ലോകത്തിലെ ആദ്യ മോട്ടോര്‍വാഹന റേസ് നടന്നത് 19-ാം നൂറ്റാണ്ട് അവസാനിക്കാന്‍ ആറ് വര്‍ഷമുള്ളപ്പോഴാണ്, 1894 ജൂലൈ 22-ന്, ഫ്രാന്‍സില്‍. മനുഷ്യനിത്ര ബുദ്ധി ഉണ്ടായിട്ടും കുതിരകള്‍ വലിക്കാതെ ഓടുന്ന വണ്ടികള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് വിലപിച്ചുകൊണ്ട് ഒരു ഫ്രഞ്ച് പത്രം സംഘടിപ്പിച്ചതായിരുന്നു മത്സരം. കുതിരകളും കഴുതകളുമൊന്നും വലിക്കാതെ സ്വയം ഓടുന്നവയായിരിക്കണം വണ്ടി എന്ന് മാത്രമായിരുന്നു 5000 ഫ്രാങ്ക് ഒന്നാം സമ്മാനമുള്ള മത്സരത്തിന്റെ വ്യവസ്ഥ.

പത്രം ഇങ്ങനെ വിലപിക്കാന്‍ കാരണമുണ്ട്. ആവിയെഞ്ചിന്റെ കരുത്തില്‍ സഞ്ചരിക്കാന്‍ കടലില്‍ കപ്പലും കരയില്‍ തീവണ്ടിയുമുണ്ടെങ്കിലും അന്നും റെയിലുകളില്ലാത്ത നാട്ടില്‍ സഞ്ചാരം കുതിരവണ്ടികളിലായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടനില്‍ തന്നെ വണ്ടിവലിക്കാന്‍ മൂന്ന് ലക്ഷം കുതിരകളോ മറ്റോ ഉണ്ടായിരുന്നത്രെ. ലക്ഷക്കണക്കിന് ടണ്‍ വരുന്ന കുതിരച്ചാണകമായിരുന്നു അന്നത്തെ ഏറ്റവും വലിയ മാലിന്യം. മഴക്കാലത്ത് ഇത് നിരത്തുകളില്‍ പുഴയായി ഒഴുകും ശിഷ്ടകാലത്ത് കീടങ്ങള്‍ക്കും രോഗാണുക്കള്‍ക്കും പെറ്റുപെരുകാനുള്ള മാധ്യമമാവും.

അത്തരമൊരു സാഹചര്യത്തില്‍, അതിനകം തന്നെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം നടന്നുതുടങ്ങിയ മോട്ടോര്‍വാഹനങ്ങള്‍ക്ക് പ്രചാരണം നല്‍കുക എന്ന ദുരുദ്ദേശം കൂടിയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ ആവിയും പെട്രോളും വൈദ്യുതിയും കൊണ്ടെല്ലാം ഓടുന്ന വാഹനങ്ങളുമായി 102 അപേക്ഷകര്‍  എത്തി. എങ്കിലും 21 പേരേ യോഗ്യരായുള്ളു. പാരീസില്‍ നിന്ന് അയല്‍നഗരമായ റ്വാങ്ങിലേക്കുള്ള 126 കിലോമീറ്റര്‍ റോഡിലൂടെയായിരുന്നു ഓട്ടം. പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന 3 എച്ച്.പി. കരുത്തില്‍ മണിക്കൂറില്‍ 17 കിലോമീറ്ററിലും കൂടിയ വേഗത്തിലോടിയ ഒരു പ്യൂഷോ കാറായിരുന്നു വിജയി. 

ഇത് ഒരു ബ്രാന്‍ഡിന്റെ വിജയമല്ല കല്‍ക്കരിയേയും വൈദ്യുത ബാറ്ററിയേയും പിന്‍തള്ളി പെട്രോളെന്ന പാറയെണ്ണ ഇന്ധനങ്ങളുടെ മുന്‍നിരയിലേക്ക് വന്ന വിജയമാണ്, ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്റെയും. വരും നൂറ്റാണ്ടിനെ എണ്ണയുഗം എന്ന് വിളിക്കേണ്ട അത്രയും കരുത്തുള്ള പദാര്‍ഥമായി പെട്രോളിയം മാറി. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ വ്യവസായവിപ്ലവത്തിനും തുടര്‍ന്നുള്ള പുരോഗതിക്കുമെല്ലാം ഇന്ധനമായത് കല്‍ക്കരിയായിരുന്നെങ്കില്‍ 20-ാം നൂറ്റാണ്ടിലെ എല്ലാ വികാസങ്ങള്‍ക്കും വേണ്ട ഇന്ധനമായത് കല്ലെണ്ണകള്‍ എന്നു വിളിക്കേണ്ട പെട്രോളിയവും അതുപയോഗിച്ച് ചലിച്ചത് ഐ.സി.എഞ്ചിനുകളുമാണ്.  

