കൊട്ടാരം പോലുള്ള വീടുകളില്‍ നിന്ന് അതേ പോലുള്ള ജോലിസ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കുമെല്ലാം മാത്രം പോകുന്ന മധ്യവയസ്സര്‍ തൊട്ട് വൃദ്ധശിരോമണികള്‍ വരെയുള്ളവര്‍ക്ക് പിന്‍സീറ്റില്‍ ചാരിക്കിടന്ന് പത്രം വായിച്ചുകൊണ്ട് രാജപാതകളിൂടെ സഞ്ചരിക്കാന്‍ വേണ്ട സെഡാനും കൂപ്പെയുമെല്ലാം മാത്രമാണ് ലക്ഷ്വറിവാഹനമെന്ന് ജനം ധരിച്ചിരുന്ന കാലത്താണ് എല്‍എം002 എന്ന എസ്.യു.വി. ലാംബോര്‍ഗിനി പുറത്തിറക്കിയത്.

450 എച്ച്പി കരുത്തുള്ള 5167 സിസി വി12 എഞ്ചിനുമായി 200 കിലോമീറ്ററിലേറെ വേഗത്തില്‍ കുതിക്കുന്ന ഈ വാഹനം കുലീനന്മാരും കോടീശ്വരന്മാരും മാത്രമുള്ള നഗരപാതകളില്‍ ജനങ്ങളുടെ തലകള്‍ തിരിപ്പിക്കുമെന്ന് മാത്രമല്ല നല്ല റോഡുകള്‍ പോലുമില്ലാത്ത കാട്ടിലും മേട്ടിലും അനായാസമായി ഓടിക്കയറുകയും ചെയ്യും. ഇതാണ് ആഡംബര എസ്.യു.വി.കളുടെ പിതാമഹന്‍.

lamborghini
ലംബോര്‍ഗിനി ചീറ്റ Courtesy; Lamborghini

1970-കളുടെ അന്ത്യത്തില്‍ യു.എസ്സ്. സൈനികാവശ്യങ്ങള്‍ക്കുള്ള ഹൈ പെര്‍ഫോമന്‍സ് ഓഫ് റോഡ് വാഹനമായിട്ടാണ് എല്‍എം002-ന്റെ ആരംഭം. അന്നതിന്റെ പേര് ചീറ്റ എന്നായിരുന്നു. അമേരിക്കയിലെ പ്രതിരോധ കോണ്‍ട്രാക്ടറായ എംടിഐയുമായി ചേര്‍ന്നാണ് ചീറ്റയുടെ പ്രോട്ടോടൈപ്പ്‌ ലംബോഗിനി തയ്യാറാക്കിയത്. അവര്‍ നിര്‍മിച്ച ബോഡിക്കുള്ളില്‍ ക്രൈസ്ലറിന്റെ 5.9 ലിറ്റര്‍ വി8 എഞ്ചിനും 3 സ്പീഡ് ട്രാന്‍സ്മിഷനുമെല്ലാം ലാംബോ കൂട്ടിച്ചേര്‍ത്തു. പക്ഷേ, യു.എസ്സ്. സൈന്യത്തിന് വണ്ടി ഇഷ്ടപ്പെട്ടില്ല, അവരതിന് പകരം ഘനവാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് നിര്‍മാതാവായ എ.എം. ജനറലിനെക്കൊണ്ട് ഹംവീ എന്ന് ജനം ചുരുക്കി വിളിക്കുന്ന ഹൈ മോബിലിറ്റി മള്‍ട്ടിപര്‍പ്പസ് വീല്‍ഡ് വെഹിക്കിള്‍ നിര്‍മിപ്പിച്ചു. (ഹംവി കണ്ടാല്‍ അത് ഇമിറ്റേഷന്‍ ചീറ്റയല്ലേയെന്ന് ഇന്ന് തോന്നിപ്പോകും).

