തിവായി യൂറോപ്പിലെ ചില സ്ഥിരം ബ്രാന്‍ഡുകള്‍ മാത്രം (ഇടയ്ക്ക് അമേരിക്കയിലും ചിലര്‍) നിര്‍മിക്കുന്നതാണ് സൂപ്പര്‍/ഹൈപ്പര്‍ കാറുകള്‍. ലംബോzടർഗിനി, ബുഗാട്ടി, മക്ലാറന്‍, ഫെറാറി, ആസ്റ്റണ്‍ മാര്‍ട്ടിന്‍... ഇവരൊക്കെയാണ് വേദിയിലെ പതിവ് കളിക്കാര്‍. ഇതിനിടയിലേക്ക് ഇന്ത്യയുടെ മഹീന്ദ്രയും ഒരു പുതിയ സൂപ്പര്‍ കാര്‍ ബ്രാന്‍ഡുമായി രംഗത്തെത്തുന്നു.

കമ്പനിയുടെ പേര് ഓട്ടൊമോബിലി പിനിന്‍ഫാരിന, മോഡലിന്റെ പേര് പിഎഫ് സീറോ. രണ്ട് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്കും 12 സെക്കന്‍ഡില്‍ 300-ലേക്കും ആക്സിലറേറ്റ് ചെയ്യുന്ന, 400 കിലോമീറ്ററിലേറെ പരമാവധിവേഗമുള്ള പിഎഫ് 0 ബുഗാട്ടി വെയ്റോണിനെയും ഷിറോണിനെയും പോലെ 1000 എച്ച്പിയിലേറെ കരുത്തവകാശപ്പെടുന്ന അപൂര്‍വം ഹൈപ്പര്‍കാറുകളുടെ ഗണത്തില്‍ പെട്ടതായിരിക്കും വാഹനം.

ഒറ്റ ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന വൈദ്യുതിവാഹനവുമായിരിക്കും സംഭവം. മാത്രമല്ല, ഇന്ത്യന്‍ മൂലധനത്തില്‍ നിര്‍മിക്കപ്പെടുന്നതാണെങ്കിലും ഇറ്റാലിയന്‍ ഡിസൈനിങ്ങും എഞ്ചിന്‍ സാങ്കേതികവിദ്യകളുമുള്ള പിഎഫ് 0 യൂറോപ്യന്‍ ഉത്പന്നമായിരിക്കും. മാസ്സ് മാര്‍ക്കറ്റ്  ഉത്പന്നമായിരിക്കില്ല, പത്തോ നൂറോ യൂനിറ്റുകള്‍ മാത്രം നിര്‍മിക്കപ്പെടുന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍. വിലയും അങ്ങനെയായിരിക്കും... ഏതാണ്ട് രണ്ടര മില്യണ്‍ ഡോളേഴ്സ്, അല്ലെങ്കില്‍ പതിനാറ് കോടി രൂപ! കമ്പനിയുടെ ആദ്യവാഹനം ഇങ്ങനെ ശതകോടീശ്വരന്മാരായ വാഹനശേഖരണക്കാര്‍ക്ക് വേണ്ടി മാത്രം ഇറക്കുന്നതായിരിക്കുമെങ്കിലും 2020-ന് ശേഷം ഇറങ്ങുന്ന മോഡലുകള്‍ സാധാരണ കാശുകാരെ (എന്നു വെച്ചാല്‍ ഏതെങ്കിലും കറന്‍സിയില്‍ ഒന്നോ രണ്ടോ കോടി രൂപ മുടക്കാന്‍ ശേഷിയുള്ളവര്‍) ലക്ഷ്യമിട്ടുള്ള മാസ്സ് മാര്‍ക്കറ്റ് മോഡലുകളായിരിക്കും.

Mahindra Super Car
പിനിന്‍ഫാരിന എസ്പിഎ 2015-ലെ ജനീവ ഓട്ടോ ഷോയില്‍
അവതരിപ്പിച്ച എച്ച്2 സ്പീഡ് എന്ന കോണ്‍സെപ്റ്റ് വാഹനം

