ത്പാദനം നിയന്ത്രിക്കുന്ന മൂലധനത്തിന്റെ ഉടമകളായ മുതലാളികള്‍ ജാതി, മത, കാല, ദേശഭേദമില്ലാത്ത ഒരു വര്‍ഗമാണെന്ന് ആദ്യം പറഞ്ഞത് 19-ാം നൂറ്റാണ്ടിന്റെ പാതിയില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച ഒരു ജര്‍മന്‍ ജൂതനാണ്. അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ പാശ്ചാത്യലോകത്ത് എത്രയോ സാമ്പത്തിക, സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ പിന്നീട് കുറെ അധ്വാനിച്ചിട്ടുണ്ട്. അവരുടെ തിയറികളിലൊന്ന് ഒരേ മേഖലയിലെങ്കിലും മുതലാളികള്‍ തമ്മിലാണ് ശത്രുതയും മത്സരവുമെന്നതാണ്. കൂടുതല്‍ മെച്ചമായ ഉത്പന്നത്തിലൂടെ വിപണി പിടിച്ചെടുത്ത് ബാക്കി മുതലാളികളെയെല്ലാം കുത്തുപാളയെടുപ്പിക്കലാണ് ഓരോരുത്തരുടെയും ലക്ഷ്യം, ഉപഭോക്താവിനൊപ്പം തൊഴിലാളി പോലും ആ മത്സരത്തിന്റെ ഗുണഫലങ്ങളനുഭവിക്കുമത്രെ. എന്നാല്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ തൊഴിലാളിക്കെതിരെ മാത്രമല്ല, ദൈവങ്ങളെ പോലെ അവര്‍ കാണേണ്ട ഉപഭോക്താക്കള്‍ക്കും ഭരിക്കുന്ന സര്‍ക്കാരിനും പോലുമെതിരെ ഈ വര്‍ഗം എങ്ങനെ കൂട്ടുകൂടുകയും ഒത്തുകളിക്കുകയും ചെയ്യുമെന്നതിന്റെ ഞെട്ടിക്കുന്ന കഥയാണ് കാറല്‍ മാര്‍ക്സിന്റെ തന്നെ നാട്ടിലെ വ്യവസായഭീമന്മാര്‍ ലോകത്തിന് ഇപ്പോള്‍  കാണിച്ചുതരുന്നത്.

മലിനീകരണതോത് കുറച്ചുകാണിക്കാന്‍ കൃത്യമ സോഫ്റ്റ്‌വെയറുണ്ടാക്കി ഫോക്‌സ്‌വാഗണ്‍ നടത്തിയ തട്ടിപ്പ് 2015 സെപ്തംബറില്‍ പിടിക്കപ്പെട്ടതോടെ പിഴകള്‍ അടക്കാനും വിറ്റ വാഹനങ്ങള്‍ മടക്കിവിളിക്കാനും നഷ്ടപരിഹാരം നല്‍കാനുമെല്ലാമായി അമേരിക്കയില്‍ മാത്രം ഏതാണ്ട് 1.4 ലക്ഷം കോടി രൂപ കമ്പനിക്ക് മാറ്റിവെക്കേണ്ടിവന്നു.

ലോകത്തിലെ പ്രീമിയം, ലക്ഷ്വറി കാര്‍ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്ന അഞ്ച് ജര്‍മന്‍ കമ്പനികള്‍ - ഡയംലര്‍, ബിഎംഡബ്യു, ഫോക്സ്വാഗന്‍, പോര്‍ഷെ, ഔഡി. പൊതുജനങ്ങളുടെ മുന്നില്‍ പരസ്പരം കഴുത്തറക്കുന്ന മത്സരത്തിലാണ്. ഓരോ വര്‍ഷവും ഓരോരുത്തരും അപരന്മാരെ വെല്ലുന്ന കിടിലന്‍ മോഡലുകള്‍ ഇറക്കും, അവാര്‍ഡ് വാങ്ങും പിന്നെ ലക്ഷക്കണക്കായി വിറ്റഴിക്കുകയും ചെയ്യും. ഇവരുടെ ഉഗ്രന്‍ മത്സരം കൊണ്ട് ലക്ഷങ്ങള്‍ തോനെ കൊടുക്കാന്‍ ശേഷിയുള്ള പൊതുജനത്തിന് ' ജര്‍മനാ അല്യോ'  എന്ന് വീരവാദം പറയാവുന്ന ഭയങ്കര കാറുകള്‍ കിട്ടുന്നു. ഇതാണ് വാര്‍ത്താമാധ്യമങ്ങളിലും പൊതുവേദിയിലുമൊക്കെ പ്രചരിക്കുന്ന പാണപ്പാട്ടുകള്‍.