Lambo
ഹംവീ. Courtesy; AM General

ചീറ്റയുടേയും ലാംബോയുടെ ഓഫ് റോഡ് ചരിത്രത്തിന്റെയും കഥ അവിടെ കഴിയേണ്ടതായിരുന്നു. പക്ഷേ, 1981-ല്‍ ലാംബോര്‍ഗിനി എഞ്ചിനീയറായ ഗിയുലിയോ അല്‍ഫിയേരി ചീറ്റയുടെ സകെച്ചുകള്‍ പൊടിതട്ടിയെടുത്ത് പുതിയ മോഡലുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ആ മോഡലില്‍ കോര്‍വെറ്റിന്റെ എഞ്ചിനും മോപ്പാറിന്റെ ട്രാന്‍സ്മിഷനുമൊക്കെ വെക്കുന്നതിന് പകരം സ്വന്തം സൂപ്പര്‍ കാറായ കൂണ്‍ടാഷിന്റെ (Countach) 375 എച്ച്പിയിലേറെ കരുത്തുള്ള 567 സി.സി. വി12 എഞ്ചിനാണ് പിടിപ്പിച്ചത്. ഒടുവില്‍ പവര്‍ സ്റ്റിയറിങ്ങും പവര്‍ വിന്‍ഡോസും ആല്‍പൈനിന്റെ വിലകൂടിയ കാസറ്റ് പ്ലേയറും (അന്ന് സിഡി ജനിച്ചിട്ടില്ല) ഇറ്റാലിയന്‍ ലെതറിന്റെ അപ്ഹോള്‍സ്റ്ററിയും സമൃദ്ധമായ കാര്‍പ്പെറ്റും ഒക്കെയായി 1986-ല്‍ പുറത്തുവന്ന വാഹനത്തിന്റെ പേര് ചീറ്റ എന്നായിരുന്നില്ല എല്‍എം002 എന്നായിരുന്നു. റേഞ്ച് റോവറല്ലാതെ മറ്റൊരു ഓഫ് റോഡ് വാഹനത്തിലും കിട്ടാത്ത ആഡംബരങ്ങളായിരുന്നു എല്‍എം002 നല്‍കിയത്.

വണ്ടിയുടെ സൈനിക മോഡലിലെ പിന്‍സിറ്റിന് മുകളിലെ റൂഫ് ഒരു ട്രാപ് ഡോര്‍ പോലെ തുറക്കാം, സഞ്ചാരികള്‍ക്ക് എഴുന്നേറ്റ് നിന്ന്് തങ്ങളുടെ എ.കെ.47-കള്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് തിരിച്ച് വെടിയുതിര്‍ക്കാം. ഇതിന് പുറമെ പിന്നില്‍ ഡിക്കിയുടെ ഭാഗത്ത് വലിയ മെഷിന്‍ ഗണ്ണുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും. അമേരിക്കക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പശ്ചിമേഷ്യയില്‍ എല്‍എം002 വന്‍ ജനപ്രീതി പിടിച്ചുപറ്റി. സൗദി അറേബ്യ 40 മോഡലുകള്‍ വാങ്ങി, ലിബിയയിലെ കേണല്‍ ഖദ്ദാഫി 100 എണ്ണവും. ഇതിനിടയില്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ മാംസപേശികളും പ്രകടനവുമുള്ള വണ്ടി കണ്ട ആരാധകര്‍അതിന് ഒരു ചെല്ലപ്പേരുമിട്ടു: 'റാംബോ ലംബോ'

lamborghini
ലംബോര്‍ഗിനി LM002. Courtesy;Lamborghini

1986 മുതല്‍ 1992 വരെയായി 300 എല്‍എം002 യൂനിറ്റുകളാണ് ലാംബോ പുറത്തിറക്കിയത്. 1992-ല്‍ അതിന്റെ ഉത്പാദനവും നിര്‍ത്തി. ശിഷ്ടകാലം, ഇന്നേവരെ ലാംബോഗിനി രണ്ട് സീറ്റുള്ള സൂപ്പര്‍ അല്ലെങ്കില്‍ ഹൈപ്പര്‍ സ്പോര്‍ട്സ് കാറുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളു. ഡയബ്ലോ, ഹുറാകാന്‍, അവന്റേഡോര്‍... എന്നിങ്ങനെയുള്ള കാറുകള്‍ മാത്രം. എന്നിട്ടും, കാല്‍ നൂററാണ്ട് മുമ്പെ ഉത്പാദനം നിര്‍ത്തിയ വാഹനത്തെപ്പറ്റി ലാംബോ തന്നെ ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയതിന് കാണമുണ്ട്. അവര്‍ വീണ്ടും ഒരു എസ്.യു.വി. അവതരിപ്പിക്കാന്‍ പോവുകയാണ്. വെറും എസ്.യു.വി.യല്ല, ഒരു സൂപ്പര്‍ എസ്.യു.വി. പേര് യൂറസ്. 

Lambo
ലംബോര്‍ഗിനി ML002. Courtesy;Lamborghini

1960-കള്‍ മുതല്‍ ഫെറാറിയെ വെല്ലുന്ന സൂപ്പര്‍ കാറുകള്‍ മാത്രം നിര്‍മിച്ച് ജീവിച്ച ലാംബോയും എസ്.യു.വി. നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ ഷേക്സ്പിയറിന്റെ ജൂലിയസ് സീസര്‍ ചോദിച്ചതുപോലെ 'യൂ ടൂ ബ്രൂട്ടസ്?' എന്ന് ചോദിക്കരുത്. കാരണം അവര്‍ ചെയ്യുന്നത് നാടോടുമ്പോള്‍ നടുവേ ഓടുക മാത്രമാണ്. കാരണം നട്ടിലുള്ള പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ശ്രദ്ധ തിരിച്ചിരിക്കുന്നത് എസ്.യു.വി. നിര്‍മാണത്തിലേക്കാണ്. കാരണം യൂറോപ്പിലും അമേരിക്കയിലും ലോകത്തിലെ ഏറ്റവും വലിയ വാഹനവിപണികളിലൊന്നായ ചൈനയിലുമെല്ലാം ചൂടപ്പം പോലെ ചിലവാകുന്നത് കൂപ്പെയും സെഡാനും സ്പോര്‍ട്സ് കാറുകളുമൊന്നുമല്ല, എസ്.യു.വി.കളാണ്.

