'ഇന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കാര്‍ കമ്പനിക്കുപോലും അര നൂറ്റാണ്ടിന്റെ അനുഭവമുണ്ട്' എന്ന് ഞാന്‍ മുമ്പെഴുതിയത് തെറ്റാണെന്ന് രണ്ടു വായനക്കാരെങ്കിലും രോഷം പ്രകടിപ്പിച്ചു. അവരോട് മാപ്പ് പറഞ്ഞുകൊണ്ട് വേണം ഇത്തവണ എഴുതാന്‍. കഷ്ടിച്ച് പത്തുവര്‍ഷം മുമ്പെ ആദ്യ കാര്‍ വിപണിയിലിറക്കിയ കമ്പനിയുടെ അഞ്ചാം മോഡല്‍ ഉണ്ടാക്കിയ കോലാഹലം തന്നെ കാരണം.

ജെ.കെ.റൗളിങ്ങിന്റെ പുതിയ നോവലോ ആപ്പിളിന്റെ പുതിയ ഐഫോണോ ഇറങ്ങുന്നതുപോലെ ആയിരുന്നു ആ കാര്‍ ബുക്ക് ചെയ്യാന്‍ വന്ന ആരാധകരുടെ നിര! അടുത്ത വര്‍ഷം ഇറങ്ങാന്‍ പോകുന്ന കാര്‍ 1000 ഡോളര്‍ മുടക്കി ബുക്ക് ചെയ്യാന്‍  ആദ്യദിവസം വന്നത് ഏതാണ്ട് 1.15 ലക്ഷം പേരാണ്. ഒരാഴ്ച കൊണ്ട് ബുക്കിങ്ങ് രണ്ടര ലക്ഷം കവിഞ്ഞു. ഉണ്ടാക്കിവെച്ച രണ്ടര ലക്ഷം വണ്ടികള്‍ ഒരു വര്‍ഷം കൊണ്ട് വിറ്റാല്‍ കമ്പനി പത്രസമ്മേളനം വിളിക്കുന്ന ലോകത്താണ് ഫോട്ടോയില്‍ പോലും കണ്ടിട്ടില്ലാത്ത ഒരു കാര്‍ ബുക്ക് ചെയ്യാന്‍ പല യു.എസ്സ്. നഗരങ്ങളിലും ജനം നീണ്ട ക്യൂ ആയി നിന്നത്. 

ഒരു ലിറ്റര്‍ പെട്രോളില്‍ 100 കിലോമീറ്റര്‍ ഓടുന്ന കാറോ പത്ത് ലക്ഷം രൂപയ്ക്ക് കിട്ടുന്ന ആഡംബര കാറോ ഒന്നുമല്ല മേല്‍ വണ്ടി. അത് വെറും ഒരു ഇലക്ട്രിക് കാര്‍ മാത്രം. ടെസ്‌ലയുടെ മോഡല്‍ 3 എന്ന കാര്‍.

ലോകത്തിലാദ്യമായി ഇലക്ട്രിക് കാര്‍ ഇറങ്ങുന്നതല്ല ഈ കോലാഹലം. 2008 മുതല്‍ ഇന്നേവരെ ടെസ്‌ല തന്നെ നാല് ഇലക്ട്രിക് മോഡലുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. മോഡല്‍ 3 ഇറങ്ങുന്ന കാലത്ത് ബെന്‍സും ബിമ്മറും തൊട്ട് മഹിന്ദ്ര വരെയുള്ളവരുടെ രണ്ട് ഡസനിലേറെ മോഡല്‍ ഇലക്ട്രിക് കാറുകള്‍ വിപണിയിലുണ്ട്. പക്ഷേ, കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ വിറ്റ 1.75 കോടി കാറുകളില്‍ ഇലക്ട്രിക് മോഡലുകള്‍ നാല് ലക്ഷം മാത്രമായിരുന്നു. വെറും 2.2 ശതമാനം. എന്നിട്ടുമെന്താണ് അടുത്ത വര്‍ഷം എപ്പോഴെങ്കിലും കൈയില്‍ കിട്ടുന്ന ഇലക്ട്രിക് വണ്ടി ബുക്ക് ചെയ്യാന്‍ ഇത്ര തിരക്ക്? അതും പത്തുവര്‍ഷത്തിന്റെ അനുഭവപരിജ്ഞാനം പോലുമില്ലാത്ത ഒരു കമ്പനിയുടെ വണ്ടി?

