റേസുകളിലും റാലികളിലം യൂറോപ്പിലെ കേമന്‍മാരെ തോല്‍പ്പിക്കുക എന്നതായിരുന്നു ജിടിയുടെ അവതാരോദ്ദേശ്യം.
സൂപ്പര്‍കാര്‍ എന്ന വാക്കിനൊപ്പം മനസ്സിലേക്കോടിവരുന്ന കുറെ കാറുകളും പേരുകളുമുണ്ട്. ലംബോഗിനി, ബുഗാട്ടി, മക്‌ലാറന്‍, ഫെറാറി... എല്ലാം യൂറോപ്യന്‍ പേരുകള്‍. അപ്പോള്‍, ഒരിക്കല്‍ ആഗോളവാഹന വ്യവസായത്തിന്റെ തലസ്ഥാനമായിരുന്ന ഡെട്രോയിറ്റുള്ള നാട്ടില്‍ ഈ സാധനം ആരും ഉണ്ടാക്കുന്നില്ലേ? 
 
ഉണ്ടായിരുന്നു, ഇന്നുമുണ്ട് എന്ന ഉത്തരം പോലെ വിപണിയിലേക്ക് വരികയാണ് 2017 ഫോഡ് ജിടി. നിര്‍ത്തിയിട്ടാലും കുതിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന എയ്‌റോഡൈനാമിക്‌സുമായി പ്രത്യക്ഷപ്പെടുന്ന കാറായ പുതിയ ജിടിക്ക് 647 എച്ച്പി കരുത്ത് പകരുന്നത് 3.5 ലിറ്റര്‍ ഇക്കോബൂസ്റ്റാണ്. 2.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗമെത്തുന്ന കാറിന്റെ പരമാവധി വേഗം 345 കിലോമീറ്ററും. വര്‍ഷത്തില്‍ 250 കാറുകള്‍ മാത്രം നിരത്തിലിറക്കുന്ന ജിടിക്ക് വിലയും അങ്ങനെത്തന്നെ - ഏതാണ്ട് 4.5 ലക്ഷം ഡോളര്‍ (2.92 കോടി രൂപ). ശതകോടീശ്വരന്മാര്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ ആദ്യബാച്ചില്‍ ഇറങ്ങാന്‍ പോകുന്ന 250 കാറുകളും വിറ്റുപോയി...
 

Ford Super Car

2015-ലെ ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ അവതരിക്കപ്പെട്ട്, 2016-ല്‍ ലെ മാന്‍സ് 24 മണിക്കൂര്‍ എന്‍ഡ്യുറന്‍സ് റേസില്‍ ഒന്നാം സ്ഥാനത്തെത്തിയ ശേഷമാണ് ഈ വര്‍ഷം ഫോഡ് ജിടി വിപണിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലെ മാന്‍സില്‍ മത്സരിക്കാന്‍ പാകത്തിന് ഈ സൂപ്പര്‍കാര്‍ നിര്‍മിക്കണമെന്ന തീരുമാനമുണ്ടായി പ്രവര്‍ത്തനം തുടങ്ങിയത് 2013-ലാണ്. കമ്പനിയുടെ സ്ഥാപകനായ ഹെന്‍ഡ്രി ഫോഡിന്റെ പേരക്കുട്ടിയുടെ മക്കള്‍ വില്യം ക്ലേ ഫോഡ് ജൂനിയറിനും എഡ്‌സല്‍ ഫോഡ് രണ്ടാമനുമായിരുന്നു ഈ ശാഠ്യം. 1966-ല്‍ ഒരു അമേരിക്കന്‍ കാര്‍, ഒരു ഫോഡ്, സുപ്രധാനമായ ഒരു യൂറോപ്യന്‍ റേസില്‍ വിജയിച്ചതിന്റെ അര നൂറ്റാണ്ട് തികയുന്ന വര്‍ഷമായിരുന്നു 2016. 
 