lamborghini
ലംബോര്‍ഗിനി യൂറസ്. Courtesy;Lamborghini

യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം വിറ്റ കാറുകളില്‍ 27 ശതമാനവും എസ്.യു.വി.കളായിരുന്നു. പത്ത് വര്‍ഷം മുമ്പ് ഇത് വെറും എട്ടശതമാനമായിരുന്നു. 2020 ആകുമ്പോഴേക്കും ഇത് 34 ശതമാനമാകുമെന്നാണ് മതിപ്പ് -എന്നുവെച്ചാല്‍ പ്രതിവര്‍ഷം 57 ലക്ഷം വാഹനങ്ങള്‍. അമേരിക്കയില്‍ 2000-ല്‍ വെറും 6.1 ശതമാനമായിരുന്നത് 2007-ല്‍ 16.8 ശതമാനവും കഴിഞ്ഞ വര്‍ഷം 33.8 ശതമാനവുമായി വര്‍ദ്ധിച്ചു. അമേരിക്കക്കാര്‍ അതിനെ സി.യു.വി. (ക്രോസ്സോവര്‍ യൂട്ടിലി വെഹിക്കിള്‍) എന്നാണ് വിളിക്കുന്നത്. 2016-ല്‍ അവിടെ വിറ്റത് 56 ലക്ഷം എസ്.യു.വി.കളാണ്. ചൈനയിലാണെങ്കില്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന വാഹനങ്ങളില്‍ ഈ വിഹിതം 40 ശതമാനമാണ്.

ജനപ്രീതിയുടെ കാര്യകാരണങ്ങളെന്തായാലും നിര്‍മാതാക്കളെല്ലാം എസ്.യു.വി. നിര്‍മാണ ഫീല്‍ഡില്‍ വളരെ സജീവമാണ്. ജാഗ്വറിന്റെ ലോകമെങ്ങും ഏറ്റവും ചിലവാകുന്ന മോഡല്‍ എഫ്-പേസ് എന്ന എസ്.യു.വി.യാണ്. ആഢ്യന്മാരായ കോടീശ്വരന്മാര്‍ക്ക് മാത്രം കാറുകളുണ്ടാക്കുന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ബെന്റ്ലിയും അല്‍പ്പം മുമ്പ് ബെന്റായ്ഗ എന്ന പേരില്‍ ഒരു എസ്.യു.വി. ഇറക്കി. അതാണവരുടെ ടോപ് സെല്ലിങ്ങ് മോഡല്‍. റോള്‍സ് റോയ്സും ഗോപ്യമായി എസ്.യു.വി. നിര്‍മാണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ആയിരം കാറുകള്‍ വില്‍ക്കുന്ന ലാംബോയുടെ ലക്ഷ്യവും നൂറുകണക്കിനായിട്ടല്ല ആയിരക്കണക്കായി വാഹനങ്ങള്‍ വില്‍ക്കുകയാണ്. 

വിപണിയിലെത്തുന്ന അടുത്ത വര്‍ഷം തന്നെ 7000 യൂറസുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇപ്പോഴുള്ള ഫാക്ടറിയില്‍ അത്രയും നിര്‍മാണത്തിന് ശേഷിയില്ലാത്തതിനാല്‍ ലാംബോര്‍ഗിനിയുടെ ജന്മനാടായ സാന്ത്'അഗത ബൊളോണീസില്‍ ഒന്നര ലക്ഷം ചതുരശ്രമീറ്ററോളം സ്ഥലത്ത് കലാനിലവാരമുള്ള ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.  

lamborghini

ഫോക്സ്വാഗന്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡായതിനാല്‍ പുതിയ എസ്.യു.വി.യുടെ പ്ലാറ്റ്ഫോം, എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയ്ക്ക് ഗ്രൂപ്പിന്റെ മറ്റ് ബ്രാന്‍ഡുകളായ ഔഡി, ബെന്റ്ലി എന്നിവയെ ആശ്രയിക്കാം എന്നതാണ് ലാംബോയുടെ സൗകര്യം. വാഹനത്തെപ്പറ്റി ഏറെ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, പോരുകാളയുടെ ബാഡ്ജുള്ള സൂപ്പര്‍ കാറുകളെ പോലെ കണ്ണ് മഞ്ഞളിപ്പിക്കുന്ന വിലയുണ്ടാവില്ല യൂറസിന് - അത് രണ്ട് ലക്ഷം ഡോളറിലും കുറവായിരിക്കും.