ആദ്യമെത്തിയ ചൈനീസ് കാറുകള്‍ വിപണിയിലെ ദുരന്തമായിരുന്നു. കാലഹരണപ്പെട്ട രൂപകല്‍പ്പന, ക്രാഷ് ടെസ്റ്റുകളില്‍ പാസ്സ് മാര്‍ക്ക് കിട്ടാത്ത സുരക്ഷാസംവിധാനങ്ങള്‍, യൂറോപ്പിലെ കര്‍ശനമായ മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ മുന്നില്‍ മുട്ടുകുത്തിപ്പോകുന്ന എഞ്ചിനും പവര്‍ ട്രെയിനുകളും. അങ്ങനെ യൂറോപ്പ് ഇപ്പോഴും ചൈനീസ് കാറുകള്‍ക്ക് ബാലികേറാമലയാണ്. ഈ ചിത്രം മാറ്റി വരക്കാനുള്ള ശ്രമത്തിലാണ് ഗീലി ബ്രാന്‍ഡ് കാറുകളുടെ നിര്‍മാതാക്കളായ ഷെജിയാങ്ങ് ഗീലി ഹോള്‍ഡിങ്ങ് ഗ്രൂപ്പ്. 

കാര്‍ കണ്ടുപിടിച്ചതും നിര്‍മിച്ച് കച്ചവടം തുടങ്ങിയതും യൂറോപ്പിലെ എഞ്ചിനിയര്‍മാരും പണക്കാരുമാണ്. അസംബ്ലിലൈന്‍ നിര്‍മാണത്തിലൂടെ കാര്‍ നിര്‍മാണം വന്‍വ്യവസായമാക്കി സാധാരണക്കാരിലെത്തിച്ചത് അതിനും മുമ്പെ വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യരും. പക്ഷേ ലോകത്തിലിന്ന് ഏറ്റവുമധികം കാറുകള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ഈ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളൊന്നുമല്ല, ഒറ്റ ഏഷ്യന്‍ രാജ്യമാണ്, ചൈന. കഴിഞ്ഞ ഏഴ് വര്‍ഷമായി യുഎസ്സിലും യൂറോപ്പിലും ജപ്പാനിലുമെല്ലാമായി നിര്‍മിക്കുന്ന വാഹനങ്ങളേക്കാളേറെ പാസഞ്ചര്‍ കാറുകളും കമേര്‍ഷ്യല്‍ വാഹനങ്ങളും നിര്‍മിക്കുന്നത് ചൈനയാണ്.

വിഷമിക്കേണ്ട. ആപ്പിളിന്റെ ഫോണുകളെയെല്ലാം അസംബിള്‍ ചെയ്ത് ഫോണാക്കുന്നത് ചൈനക്കാരായതിനാല്‍ ഐ ഫോണിനെ ആരും ചൈനീസ് ഫോണെന്ന് വിളിക്കാത്തത് പോലെ ചൈനയില്‍ നിന്ന് വരുന്ന കാറുളെല്ലാം മാനുഫാക്‌ചേഡ് ഇന്‍ ചൈനയാണ്, മേയ്ഡ് ഇന്‍ ചൈനയല്ല. ഹോണ്ടയുടെയും ഫോക്‌സ്‌വാഗന്റെയും ജാഗ്വാറിന്റെയും ജനറല്‍ മോട്ടോഴ്‌സിന്റെയുമൊക്കെ കാറുകള്‍ അങ്ങനെ ചൈനീസ് കാറുകളാവില്ല. സ്വന്തം നാട്ടിലെ തൊഴിലാളികള്‍ക്ക് മിനിമം വേജസ് കൊടുത്ത് മുടിയാതിരിക്കാന്‍ അവര്‍ ആദായകൂലിക്ക് ചൈനയില്‍ നിര്‍മിക്കുന്നു, അത്ര മാത്രം.

