രശ്നങ്ങളും പതിവായിരുന്നു. പോര്‍ഷെ വണ്ടികള്‍ ഇടക്കിടയ്ക്ക്് വര്‍ക്ക്ഷോപ്പില്‍ കയറ്റേണ്ടി വരും, അതിന്റെ സര്‍വീസ് ചാര്‍ജുകള്‍ കൂടുതലുമായിരിക്കും.

കമ്പനിയിലെ എഞ്ചിനിയര്‍മാരുമായി സംസാരിച്ചപ്പോഴാണ് ഡ്രൈവ് ചെയിനിലെ ലളിതമായി പരിഹരിക്കാവുന്ന വൈകല്യമാണ് കുഴപ്പത്തിന് കാരണമെന്ന് ഷുട്സിന് മനസ്സിലായത്. ഉത്പാദനം നിര്‍ത്താന്‍ പോകുന്ന മോഡലായതിനാലാണ് അത് പരിഹരിക്കാനൊന്നും കാര്യമായി ആരും ശ്രമിക്കാതിരുന്നത്. 1950-കളില്‍ ഇറങ്ങുമ്പോള്‍ പലതും കേമപ്പെട്ടതായിരുന്നെങ്കിലും 1970-കള്‍ കഴിയുമ്പോഴേക്കും പലതും കാലഹരണപ്പെട്ടസാങ്കേതികവിദ്യകളും സ്‌റ്റൈലുകളുമായി മാറിയിരുന്നു. ഡിക്കിയുടെ സ്ഥാനത്തുള്ള എയര്‍കൂള്‍ഡ് എഞ്ചിന്‍ തന്നെ ഉദാഹരണം. അപ്പോഴേക്കും നാട്ടിലിറങ്ങുന്ന പുതിയ മോഡലുകളെല്ലാം വാട്ടര്‍ കൂള്‍ഡ് ഫ്രണ്ട് എഞ്ചിനുമായിട്ടാണ് ഇറങ്ങുന്നത്. അങ്ങനെയാണ് അദ്ദേഹം അധികാരമേല്‍ക്കുന്നതിനും മുമ്പ് തന്നെ 911 ഉത്പാദനം നിര്‍ത്താന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. മാനേജ്മെന്റ് എക്സിക്യുട്ടീവുകള്‍ എന്ത് വിചാരിച്ചിരുന്നാലും പോര്‍ഷെയിലെ തൊഴിലാളികള്‍ക്ക് അത് വേദനാജനകമായ തീരുമാനമായിരുന്നു. ഷുട്സിന്റെ അഭിപ്രായത്തിലാണെങ്കില്‍ എന്തൊക്കെ ന്യൂനതകള്‍ ഉണ്ടെങ്കിലും 911 വ്യക്തിത്വമുള്ള വാഹനമായിരുന്നു. പോരെങ്കില്‍ പോര്‍ഷെയുടെ ആത്മാവുള്ള മോഡലും.