യൂറോപ്പിലെ കാര്‍ റാലികളിലും റേസുകളിലൊന്നും ഒരു ഫോഡ് ജയിച്ചിട്ടില്ല എന്ന നിരാശയില്‍ നിന്നാണ് ഹെന്‍ഡ്രി ഫോഡിന്റെ പേരക്കുട്ടിയായ ഹെന്‍ഡ്രി ഫോഡ് രണ്ടാമന്‍ ഒരു സൂപ്പര്‍ കാര്‍ നിര്‍മിക്കാന്‍ ചിന്തിച്ചുതുടങ്ങിയത്. ലെ മാന്‍സ് റാലിയില്‍ പങ്കെടുക്കാന്‍ ശേഷിയുള്ള ഫോഡിനെ 1960-കളുടെ ആരംഭം മുതല്‍ക്കേ അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. 1963-ല്‍ റേസ് ഡ്രൈവര്‍ കൂടിയായ എന്‍സോ ഫെറാറി തന്റെ കമ്പനി വില്‍ക്കാന്‍ തയ്യാറാണെന്ന് ഒരു മധ്യസ്ഥനിലൂടെ ഫോഡിനെ അറിയിച്ചത്രെ. ഫെറാറിയുടെ ആസ്തികള്‍ക്ക് വിലയിടാനുള്ള നടപടികള്‍ക്ക് ഫോഡ് ലക്ഷങ്ങള്‍ മുടക്കി. പക്ഷേ, വില്‍പ്പന നടന്നാല്‍ ഫോഡിന്റെ ഇന്‍ഡി കാര്‍ മത്സരിക്കുന്ന ഇന്‍ഡ്യാനപൊലിസ് 500 റേസില്‍ ഫെറാറി മത്സരിക്കരുതെന്ന് ഫോഡ് വ്യവസ്ഥ വെച്ചു. ആ നിമിഷം എന്‍സോ ഫെറാറി ഏകപക്ഷീയമായി ചര്‍ച്ച നിര്‍ത്തി. 
 
Ford GTഅരിശം പിടിച്ച ഫോഡ് രണ്ടാമന്‍ ലോക എന്‍ഡ്യുറന്‍സ് റേസ് മത്സരത്തില്‍ ഫെറാറിയെ തോല്‍പ്പിക്കാന്‍ പറ്റിയ കാര്‍ നിര്‍മിക്കാന്‍ കരുത്തുള്ള കമ്പനിയെ കണ്ടെത്താന്‍ തന്റെ റേസിങ്ങ് ഡിവിഷന് നിര്‍ദേശം നല്‍കി. അവര്‍ അതിനുണ്ടാക്കിയ ചുരുക്കപ്പട്ടികയില്‍ മൂന്ന് പേരായിരുന്നു ഉണ്ടായത്: ലോട്ടസ്, ലോല, കൂപ്പര്‍. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തിരഞ്ഞെടുത്തത് ലോലയായിരുന്നു. ഫോഡിന്റെ വി-8 എഞ്ചിന്‍ ഉപയോഗിച്ച് അവര്‍ നിര്‍മിച്ചിരുന്ന ലോല എംകെ6 മിഡ് എഞ്ചിന്‍ അന്നത്തെ കേമന്‍ റേസിങ്ങ് കാറായിരുന്നു. കമ്പനി ഉടമയും ഡിസൈനറുമായ എറിക് ബ്രാഡ്‌ലി വ്യക്തിപരമായി ഫോഡിന്റെ പ്രൊജക്ടില്‍ അല്‍പ്പകാലത്തേക്ക് സഹകരിക്കാന്‍ തയ്യാറായി. രണ്ട് എംകെ 6 ഷാസികള്‍ ഫോഡിന് വില്‍ക്കുകയും ഒരു വര്‍ഷം ഫോഡുമായി സഹകരിക്കുകയും ചെയ്യുക എന്നതായിരുന്നു ബ്രാഡ്‌ലിയുമായുള്ള കരാര്‍.
 
 
ഈ പദ്ധതിയിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുന്‍ ടീം മാനേജരായിരുന്ന ജോണ്‍ വൈയെറിനെയും ഫോഡിന്റെ തന്നെ എഞ്ചിനിയറായ റോയ് ലണ്ണിനെയും -ലണ്‍ മാത്രമായിരുന്നു മിഡ് എഞ്ചിന്‍ കാര്‍ ഡിസൈനിങ്ങില്‍ പരിചയമുള്ള ഏക ഫോഡ് എഞ്ചിനിയര്‍ - കൂടി ഉള്‍പ്പെടുത്തി. പുതിയ മോഡലിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ബ്രിട്ടനില്‍ ബ്രോംലിയിലെ ലോല ഫാക്ടറിയിലായിരുന്നു. അവരുടെ ആദ്യമോഡല്‍ ഫോഡ് ജിടി 40 (കാറിന്റെ ഉയരം 40 ഇഞ്ച് ആയതിനാലാണ് ആ നമ്പര്‍) 1964-ല്‍ പിറന്നു. വേഗമുണ്ടെങ്കിലും കാറിന്റെ ബോഡി ലോലമായിരുന്നു. അക്കൊല്ലത്തെ ലെ മാന്‍സില്‍ സസ്‌പെന്‍ഷന്‍ തകരാര്‍ മൂലം മത്സരം തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ ജിടി ബ്രേക്ഡൗണ്‍ ആയി. പിറ്റേക്കൊല്ലം അതിലും വേഗമുള്ള, പക്ഷേ, അതിലും ലോലമായ ബോഡിയുള്ള ജിടി 40 ആണ് ഫോഡ് മത്സരത്തിനിറക്കിയത്. ഫലം, തുടര്‍ച്ചയായി ഫെറാറി ആറാം വര്‍ഷവും ലെ മാന്‍സ് ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി.
 

