ചൈനയുടെ ആജീവനാന്ത ചക്രവര്‍ത്തിയായി ഷി ജിന്‍പിങ്ങ് സ്വയം വാഴിക്കുന്ന കാര്യമായിരുന്നു കുറച്ചുകാലമായി ലോകമാധ്യമങ്ങളില്‍ ചൈനയില്‍ നിന്നുള്ള തലവാചകങ്ങള്‍. ഇതേ കാലത്ത് മറ്റൊരു ചൈനക്കാരൻ  വ്യവസായലോകത്ത് ഞെട്ടിക്കുന്ന വാര്‍ത്ത സൃഷ്ടിച്ചപ്പോള്‍ അത് പാശ്ചാത്യമാധ്യമങ്ങളുടെ ബിസിനസ് പേജുകളില്‍ മാത്രമായി ചുരുങ്ങിപ്പോയി.

വാര്‍ത്തയിതാണ്: ആഗോളശതകോടീശ്വരന്മാരുടെ പട്ടികയുടെ മേല്‍ത്തട്ടില്‍ വസിക്കുന്ന ചൈനീസ് വ്യവസായി ലി ഷുഫു 900 കോടി ഡോളര്‍ (ഏതാണ്ട് 60,000 കോടി രൂപ) മുടക്കി മെഴ്സിഡീസ് കാറുകളുടെ നിര്‍മാതാവായ ഡയംലര്‍ എജിയുടെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. മാത്രമല്ല, ജര്‍മനിയുടെ പ്രസ്റ്റീജ് കമ്പനിയുടെ ഏറ്റവും വലിയ ഒറ്റ ഓഹരിയുടമയുമായി. കമ്മ്യൂണിസത്തിന്റെ പ്രവാചകനായ മാര്‍ക്സിന്റെ ജന്മനാട്ടിലെ ഉന്നതമായ സ്വകാര്യകമ്പനിയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ ഉരുക്കുകോട്ടയിലെ ശതകോടീശ്വരന്റെ സ്വകാര്യമൂലധനം ഒഴുകിയെത്തി. 

Diamler

ഫോബ്സ് മാഗസിന്റെ കണക്കനുസരിച്ച് ചൈനീസ് സമ്പന്നരില്‍ പത്താം സ്ഥാനക്കാരനും ആഗോളസമ്പന്നരുടെ പട്ടികയില്‍ 209-ാം സ്ഥാനക്കാരനുമായ ലി ഷുഫു ചെയര്‍മാനായ ഗീലി ഓട്ടൊമോബൈല്‍സ് ഹോള്‍ഡിങ്ങ്സിന് ഇപ്പോള്‍ത്തന്നെ വോള്‍വോ കാര്‍സ് എന്ന സ്വീഡിഷ് ബ്രാന്‍ഡ് സ്വന്തമായുണ്ട്. ഇതിനുപുറമെ ബ്രിട്ടീഷ് സ്പോര്‍ട്സ് ബ്രാന്‍ഡായ ലോട്ടസ്സിന്റെ ഭൂരിപക്ഷം ഓഹരികളും മലേഷ്യന്‍ കാര്‍ നിര്‍മാതാവായ പ്രോട്ടോണിന്റെ 49 ശതമാനം ഓഹരികളും. ഇതിനെല്ലാം പുറമെ ഘനവാഹനങ്ങള്‍ നിര്‍മിക്കുന്ന വോള്‍വോ എ.ബി.യില്‍ ചെറുതല്ലാത്ത അളവ് നിക്ഷേപവും സമീപകാലത്ത് കരസ്ഥമാക്കി.