t2
ഈലോണ്‍ മസ്‌കിന്‍

അത് വ്യക്തമാകാന്‍ കാര്‍ നിര്‍മിച്ച ടെസ്‌ലയുടെ മുതലാളി ഈലോണ്‍ മസ്‌കിനെ പറ്റി അറിയണം. ദക്ഷിണാഫ്രിക്കയിലെ എഞ്ചിനിയറുടെയും കനഡക്കാരി മോഡലിന്റെയും ദാമ്പത്യവല്ലരിയിലെ കനിയായി 1971ല്‍ പ്രിറ്റോറിയയില്‍ ജനിച്ച ഈലോണ്‍ ഉപരിപഠനത്തിന് യു.എസ്സിലെത്തി. പെന്നിസില്‍വാനിയ സര്‍വകലാശാലയില്‍ വെച്ച് ഫിസിക്‌സില്‍ ബിരുദമെടുത്ത് ഫിസിക്‌സില്‍ തന്നെ പി.എച്ച്.ഡി. എടുക്കാന്‍ സ്റ്റാന്‍ഫോഡില്‍ ചേര്‍ന്നു. പക്ഷേ, രണ്ട് ദിവസത്തിനുള്ളില്‍ പഠനം നിര്‍ത്തി.

അങ്ങനെയാണ് 1995ല്‍ മസ്‌കിന്റെ ആദ്യ സ്റ്റാര്‍ട്ടപ്പ്, സിപ് 2 ജനിക്കുന്നത്. അച്ഛന്‍ ഇരോള്‍ കൊടുത്ത 28000 ഡോളറും അനിയന്‍ കിംബലിന്റെ കൂട്ടുമായി തുടങ്ങിയ വെബ് സോഫ്റ്റ്‌വെയര്‍ കമ്പനി. ദിനപ്പത്ര വ്യവസായത്തെ ലക്ഷ്യമിട്ടുള്ള ഇന്റര്‍നെറ്റ് സിറ്റി ഗൈഡായിരുന്നു ഉത്പന്നം. ന്യൂയോര്‍ക്ക് ടൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍ തുടങ്ങിയ പ്രമുഖപത്രങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്തു. പക്ഷേ കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡിലെ കശപിശകളെ തുടര്‍ന്ന് 1999ല്‍ സിപ് 2 കോംപാക്കിന് വിറ്റു. 30.7 കോടി ഡോളറിന്. അതില്‍ 2.2 കോടി മസ്‌കിന് ലഭിച്ചു. 

അതേ വര്‍ഷം തന്നെ എക്‌സ്.കോം പിറന്നു, മസ്‌ക് ആയിരുന്നു അതിന്റെ സഹസ്ഥാപകന്‍. ഇന്റര്‍നെറ്റിലൂടെയുള്ള പണമിടപാടുകളായിരുന്നു ബിസിനസ്സ്. ഒരു വര്‍ഷത്തിന് ശേഷം, പേപാല്‍ എന്ന പേരില്‍ മണിട്രാന്‍സ്ഫര്‍ സേവനം നല്‍കുന്ന കോണ്‍ഫിനിറ്റിയുമായി എക്‌സ്.കോം ലയിച്ചു. 2001ല്‍ കമ്പനി പേപാല്‍ എന്ന് പുനര്‍നാമകരണവും ചെയ്തു. 2002ല്‍ പേപാല്‍, ഓണ്‍ലൈന്‍ വാണിജ്യഭീമനായ ഇബേയുടെ സ്വത്തായി. ഇബേ മുടക്കിയ 150 കോടി ഡോളറില്‍ 16.3 കോടി മസ്‌കിനും കിട്ടി. 