ഇരുപതാം നൂറ്റാണ്ടിനെ ആണവയുഗം, ബഹിരാകാശയുഗം, കമ്പ്യൂട്ടര്‍യുഗം എന്നൊക്കെ പലതും വിളിച്ചിട്ടുണ്ട്. സത്യത്തില്‍ എണ്ണയുഗമെന്നാണ് അതിനെ വിളിക്കേണ്ടത്. അതിന് മുമ്പ് ഒരു കാലത്തും മനുഷ്യര്‍ ഇത്രയേറെക്കാലം ഒരെ വസ്തുവിന്റെ ആശ്രിതരായി കഴിഞ്ഞിട്ടില്ല; അല്ലെങ്കില്‍ ഒരു വസ്തുവും മനുഷ്യരാശിയെ നിരന്തരമായി ഇത്രയും നിയന്ത്രിച്ചിട്ടില്ല. നൂറു വര്‍ഷമായി മനുഷ്യന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഇന്ധനങ്ങളില്‍ പാതിയിലേറെയും തന്നത് കല്ലെണ്ണകളായിരുന്നു. 

ശിലയ്ക്ക് ക്ഷാമമുണ്ടായിട്ടല്ല ശിലായുഗം അവസാനിച്ചത് എന്നാരോ പറഞ്ഞിട്ടുണ്ട്. പക്ഷേ, 21-ാം നൂറ്റാണ്ടിലെ രണ്ടാം ദശകം കഴിയുംമുമ്പ് എണ്ണയുഗത്തിന്റെ അന്ത്യമെത്തുന്നത് എണ്ണയ്ക്ക് ക്ഷാമം വരും എന്ന കാര്യം കൂടി കണക്കിലെടുത്താണ്; അതിലുമേറെ, ഫോസ്സില്‍ ഇന്ധനാശ്രിതമായ നമ്മുടെ സമൂഹം മറ്റൊരു ഭീമന്‍ ഭീഷണിയും നേരിടുന്നുണ്ട് -ഈ ഇന്ധനോപയോഗം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനം ഭൂമിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കും. 2015 ഡിസംബറില്‍ പാരീസില്‍ നടന്ന 196 രാജ്യങ്ങളുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി21) ഹരിതഗൃഹവാതകങ്ങളുടെ ഭീഷണി അംഗീകരിക്കുകയും അതിന്റെ വിസര്‍ജനം നിയന്ത്രിക്കണമെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തത് അതിനാലാണ്. ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമായ ഫോസ്സില്‍ ഇന്ധന ഉപയോഗം നിര്‍ത്തും എന്നാണ് അതിന്റെ അര്‍ത്ഥം.  

ഇനി പുതിയ എണ്ണശേഖരങ്ങള്‍ കണ്ടെത്തിയിട്ടും കാര്യമില്ല, കാരണം വരുംതലമുറ ഊര്‍ജോത്പാദന, ഉപയോഗസാമഗ്രികളിലൊന്നും പെട്രോളും ഡീസലും ചെലവാകില്ല. കാറുകള്‍ കുതിരകളെ കാലഹരണപ്പെടുത്തിയ പോലെ വൈദ്യുതി കല്ലെണ്ണകളെ ഒബ്സൊലീറ്റ് ആക്കുകയാണ്. മോട്ടോര്‍ കാറിന്റെ ജന്മനാടെന്ന് പറയാവുന്ന ജര്‍മനി അടക്കം പല യൂറോപ്യന്‍ രാജ്യങ്ങളും ഐ.സി.എഞ്ചിനുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ലോകത്തിലെ പ്രധാന വാഹനനിര്‍മാതാക്കളെല്ലാം തങ്ങളുടെ വാഹനശ്രേണികളിലെ ഐ.സി.എഞ്ചിനുകള്‍ മുഴുവന്‍ മാറ്റി പകരം വൈദ്യുത പവര്‍ട്രെയിനുകള്‍ ഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ്.

അമേരിക്ക സൂപ്പര്‍പവറാകുന്നു

ക്യാപ്റ്റന്‍ കുക്ക് ഓസ്ട്രേലിയ കണ്ടുപിടിച്ചു എന്ന് പറയുംപോലെ പെട്രോളിയം ആരാണ് കണ്ടുപിടിച്ചതെന്ന് പറയാനാവില്ല. പുരാതനകാലം മുതലേ ലോകത്തിന്റെ പലയിടങ്ങളിലും മനുഷ്യര്‍ പാറക്കെട്ടുകളുടെ വിടവുകളിലൂടെയും ചിലപ്പോള്‍ മണലിലും അല്ലെങ്കില്‍ പുഴയോരങ്ങളിലെ ചെളിമണ്ണിലുമൊക്കെ കറുത്തുകൊഴുത്ത് എണ്ണപോലുള്ള ദ്രാവകം ഊറിയും ഒഴുകിയും വരുന്നത്് ശ്രദ്ധിച്ചിട്ടുണ്ട്, അതുകൊണ്ട് പലതും ചെയ്യാമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. വെള്ളത്തെ തടയും എന്നതിനാല്‍ നനയുന്ന മരസാമഗ്രികള്‍ ദ്രവിക്കാതിരിക്കാനുള്ള ചായം പോലെ ചിലര്‍ ഇത് ഉപയോഗിച്ചപ്പോള്‍ കൃസ്തുവിനും മുമ്പ് ഹോമറിന്റെ കാലത്ത് പോരാളികള്‍ ഈ എണ്ണകളില്‍ മുക്കിയ തുണികള്‍ക്ക് തീക്കൊടുത്ത് വിക്ഷേപാസ്ത്രമായി ഉപയോഗിച്ചു. ചൈനക്കാരും റെഡ് ഇന്ത്യക്കാരെന്ന് നാം വിളിക്കുന്ന അമേരിക്കന്‍ ആദിവാസികളും പല രോഗങ്ങള്‍ക്കുമുള്ള പ്രത്യൗഷധമായിട്ടാണ് കല്ലെണ്ണ ഉപയോഗിച്ചത്.