Read This- കൊമ്പന്‍ സ്രാവിനെ കടിച്ചുമുറിച്ച ചെറുമീനുകള്‍

കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് എന്നതുപോലുള്ള കഥയാണ് ലിയുടേത്. 1963-ല്‍, ചൈനയുടെ കിഴക്കന്‍ തീരദേശപ്രവിശ്യയായ ഷെജിയാങ്ങിലെ ഒരു കര്‍ഷകകുടുംബത്തില്‍ പിറന്ന വ്യക്തിയാണ് ആഗോള വാഹനവ്യവസായത്തിലെ വിരലിലെണ്ണാവുന്ന വമ്പന്മാരുടെ പട്ടികയിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. പഠിക്കുന്ന കാലത്ത് മിടുക്കനായ വിദ്യാര്‍ഥിക്കുള്ള സമ്മാനമായി കിട്ടിയ 100 റെംനിമ്പി (ഇന്നത്തെ വിനിമയനിരക്കില്‍ ഏതാണ്ട് 1000 രൂപ) കൊണ്ട് ഒരു സൈക്കിളും പഴയ ക്യാമറയും വാങ്ങി, നാട്ടിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഫോട്ടോയെടുത്ത് നല്‍കി വരുമാനമുണ്ടാക്കിയ ലി പത്ത് മാസം കൊണ്ട് മുടക്കുമതല്‍ പത്തിരട്ടിയായി വര്‍ധിപ്പിച്ചു. 1980-കളുടെ അന്ത്യത്തില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തരബിരുദമെടുത്തശേഷം ആദ്യം തുടങ്ങിയത് ഫ്രിഡ്ജുകളുടെ സ്പെയര്‍പാര്‍ട്ടുകള്‍ നിര്‍മിക്കുന്ന കമ്പനിയായിരുന്നു. 1994-ല്‍ ഫ്രിഡ്ജുകള്‍ വിട്ട് മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞു, ആ സംരംഭം ലാഭമായതോടെ കാര്‍ നിര്‍മാണത്തിലേക്കും. 1990-കളുടെ അന്ത്യത്തിലായിരുന്നു അങ്ങനെ ഗീലി (ചൈനീസില്‍ അര്‍ത്ഥം ഭാഗ്യമുള്ളത്) എന്ന കാര്‍ ബ്രാന്‍ഡ് ജനിച്ചത്.

Read This- നാസിയുടെ കമ്പനിയെ രക്ഷിച്ച ജൂതന്‍

ആ കാലമായപ്പോഴേക്കും ചൈനയില്‍ മറ്റ് പലരും -ഭൂരിപക്ഷവും സര്‍ക്കാര്‍ കമ്പനികള്‍ -കാര്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞിരുന്നു. യൂറോപ്പിലെയോ യു.എസ്സിലെയോ പേരുള്ള കാര്‍ കമ്പനികളുമായി ചേര്‍ന്ന് സംയുക്തസംരംഭങ്ങളായിട്ടാണ് അവരെല്ലാം കാര്‍ നിര്‍മിച്ചത്. വിദേശ കമ്പനികള്‍ ഇങ്ങനെ സംയുക്തസംരംഭങ്ങളായി മാത്രമേ വാഹനനിര്‍മാണം നടത്താന്‍ പാടുള്ളൂവെന്ന ചൈനീസ് നിയമവും ഇവര്‍ക്ക് തുണയായി. ഗീലി പക്ഷേ, ഇങ്ങനെ കൂട്ടുകെട്ടുകള്‍ക്കൊന്നും പോകാതെ തീര്‍ത്തും സ്വദേശി കാറുകളാണ് ഉണ്ടാക്കിയത്. സ്വാഭാവികമായും അവയുടെ ഗുണമേന്മയും അങ്ങനെത്തന്നെ. മലിനീകരണത്തിന്റെയും വാഹന സുരക്ഷാ സംവിധാനങ്ങളുടെയുമെല്ലാം കാര്യത്തില്‍ മോശമാണെങ്കിലും ഗീലികള്‍ക്ക് ചൈനീസ് മേഡ് ഫോറിന്‍ കാറുകളേക്കാള്‍ വില തുച്ഛമായിരുന്നു. ചൈനയില്‍ മാത്രമല്ല ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയും ദരിദ്രരാഷ്ട്രങ്ങളിലും അവ നന്നായി ചെലവായി. 2005-ല്‍ ഗീലി ഓഹരികള്‍ ഹോങ്കോങ്ങ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തുകൊണ്ട് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. 