സാമാന്യബുദ്ധി വെച്ച്, അനുഭവപരിജ്ഞാനവും തൊഴില്‍നൈപുണ്യവുമുള്ള മേഖലയില്‍ മറ്റൊരു നവീനസംരംഭം തുടങ്ങുകയാണ് മസ്‌ക് ചെയ്യേിയിരുന്നത്. എന്നാല്‍ അന്നോളം ഒരു പരമ്പരാഗത കോടീശ്വരന്‍ പോലും ചിന്തിക്കാത്ത വഴിക്കാണ് മസ്‌കിന്റെ ചിന്ത പോയത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഒരു സ്വകാര്യ സംരംഭം! അതാണ് സ്‌പേസ് എക്‌സ്. അന്നേവരെ യു.എസ്സും യു.എസ്സ്.എസ്സ്.ആറും പോലുള്ള വന്‍ശക്തികള്‍ (പിന്നെ ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂനിയനും) മാത്രമേ ബഹിരാകാശത്തേക്ക് പോകാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ നിര്‍മിച്ചിട്ടുള്ളു.

2002ല്‍ സ്ഥാപിച്ച സ്‌പേസ് എക്‌സ് പക്ഷേ, 2007ല്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് ബഹിരാകാശത്തേക്കയച്ചു. 2009ല്‍ അവരുടെ ഫാല്‍ക്കണ്‍ 1 റോക്കറ്റ് ഒരു ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തിലെത്തിച്ചു, 2012ല്‍ അവരുടെ ഡ്രാഗണ്‍ സ്‌പേസ് വാഹനം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ബര്‍ത്ത് ചെയ്യുന്ന ആദ്യസ്വകാര്യ വാഹനമായി. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് സ്‌പേസ് എക്‌സ് നാസയുടെ ബില്യണ്‍ ഡോളര്‍ കോണ്‍ട്രാക്റ്റുകള്‍ നേടുന്ന സ്വകാര്യമേഖയിലെ വന്‍കിട കമ്പനിയാണ്. 

ഇതൊന്നും ഇങ്ങനെ പണമുണ്ടാക്കാനുള്ള വിദ്യയായിട്ടല്ല മസ്‌ക് വിഭാവനം ചെയ്തത്. ഭൂമി മനുഷ്യരാശിക്ക് ജീവിക്കാന്‍ പറ്റാത്ത ഗ്രഹമായി മാറിയാല്‍ അന്ന് ചൊവ്വ പോലുള്ള കോളനികളിലേക്ക് മനുഷ്യരെ വന്‍തോതില്‍, ചിലവ് കുറഞ്ഞ വഴിയില്‍ എത്തിക്കേണ്ടി വരുന്ന സ്ഥിതി നേരിടാനാണ് അദ്ദേഹം ഇത് ചെയ്തത്. ഇന്ന് ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബഹിരാകാശത്തേക്ക് വാഹനങ്ങളയക്കുന്നത്  സ്‌പേസ് എക്‌സ് ആണ്.

t3റോക്കറ്റ് നിര്‍മാണത്തിനിടയില്‍ത്തന്നെ മസ്‌ക മറ്റൊരു സംരംഭവുമായി കൈകോര്‍ത്തു  ഇലക്ട്രിക് വാഹനങ്ങളും വാഹനഘടകങ്ങളും ബാറ്ററി ഗവേഷണവും മറ്റും നടത്താന്‍ മറ്റ് രണ്ട് ചെറുപ്പക്കാര്‍ 2003ല്‍  തുടങ്ങിയ ടെസ്‌ല മോട്ടോഴ്‌സുമായിട്ട്. ഓഹരി പങ്കാളിയായി ടെസ്‌ലയില്‍ വന്ന മസ്‌ക് ക്രമേണ അതിന്റെ മുഖ്യഭരണാധികാരിയും പ്രൊഡക്റ്റ് ആര്‍ക്കിടെക്റ്റുമായി. അദ്ദേഹമാണ് ടെസ്‌ലയുടെ ആദ്യ കാര്‍, ഒരു റോഡ്സ്റ്റര്‍ നിര്‍മിച്ചത്. 2008ലായിരുന്നു ഇത്. 35 രാജ്യങ്ങളിലായി 2500 വണ്ടികളാണ് ആകെ വിറ്റത്. 2012ല്‍ റോഡ്സ്റ്ററിന്റെ പിന്‍ഗാമി, നാല് ഡോറുള്ള മോഡല്‍ എസ് എന്ന സെഡാന്‍. വിപണിയില്‍ കിട്ടുന്ന ഏറ്റവും മികച്ച ലക്ഷ്വറി ഇലക്ട്രിക് കാര്‍. യൂറോപ്പില്‍ ഇന്ന് മറ്റ് യൂറോപ്യന്‍ ബ്രാന്‍ഡുകളേക്കാള്‍ ചിലവാകുന്നത് മോഡല്‍ എസ് ആണ്. ഇതിന് പിന്നാലെ ഇലക്ട്രിക് എസ്.യു.വി. മോഡല്‍ എക്‌സും വന്നു. ഇതെല്ലാം ആഡംബരകാറുകളുടെ ഗണത്തില്‍ പെടുന്നതായിരുന്നു, ഏതെടുത്താലും വില 70,000 ഡോളറിനും മീതെ. പക്ഷേ, സാധാരണക്കാര്‍ക്കുള്ള ഇലക്ട്രിക് കാര്‍ എന്ന തന്റെ മോഹം അന്നേ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആ മോഹമാണ് 2016ല്‍ മോഡല്‍ 3ന്റെ രൂപത്തില്‍ അനാവരണം ചെയ്യപ്പെട്ടത്.