എങ്കിലും ഇന്ന് കാണുന്ന പെട്രോവ്യചവസായത്തിന്റെ സ്ഥാപകന്‍ ആരാണെന്നതിന് വളരെ വ്യക്തമായ ഉത്തരമുണ്ട്. സാമ്പത്തികശാസ്ത്രഗവേഷകനും ഗ്രന്ഥകാരനുമായ ഡാനിയല്‍ യെര്‍ഗിന്‍ എഴുതിയ സമ്മാനം: എണ്ണയ്ക്കും പണത്തിനും അധികാരത്തിനുമായുള്ള ഐതിഹാസിക അന്വേഷണം (The Prize: The Epic Quest for Oil, Money and Power) എന്ന പുസ്തകത്തില്‍ പറയുന്നത് നേരാണെങ്കില്‍ ജോര്‍ജ് ബിസ്സല്‍ ആണയാള്‍. ന്യൂഹാംഷയറില്‍ ജനിച്ചുവളര്‍ന്ന് വാഷിങ്ടണ്‍ മുതല്‍ ന്യൂ ഓര്‍ലിയോണ്‍സ് വരെയുള്ള നാടുകളില്‍ അധ്യാപകനായും ജേണലിസ്റ്റായുമൊക്കെ ജോലി ചെയ്ത് തളര്‍ന്ന് ഒടുവില്‍ അനാരോഗ്യം താങ്ങാനാവാതെ ജന്മനാട്ടിലേക്ക് മടങ്ങുംവഴിയാണ് പെന്‍സില്‍വാനിയയില്‍ ചിലയിടങ്ങളില്‍ ജനം കല്ലെണ്ണ സംഭരിക്കുന്നത് അദ്ദേഹം കണ്ടത്. പുഴവെള്ളത്തോടൊപ്പമുള്ള കരിയെണ്ണയില്‍ കമ്പിളിയും ചാക്കുമെല്ലാം മുക്കി പാത്രത്തില്‍ പിഴിഞ്ഞായിരുന്നു സംഭരണം. ദരിദ്രനാണെങ്കിലും സാമാന്യം വിദ്യാസമ്പന്നനും പണത്തിന് മോഹമുള്ളവനുമായ ബിസ്സല്‍ ഈ പ്രകൃതിവിഭവത്തില്‍ നിന്നൊരു ബിസിനസ് സംരംഭം ഉടന്‍ മനസ്സില്‍ കണ്ടു. 

അക്കാലത്ത് വെളിച്ചത്തിനുള്ള ഇന്ധനം അമേരിക്കക്കാരെ അലട്ടുന്ന പ്രശ്നമായിരുന്നു, സസ്യഎണ്ണകളിലും മൃഗക്കൊഴുപ്പിലും മുക്കിയ തിരികള്‍ കത്തിച്ചാണ് ഭൂരിപക്ഷവും വെളിച്ചമുണ്ടാക്കിയത്. ജനസംഖ്യയും വ്യവസായവിപ്ലവത്തിന്റെ സമ്പദ്വ്യവസ്ഥയും ഒരേ വേഗത്തില്‍ വളര്‍ന്ന അക്കാലത്ത് എല്ലാവര്‍ക്കും വെളിച്ചം വേണം. പക്ഷേ മൃഗക്കൊഴുപ്പിന്റെ വിളക്കുകള്‍ക്ക് തെളിച്ചം കുറവെന്നതുപോലെ വില കൂടുതലുമായിരുന്നു, ഭൂരിപക്ഷത്തിനും താങ്ങാനാവില്ല. ഇക്കാലത്ത് യൂറോപ്പില്‍ ചിലര്‍ കല്‍ക്കരിയും ടാറുമെല്ലം വാറ്റി മണ്ണെണ്ണ കണ്ടുപിടിച്ചിരുന്നു, അതുപയോഗിച്ച് കരിയും പുകയുമില്ലാതെ വെളിച്ചമുണ്ടാക്കാന്‍ ചിമ്മിനി വിളക്കുകളും. പെന്‍സില്‍വാനിയയില്‍ സുലഭമായ കല്ലെണ്ണ വാറ്റി വിളക്കെണ്ണ ഉണ്ടാക്കിയാല്‍ അത് വിപണി പിടിക്കുന്ന ഇന്ധനമാകും എന്ന് ബിസ്സല്‍ കണക്കുകൂട്ടി.