പക്ഷേ ചൈനയില്‍ ഇറങ്ങുന്ന കാറുകളെല്ലാം അങ്ങനെ പരദേശികളല്ല, ജര്‍മനിയിലെയും യുഎസ്സിലെയും വാഹന ബ്രാന്‍ഡുകളുടെ നിര്‍മാണശാലകള്‍ വരുന്നതിനും മുമ്പെ ചൈന കാറും ലോറിയുമെല്ലാം നിര്‍മിച്ചിട്ടുണ്ട്. 1950-കളില്‍, സോവിയറ്റ് യൂണിയന്റെ സഹായത്തോടെ. പക്ഷേ, അന്ന് സോഷ്യലിസ്റ്റ് വ്യാപാരം റേഷന്‍ കടകളിലൂടെ ആയിരുന്നതിനാല്‍ വലിയ വില്‍പ്പനയൊന്നുമുണ്ടായിരുന്നില്ല എന്ന് മാത്രം. എന്നു വെച്ചാല്‍ 1980-കള്‍ വരെ പ്രതിവര്‍ഷം ഒന്നോ രണ്ടോ ലക്ഷം വണ്ടികള്‍. (ഇത് സകലമാന വാഹനങ്ങളുടെയും കൂടി മൊത്തം കണക്കാണ്, കാറുകളുടെ എണ്ണം 1985-ല്‍ പോലും മൊത്തം 5200 മാത്രമായിരുന്നു).

മാര്‍ക്‌സിസത്തിന്റെ മാവോ വ്യാഖ്യാന കാലമായിരുന്നു അത്. 1978-ല്‍ ഡെങ് ഷ്യാവോപിങ്ങിന്റെ മാര്‍ക്കറ്റ് സോഷ്യലിസ്റ്റ് വ്യാഖ്യാനം വന്നശേഷം കാര്യങ്ങള്‍ മാറി. പട്ടിണി പങ്കിടലല്ല സമ്പത്ത് പങ്കിടലാണ് സോഷ്യലിസം എന്നായിരുന്നു ആ വ്യാഖ്യാനം. അധ്വാനിച്ച് പണം സമ്പാദിച്ച് ആ പണം മൂലധനമാക്കി സംരംഭങ്ങള്‍ തുടങ്ങാമെന്നും അങ്ങനെ വ്യവസായികളും കോടീശ്വരന്മാരും ആകുന്നതില്‍ കമ്യൂണിസ്റ്റ് വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു ഡെങ്ങ് വ്യാഖ്യാനത്തിന്റെ രത്‌നച്ചുരുക്കം. 

അതിന്റെ ഫലമാണ്, നേരത്തെ പറഞ്ഞ പടിഞ്ഞാറന്‍ ബ്രാന്‍ഡുകള്‍ക്ക് പുറമെ ഒരു ഡസനിലേറെ ചൈനീസ് കമ്പനികളും ഇന്ന് കാര്‍ നിര്‍മാണത്തിലെ പ്രമുഖരായി മാറിയത്. ഇവയില്‍ ചിലത് യുഎസ്സ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ വാഹനനിര്‍മാതാക്കളുമായി ചേര്‍ന്നുള്ള സംയുക്തസംരംഭങ്ങളാണ്, ചിലത് പൂര്‍ണമായും സ്വദേശി നിര്‍മാതാക്കളും. എല്ലാവരും ചേര്‍ന്നുള്ള തകൃതിയായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെ 2014-ല്‍ അവിടെ വാഹന ഉത്പാദനം 2.37 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തി. ആഗോളവാഹന ഉത്പാദനത്തിന്റെ 26 ശതമാനം!

chinese car

2009-ല്‍ ചൈനയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ (കാറുകള്‍ തൊട്ട് ഘനവാഹനങ്ങള്‍ വരെ) എണ്ണം 6.2 കോടിയായിരുന്നു. 2020-ല്‍ അത് 20 കോടിയാകും എന്നാണ് മതിപ്പ്. യു.എസ്സ്., യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ നാടുകളിലെ കമ്പനികളുടെ മോഡലുകളും ഇക്കൂട്ടത്തില്‍ പെടുമെങ്കിലും ചൈനീസ് ബ്രാന്‍ഡുകള്‍ നിര്‍മിക്കുന്ന മോഡലുകളും ലക്ഷക്കണക്കിന് ഇന്ന് ചൈനയില്‍ ചിലവാകുന്നുണ്ട്. എസ്എഐസി, ഗ്രേറ്റ് വോള്‍, ഗീലി, ചെറി, ബിവൈഡി...ഇങ്ങനെ പോകുന്നു ചൈനയില്‍ ഇന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പേരുകള്‍. ഇവരില്‍ പലരും ചൈനയില്‍ മാത്രമല്ല സൗദി അറേബ്യ തൊട്ട് സൗത്ത് ആഫ്രിക്ക, അള്‍ജീരിയ, ബ്രസീല്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വരെ തങ്ങളുടെ ജനപ്രിയ മോഡലുകള്‍ വിറ്റഴിക്കുന്നുണ്ട്. 