സ്മാര്‍ട്‌ഫോണുകളുടെ കാര്യത്തില്‍ സ്റ്റീവ് ജോബ് ചെയ്തത് പോലൊരു വിദ്യയാണ് ടെസ്‌ലയുടെ കാര്യത്തില്‍ മസ്‌ക് ചെയ്തത്. ആപ്പിളിന്റെ ഐഫോണ്‍ വിപണിയിലറങ്ങുന്ന കാലത്ത് നോക്കിയയും ബ്ലാക്ക്‌ബെറിയും പോലുള്ള വമ്പന്മാരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലുണ്ടായിരുന്നു. അവരെ തോല്‍പ്പിക്കാന്‍ ആ ഉത്പന്നങ്ങളുടെ ഗുണഗണങ്ങളെല്ലാമുള്ള, അതിലും വിലകുറഞ്ഞ ഫോണ്‍ ഇറക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, എതിരാളികളേക്കാള്‍ കിടിലന്‍ മോഡല്‍ അവയെക്കാളെല്ലാം വലിയ വിലയില്‍ ഇറക്കുകയാണ് ജോബ് ചെയ്തത്. ബാക്കിയെല്ലാ ബ്രാന്‍ഡുകളും വെറും ഫോണുകളായി നിലനിന്നപ്പോള്‍ ഐഫോണ്‍ മാത്രം ഐഫോണായി നിലനിന്നു. ബാക്കി ഇലക്ട്രിക് കാറുകളെല്ലാം വെറും ഇലക്ട്രിക് കാറുകള്‍ ആണെങ്കില്‍ ടെസ്‌ല മാത്രം ടെസ്‌ല ഇലക്ട്രിക് കാറായി വേറിട്ടുനിന്നു. ഇത്രയും കാലം പണമുള്ളവര്‍ക്ക് മാത്രം താങ്ങാന്‍ കഴിയുമായിരുന്ന ഐഫോണ്‍ ആപ്പിള്‍ പെട്ടെന്നൊരു നാള്‍ സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിലയക്ക് നിര്‍മിച്ചാലോ? അത്തരമൊരു കോലാഹലമാണ് ടെസ്‌ല ഇപ്പോള്‍ മോഡല്‍ 3 വഴി ചെയ്തിരിക്കുന്നത്.

സത്യത്തില്‍ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ (ഐ.സി.) എഞ്ചിനില്‍ പെട്രോള്‍ ഒഴിച്ച് ഓടിക്കുന്ന കാര്‍ കണ്ടുപിടിക്കുന്നതിനും മുമ്പെ ബാറ്ററി കാറുകള്‍ പൊതുനിരത്തില്‍  ഓടിയിട്ടുണ്ട്. 20ാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടില്‍ പോലും ജനത്തിന് പെട്രോള്‍ കാറുകളേക്കാള്‍ പ്രിയം വൈദ്യുതിവണ്ടികളോടായിരുന്നു. 1884ല്‍ തോമസ് പാര്‍ക്കറിന്റെ ആദ്യ ഇലക്ട്രിക് കാര്‍ വന്നശഷം 20ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ട് കഴിയുന്നത് വരെയുള്ള കാലത്ത് 30,000 ഇലക്ട്രിക് കാറുകള്‍ ചിലവായിട്ടുണ്ട്. അന്നൊക്കെ സ്റ്റാര്‍ട്ടാക്കാനും ഓടിക്കാനും എളുപ്പം ഇവയായിരുന്നു. ഇലക്ടിക് സ്റ്റാര്‍ട്ടറുകള്‍ കണ്ടുപിടിക്കുന്നത് വരെ പെട്രോള്‍കാര്‍ സ്റ്റാര്‍ട്ടാകാന്‍  ആദ്യം ഗ്രില്ലിനടിയില്‍ ഒരു വളഞ്ഞ ലിവര്‍ കടത്തി അല്‍പ്പം കറക്കണം. ആദായവിലയ്ക്ക് പെട്രോളും എല്ലായിടത്തും കിട്ടിത്തുടങ്ങിയതോടെ ബാറ്ററി കാറുകളെ ജനം മറന്നു. 