സമാനചിന്തക്കാരായ മറ്റ് ചില നിക്ഷേപകരെയും കൂട്ടി ബിസ്സല്‍ 1854-ല്‍ യേല്‍ യൂനിവേഴ്സിറ്റിയിലെ രസതന്ത്ര പ്രൊഫസറായ ബെഞ്ചമിന്‍ സില്ലിമാനെ സമീപിച്ചു. കല്ലെണ്ണകളില്‍ നിന്ന് വിളക്ക് കത്തിക്കാന്‍ പറ്റുന്ന എണ്ണ ലാഭകരമായി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന പഠനറിപ്പോേര്‍ട്ടായിരുന്നു ആവശ്യം. സില്ലിമന്‍ നാട്ടില്‍ പ്രശസ്തനായ രസതന്ത്രജ്ഞനാണ്, അദ്ദേഹം നല്ല റിപ്പോര്‍ട്ട് നല്‍കിയാല്‍ പദ്ധതിയിലേക്ക് കൂടുതല്‍ നിക്ഷേപകരെയും ആകര്‍ഷിക്കാം. കൃത്യമായ ഫീസ് കൈപ്പറ്റിയ സില്ലിമാന്‍ റിപ്പോര്‍ട്ട് നല്‍കി:'ലളിതവും ചിലവ് കുറഞ്ഞതുമായ രീതിയില്‍ വിലയേറിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന അസംസ്‌കൃതപദാര്‍ത്ഥം നിങ്ങളുടെ കമ്പനിയുടെ പക്കലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' സില്ലിമാന്‍ തന്നെ കമ്പനിയുടെ 200 ഓഹരികളും വാങ്ങി. 

ഈ സാക്ഷ്യപത്രത്തിന്റെ ബലത്തില്‍ തന്നെ കമ്പനിക്ക് വേറെയും നിക്ഷേപകരെ കിട്ടി. അങ്ങനെയാണ് പെന്‍സില്‍വാനിയ റോക്ക് ഓയില്‍ കമ്പനി ജനിച്ചത്. കമ്പനി ആദ്യം പെന്‍സില്‍വാനിയയില്‍ കുറേ സ്ഥലം രേഖാമൂലം നേടിയെടുത്തു. എണ്ണയൊഴുക്കുള്ള സ്ഥലത്ത് പോയി പരമ്പരാഗതരീതിയില്‍ തുണി മുക്കി പിഴിഞ്ഞാല്‍ അവര്‍ സ്വപ്നം കണ്ടതരം ഉത്പാദനം നടക്കില്ല, അങ്ങനെയാണ് കുഴല്‍ക്കിണര്‍ പോലെ ഭൂമി തുരന്ന് എണ്ണശേഖരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. 1859 ഓഗസ്റ്റ് 27 അവരുടെ ഡ്രില്‍ ഒരു എണ്ണക്കിണര്‍ കണ്ടെത്തി. തുണിമുക്കി പിഴിഞ്ഞാല്‍ അഞ്ചോ പത്തോ ഗാലണ്‍ കിട്ടിയിരുന്ന ക്രൂഡ് ഓയില്‍ നിത്യവും ബാരല്‍കണക്കിന് പമ്പ് ചെയ്ത് കിട്ടുന്നു എന്ന വാര്‍ത്ത കാട്ടുതീയായി പരന്നു. കേട്ടവരെല്ലാം അവിടെ സ്ഥലം വാങ്ങാനോ പാട്ടത്തിനെടുക്കാനോ കുതിച്ചു. അങ്ങനെ കണ്ണടച്ചുതുറക്കുമ്പോഴേക്കും ആ പ്രദേശം കൊച്ചുപട്ടണമായി. കല്ലെണ്ണ ശുദ്ധീകരിച്ചുണ്ടാക്കുന്ന വില കുറഞ്ഞ മണ്ണെണ്ണയും വിപണിയില്‍ ഹിറ്റ്! പിന്നെ ഓയില്‍ റഷിന്റെ കാലമായിരുന്നു. പറ്റിയവരെല്ലാം പെന്‍സില്‍വാനിയയില്‍ ഭൂമി തുരന്ന് എണ്ണ തേടാന്‍ തുടങ്ങി; ഇത് സംഭരിക്കലും കൊണ്ടുനടക്കലും വാറ്റി ശുദ്ധീകരിക്കലുമെല്ലാം വേറിട്ട വ്യവസായങ്ങളായി വളര്‍ന്നു.