Li Shufu

പ്രീമിയം സ്വീഡിഷ് കാര്‍ കമ്പനിയായ വോള്‍വോ 2010-ല്‍ ഫോഡ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതോടെയാണ് ലി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മികച്ച വാഹനങ്ങളാണ് നിര്‍മിച്ചിരുന്നതെങ്കിലും മെഴ്സിഡീസും പോര്‍ഷെയും ഫെറാറിയും പോലെയുള്ളവര്‍ വിലസുന്ന ആഡംബര വാഹനവിപണിയില്‍ സ്ഥാനം നേടിയെടുക്കാന്‍ വോള്‍വോക്കൊരിക്കലും കഴിഞ്ഞില്ല. അങ്ങനെയാണ് വോള്‍വോ എ.ബി. തങ്ങളുടെ കാര്‍നിര്‍മാണവിഭാഗം ഫോര്‍ഡിന് വിറ്റത്. അമേരിക്കയിലെപ്പോലെ യൂറോപ്പിലും ശക്തമായ സാന്നിദ്ധ്യമാകാന്‍ ഫോര്‍ഡ് ഇതിനും മുമ്പെ തന്നെ ബ്രിട്ടീഷ് ബ്രാന്‍ഡുകളായ ആസ്റ്റണ്‍ മാര്‍ട്ടിനും ജാഗ്വര്‍ ലാന്‍ഡ് റോവറും വിലയ്ക്കെടുത്തിരുന്നു. പക്ഷേ, ഈ കമ്പനികള്‍ കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നും ഫോര്‍ഡിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല 2008-ലെ ആഗോളമാന്ദ്യകാലത്ത് ഇതെല്ലാം ഭാരമാകാനും തുടങ്ങി. അങ്ങനെയാണവര്‍ സ്വന്തം യൂറോപ്യന്‍ ആസ്തികളെല്ലാം വിറ്റഴിക്കാന്‍ തുടങ്ങിയത്.

വളരെ പാരമ്പര്യമുള്ള, പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്ന വോള്‍വോയിലെ കാര്യങ്ങള്‍ പുത്തന്‍ പണക്കാരനായ ഷുഫുവും അദ്ദേഹത്തിന്റെ മൂന്നാം ലോക കമ്പനി ഗീലിയും ചേര്‍ന്ന് കുളമാക്കാനാണ് സാധ്യതയെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചെയ്തത് മറിച്ചാണ്. വോള്‍വോയുടെ നൈപുണ്യവും വൈഭവവും ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ഏതാനും കിടിലന്‍ മോഡലുകള്‍ വികസിപ്പിച്ച് നിര്‍മിക്കാനുള്ള പണവും സ്വാതന്ത്ര്യവും നല്‍കിയ ശേഷം വോള്‍വോയുടെ മാനേജ്മെന്റിനെ അവരുടെ പാട്ടിന് വിട്ടു. ആ തന്ത്രത്തിന്റെ ഫലമായിട്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ആഡംബര കാര്‍ വിപണിയില്‍ ബി.എം.ഡബ്ലിയുവിനും ഔഡിക്കുമെല്ലാം സമീപമായി വോള്‍വോയുടെ തകര്‍പ്പന്‍ മോഡലുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വോള്‍വോ കാര്‍സ് വിലക്കെടുത്തതിന്റെ പിറ്റേന്ന് തന്നെ ഗീലിയുടെ ഓഹരിവില മുകളിലേക്ക് പോകാനും തുടങ്ങി.

Read This- ആഡംബര എസ്.യു.വി.കളുടെ പിതാമഹന്‍

ഗ്രേറ്റ് വോള്‍, ഗീലി, ചെറി, ബി.വൈ.ഡി. തുടങ്ങിയ ചൈനീസ് കാര്‍ കമ്പനികള്‍ ജന്മനാട്ടിന് പുറമെ സൗദി അറേബ്യ തൊട്ട് സൗത്ത് ആഫ്രിക്ക, അള്‍ജീരിയ, ബ്രസീല്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വരെ തങ്ങളുടെ ജനപ്രിയ മോഡലുകള്‍ വിറ്റഴിക്കുന്നുണ്ട്. കൊല്ലപ്പുരയില്‍ സൂചി വില്‍ക്കാനെന്നത് പോലെ ചിലരെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും മെയ്ഡ് ഇന്‍ ചൈന കാറുകള്‍ വില്‍ക്കുന്നുണ്ട്. ഏകപ്രശ്നം സായിപ്പന്മാര്‍ ഈ വണ്ടികളെ 'മെയ്ഡ് ഇന്‍ കുന്നംകുളം' വണ്ടികള്‍ എന്നതുപോലെയേ കാണുന്നുള്ളു എന്നതാണ്. കച്ചവടം തുടങ്ങിയ 2003-ല്‍ ഏറ്റവും വില്‍പ്പന നടത്തിയ ജെന്‍സെന്റെ ഒമ്പത് കാറുകളാണ് യൂറോപ്പിലെല്ലാം കൂടി ചിലവായത്. പിറ്റേക്കൊല്ലം 14 കാറുകള്‍ വിറ്റ് ചെറി ഒന്നാം സ്ഥാനത്തെത്തി. 2010 ആയപ്പോഴേക്കും ഗ്രേറ്റ് വോള്‍ ആയി ഒന്നാം സ്ഥാനത്ത്. അവര്‍ ഏകദേശം 3000 കാര്‍ വിറ്റു. 2015-ല്‍ ഏറ്റവും വില്‍പ്പന നടന്ന ബ്രാന്‍ഡായ എംജിയുടെ 3886 വണ്ടികളാണ് വിറ്റഴിഞ്ഞത്. മൊത്തം 1.4 കോടിയിലേറെ വാഹനങ്ങള്‍ ചെലവാകുന്ന നാട്ടിലാണ് ഇതെന്ന് പറയുമ്പോള്‍ മാത്രമേ ദയനീയാവസ്ഥ ശരിക്ക് മനസ്സിലാകൂ.