പിന്നെ 1970കളില്‍ എണ്ണ പ്രതിസന്ധി ഉണ്ടായപ്പോഴാണ് കാര്‍ നിര്‍മാതാക്കള്‍ക്ക് വീണ്ടും വൈദ്യുതിചിന്തകളുണ്ടായത്. ഏതാനും കോണ്‍സെപ്റ്റ് മോഡലുകള്‍ എല്ലാവരും ചേര്‍ന്ന് നിര്‍മിച്ചെങ്കിലും ഒന്നും വിപണിയിലെത്തിയില്ല. വീണ്ടും അവര്‍ ഐ.സി.എഞ്ചിനുകളുടെ പവറും ഇന്ധനക്ഷമതയുമൊക്കെ കൂട്ടാനുള്ള ഗവേഷണങ്ങളിലേക്ക് മടങ്ങി. ഇപ്പോള്‍ വൈദ്യുതികാറുകള്‍ വീണ്ടും വരികയാണ്. ഐ.സി.കാറുകളുടെ ഉത്പാദനവും ഉപയോഗവും വന്‍തോതില്‍ വര്‍ദ്ധിക്കുകയും ഭൂമിയിലുള്ള പെട്രോളിയം അനതിവിദൂരഭാവിയില്‍ ഉപയോഗിച്ചുതീരുമെന്ന സത്യം കാര്‍ നിര്‍മാതാക്കളുടെ മുന്നില്‍ ഭീഷണിയാവുകയും ചെയ്തു എന്നതാണ് ഇതിന് ഒരു കാരണം. ഇന്ധനവില കാറുടമകള്‍ക്ക് ഭാരമാവുകയാണ്. ഫോസ്സില്‍ ഇന്ധന ഉപയോഗം മൂലമുള്ള കാര്‍ബണ്‍ വിസര്‍ജനം ഭൂമിയുടെ കാലാവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണെന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും ലോകരാജ്യങ്ങള്‍ തീരുമാനിച്ചത് മറ്റൊരു കാരണവും.

അങ്ങനെ, കാറുകളെ ഓടിക്കാന്‍ പ്രാപ്തിയുള്ള ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഓട്ടോവ്യവസായം കാര്യമായ ശ്രമം തുടങ്ങി. മലിനീകരണമില്ലാതെ പൊതുനിരത്തുകളിലൂടെ ഓടിക്കാവുന്ന ഇലക്ട്രിക് കാറുകള്‍ പല പ്രമുഖരും നിര്‍മിച്ചുതുടങ്ങി. പക്ഷേ, ഒന്നും വിപണിയില്‍ തരംഗങ്ങളുണ്ടാക്കിയില്ല.  

ഒരു മാലിന്യവുമുണ്ടാക്കാതെ ഓടുന്ന ഇലക്ട്രിക കാറുകളെ അവഗണിച്ച് ഓരോ കിലോമീറ്ററിനും 100 ഗ്രാമിലേറെ കാര്‍ബണ്‍ പുക തുപ്പുന്ന പെട്രോള്‍/ഡീസല്‍ കാറുകള്‍ ജനം തിരഞ്ഞെടുക്കുന്നത് അവര്‍ക്ക് കാലാവസ്ഥാവ്യതിയാനത്തിലൊന്നും ഒരു ആശങ്കയുമില്ലാത്തത് കൊണ്ടല്ല. മറ്റ് കാരണങ്ങള്‍ കൊണ്ടാണ്. 