അമേരിക്കന്‍ ചരിത്രത്തിലെ സര്‍വകാലകോടീശ്വരനായി കണക്കാക്കുന്ന ജോണ്‍ ഡി.റോക്ക്ഫെല്ലര്‍ തന്റെ കോടികളെല്ലാമുണ്ടാക്കിയത് സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ എന്ന എണ്ണശുദ്ധീകരണക്കമ്പനി വഴിയായിരുന്നു. എബ്രഹാം ലിങ്കന്റെ കാലത്ത് നടന്ന അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ ഒടുവില്‍ വര്‍ണവെറിയന്മാരായ തെക്കന്‍ സംസ്ഥാനക്കാര്‍ തോറ്റതിന്റെ കാരണങ്ങളിലൊന്നും ഈ എണ്ണ തന്നെ. പെന്‍സില്‍വാനിയ വടക്കന്‍ യുഎസ്സിലാണ്്, കറുത്തവരെ അടിമകളാക്കിത്തന്നെ നിര്‍ത്തണമെന്ന് പറഞ്ഞ് യുദ്ധം ചെയ്തവര്‍ പത്തുപൈസയുടെ പെട്രോളിയം കിട്ടാത്ത തെക്കന്‍സംസ്ഥാനക്കാരും.

വായുവും വെള്ളവും പോലെ അവശ്യവസ്തുവായി മാറിയ വെളിച്ചം നല്‍കുന്ന ഇന്ധനത്തിന് ലോകമെങ്ങും ആവശ്യക്കാരുണ്ടായി, പക്ഷേ കുറേക്കാലത്തേക്ക് അമേരിക്ക മാത്രമായിരുന്നു മണ്ണെണ്ണയുടെ ഉത്പാദകരാഷ്ട്രം...20-ാം നൂറ്റാണ്ടില്‍ അമേരിക്ക ആഗോളസൂപ്പര്‍പവര്‍ ആയി മാറിയതിന്റെ ആരംഭം ഇവിടെ നിന്നാണ്.

ഊര്‍ജം വെളിച്ചത്തിനും  വാഹനത്തിനും

20-ാം നൂറ്റാണ്ട് ആരംഭിക്കുമ്പോഴും ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് മണ്ണെണ്ണയും ഗ്രീസും ഉണ്ടാക്കുക മാത്രമായിരുന്നു റിഫൈനറികളും പണി. പെട്രോളും ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനും ഉണ്ടെങ്കിലും നിരത്തുകളിലോടുന്ന വാഹനങ്ങളില്‍ വലിയ പങ്കും വൈദ്യുത വാഹനങ്ങളായിരുന്നു. 1921 വരെ യു.എസ്സ്. പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണും അംഗരക്ഷകരും തലസ്ഥാനനഗരിയിലെ സഞ്ചാരത്തിന് ഉപയോഗിച്ചത് ഒരു ചാര്‍ജിങ്ങില്‍ 100-110 കിലോമീറ്റര്‍ സഞ്ചരിക്കുന്ന മില്‍ബേണ്‍ ഇലക്ട്രിക്സ് എന്ന ഇലക്ട്രിക് കാറായിരുന്നു. അമേരിക്കക്കാരുടെ ഏറ്റവും ജനപ്രിയപെട്രോള്‍ കാറുകള്‍ നിര്‍മിച്ച ഹെന്‍ട്രി ഫോഡിന്റെ ഭാര്യ ക്ലാര പോലും 1908-ല്‍ ഓടിച്ചത് ഒരു ഇലക്ട്രിക് കാറായിരുന്നു. അക്കാലത്ത് കരയിലെ സഞ്ചാരവേഗത്തിന്റെ റെക്കോഡുകളും ഈ വാഹനങ്ങള്‍ക്കായിരുന്നു.

അന്ന് ഐ.സി.എഞ്ചിനുള്ള പെട്രോള്‍ കാറുകളേക്കാള്‍ ഓടിക്കാന്‍ സുഖവും സൗകര്യവും വൈദ്യുതകാറുകളായിരുന്നു. പെട്രോള്‍ കാറുകള്‍ സ്റ്റാര്‍ട്ടാകാന്‍ ഗ്രില്ലിനടിയിലെ ദ്വാരത്തിലൂടെ ഒരു കമ്പി കടത്തി കറക്കണം, ഗിയര്‍ മാറ്റല്‍ ദുഷ്‌കരമാണ്്, എഞ്ചിന് പടക്കം പൊട്ടുന്ന ശബ്ദവും പുകയ്ക്ക് രൂക്ഷമായ ഗന്ധവും... ഈ അവസ്ഥ മാറ്റി പെട്രോള്‍ വാഹനത്തിന് പ്രാമുഖ്യം വരുത്തിയതും രണ്ട് അമേരിക്കക്കാരാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ സൈനികസേവനമനുഷ്ഠിച്ച് ഒടുവില്‍ 1953 മുതല്‍ 1961 വരെ അമേരിക്കന്‍ പ്രസിഡന്റായി ഭരിച്ച ഡൈ്വറ്റ് ഐസന്‍ഹോവറും ഫോഡ് മോട്ടോര്‍ കമ്പനിയുടെ സ്ഥാപകന്‍ ഹെന്‍ട്രി ഫോഡും. 