കാലഹരണപ്പെട്ട രൂപകല്‍പനയും പാസ്സ് മാര്‍ക്ക് കിട്ടാത്ത സുരക്ഷാസംവിധാനങ്ങളും കര്‍ശനമായ മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ മുന്നില്‍ മുട്ടുകുത്തിപ്പോകുന്ന എഞ്ചിനും പവര്‍ ട്രെയിനുകളുമൊക്കെയായി ആദ്യമെത്തിയ ചൈനീസ് കാറുകള്‍ വിപണിയിലെ ദുരന്തമായിരുന്നു. ഇത്തരം ചൈനീസ് കാറുകള്‍ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഓട്ടോ വ്യവസായികള്‍ക്ക് ചിരിക്കാനുള്ള വക നല്‍കുമെന്നല്ലാതെ വിപണിയില്‍ ഒരു ചലനവും സൃഷ്ടിക്കില്ല എന്ന സ്ഥിതി. യൂറോപ്പിലെ ഏറ്റവും പ്രസ്റ്റീജുള്ള ബ്രാന്‍ഡുകളിലൊന്നായ വോള്‍വോ സ്വന്തമാക്കുക വഴി ഈ അവസ്ഥ മാറ്റാനുള്ള കുറുക്കുവഴി കൂടി ലിയും ഗീലിയും കൂടി ഒപ്പിക്കുന്ന കാര്യം കഴിഞ്ഞ വര്‍ഷം മാത്രമേ ജനത്തിന് മനസ്സിലായുള്ളു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ ലിങ്ക് ആന്‍ഡ് കോ എന്ന സബ് ബ്രാന്‍ഡിന്റെ രണ്ട് മോഡലുകള്‍ അവര്‍ അനാവരണം ചെയ്തു. 01 എന്ന് പേരിട്ട എസ്​യുവിയും കോണ്‍സെപ്റ്റ് 03 എന്ന സെഡാനും.

01 SUV
01 SUV

വോള്‍വോയുടെ സാങ്കേതിക വൈഭവത്തിന്റെ മേലാണ് 01-ഉം 03-യുമെല്ലാം നിലനില്‍ക്കുന്നത്. വോള്‍വോ വികസിപ്പിച്ചെടുത്ത കോംപാക്റ്റ് മോഡ്യുലാര്‍ ആര്‍ക്കിടെക്ചര്‍ (സിഎംഎ) ആണ് ഇതില്‍ പ്രധാനം. കാറിന്റെ പ്ലാറ്റ്ഫോം എന്ന് വിളിക്കുന്ന ഷാസിയില്‍ ചെറുവ്യത്യാസങ്ങള്‍ വരുത്തി വ്യതസ്ത എഞ്ചിനുകളും ബോഡി ടൈപ്പുകളുമുള്ള, വിവിധ മോഡലുകള്‍ നിര്‍മിക്കാന്‍ സിഎംഎ സഹായിക്കും. അങ്ങനെയാണ് ഒറ്റ പ്ലാറ്റ്ഫോമില്‍ തന്നെ എസ്​യുവിയും സെഡാനും നിര്‍മിക്കാന്‍ ഗീലിക്ക് കഴിഞ്ഞത്. ബാഹ്യരൂപം ലിങ്ക് വാഹനങ്ങള്‍ക്കായി രൂപകല്‍പന ചെയ്തതാണെങ്കിലും ഉള്ളില്‍ വോള്‍വോയുടെ എഞ്ചിനുകളാണ്.