കൊല്ലപ്പുരയില്‍ ആണി വില്‍ക്കാനെന്നത് പോലെ ഇവരില്‍ ചിലരെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും മെയ്ഡ് ഇന്‍ ചൈന കാറുകള്‍ വില്‍ക്കുന്നുണ്ട്. ഏകപ്രശ്‌നം വെള്ളക്കാര്‍ ഈ കാറുകളെ 'മെയ്ഡ് ഇന്‍ കുന്നംകുളം' വണ്ടികള്‍ എന്നതുപോലെയേ കാണുന്നുള്ളു എന്നതാണ്. കച്ചവടം തുടങ്ങിയ 2003-ല്‍ ഏറ്റവും വില്‍പ്പന നടത്തിയ ജെന്‍സെന്റെ ഒമ്പത് കാറുകളാണ് യൂറോപ്പിലെല്ലാം കൂടി ചിലവായത്. പിറ്റേക്കൊല്ലം 14 കാറുകള്‍ വിറ്റ് ചെറി ഒന്നാം സ്ഥാനത്തെത്തി. 2010 ആയപ്പോഴേക്കും ഗ്രേറ്റ് വോള്‍ ആയി ഒന്നാം സ്ഥാനത്ത്. അവരേതാണ്ട് 3000 കാര്‍ വിറ്റു. 2015-ല്‍ ഏറ്റവും വില്‍പ്പന നടന്ന ബ്രാന്‍ഡായ എംജിയുടെ 3886 വണ്ടികളാണ് വിറ്റഴിഞ്ഞത്. പ്രതിവര്‍ഷം 1.4 കോടി കാറുകള്‍ ചിലവാകുന്ന യൂറോപ്പില്‍ 2003 മുതല്‍ 2015 വരെ എല്ലാ ചൈനീസ് കാര്‍ കമ്പനികളും കൂടെ മൊത്തം വിറ്റത് കാല്‍ ലക്ഷത്തിലും കുറവ് വണ്ടികളായിരുന്നു എന്ന് പറയുമ്പോല്‍ മാത്രമേ ദയനീയാവസ്ഥ ശരിക്ക് മനസ്സിലാകൂ.

ആദ്യമെത്തിയ ചൈനീസ് കാറുകള്‍ വിപണിയിലെ ദുരന്തമായിരുന്നു. കാലഹരണപ്പെട്ട രൂപകല്‍പ്പന, ക്രാഷ് ടെസ്റ്റുകളില്‍ പാസ്സ് മാര്‍ക്ക് കിട്ടാത്ത സുരക്ഷാസംവിധാനങ്ങള്‍, യൂറോപ്പിലെ കര്‍ശനമായ മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ മുന്നില്‍ മുട്ടുകുത്തിപ്പോകുന്ന എഞ്ചിനും പവര്‍ ട്രെയിനുകളും. അങ്ങനെ യൂറോപ്പ് ഇപ്പോഴും ചൈനീസ് കാറുകള്‍ക്ക് ബാലികേറാമലയാണ്. ഈ ചിത്രം മാറ്റി വരക്കാനുള്ള ശ്രമത്തിലാണ് ഗീലി ബ്രാന്‍ഡ് കാറുകളുടെ നിര്‍മാതാക്കളായ ഷെജിയാങ്ങ് ഗീലി ഹോള്‍ഡിങ്ങ് ഗ്രൂപ്പ്. ഈ ലക്ഷ്യത്തോടെ സ്ഥാപിച്ച ലിങ്ക് ആന്‍ഡ് കോ എന്ന സബ് ബ്രാന്‍ഡിന്റെ രണ്ട് മോഡലുകള്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഷാങ്ഹായ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്യുകയും ചെയ്തു. 01 എന്ന് പേരിട്ട എസ്‌യുവിയും കോണ്‍സെപ്റ്റ് 03 എന്ന സെഡാനും.