എന്നാല്‍ പരസ്യമായ ഈ ചലച്ചിത്രഗാനമല്ല, രഹസ്യമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം ഇവരഞ്ച് പേരും ചെയ്ത കാര്യങ്ങളുടെ കഥ. ഒറ്റ കമ്പനി പോലെ, ഒരു മാഫിയസംഘം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു ഈ 'ഗ്രൂപ്പ് ഓഫ് ഫൈവ്. എല്ലാ കമ്പനിയിലെയും വിദഗ്ധരെല്ലാം ഒന്നിച്ചിരുന്നാണ് ജനങ്ങളെയും സര്‍ക്കാരിനെയും പറ്റിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞത്! വാണിജ്യത്തിലെ കുത്തകവത്കരണത്തിനെതിരായ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയനിലെ അംഗമായ ജര്‍മനിയിലെ കുത്തകവിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഫെഡറല്‍ കാര്‍ട്ടല്‍ ഓഫീസില്‍ ഫോക്സ്വാഗന്‍ ഇതിനെ പറ്റി കുറ്റസമ്മതം നടത്തിയതായി ജര്‍മന്‍ വാര്‍ത്താസൈറ്റായ ഡര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015-ല്‍ ഡീസല്‍ഗേറ്റ് എന്ന പേരില്‍ കുപ്രസിദ്ധമായ പുകതട്ടിപ്പുകേസില്‍ കുറ്റവാളിയായ ഫോക്സ്വാഗന്‍ ഫെഡറല്‍ കാര്‍ട്ടല്‍ ഓഫീസിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കഥ. ഫോക്സിന് ആയിരക്കണക്കിന് കോടി ഡോളറും യൂറോയും നഷ്ടമാക്കിയ ആ കുറ്റകൃത്യത്തില്‍ ബാക്കി വമ്പന്മാര്‍ക്കും ഏതാണ്ട് സമാനമായ പങ്കുണ്ടെന്നാണ് പ്രസ്താവന. മേല്‍പറഞ്ഞ പഞ്ചസംഘത്തിലെ ഓരോ കമ്പനിയിലെയും വിശേഷവിഭാഗങ്ങളുടെ (ഷാസി, എഞ്ചിന്‍ സാങ്കേതികവിദ്യ, സീറ്റിങ്ങ്, സ്റ്റിയറിങ്ങ് വിദ്യകള്‍, മാര്‍ക്കറ്റിങ്ങ്) മുഖ്യന്മാര്‍ തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തിയാണ് വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് തീരുമാനങ്ങളെടുക്കുക. ഡീസല്‍ അപവാദത്തിന് പിന്നില്‍ നടന്ന കഥ തന്നെ നോക്കാം.

കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ആഗോള ഉടമ്പടികളിലൊന്ന് കാര്‍ബണ്‍ വാതങ്ങളുടെ വിസര്‍ജനം പരിമിതപ്പെടുത്തുക എന്നതാണ്. ഇക്കാര്യത്തില്‍ ഓട്ടൊമോബൈല്‍ വ്യവസായത്തിന് വലിയ പങ്കുണ്ട്. അങ്ങനെയാണ് പെട്രോളിനേക്കാള്‍ കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ ഡീസലിലേക്ക് യൂറോപ്പുകാരെല്ലാം തിരിഞ്ഞത്.