03 sedan Concept
03 Sedan

21-ാം നൂറ്റാണ്ടില്‍ യൗവ്വനത്തിലെത്തിയ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന 01 മോഡലിന്റെ ഉള്‍ഭാഗത്തിന്റെ രൂപകല്‍പന സ്മാര്‍ട് ഫോണുപയോഗം ദുശ്ശീലമാക്കിയവര്‍ക്ക് ഇണങ്ങും വിധമാണ്. ലോകത്തിലെ ഏറ്റവും 'കണക്റ്റഡ്' കാറുകളില്‍പ്പെടുന്ന 01-ന് ഫുള്‍ടൈം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് വേണ്ട ഡിജിറ്റല്‍ അസ്ഥിവാരസൗകര്യങ്ങള്‍ക്കായി മൈക്രോസോഫ്റ്റും അലിബാബയുമായി ലിങ്ക് സഹകരിക്കുന്നുണ്ട്. കാര്‍വില്‍പന ത്വരിതപ്പെടുത്താന്‍ ഡീലര്‍ ശൃംഖലയെ ആശ്രയിക്കാത്ത ബിസിനസ്സ് മോഡലുകളും കമ്പനി തയ്യാറാക്കുന്നുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കമ്പനിതന്നെ ഷോറൂമുകളും സര്‍വീസ് സ്റ്റേഷനുകളും സ്ഥാപിച്ചശേഷം ബാക്കിയിടങ്ങളില്‍ ഓണ്‍ലൈന്‍ ആയിട്ടാവും വില്‍പന. പുറമെ കാര്‍ഷെയറിങ്ങ് രീതിയില്‍ കാറിന്റെ വരിക്കാരന്‍ ആകാനുള്ള വഴിയുമുണ്ട്. ഉപയോഗിക്കുന്ന സമയം, ഓടിക്കുന്ന ദൂരം എന്നിവയുടെ കണക്കില്‍ പണമടച്ചാല്‍ സ്വന്തം കാര്‍ പോലെ ഒരെണ്ണം എവിടെയും കിട്ടും!

യൂറോപ്യന്‍ ആഡംബരം ചൈനീസ് വിലയ്ക്ക്, അതാണ് മോഡല്‍ 01-ന്റെ തത്വശാസ്ത്രം. യൂറോപ്പില്‍ ഏതാണ്ട് 40000 ഡോളര്‍ (ഏതാണ്ട് കാല്‍ കോടി രൂപ) വില വരുന്ന ഒരു പ്രീമിയം എസ് യു വി 25000 ഡോളറിന് (ഏതാണ്ട് 15 ലക്ഷം രൂപ) ലഭിക്കും. ചൈനീസ് വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ച ശേഷം രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍  യൂറോപ്പിലും യുഎസ്സിലും 01-ഉം പിന്നാലെ 02-ഉം 03-യുമെല്ലാം ഇറക്കുമെന്നാണ് ഗീലി അവകാശപ്പെടുന്നത്.