അധികാരമേറ്റ് അധികം വൈകുന്നതിന് മുമ്പ് ഒരു നാള്‍ പുതിയ മോഡലുകളെ പറ്റിസംസാരിക്കാന്‍ അദ്ദേഹം ചീഫ് എഞ്ചിനിയര്‍ ഹെല്‍മത്ത് ബൊട്ടിന്റെ ഓഫീസില്‍ കയറിച്ചെന്നു. അവിടെ ചുവരില്‍ പോര്‍ഷെയുടെ നടപ്പുമോഡലുകളുടെ ഉത്പാദനവിവരങ്ങളെ പറ്റി ഒരു ചാര്‍ട്ടുണ്ടായിരുന്നു. ചാര്‍ട്ടില്‍ 911, 928, 944 എന്നീ മൂന്ന് മോഡലുകളുടെയും ഗ്രാഫുണ്ട്. അതില്‍ 911-ന്റെ വളര്‍ച്ച കാണിക്കുന്ന രേഖ 1981-ല്‍  അവസാനിക്കുകയായിരുന്നു. ' ഞാന്‍ പ്രൊഫസര്‍ ബൊട്ടിന്റെ മേശപ്പുറത്തുണ്ടായിരുന്ന മാര്‍ക്കര്‍ പെന്‍ എടുത്ത് ആ രേഖ നീട്ടി വരച്ചു, ചാര്‍ട്ടും കഴിഞ്ഞ് ചുവരിലൂടെ വാതില്‍ വരെ. ഞാന്‍ തിരിച്ചുവന്നപ്പോള്‍ ബൊട്ട് പല്ലുകളെല്ലാം കാട്ടി ചിരിച്ചുകൊണ്ടവിടെ നില്‍ക്കുകയായിരുന്നു. 'നമുക്ക് പരസ്പരം മനസ്സിലാകുന്നുണ്ടോ?' ഞാന്‍ ചോദിച്ചു. ഒരു തലയാട്ടല്‍ മതിയായിരുന്നു എല്ലാം മനസ്സിലായെന്ന് മനസ്സിലാകാന്‍.' ഷുട്സ് മറ്റൊരഭിമുഖത്തില്‍ ആ സംഭവത്തെ പറ്റി പറഞ്ഞത്  അങ്ങനെയായിരുന്നു.

ജര്‍മന്‍ കമ്പനികള്‍ക്ക് പട്ടാളച്ചിട്ടയിലാണ് പ്രവര്‍ത്തനം. മാനേജ്മെന്റ് ഒരു തീരുമാനമെടുത്താല്‍ അത് തീരുമാനമാണ്, അത് നടപ്പാക്കണം. ഷുട്സ് ഈ അവസ്ഥ അട്ടിമറിച്ചു. അധികാരമേറ്റ് മൂന്നാഴ്ചക്കുള്ളില്‍ മാനേജ്മെന്റ് തീരുമാനം അദ്ദേഹം പിന്‍വലിപ്പിച്ചു. കൂടുതല്‍ കരുത്തുള്ള റിയര്‍ എഞ്ചിനുമായി 911 വീണ്ടും പുറത്തിറങ്ങി, പോരാത്തതിന് അതിന്റെ കാബ്രിയോളെ വേരിയേഷനും പിന്നാലെ വന്നു. പഴയ 911-ന്റെ വൈകല്യങ്ങളില്ലാത്ത പുതിയ മോഡല്‍ വിപണിയില്‍ ഹിറ്റായി. മോഡല്‍ വേരിയന്റുകളെന്ന നിലയിലുള്ള മാറ്റങ്ങളോടെയാണെങ്കിലും അരനൂറ്റാണ്ടിന് ശേഷവും 911 ഇറങ്ങുന്നുവെന്നത് തന്നെ ഷുട്സിന്റെ ദീര്‍ഘദൃഷ്ടിയുടെ ഫലം.

1987-ല്‍ പോര്‍ഷെയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഗ്രന്ഥകാരനും മാനേജ്മെന്റ് പ്രഭാഷകനുമായി (ഒരു പ്രഭാഷണത്തിന് 20,000 മുതല്‍ 40,000 വരെ ഡോളര്‍ പ്രതിഫലവും ലഭിച്ചിരുന്നു അദ്ദേഹത്തിന്). രണ്ട് മാസം മുമ്പ് 2017 ഒക്ടോബര്‍ 29-ന് അന്തരിച്ചു.

കമ്പനിയുടെ മാനേജ്മെന്റിലുള്ള പോര്‍ഷെ, പിയച്ച് കുടുംബാംഗങ്ങളാരും ഷുട്സിനോട് ഒരു ജൂതനോടെന്ന പോലെ പെരുമാറിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് പോര്‍ഷെയിലെ ജോലി പണ്ട് തന്നെ ഉപദ്രവിച്ചവരുടെ കമ്പനിയിലാണെന്ന തോന്നലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ച ഭാര്യ ഷെയ്ല ഹാരിസ്-ഷുസ് പറഞ്ഞു. 

Content Highlights: Peter Schutz Executive Who Saved a Signature Porsche