പക്ഷേ, ഡീസല്‍ എഞ്ചിനുകള്‍ക്ക് കാര്‍ബണ്‍ മലിനീകരണം കുറവാണെങ്കിലും അവ ആരോഗ്യത്തിന് മാരകമാംവിധം ഹാനികരമായ നൈട്രജന്‍ വാതകങ്ങള്‍ (എന്‍ഒഎക്സുകള്‍) പുറത്തുവിടും. ഇതൊഴിവാക്കാന്‍ 'ക്ലീന്‍ ഡീസല്‍' സാങ്കേതികവിദ്യ തന്നെ ഉണ്ടായി. എഞ്ചിനില്‍ നിന്നുള്ള വാതകങ്ങള്‍ യൂറിയ ചേര്‍ന്ന മിശ്രിതത്തിലൂടെ കടത്തിവിട്ട് നൈട്രിക് ഓക്സൈഡിനെ ജലാംശവും നൈട്രജന്റെ നിരുപദ്രവമായ സംയുക്തങ്ങളുമാക്കി മാറ്റുകയാണ് വിദ്യ. വര്‍ഷവും പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ അഡ്ബ്ലൂ എന്ന രാസപദാര്‍ത്ഥം നിറയ്ക്കാന്‍ വലിയ പ്ലാസ്റ്റിക് ടാങ്കുകള്‍ വേണം. വലിയ ടാങ്കുകള്‍ക്കും അതിലൊഴിക്കേണ്ട അഡ്ബ്ലൂവിനും വലിയ വിലയാകുമെന്ന് മാത്രമല്ല അത് സ്ഥാപിക്കാന്‍ സ്ഥലവും വേണം. കാറിലെ വിലയേറിയ ഓപ്ഷന്‍സിലൊന്നായ സ്റ്റീരിയോ സ്പീക്കറുകള്‍ വെക്കേണ്ട സ്ഥലമാണ് നഷ്ടമാവുക. ഇതില്ലാത്ത വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ പറ്റില്ലെന്നത് കൊണ്ടാണ് ഓരോരുത്തരും കഴിയുന്നത്ര ചെറിയ ടാങ്കുകള്‍ വെക്കാമെന്ന ധാരണയിലെത്തിയത്. 2007-ല്‍ ഔഡിയാണ് ഇതിലെ പൊരുത്തക്കേട് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഓരോ കമ്പനിയും അവരവരുടെ മോഡലുകളിലെല്ലാമായി 16 മുതല്‍ 35 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള യൂറിയ ടാങ്കുകളാണ്‌ ഘടിപ്പിച്ചിരിക്കുന്നത്! ഇത് അധികൃതരില്‍ സംശയം ജനിപ്പിക്കും, അതിനാല്‍ എല്ലാവരും ഒരേ സൈസിലുള്ള ടാങ്കുകള്‍ തന്നെ സ്ഥാപിക്കണം.

അങ്ങനെയാണ് എല്ലാവരും എട്ട് ലിറ്റര്‍ ടാങ്കുകള്‍ മാത്രം സ്ഥാപിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തി. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ കാര്‍ നിര്‍മിക്കുന്നതിലും 80 യൂറോ (6000 രൂപ) ലാഭിക്കുകയും ചെയ്യാം. പക്ഷേ 8 ലിറ്റര്‍ ടാങ്കിലെ അഡ്ബ്ലൂവിന്റെ പ്രവര്‍ത്തനം ഏതാണ്ട് 6000 കിലോമീറ്റര്‍ ഓടുമ്പോഴേക്കും തീരും. ഇതേ കാലത്ത് അമേരിക്കയില്‍ അധികൃതര്‍ ഡീസലിനെതിരായ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനാല്‍ അവിടെ വില്‍ക്കുന്ന മോഡലുകളില്‍ 16 ലിറ്ററിന്റെ ടാങ്ക് ആകാമെന്നും തീരുമാനിക്കപ്പെട്ടു. ഇത്രയും ചെയ്തിട്ടും പുകപരിശോധനയില്‍ കുടുങ്ങാതിരിക്കാനാണ് ഫോക്സ്വാഗന്‍ തട്ടിപ്പ് സോഫ്റ്റ്വെയറും വികസിപ്പിച്ചത്. മലിനീകരണ പരിശോധനകളുടെ സമയത്ത് മാത്രം വിസര്‍ജ്യവാതകങ്ങളിലേക്ക് കൂടുതല്‍ അഡ്ബ്ലൂ പമ്പ് ചെയ്യാനുള്ള വിദ്യ സോഫ്റ്റ്വെയര്‍ ചെയ്യും. 