Read This- വാഹനലോകത്തെ അതികായരായ ജര്‍മന്‍ മാഫിയ

ആഗോള വാഹനവിപണിയെ ബാഹ്യശക്തികള്‍ പിടിച്ചുകുലുക്കുന്നതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് തന്റെ നീക്കമെന്നാണ് ഡയംലര്‍ ഇടപാടിനെ പറ്റി ലി ഒരു പ്രസ്താവനയില്‍ വിശദീകരിച്ചത്. ഒരു നൂറ്റാണ്ടിലേറെക്കാലമായി സ്വതന്ത്രമായ ഒരു എഞ്ചിനിയറിങ്ങ് വ്യവസായം എന്ന നിലയില്‍ വളര്‍ന്ന് ഇന്നത്തെ നിലയിലെത്തിയ വാഹനനിര്‍മാണ വ്യവസായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം വെച്ച്് കച്ചവടം നടത്തുന്ന ടെക്നോളജി വ്യവസായത്തില്‍ നിന്നാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഡയംലറിനെയും ഫോക്സ്വാഗനെയും ഫോര്‍ഡിനെയുമെല്ലാം കാലഹരണപ്പെടുത്തുന്ന രീതിയിലാണ് ഗൂഗിളും ആപ്പിളും ടെസ്ലയുമെല്ലാം നീങ്ങുന്നത്. കാറുകളുടെ സ്വയം ഡ്രൈവിങ്ങ്, വൈദ്യുതീകരിച്ച പവര്‍ട്രെയിനുകള്‍, വില്‍പനയേക്കാള്‍ സഞ്ചാരസൗകര്യം സേവനമാക്കുന്ന ബിസിനസ് മോഡലുകള്‍ ഇതൊക്കെയാണ് വരും പതിറ്റാണ്ടില്‍ വാഹനവ്യവസായത്തിലെ നിര്‍ണായകമാവുന്ന കാര്യങ്ങള്‍. 

'ബാഹ്യലോകത്തില്‍ നിന്നുള്ള ഈ അധിനിവേശക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്നത്തെ കാര്‍വ്യവസായ മേഖലയിലെ ഒരു കളിക്കാരനും ഒറ്റയ്ക്ക് ജയിക്കാനാവില്ല', അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വൈദ്യുതി വാഹനനിര്‍മാണത്തിലും സ്വയം ഡ്രൈവിങ്ങ് സാങ്കേതികവിദ്യയിലും ഡയംലര്‍ നേടിയ പുരോഗതി ഗീലിയമുമായി പങ്കുവെപ്പിക്കലാണ് ലിയുടെ ലക്ഷ്യമെന്ന് കഴിഞ്ഞ വര്‍ഷം ഗീലി ഡയംലറുമായി ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഗതികെട്ട അവസ്ഥയിലല്ലെങ്കിലും ഡയംലര്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിനും കാരണമുണ്ട്. ജന്മനാട്ടിലും ആഗോളവിപണിയിലും മെഴ്സിഡീസിന്റെ പ്രധാന എതിരാളികള്‍ ബി.എം.ഡബ്ല്യുവും ഫോക്സ്​വാഗന്റെ ഔഡിയുമാണ്. ഏതാനും വര്‍ഷം മുമ്പ് ആഡംബരവാഹന വിപണിയിലെ ഒന്നാംസ്ഥാനം ഈ ബ്രാന്‍ഡുകളുമായുള്ള മത്സരത്തില്‍ നഷ്ടപ്പെട്ട മെര്‍ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത് സമീപകാലത്താണ്. ബി.എം.ഡബ്ല്യ​വും ഫോക്സ്വാഗനും ഇന്നും നിയന്ത്രിക്കുന്നത് ആ കമ്പനിയുടെ സ്ഥാപകരായ ക്വാണ്‍റ്റിന്റെയും പോര്‍ഷെയുടെയും കുടുംബങ്ങള്‍ തന്നെയാണ്. പക്ഷേ, ഡയംലറിന്റെ ഓഹരികളുടെ ഭൂരിപക്ഷവും നിയന്ത്രിക്കുന്ന ജര്‍മന്‍ കുടുംബങ്ങളൊന്നുമില്ല. ഗീലി ഓഹരികള്‍ വാങ്ങും വരെ ആറ് ശതമാനത്തിലേറെ ഓഹരികള്‍ നിയന്ത്രിക്കുന്ന ഒരു വിഭാഗമായിട്ട് ഉണ്ടായിരുന്നത് കുവൈറ്റ് സോവറൈന്‍ വെല്‍ത്ത് പണ്ട് മാത്രമായിരുന്നു. ബാക്കി ഓഹരികള്‍ മുഴുവന്‍ ചെറുകിടഓഹരി ഉടമകളുടെ കൈകളിലായി ചിതറിക്കിടക്കുകയാണ്. ഈ ഓഹരിയുടമകളെ വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ് ഡയംലറിന്റെ പ്രശ്നം അക്കൂട്ടര്‍ വര്‍ഷപാദലാഭങ്ങളും ഡിവിഡന്റുകളും അല്‍പ്പം കുറഞ്ഞാല്‍ ആ ഓഹരി വിറ്റ് വേറെ ഓഹരി വാങ്ങും. 