ഇലക്ട്രിക് വണ്ടികളുടെ വിലക്കൂടുതല്‍ തന്നെ പ്രധാനകാരണം. ഇടത്തരക്കാര്‍ വാങ്ങുന്ന, കുടുംബസമേതം സഞ്ചരിക്കാവുന്ന ഒരു ഇലക്ട്രിക് കാറിന് അതേഗണത്തിലുള്ള പ്രീമിയം കാറിന്റെ വില വരും. ഉദാഹരണത്തിന് ഇന്ത്യയില്‍ കിട്ടുന്ന ഇലക്ട്രിക് കാര്‍ മഹീന്ദ്രയുടെ ഇ2ഒ എടുക്കാം. നാല് സീറ്റും രണ്ട് ഡോറും പരമാവധി 25 എച്ച്പി കരുത്തുമുള്ള ഇതിന് തുല്യമായ കോംപാക്ട് കാര്‍ ടാറ്റ നാനോയാണ്. ആണ്. പക്ഷേ അതിന് അഞ്ച് സീറ്റും നാല് ഡോറും 35 എച്ച്പി കരുത്തുമുണ്ടെന്ന് മാത്രം. മറ്റൊരു വ്യത്യാസം 2.5 ലക്ഷം രൂപയ്ക്ക് നാനോ കിട്ടുമ്പോള്‍ ഇ2ഒയ്ക്ക് 7.5 ലക്ഷം കൊടുക്കണം. പിന്നൊന്ന് ബാറ്ററിയുടെ 'റേഞ്ച് ആശങ്ക'യാണ്. മാര്‍ക്കറ്റില്‍ ഇന്ന് കിട്ടുന്ന മിക്ക ഇലക്ട്രിക് കാറുകളും 30 മുതല്‍ 150 കിലോമീറ്റര്‍ വരെ ഓടുമ്പോഴേക്കും ബറ്ററികളുടെ ചാര്‍ജ് തീരും.  അര മണിക്കൂറില്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാവുന്ന സൂപ്പര്‍ ചാര്‍ജിങ്ങ് സംവിധാനങ്ങളുണ്ട്. പക്ഷേ അത്തരം സംവിധാനങ്ങള്‍ പെട്രോള്‍ ബങ്കുകള്‍ പോലെ സര്‍വസാധാരണമല്ല. അതിനാല്‍ ഡ്രൈവര്‍  എപ്പോഴും ടെന്‍ഷനിലായിരിക്കും.

മറ്റൊന്ന്, ഇലക്ട്രിക് കാറുകളെ പറ്റി ജനങ്ങളുടെ സംശയങ്ങളാണ്. ബാറ്ററി റീചാര്‍ജ് ചെയ്ത് കുത്തുപാളയെടുക്കേണ്ടി വരുമോ, ഇ.വി.യുടെ ഹൃദയമായ ബാറ്ററികള്‍ക്ക് വല്ല കേടുപാടുകളും പറ്റി അത് മാറ്റിവെക്കേണ്ടി വരുമോ  തുടങ്ങിയ ശങ്കകള്‍. ഈ ശങ്ക വേണ്ട എന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ഷത്തില്‍ 25000 കിലോമീറ്റര്‍ എന്ന കണക്കില്‍ കാര്‍ ഓടിക്കുന്നയാള്‍ക്ക് ഒരു വര്‍ഷം കരണ്ട് ബില്‍ 30,000 രൂപയുടെ ചുറ്റുവട്ടത്ത് നില്‍ക്കും. ഒരു  കോംപാക്റ്റ് കാറാണെങ്കില്‍ പോലും അത്രയും ഓടാന്‍ 1.25 ലക്ഷം രൂപ എണ്ണയ്ക്ക് മുടക്കേണ്ടി വരും. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി വളരെ വില കൂടിയതാണ്. പക്ഷേ, ഇന്ന് ലഭ്യമായ ബാറ്ററികള്‍ക്ക് കാറുകളോളം തന്നെ ആയുസ്സുണ്ട്. 