ഇതേ കാലത്ത് ഇന്ധനക്ഷമത, മലിനീകരണം എന്നിവയെ പറ്റി വാഹനനിര്‍മാതാക്കളുടെ അവകാശവാദവും യഥാര്‍ത്ഥവസ്തുതകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നതിനെ പറ്റി വാഹന, ഗതാഗത മേഖലകളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന യൂറോപ്പിലെയും അമേരിക്കയിലെയും പല സന്നദ്ധസംഘടനകള്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിത്തുടങ്ങിയിരുന്നു. പരീക്ഷണശാലയില്‍ നല്ല ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും കാണിക്കുന്ന വാഹനങ്ങള്‍ യഥാര്‍ത്ഥനിരത്തുകളില്‍ ഇതൊന്നും കാണിക്കില്ല. 2001-ല്‍ എട്ട് ശതമാനമായിരുന്ന ഈ വ്യത്യാസം 2014 ആയപ്പോഴേക്കും 31 ശതമാനം എന്ന ഞെട്ടിക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നുവെന്ന് ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് & എന്‍വയണ്‍മെന്റ് അവരുടെ പഠന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. പുകപരിശോധന ലാബില്‍ എഞ്ചിന്‍ ''ഐഡില്‍' ചെയ്യുമ്പോഴുള്ള മാലിന്യവും സാധാരണ റോഡുകളിലെ കയറ്റിറക്കങ്ങളിലും ഗതാഗതക്കുരുക്കളിലും ഓടുമ്പോഴുള്ള മാലിന്യവും തമ്മില്‍ ഫോക്സ്വാഗണ്‍ വാഹനങ്ങളില്‍ അവിശ്വസനീയമായ വിധം വ്യത്യാസമുണ്ടെന്നും അതിന് ഒരു കാരണം കമ്പനി പരിശോധനസമയത്ത് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണെന്നും യു.എസ്സ്. അധികൃതര്‍ 2015 സെപ്റ്റംബറില്‍ കണ്ടെത്തി. പിന്നീട് നടന്നത് ചരിത്രമാണ്. പിഴകള്‍ അടക്കാനും വിറ്റ വാഹനങ്ങള്‍ മടക്കിവിളിക്കാനും നഷ്ടപരിഹാരം നല്‍കാനുമെല്ലാമായി അമേരിക്കയില്‍ മാത്രം 2000 കോടി യൂറോ (ഏതാണ്ട് 1.4 ലക്ഷം കോടി രൂപ) കമ്പനിക്ക് മാറ്റിവെക്കേണ്ടിവന്നു.

ഫോക്സ്വാഗന്റെ സോഫ്റ്റ്വെയര്‍ തട്ടിപ്പ് മെഴ്സിഡീസിന്റെ നിര്‍മാതാക്കളായ ഡയംലറും ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെപറ്റി സ്റ്റട്ഗര്‍ട്ടിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഡയംലര്‍ വിറ്റ 30 ലക്ഷം കാറുകള്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാന്‍ മടക്കിവിളിച്ചിട്ടുണ്ട്. ഇതുകൊണ്ട് ജര്‍മനിയിലും അമേരിക്കയിലും അധികൃതര്‍ അടങ്ങിയിരിക്കണമെന്നില്ല. 

മലിനീകരണനിയമങ്ങളേക്കാള്‍ വലിയ പ്രശ്നം കുത്തകവത്കരണനടപടികള്‍ക്കെതിരായി യൂറോപ്യന്‍ യൂണിയനിലും യുഎസ്സിലും ഉള്ള നിയമങ്ങള്‍ ഈ ജര്‍മന്‍ സംഘം ലംഘിച്ചു എന്ന് വെളിവാകുമ്പോഴാണ്. പുകതട്ടിപ്പിന് നല്‍കേണ്ടി വന്നതിലും വലിയ പിഴകള്‍ ഒടുക്കുവാനും ശിക്ഷകള്‍ അനുഭവിക്കാനും ഇവരെല്ലാം നിര്‍ബന്ധിതരാവും. 

കമ്പനികള്‍ സാങ്കേതികവിദ്യ രഹസ്യമായി പങ്കിടുക, ഉത്പന്ന വില നിശ്ചയിക്കാന്‍ ഒത്തുകളിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ കര്‍ശനമായ ശിക്ഷകള്‍ വിധിച്ചുതുടങ്ങിയത് സമീപകാലത്താണ്. 2012-ല്‍ കാഥോഡ് റേ ട്യൂബുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ 150 കോടി യൂറോയും 2016-ല്‍ വാണിജ്യഘന വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കതിരെ 290 കോടി യൂറോയും പിഴയിട്ടത് ഓര്‍ക്കുക.