ഏതാനും ആഴ്ചകള്‍ മുമ്പ് റോമില്‍ ഫോര്‍മുല ഇ റേസിങ്ങിനിടയിലാണ് (മഹീന്ദ്ര റേസിങ്ങിന്റെ ടീമും മത്സരത്തിലുണ്ട്) മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പത്രലേഖകരെ ഈ വിരം അറിയിച്ചത്. അടുത്ത വര്‍ഷം കഴിഞ്ഞാല്‍ 90-ാം പിറന്നാള്‍ ആഘോഷിക്കുന്ന പിനിന്‍ഫാരിനയുടെ 75 ശതമാനം ഓഹരികളും 16.8 കോടി യൂറോയ്ക്ക് മഹീന്ദ്ര ഗ്രൂപ്പ് കൈക്കലാക്കിയത് 2015-ലാണ്. കാര്‍ നിര്‍മാണത്തില്‍ ഫെറാറിയും ബിഎംഡബ്ലിയുവും എന്താണോ അതാണ് കാര്‍ ഡിസൈനിങ്ങില്‍ പിനിന്‍ഫാരിന (മേല്‍പ്പറഞ്ഞ രണ്ടുപേരുടെയും കിടിലന്‍ മോഡലുകള്‍ പലതും ഡിസൈന്‍ ചെയ്തതും പിനിന്‍ഫാരിന തന്നെ). ഫിയറ്റ്, ജനറല്‍ മോട്ടോഴ്സ്, ആല്‍ഫ റോമിയോ, പ്യൂഷോ, ലാന്‍സിയ, മാസറാറ്റി, ഹ്യുണ്ടായ്, ദേവു തുടങ്ങിയവരെല്ലാം പിനിഫാരിനയുടെ ക്ലയന്റുകളാണ്. കാറുകള്‍ മാത്രമല്ല സ്വകാര്യ ജെറ്റുകള്‍, ലക്ഷ്വറി യാട്ടുകള്‍, ഹൈസ്പീഡ് ട്രെയ്നുകള്‍ എന്നിവ തൊട്ട് ബൈക്ക് ഹെല്‍മറ്റുകളും പേനകളും ഫര്‍ണിച്ചറും വരെ അവരുടെ രൂപകല്‍പ്പനാവിഷയങ്ങളില്‍ വരും. ഡിസൈന്‍ ആന്‍ഡ് എഞ്ചിനിയറിങ്ങ് സര്‍വീസസ് കമ്പനിയായ പിനിന്‍ഫാരിന എസ്പിഎയുടെ ലൈസന്‍സില്‍ 100 ശതമാനം മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് ഓട്ടൊമോബിലി പിനിന്‍ഫാരിന എന്ന വാഹനനിര്‍മാണക്കമ്പനി സ്ഥാപിതമായിരിക്കുന്നത്. 

ഇന്ന് ഏതാണ്ട് 1.25 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള മഹീന്ദ്ര 1945-ല്‍ പഞ്ചാബിലെ ലുധിയാനയില്‍ സ്ഥാപിതമായത് മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലായിരുന്നു. സഹോദരന്മാരായ കേശബ് ചന്ദ് മഹീന്ദ്രയും ജഗ്ദീശ് ചന്ദ് മഹീന്ദ്രയും ഒപ്പം നാട്ടുകാരനായ മാലിക് ഗുലാം മുഹമ്മദും ചേര്‍ന്ന് ആരംഭിച്ച കമ്പനിക്ക് സ്റ്റീല്‍ വ്യാപാരമായിരുന്നു ബിസിനസ്സ്. 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനവും വന്നപ്പോള്‍ മാലിക് മുഹമ്മദ് പാകിസ്താനിലേക്ക് കുടിയേറി, അവിടുത്തെ ആദ്യ ധനമന്ത്രിയും പിന്നീട് മൂന്നാമത്തെ ഗവര്‍ണര്‍ ജനറലുമായി. 

Mahindra Super Car
പിനിന്‍ഫാരിന എസ്പിഎ 2015-ലെ ജനീവ ഓട്ടോ ഷോയില്‍
അവതരിപ്പിച്ച എച്ച്2 സ്പീഡ് എന്ന കോണ്‍സെപ്റ്റ് വാഹനം

1947-ല്‍ ബ്രിട്ടീഷ് വാഹനമായ വില്ലിസ് ജീപ്പിന്റെ നിര്‍മാണത്തിനുള്ള കോണ്‍ട്രാക്റ്റ് നേടിക്കൊണ്ടാണ് മഹീന്ദ്ര വാഹനനിര്‍മാണത്തിലേക്ക് കയറിയത്. 1948-ല്‍ പേര് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയ കമ്പനി 1956 -ല്‍ ബോംബേ സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. 1969-ല്‍ യൂട്ടിലിറ്റി വാഹനങ്ങളും സ്പെയര്‍ പാര്‍ട്ടുകളും കയറ്റിയയച്ചുകൊണ്ട് ആഗോളവിപണിയില്‍ അരങ്ങേറ്റം നടത്തിയ മഹീന്ദ്ര 1982-ല്‍ ട്രാക്ടര്‍ നിര്‍മാണത്തിലേക്കും 1986-ല്‍ ടെക്നോളജി മേഖലയിലേക്കും പ്രവേശിച്ചു. 