ഒരു ഭൂഖണ്ഡം പോലെ മൂന്ന് ടൈംസോണുകളിലായി പരന്നുകിടക്കുന്ന യുഎസ്സിലെ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കുമിടയില്‍ സുഗമമായി സഞ്ചരിക്കാനുള്ള നല്ല റോഡുകള്‍ വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത് ഐസന്‍ഹോവര്‍ അടങ്ങിയ ഒരു സമിതിയാണ് (ഇന്നുള്ള ഇന്റര്‍സ്റ്റേറ്റ് ഹൈവേകള്‍ നിര്‍മിച്ചത് അദ്ദേഹം പ്രസിഡന്റായ കാലത്തും). യൂറോപ്പില്‍ കാര്‍ കമ്പനിയുടമയും എഞ്ചിനിയര്‍മാരും കൂലിപ്പണിക്കാരും ചേര്‍ന്ന് ആഴ്ചകളെടുത്ത് കോടീശ്വരന്മാര്‍ക്ക് ഓരോ കാര്‍ വീതം നിര്‍മിച്ചിരുന്ന കാലത്ത് മൂവിങ്ങ് അസംബ്ലി ലൈന്‍ രീതിയില്‍ നിത്യവും നൂറുകണക്കിന് കാറുകളുണ്ടാക്കിയ ഫോഡ് ഇടത്തരക്കാരനും സാധാരണക്കാരനും കൂടി താങ്ങാവുന്ന വാഹനമായി കാറിനെ മാറ്റി. അങ്ങനെ രണ്ടാം ലോകയുദ്ധം കഴിയുന്ന കാലത്ത് ലോകത്തിലെ ബാക്കിരാജ്യങ്ങളിലെല്ലാം ഉള്ളതിലുമേറെ കാറുകള്‍ യുനൈറ്റഡ് സ്റ്റേറ്റ്സില്‍ ഉണ്ടായി.

നല്ല റോഡുകള്‍ നഗരങ്ങളില്‍ മാത്രമായിരുന്ന കാലത്ത് ഹൃസ്വസഞ്ചാരങ്ങള്‍ക്ക് വൈദ്യുതവാഹനം മതി. പക്ഷേ ദീര്‍ഘയാത്രകള്‍ക്ക് അത് പറ്റില്ല, അന്‍പതോ നൂറോ കിലോമീറ്റര്‍ ഓടുമ്പോഴേക്കും ബാറ്ററി തീരും. ഫാസ്റ്റ് റീചാര്‍ജിങ്ങ് സാങ്കേതിവിദ്യകളില്ലെന്ന് മാത്രമല്ല റീചാര്‍ജ് ചെയ്യാന്‍ വൈദ്യുതി കണക്ഷന്‍ പോലും എല്ലായിടത്തുമില്ല. ഇതേ കാലത്ത് പെട്രോള്‍ കാറുകള്‍ സാങ്കേതികവിദ്യയിലും പുരോഗമിച്ചു. ഇലക്ട്രിക് സ്റ്റാര്‍ട്ടറുകള്‍ സ്റ്റാര്‍ട്ടിങ്ങ് എളുപ്പമാക്കി, മഫ്ളറുകള്‍ എഞ്ചിന്റെ പുകയും ശബ്ദവും കുറച്ചു, മാസ്സ് പ്രൊഡക്ഷന്‍ അതിനെ വൈദ്യുതികാറിനേക്കാളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി..അങ്ങനെയാണ് ഇല്ക്ട്രിക് കാറിന്റ കഥ കഴിഞ്ഞത്. 

പെട്രോളിയം എന്നുകേള്‍ക്കുമ്പോള്‍ മോട്ടോര്‍ വാഹനങ്ങളാണ് മനസ്സിലെത്തുക.  കാരണം നാമറിയുന്ന തരം ആധുനികലോകത്തെ രൂപപ്പെടുത്തിയത്് മോട്ടോര്‍വാഹനങ്ങളാണ്. സമ്പന്നരാജ്യങ്ങള്‍ ഭീമനിക്ഷേപങ്ങള്‍ നടത്തി മോട്ടോര്‍ വാഹനങ്ങള്‍ക്ക്  വേണ്ട റോഡുകളുടെ ശൃഖലകള്‍ തന്നെ നിര്‍മിച്ചു. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകള്‍, നഗരപ്രാന്തങ്ങളിലെ മാളുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, മോട്ടലുകള്‍...നവയുഗസംസ്‌കാരത്തിന്റെ പ്രതീകങ്ങളായ എല്ലാം പെട്രോളിന്റെ ഫലം തന്നെ. ഒരു വ്യവസായം എന്ന നിലയില്‍ കാര്‍നിര്‍മാണം ലക്ഷങ്ങള്‍ക്ക് ജോലിയും വരുമാനവും സൃഷ്ടിച്ചു. പക്ഷേ, മോട്ടോര്‍വാഹനങ്ങള്‍ക്ക് വേണ്ട ഇന്ധനങ്ങള്‍ മാത്രമല്ല പെട്രോളിയത്തിന്റെ ഉത്പന്നങ്ങള്‍ ...ഇലക്ട്രിക് വാഹനങ്ങളില്‍ പോലും യന്ത്രഭാഗങ്ങള്‍ക്ക് വേണ്ട ലൂബ്രിക്കന്റുകളും, വെള്ളവും വായുവും പോലെ മനുഷ്യന് അവശ്യവസ്തുവായി മാറിയ  പ്ലാസ്റ്റിക്കും രാസവളങ്ങളും വരെ നൂറുകണക്കിന് സാധാനങ്ങള്‍ പെട്രോളിയത്തിന്റെ ഉപോത്പ്പന്നങ്ങളാണ്.. പോരങ്കില്‍ വൈദ്യുതിച്ചവാഹനത്തിലെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ കുത്തുന്ന പ്ലഗിലേക്കുള്ള വൈദ്യുതി എത്തുന്നത് ഒരു ഡീസല്‍ നിലയത്തില്‍ നിന്നാകാം.