01
01 SUV

സഹചീനന്മാര്‍ക്ക് മുമ്പ് പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചതുരംഗത്തിലെന്നപോലെ സസൂക്ഷ്മം നടത്തിയ കരുനീക്കങ്ങള്‍ക്ക് ശേഷമാണ് ഗീലി അവരുടെ ലിങ്ക് മോഡലുകള്‍ നിര്‍മിച്ചത്. 2010-ല്‍ ഗീലി ഫോഡില്‍ നിന്നും വിലയ്‌ക്കെടുത്ത വോള്‍വോ കാര്‍ വിഭാഗത്തിന്റെ സാങ്കേതിക വൈഭവത്തിന്റെ മേലാണ് 01-ഉം 03-യുമെല്ലാം നിലനില്‍ക്കുന്നത്. വോള്‍വോ വികസിപ്പിച്ചെടുത്ത കോംപാക്റ്റ് മോഡ്യുലാര്‍ ആര്‍ക്കിടെക്ചര്‍ (സിഎംഎ) ആണ് ഇതില്‍ പ്രധാനം. കാറിന്റെ പ്ലാറ്റ്‌ഫോം എന്ന് വിളിക്കുന്ന ഷാസിയില്‍ ചെറുവ്യത്യാസങ്ങള്‍ വരുത്തി വ്യതസ്ത എഞ്ചിനുകളും ബോഡി ടൈപ്പുകളുമുള്ള, വിവിധ മോഡലുകള്‍ നിര്‍മിക്കാന്‍ സിഎംഎ സഹായിക്കുന്നു. അങ്ങനെയാണ് ഒറ്റ പ്ലാറ്റ്‌ഫോമില്‍ തന്നെ എസ്‌യുവിയും സെഡാനും നിര്‍മിക്കാന്‍ ഗീലിക്ക് കഴിഞ്ഞത്. ബാഹ്യരൂപം ലിങ്ക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണെങ്കിലും ഉള്ളില്‍ വോള്‍വോയുടെ എഞ്ചിനുകളുടെ ഹൃദയമാണ്.

03 Sedan
03 Sedan

ഒരു മോഡലേ സ്‌റ്റേജില്‍ കാണിച്ചുള്ളുവെങ്കിലും എണ്ണയും വൈദ്യുതിയും സങ്കരവുമായ ഏത് പവര്‍ ട്രെയിനിലും ഓടുന്ന കാറുകള്‍ ഈ വര്‍ഷാന്ത്യത്തില്‍ ചൈനീസ് വിപണിയിലെത്തുമെന്നാണ് അവകാശവാദം. അവിടെ തീര്‍ന്നില്ല, 21-ാം നൂറ്റാണ്ടില്‍ യൗവ്വനത്തിലെത്തിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള 01 മോഡലിന്റെ ഉള്‍ഭാഗം സ്മാര്‍ട് ഫോണുപയോഗം ദുശ്ശീലമാക്കിയവര്‍ക്ക് ഇണങ്ങുംവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും 'കണക്റ്റഡ്' കാറുകളില്‍ ഉള്‍പ്പെടുന്ന 01-ന് ഫുള്‍ടൈം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് വേണ്ട ഡിജിറ്റല്‍ അസ്ഥിവാര സൗകര്യങ്ങള്‍ക്കായി മൈക്രോസോഫ്റ്റും അലിബാബയുമായി ലിങ്ക് സഹകരിക്കുന്നുണ്ട്. കാര്‍വില്‍പ്പന ത്വരിതപ്പെടുത്താന്‍ ഡീലര്‍ ശൃംഖലയെ ആശ്രയിക്കാത്ത ബിസിനസ്സ് മോഡലുകളും കമ്പനി തയ്യാറാക്കുന്നുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കമ്പനിതന്നെ ഷോറൂമുകളും സര്‍വീസ് സ്‌റ്റേഷനുകളും സ്ഥാപിച്ചശേഷം ബാക്കിയിടങ്ങളില്‍ ഓണ്‍ലൈന്‍ അയിട്ടാവും വില്‍പ്പന. വില്‍പ്പനയ്ക്ക് പുറമെ കാര്‍ഷെയറിങ്ങ് രീതിയില്‍ കാറിന്റെ വരിക്കാരന്‍ ആകാനുള്ള പോംവഴിയുമുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന സമയം ഓടിക്കുന്ന ദൂരം എന്നിവയുടെ അടിസ്ഥാനത്തില്‍ പണമടച്ചാല്‍ സ്വന്തം കാര്‍ പോലെ ഒരെണ്ണം എവിടെയും കിട്ടു!

യൂറോപ്യന്‍ ആഡംബരം ചൈനീസ് വിലയ്ക്ക് എന്നതാണ് മോഡല്‍ 01-ന്റെ തത്വശാസ്ത്രം. യൂറോപ്പില്‍ ഏതാണ്ട് 40000 ഡോളര്‍ വില വരുന്ന ഒരു പ്രീമിയം എസ്.യു.വി 25000 ഡോളറിന് ലഭിക്കും. ചൈനീസ് വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ച ശേഷം രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍  യൂറോപ്പിലും യുഎസ്സിലും 01-ഉം പിന്നാലെ 02-ഉം 03-യുമെല്ലാം ഇറക്കും. അന്നേരം എന്തു സംഭവിക്കും? ശേഷം ഭാഗം വെള്ളിത്തിരയില്‍.