Ford GT

1964-ലെയും '65-ലെയും അനുഭവങ്ങളില്‍ നിന്ന് പഠിച്ച ഫോഡ് 7 ലിറ്റര്‍ എഞ്ചിനുള്ള എംകെII ഷാസിയിലാണ് ജിടി40 തയ്യാറാക്കിയത്‌. വി-8 എഞ്ചിനുള്ള എട്ട് കാറുകളാണ് ലെ മാന്‍സിലെത്തിച്ചത്. 1966-ലെ മത്സരം തുടങ്ങും മുമ്പ് ടീം മേധാവി ലിയോ ബീബിന് 'ഇത്തവണ ജയിക്കുന്നതാണ് നിങ്ങള്‍ക്ക് നനല്ലത് എന്ന്‌ ഹെന്‍ഡ്രി ഫോഡ് കൈ കൊണ്ടെഴുതിയ കുറിപ്പ് നല്‍കിയത്രെ. വണ്ടിയുടെ ഗുണമായാലും കുറിപ്പിന്റെ ഫലമായാലും അത്തവണ ബ്രൂസ് മക്‌ലാറന്‍ ഓടിച്ച ജിടി40 ഒന്നാം സ്ഥാനത്തെത്തി. മാത്രമല്ല, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൂടി ഫോഡിനായിരുന്നു. ഏറ്റവും വേഗത്തിലോടിയ ഫെറാറിക്ക് എട്ടാം സ്ഥാനം മാത്രം. 1921-ന് ശേഷം ആദ്യമായി ഒരമേരിക്കന്‍ കാര്‍ പ്രശസ്തമായ യൂറോപ്യന്‍ റേസില്‍ ജയിക്കുകയായിരുന്നു.
 
ലെ മാന്‍സില്‍ ഫോഡ് ജിടി40 രണ്ട് തവണ കൂടി ഒന്നാമതായി, 1968-ലും 1969-ലും. 1970-ല്‍ പോര്‍ഷെയുടെ പരിഷ്‌കരിച്ച 917-ന്റെ മുന്നില്‍ ജിടി നിലംപരിശായി. ഈ മോഡലിന്റെ പിന്‍ഗാമികളായി വിഭാവനം ചെയ്ത ഫോഡ് പി68-ഉം മിറാഷും ദയനീയ പരാജയങ്ങളായിരുന്നു. ഇതോടെ ജിടി40 കാലഹരണപ്പെട്ടു. 
 

Ford GT

 
ജിടിയുടെ അവതാരോദ്ദേശ്യം തന്നെ റേസുകളിലും റാലികളിലും യൂറോപ്പിലെ കേമന്മാരെ തോല്‍പ്പിക്കാന്‍ പറ്റുന്ന ഒരു അമേരിക്കന്‍ കാര്‍ നിര്‍മിക്കുക എന്നതായിരുന്നു. ആ ഉദ്ദേശ്യം നടന്നതോടെ ഫോഡിന് ആ മോഡലിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു. ജിടി40 ഒരു പ്രൊഡക്ഷന്‍ മോഡലായി വിപണിയില്‍ ഇറക്കാന്‍ അവര്‍ക്ക് ആശയങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ 1970-ന് ശേഷം ജിടി 40യുടെ അവശേഷിക്കുന്ന ഷാസ്‌കളും പാര്‍ട്ടുകളും കിറ്റ്കാറുകളും റെപ്ലിക്കകളും നിര്‍മിക്കുന്നവര്‍ക്ക് വിറ്റു.
 
പിന്നെയും ഒരു പതിറ്റാണ്ടിന് ശേഷമാണ് ഫോഡ് വീണ്ടും ഈ സൂപ്പര്‍ കാറിനെ പറ്റി ചിന്തിച്ചത്. പക്ഷേ, അപ്പോഴേക്കും ജിടി40 മറ്റൊരു കമ്പനിയുടെ ട്രേഡ്മാര്‍ക്കായി മാറിയിരുന്നു. അങ്ങനെ 1995-ലെ ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ ഫോഡ് അവതരിപ്പിച്ച കോണ്‍സെപ്റ്റ് സൂപ്പര്‍ കാറിന്റെ പേര് ജിടി90 എന്നായിരുന്നു. കമ്പനിയുടെ ജന്മശതാബ്ദി പ്രമാണിച്ച്  2003-ല്‍ പുറത്തിറക്കിയ പ്രൊഡക്ഷന്‍ മോഡലിന്റെ പേരാണെങ്കില്‍ ഫോഡ് ജിടി എന്നുമാത്രവും. ആ മോഡലിന്റെ പിന്‍ഗാമിയാണ് ഇപ്പോള്‍ ലിമിറ്റഡ് എഡിഷന്‍ കാറായി ജനങ്ങളുടെ മുന്നില്‍.