പക്ഷേ ഇന്നത്തെ പെട്രോളിയം സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ഭൂരിഭാഗം പെട്രോളും ഡീസലും പ്രകൃതിവാതകവുമെല്ലാം ഉപയോഗിക്കുന്നതില്‍ മോട്ടോര്‍വാഹനങ്ങളാണ്. പുതിയ പരിസ്ഥിതി നിയമങ്ങള്‍ ആദ്യം, ഏറ്റവും പ്രകടമായി ബാധിക്കുക മോട്ടോര്‍വാഹനങ്ങളെയാണ്. ഇരുപതാം നൂറ്റാണ്ട് നമുക്ക് നല്‍കിയ സഞ്ചാരക്ഷമതയ്ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നമാവും ഈ നിയമങ്ങള്‍. ലോകത്തിലെ ഏത് പ്രമുഖരാജ്യമെടുത്താലും അവരുടെ ജിഡിപിയുടെ വലിയൊരു പങ്ക് വരുന്നത് ഓട്ടോമോട്ടീവ് വ്യവസായത്തില്‍ നിന്നാണ്. ഐ.സിഎഞ്ചിന്‍ നിരോധനം അവരുടെ ഉത്പാദന വിതരണവ്യവസ്ഥയെ മുഴുവന്‍ തകിടം മറിക്കും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശൈശവത്തിലെങ്കിലും പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ ശേഷിയുള്ള വൈദ്യുതവാഹനങ്ങള്‍ നാം കണ്ടെത്തിക്കഴിഞ്ഞു. ഒന്നോ രണ്ടോ മണിക്കൂറില്‍ പൂര്‍ണമായി റീച്ചാര്‍ജ് ചെയ്യാവുന്ന, ഒരു ചാര്‍ജിങ്ങില്‍ 400 കിലോമീറ്ററിലേറെ സഞ്ചരിക്കാന്‍ കഴിയുന്ന, മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന വൈദ്യുതികാറുകള്‍ പലരും നിര്‍മിക്കുന്നുണ്ട്. വൈദ്യുതി കാറുകളുടെ വിലക്കൂടുതലാണ് ഇന്നൊരു പ്രശ്നം. അനതിവിദൂരഭാവിയില്‍ പെട്രോള്‍/ഡീസല്‍ കാറിലും കുറഞ്ഞ വിലക്ക് നല്ല ഇലക്ട്രിക് കാറും കിട്ടും (പോരെങ്കില്‍ ഒരു വര്‍ഷം പെട്രോളിന് മുടക്കുന്നതിന്റെ നാലിലൊന്ന് കറന്റ് ബില്ലും അടച്ചാല്‍ മതി). ചുരുക്കിപ്പറഞ്ഞാല്‍ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്റെ ബലത്തിലോടുന്ന കാറുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ പോവുകയാണ്.

എണ്ണയില്ലാത്ത ലോകം

1973-ലെ അറബ് ഉപരോധം മുതല്‍ കാലാകാലങ്ങളില്‍ ലോകം എണ്ണക്ഷാമത്തിന്റെ കെടുതികളറിഞ്ഞിട്ടുണ്ട്.