Geely

വാഹനവ്യവസായത്തിന്റെ ദശാസന്ധി പോലെയുള്ള ഇക്കാലത്ത് അല്‍പ്പം റിസ്‌ക് ഉള്ള തീരുമാനങ്ങളെടുക്കാന്‍ മാനേജ്മെന്റ് ധൈര്യപ്പെടില്ല. ഗീലിയുടെ പത്ത് ശതമാനം ഓഹരികള്‍ ഡയംലറിന് അത്തരം നീക്കങ്ങള്‍ നടത്താനുള്ള തന്റേടം മാനേജ്മെന്റിന് നല്‍കും. എങ്കിലും ഗീലിയുമായുള്ള കൂട്ടുകെട്ട് ഡയംലറിന് വേറെ പ്രശ്നങ്ങളുണ്ടാക്കും. മെഴ്സിഡീസ് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം കാറുകളും എസ്.യു.വി.കളുമാണ് അവരവിടെ വിറ്റത്. യു.എസ്സില്‍ ചെലവായതിന്റെ ഇരട്ടി. ഈ വാഹനനിര്‍മാണങ്ങള്‍ക്കായി വേറെ ചൈനീസ് വാഹനനിര്‍മാതാക്കളുമായി അവര്‍ സംയുക്ത സംരംഭങ്ങളുണ്ടാക്കിയിട്ടുമുണ്ട്. ചൈനയില്‍ ഗീലിയുടെ എതിരാളികളാണവര്‍ എന്നതാണ് പ്രശ്നം. ഗീലിക്ക് ഓഹരി പങ്കാളിത്തമുള്ള വോള്‍വോ എ.ബി.ക്കും ഇതേ പ്രശ്നമുണ്ട്. ചൈനീസ് പങ്കാളികളുമായി ചേര്‍ന്ന് ചൈനയില്‍ അവര്‍ നിര്‍മിക്കുന്ന ട്രക്കുകളുടെ എതിരാളി ഡയംലറിന്റെ ചൈനീസ് ട്രക്കുകളാണ് (ഗീലി-ഡയംലര്‍ വ്യാപാരവാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ അവര്‍ തങ്ങളുടെ ഡയറക്ടര്‍ ബോഡിലുണ്ടായിരുന്ന ഗീലിയുടെ പ്രതിനിധിയെ താല്‍പര്യസംഘര്‍ഷത്തിന്റെ പേരില്‍ പുറത്താക്കി). 

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2005-ന് ശേഷം ചൈനയിലെ പല കമ്പനികളും യൂറോപ്പില്‍ ഇത്തരം നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും നടത്തിയിട്ടുണ്ട് എന്നതാണ് യൂറോപ്പില്‍ പലരെയും ആശങ്കയിലാക്കുന്നത്. ഇന്നത്ത കാലത്ത് ചൈനയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതി വില കുറഞ്ഞ വ്യാവസായിക ഉത്പന്നങ്ങളല്ല, മൂലധനമാണ്. പ്രത്യക്ഷ വിദേശനിക്ഷേപം എന്ന പേരില്‍ യൂറോപ്പിലെത്തുന്ന ഈ മൂലധനം ചെലവാക്കപ്പെടുന്നത് ആസ്തികള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ്. 2016-ല്‍ മാത്രം ചൈനീസ് കമ്പനികളെല്ലാം കൂടി 15900 കോടി ഡോളര്‍ (ഏതാണ്ട് 10.35 ലക്ഷം കോടി രൂപ) മൂല്യമുള്ള ആസ്തികള്‍ ഏറ്റെടുത്ത കാര്യം ചൈനീസ് മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിറ്റാണ്ടുകളുടെ അധ്വാനത്തിലൂടെ യൂറോപ്പിലെ ശാസ്ത്രജ്ഞന്മാരും എഞ്ചിനിയര്‍മാരും സംരംഭകരും ചേര്‍ന്ന് വികസിപ്പിച്ച സാങ്കേതികവിദ്യകളും നിര്‍മാണ നൈപുണ്യവുമൊക്കെയാണ് ഇങ്ങനെ ചൈനയിലേക്ക് പോകുന്നത് എന്നതാണ് ഇവരെ അലട്ടുന്നത്. 

Content Highlights; Li Shufu is now biggest single stakeholder in Daimler