t2

ഈ പറഞ്ഞ ആശങ്കകള്‍ക്കൊക്കെ തൃപ്തികരമായ സമാധാനം നല്‍കുന്ന വണ്ടിയാണ് മോഡല്‍ 3 എന്ന ഒറ്റ വാചകത്തില്‍ ടെസ്‌ലയുടെ നാടകീയമായ വിജയത്തിന് കാരണം പറയാം. വില 35,000 ഡോളര്‍ (23.18 ലക്ഷം രൂപ). യു.എസ്സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകളും സബ്‌സിഡികളും കുറച്ചാല്‍ വില വെറും 27,500 ഡോളര്‍ (18.21 ലക്ഷം രൂ.) മാത്രം. ഒറ്റ ചാര്‍ജിങ്ങില്‍ 346 കിലോമീറ്റര്‍ പോകുന്ന മോഡല്‍ 3 ആറ് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗവും കൈവരിക്കും. പഴയ ഫോക്‌സ്‌വാഗന്‍ ബീറ്റിലിനെ പോലെ ബോണറ്റ് തുറന്നാല്‍ ഡിക്കിയാണ്. ബീറ്റിലിന് വിരുദ്ധമായി പിന്നിലും ഡിക്കി തന്നെ.

വിപണിയിലുള്ള ടെസ്‌ല മോഡലുകള്‍ മുക്കാല്‍ കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ആഡംബര കാറുകളാണ്. അവയുടെ മൂന്നിലൊന്നേ വിലയുള്ളുവെങ്കിലും ഒരു തകര്‍പ്പന്‍ ആഡംബര കാറിന്റെ പ്രതീതിയാണ് മോഡല്‍ 3ന്റെ ഉള്ളിലും എന്നാണ് ടെസ്റ്റ് റൈഡിന് ക്ഷണിക്കപ്പെട്ട ലേഖകര്‍ പറഞ്ഞത്. വാഹനത്തിന്റെ ഡാഷ് ബോഡ് തന്നെ രസികനാണ്, സ്റ്റിയറിങ്ങും നീളത്തില്‍ ഒരു ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും മാത്രമേ അതിലുള്ളു. പിന്‍സീറ്റുകാരുടെ കാലിന് സ്ഥലമുണ്ടാക്കാന്‍ മുന്‍സീറ്റുകള്‍ അല്‍പ്പം മുന്നോട്ട് നീക്കാന്‍ ചെയ്ത പണിയാണിത്. കാറിന്റെ പിന്നിലെ ഗ്ലാസ്സ് യാത്രക്കാരന്റെ തലയുടെ ഉയരത്തില്‍ അവസാനിക്കാതെ ഡ്രൈവറുടെ മുകളിലെ റൂഫ് വരെ നീണ്ടു കിടക്കുകയാണ്. സഞ്ചാരികള്‍ക്ക് തലയ്ക്ക് മുകളിലെ ആകാശം മുഴുവന്‍ കാണാം. 

എണ്ണയൊഴിച്ച് ഓടിക്കുന്നതായാലും ബാറ്ററിയില്‍ ഓടുന്നതായാലും മോഡല്‍ 3നേക്കാള്‍ നല്ലൊരു കാര്‍ അതേ വിലയ്ക്ക് വിപണിയില്‍ കിട്ടില്ല എന്ന് അവകാശപ്പെട്ട ഈലോണ്‍ മസ്‌ക് യു.എസ്സിലും കാനഡയിലും വ്യാപകമായി സൂപ്പര്‍ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അത്ഭുതമെന്ന് പറയണമല്ലോ, മോഡല്‍ 3ന്റെ വിജയത്തെ വാഴ്ത്തിയ ഒരാള്‍ ഓട്ടോവ്യവസായത്തില്‍ ടെസ്‌ലയെ എതിരാളിയായി കാണേണ്ട കമ്പനിയുടെ മേധാവിയാണ്. മാര്‍ക്കറ്റില്‍ ഏറ്റവും ചിലവുള്ള ഇലക്ട്രിക് കാറായ ലീഫ് നിര്‍മിക്കുന്ന നിസ്സാന്റെ സി.ഇ.ഒ. കാര്‍ലോസ് ഗോസനാണ് കക്ഷി. 'ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയില്‍ നല്ല മത്സരത്തിന് വഴിതുറക്കുകയാണ് മോഡല്‍ 3ന്റെ അഭൂതപൂര്‍വമായ വിജയം' എന്നാണ് അദ്ദേഹം പറഞ്ഞത്.