'എണ്ണവില ലോക സമ്പത്ത് വ്യവസ്ഥയുടെ ആരോഗ്യം പരിശോധിക്കാനുള്ള താപമാപിനിയെന്നത് പോലെ ഭൗമരാഷ്ട്രീയത്തിലെ ആസന്നമായ കൊടുങ്കാറ്റുകളുടെ തീവ്രത അളക്കാനുള്ള മര്‍ദമാപിനിയുമാണ്', എന്ന് പ്രിന്‍സറ്റണ്‍ പ്രോഫ. ഹരോള്‍ഡ് ജെയിംസ് പറഞ്ഞിട്ടുണ്ട്. നേരാണ്, ഇന്ന് ലോകത്തില്‍ പല ഭരണകൂടങ്ങളുടെയും നിലനില്‍പ്പ് എണ്ണയുടെ ലഭ്യതയും വിലയും ആശ്രയിച്ചാണ്. നൈജീരിയ, വെനേസ്വല, സൗദി അറേബ്യ, റഷ്യ, ഇറാഖ് തുടങ്ങി എണ്ണയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങളെയെല്ലാം ഇത് പിടിച്ചുകുലുക്കും. ക്രൂഡിന്റെ വിലയില്‍ ഓരോ ഡോളര്‍ കുറയുമ്പോഴും റഷ്യക്ക് മാത്രം 200 കോടി ഡോളറാണ് നഷ്ടം. റൂബിളിന്റെ സര്‍വകാല വിലയിടിവാണ് ഇപ്പോള്‍.  2008-ല്‍ ബാരലിന് 150 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡോയിലിന് 2016-ല്‍ വില വെറും 30 ഡോളറായപ്പോള്‍ സൗദി അറേബ്യ നാട്ടുകാര്‍ അന്നേവരെ കേട്ടിട്ടില്ലാത്ത ചിലവുചുരുക്കല്‍ നടപടികളാണ് ഏര്‍പ്പെടുത്തിയത്. വെള്ളത്തിനും വൈദ്യുതിക്കും എന്തിന് പെട്രോളിനുവരെയുള്ള സബ്സിഡികളെല്ലാം അവര്‍ നീക്കം ചെയ്തു. വെനേസ്വെലയില്‍ നാണയപ്പെരുപ്പം പേടിസ്വപ്നങ്ങളിലേതുപോലെ ഉയര്‍ന്ന് 720 ശതമാനമെത്തി. ക്രൂഡ് വില ഓരോ ഡോളര്‍ കുറയുമ്പോഴും 70 കോടി ഡോളര്‍ വരുമാനമാണ് അവര്‍ക്ക് നഷ്ടം. അല്ലെങ്കില്‍ത്തന്നെ ആഭ്യന്തരയുദ്ധത്തിന്റെ ചോരപ്പുഴയില്‍ മുങ്ങിക്കിടക്കുന്ന ഇറാഖിനാണെങ്കില്‍ വരുമാനത്തിന്റെ 95 ശതമാനമാണ് എണ്ണ. പൊതുക്കടങ്ങളുടെ  ഭാരത്തില്‍ ഞെരിയുന്ന സര്‍ക്കാരിന് പട്ടാളക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള കാശുപോലും കമ്മി. പാവം പട്ടാളമാണെങ്കില്‍ നാട്ടിലുള്ള തീവ്രവാദികള്‍ക്ക് പുറമെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസത്വത്തോടും യുദ്ധം ചെയ്യണം.

പക്ഷേ, ആവശ്യത്തിനുള്ള എണ്ണയില്‍ വലിയ പങ്കും ഇറക്കുമതി ചെയ്യേണ്ട രാജ്യങ്ങള്‍ക്ക് എണ്ണവിലയിടിവ് ഗുണവുമായിട്ടുണ്ട്. ആഗോളമാന്ദ്യത്തിന് മുമ്പ് ബാരലിന് 150 ഡോളറുണ്ടായിരുന്ന ക്രൂഡോയിലിന്റെ വില 40 ഡോളറിലും താഴ്ന്ന് പിന്നെ 50 ഡോളറിലെത്തിയെങ്കിലും  ഇന്ത്യാഗവണ്മന്റ് പെട്രോളിയം ഇന്ധനങ്ങള്‍ക്ക് കാര്യമായി ഒരു വിലയും കുറച്ചിട്ടില്ല, 2008-ല്‍ 50 രൂപയ്ക്ക് വിറ്റ പെട്രോള്‍ കിട്ടാന്‍ ഇന്ന് 72 രൂപക്ക് വില്‍ക്കുന്നത് പോലെ. ഈ അധികവരുമാനം മുഴുവന്‍, റഷ്യക്കാര്‍ക്കും അറബികള്‍ക്കും നഷ്ടമാകുന്ന ശതകോടികളെല്ലം, നമ്മുടെ സര്‍ക്കാരിന് ഫ്രീയായി കിട്ടുന്ന ലാഭമാണ്.

എണ്ണയുടെ മരണവെപ്രാളങ്ങള്‍ നമ്മുടെ ഗ്രഹത്തിലേക്കെത്തുന്ന നവയുഗത്തിന്റെ പ്രസവവേദനയുമാണ്. നമ്മുടെ ഊര്‍ജോപയോഗ രീതികളിലെ മാറ്റങ്ങളുടെ മാത്രമല്ല നമ്മുടെ സാമൂഹിക-രാഷ്ട്രീയ സ്ഥാപനങ്ങളുടെയും സ്ഥാപനപ്രക്രിയകളുടെയും സ്വഭാവത്തിലും വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചികയാണിത്. എണ്ണവിലക്കയറ്റം വളര്‍ച്ചയുടെ മേലുള്ള ബ്രേക്കുകളായ് പ്രവര്‍ത്തിക്കുകയും 1973-ലും1979-ലും 2000-ലും മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായ തളര്‍ച്ച 2008-ല്‍ സംഭവിച്ചതുപോലെ എണ്ണവിലയിടിവിലും കലാശിച്ചിട്ടുണ്ട്. 

പുതിയ നയങ്ങള്‍ വ്യവസായരംഗത്തും ഭൗമരാഷ്ട്രീയരംഗത്തും എന്തൊക്കെ ഭൂചലനങ്ങളാണ് സൃഷ്ടിക്കുക എന്ന് കാത്തിരുന്ന് കാണാം.