1994-ല്‍, അപ്പോഴേക്കും കോണ്‍ഗ്ലോമറേറ്റ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന തരം കമ്പനി സമുച്ചയമായി മാറിക്കഴിഞ്ഞ മഹീന്ദ്രയെ പുതിയ മാനേജിങ്ങ് ഡയരക്ടറായി മാറിയ ആനന്ദ് മഹീന്ദ്ര തന്ത്രപ്രാധാന്യമുള്ള ആറ് ബിസിനസ്സ് യൂനിറ്റുകളായി വേര്‍തിരിച്ച് പൂര്‍ണമായി പുനസ്സംഘടിപ്പിച്ചു. വാഹനനിര്‍മാണം, കാര്‍ഷികോപകരണങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, വാണിജ്യ, ധനകാര്യസേവനങ്ങള്‍, ഐ.ടി., വാഹനഘടകങ്ങള്‍ എന്നിങ്ങനെയായിരുന്നു തരംതിരിക്കല്‍.

1990-കളുടെ ആരംഭത്തിലാണ് ഇന്ത്യ ആഗോളീകരണമെന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്നറിഞ്ഞത്. യൂറോപ്പിലെയും വികസിതരാജ്യങ്ങളിലെയും സാമ്പത്തികശേഷിയിലും സാങ്കേതികവിദ്യകളിലും മേല്‍ക്കൈയുള്ള കുത്തകക്കമ്പനികള്‍ ഏഷ്യയിലേയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയും തദ്ദേശീയരായ വ്യാപാരി-വ്യവസായികളെയെല്ലാം വഴിയാധാരമാക്കി അന്നാടുകളിലെയെല്ലാം വിപണികള്‍ പിടിച്ചെടുത്ത് നവകൊളോണിയലിസം നടപ്പാക്കുമെന്നായിരുന്നു അന്ന് ബുദ്ധിജീവികള്‍ വിലപിച്ചതും പ്രവചിച്ചതും. പക്ഷേ, കൊളോണിയല്‍ കാലത്ത് മൂന്നാം ലോകക്കാരന് ചെയ്യാന്‍ പറ്റാത്തത് ആഗോളീകരണകാലത്ത് പറ്റും എന്നാണ് ഇപ്പോള്‍ മഹീന്ദ്രയും നേരത്തെ ടാറ്റയും ചൈനയിലെ ഗീലിയും കാണിച്ചുതരുന്നത്. 

ഇന്ത്യയിലെ ആദ്യത്തെ സ്വദേശി എസ്.യു.വി. നിര്‍മിച്ച, സ്വന്തമായി ഇരുചക്രവാഹനങ്ങളും കാറുകളും ട്രാക്ടറുകളും തൊട്ട് വിമാനങ്ങള്‍ വരെ നിര്‍മിക്കുന്ന മഹീന്ദ്രയുടെ മോഡലുകള്‍ ഇന്ത്യയില്‍ മത്രമല്ല ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും നന്നായി വിറ്റുപോകുന്നുണ്ട്. സമീപകാലത്ത് ജീപ്പിന്റെ ജന്മഭൂമിയായ അമേരിക്കയില്‍ റോക്സര്‍ എന്ന പേരില്‍ ഓഫ്-റോഡ് വാഹനങ്ങളുടെ നിര്‍മാണവിപണനവും ആരംഭിച്ചു. ഇത്രയൊക്കെ ശേഷിയുണ്ടായിട്ടും എന്താണ് സ്വന്തം പേരില്‍ ഒരു അള്‍ട്രാലക്ഷ്വറി സൂപ്പര്‍ ബ്രാന്‍ഡ് അവതരിപ്പിക്കാത്തത് എന്നതിന് ആനന്ദ് തരുന്ന മറുപടി ഇതാണ്. 'ഞാനിവിടെ വന്ന് മഹീന്ദ്ര മഹാരാജ എന്നൊരു ബ്രാന്‍ഡില്‍ കാര്‍ അവതരിപ്പിച്ചാല്‍ നിങ്ങളൊക്കെ ആ തുലഞ്ഞ സാധനം ഒരു ലക്ഷ്വറി കാര്‍ ആണെന്ന് സമ്മതിക്കുമ്പോഴേക്കും ഞാന്‍ മരണമടഞ്ഞിട്ടുണ്ടാകും. '  ശരിയാണ്, മഹീന്ദ്രയേക്കാള്‍ ശേഷിയും പാരമ്പര്യവുമുള്ള ടൊയോട്ടയും നിസ്സാനും തങ്ങളുടെ ലക്ഷ്വറി ബ്രാന്‍ഡുകള്‍ (ലെക്സസും ഇ്ന്‍ഫിനിറ്റിയും) അവതരിപ്പിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും അവരൊന്നും മെഴ്സിഡിസിന്റെയും ബി.എം.ഡബ്ലിയുവിന്റെയും പോയിട്ട് ജാഗ്വറിന്റെയും വോള്‍വോയുടെയും പോലും സമീപമെത്തിയിട്ടില്ല. അതിനാണ് ബ്രാന്‍ഡ് വാല്യു എന്ന് പറയുന്നത്. രത്തന്‍ ടാറ്റയും (ടാറ്റ ഇന്‍ഡസ്ട്രീസ്) ലി ഷിഫുവും (ഗാലി ഹോള്‍ഡിങ്ങിങ്ങ്സ്) ആരാണെന്ന് ഭൂരിപക്ഷം സായിപ്പന്മാര്‍ക്കും അറിയില്ലെങ്കിലും കഴിഞ്ഞ പതിറ്റാണ്ടില്‍ ഇരുവരും വന്‍തോതില്‍ മൂലധനമിറക്കി പുനരുജ്ജീവിച്ച ജാഗ്വര്‍ ലാാന്‍ഡ് റോവറും വോള്‍വോയും യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല ലോകമെങ്ങും അറിയപ്പെടുന്ന പാരമ്പര്യവും ഗുണമേന്മയും തെളിയിച്ച ബ്രാന്‍ഡുകളാണ്. സമാനമായ മൂലധനം മുടക്കി ഇരുവരും സ്വന്തം ബ്രാന്‍ഡുകളിലുള്ള ലക്ഷ്വറി വാഹനങ്ങളാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ യൂറോപ്പിലും അമേരിക്കയിലുമെന്നല്ല ഇന്ത്യയിലും ചൈനയിലും പോലും ആരുമവരെ മൈന്‍ഡ് ചെയ്തിട്ടുണ്ടാവില്ല. ഇതാണ് മഹീന്ദ്രയുടെ ലോജിക്. 

ഹാര്‍വാഡില്‍ നിന്ന് ബിരുദമെടുത്ത ആനന്ദിന്റെ പഠനവിഷയം ബിസിനസ്സ് മാനേജ്മെന്റോ എഞ്ചിനിയറങ്ങോ ആയിരുന്നില്ല ചലച്ചിത്ര രചനയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം കമ്പനികളെ സിനിമാക്കഥകള്‍ പോലെയാണ് കാണുന്നത്. 1930-ല്‍ ബാറ്റിസ്റ്റ പിനിന്‍ഫാരിന സ്ഥാപിച്ച കമ്പനി തന്നെ അപൂര്‍ണമായ ഒരു കഥയാണെന്നാണ് മഹീന്ദ്ര പറയുന്നത്. ഇത്രയും കാലം അവര്‍ മറ്റുള്ള ബ്രാന്‍ഡുകളുടെ മോഡലുകള്‍ക്ക് വേണ്ട രൂപം ചര്‍ച്ച ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞ 88 വര്‍ഷക്കാലം വാഹനങ്ങളുടെ രൂപകല്‍പ്പന മാത്രം ചെയ്തിരുന്ന പിനിന്‍ഫാരിന ആദ്യമായി വാഹനനിര്‍മാണക്കമ്പനിയായി മാറുകയാണ്.  ഓട്ടൊമോബിലി പിനിന്‍ഫാരിനയുടെ സ്വന്തം മോഡല്‍ വിപണിയിലിറക്കുമ്പോഴേക്കും ആ കഥയുടെ ഒരു ഘട്ടമെങ്കിലും പൂര്‍ത്തിയാവുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മഹീന്ദ്ര & മുഹമ്മദ് മഹീന്ദ്ര & മഹീന്ദ്ര ആയതുപോലെ ഓട്ടൊമോബിലി പിനിന്‍ഫാരിന ഒടുവില്‍ ഓട്ടൊമോബിലി മഹീന്ദ്രയാകുമ്പോള്‍ കഥയുടെ രണ്ടാം ഘട്ടവും പൂര്‍ത്തിയാകുമെന്ന് നമുക്കും വിശ്വസിക്കാം.

Note- ചിത്രവിവരണം: പിനിന്‍ഫാരിന എസ്പിഎ 2015-ലെ ജനീവ ഓട്ടോ ഷോയില്‍ അവതരിപ്പിച്ച എച്ച്2 സ്പീഡ് എന്ന കോണ്‍സെപ്റ്റ് വാഹനം. ഇതായിരിക്കും വരാന്‍ പോകുന്ന പിഎഫ് സീറോ എന്ന് കരുതപ്പെടുന്നു. 

Content Highlights; Mahindra PF-Zero electric supercar with Pininfarina in the Works